കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെ.സി. വേണുഗോപാല്‍.

കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെ.സി. വേണുഗോപാല്‍.

🔳കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെ സി വേണുഗോപാല്‍. പാര്‍ട്ടിയാണ് വലുത് അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരും. കെ സുധാകരനും വി ഡി സതീശനും പാര്‍ട്ടിയെ നയിക്കുന്നത് മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹങ്ങളോടെയാണ്. തീയില്‍ കുരുത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും വെയിലേറ്റാല്‍ വാടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സാമ്പത്തിക നയങ്ങളെ തകര്‍ത്തെറിയുന്ന പ്രക്രിയയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്ര നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ധന വില കൂടുമ്പോള്‍ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

🔳കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

🔳കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തെ എംഎസ്എംഇകള്‍ ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നല്‍കണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്നോളജിയും പുതിയ ഉല്‍പ്പന്നങ്ങളും എംഎസ്എംഇകള്‍ കൊണ്ടുവരണം. 12,000 എംഎസ്എംഇകള്‍ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. കിസാന്‍ സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

🔳റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. മനസ്സില്‍ തോന്നുന്നത് വേദിയില്‍ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കാര്യങ്ങള്‍ തുറന്ന് പറയുന്ന ആളായതിനാലാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് മന്ത്രി തന്നോട് പറഞ്ഞുവെന്നും ജയസൂര്യ വ്യക്തമാക്കി. നാടിന് മാറ്റം വരണം എന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് റിയാസ്. അദ്ദേഹം നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവര്‍ത്തനങ്ങളില്‍ – ജയസൂര്യ കുറിച്ചു.

🔳വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തില്‍ നിലപാട് ഏകകണ്ഠമെന്ന് സമസ്ത. ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

🔳സ്‌കൂളുകളില്‍ ഈ മാസം 13 മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കും. ബസ് കണ്‍സഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാനാണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്പെഷല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും എട്ടിനു തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളുകളില്‍ എത്താം.

🔳കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികള്‍ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.

🔳ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചാണ് അന്ത്യം. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. നാടകഗാനങ്ങളിലൂടെയാണ് തോപ്പില്‍ ആന്റോ പ്രശസ്തനായത്. സിനിമകളിലും പാടിയിട്ടുണ്ട്.

🔳ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇന്ത്യ വിട്ട സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. നിരീക്ഷണത്തിലിരിക്കേ പുറത്തുപോയി നിരവധി പേരുമായി ഇയാള്‍ ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിനെ കമ്പളിപ്പിച്ചാണ് ദുബൈയിലേക്ക് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

🔳പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. അമരീന്ദര്‍ സിങ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് ആരോപിച്ച ചന്നി താന്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് വിശ്രമിക്കുന്നതെന്നും ബാക്കി സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും അവകാശപ്പെട്ടു.

🔳ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നയിക്കുന്ന ബദല്‍ രാഷ്ട്രീയ മുന്നണിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. 2022 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അഖിലേഷ്. പശ്ചിമ ബംഗാളില്‍ മമത ചെയ്തതിന് സമാനമായി യുപിയില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപിയെ തുടച്ചുനീക്കുമെന്നാണ് അഖിലേഷ് പറയുന്നത്.

🔳എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ കോടതി കയറി. വിമാനക്കമ്പനിയെ ടാറ്റയ്ക്ക് കൈമാറുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളി യൂണിയന്‍ പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പാകുന്നത് വരെ വിമാനക്കമ്പനി കൈമാറാന്‍ പാടില്ലെന്നാണ് ഇവരുടെ ആവശ്യം. എയര്‍ ഇന്ത്യ മുന്‍പ് ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ക്വാര്‍ട്ടേര്‍സുകളില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ കൂടുതല്‍ നടപടികള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്.

🔳ഇനി മുതല്‍ ഭരണരംഗത്ത് 70-ന് മുകളില്‍ പ്രായമുള്ളവര്‍ വേണ്ടെന്ന് എലോണ്‍ മസ്‌ക്. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് 70 വയസ് പരമാവധി പ്രായപരിധിയായി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. എന്നാല്‍ ഏതെങ്കിലും നേതാവിനെ എലോണ്‍ മസ്‌ക് പരാമര്‍ശിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!