🔳മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താന്‍ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാന്‍ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മു എന്ന് പോലും മിണ്ടുന്നില്ല എന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
🔳 രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ ജെനോം പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.
🔳കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കില്‍ മൂന്നാം തരംഗ സാധ്യത കുറവാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്.
🔳ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. കൊവിഡ് ബാധിച്ച ഇയാളില്‍ നിന്നും പണം വാങ്ങി കൊവിഡ് നെഗറ്റീവാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.4500 രൂപയ്ക്കാണ് കൊവിഡ് ബാധിച്ച ഇയാള്‍ക്ക് ദുബായിലേക്ക് മടങ്ങാന്‍ ബംഗ്ലൂരുവിലെ സ്വകാര്യ ലാബ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലാബിനെതിരെ പൊലീസ് കേസെടുത്തു. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ബംഗ്ലൂരുവില്‍ കറങ്ങിയിട്ടുണ്ടെന്നും നിരവധി പേരുമായി ഇടപെട്ടിട്ടുണ്ടെന്നുമുള്ള വിവരമാണ് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്.
🔳കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ വാക്സിനേഷന് തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഒമിക്രോണിനെ തടയാന്‍ മന്ത്രാലയങ്ങള്‍ ഏറെ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കൊവിഡ് വരുന്നതിന് മുന്‍പ് നരേന്ദ്രമോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ അദ്ദേഹം സമര്‍ത്ഥമായി നേരിടുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
🔳ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും മുന്നറിയിപ്പ് നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ സമീപിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ചില ഉദ്യോഗസ്ഥര്‍ വാതില്‍ തുറക്കുന്നില്ല. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ പോലും ഉഴപ്പുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍സിപ്പല്‍ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
🔳അട്ടപ്പാടിയിലെ അഴിമതി കഥകള്‍ അവസാനിക്കുന്നില്ല. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്കുന്ന ഫണ്ട് വകമാറ്റിയെന്ന് വെളിപ്പെടുത്തല്‍. ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നല്കുന്ന തുക താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വകമാറ്റിയെന്നാണ് മുന്‍ ട്രൈബല്‍ ഓഫീസര്‍ ചന്ദ്രന് വെളിപ്പെടുത്തുന്നത്. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം വാങ്ങുന്നതിന് നല്കുന്ന ജനനി ജന്മരക്ഷ പദ്ധതിയുടെ തുക മാസങ്ങളായി നല്‍കുന്നില്ലെന്ന പരാതിക്കു പിന്നാലെയാണ് മറ്റൊരു ക്ഷേമ പദ്ധതിയും കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
🔳തകര്‍ന്ന റോഡുകളെ കുറിച്ച്, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ കടുത്ത വിമര്‍ശനവുമായി നടന് ജയസൂര്യ. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳തകര്‍ന്ന റോഡുകളെ കുറിച്ച് വിമര്‍ശിച്ച നടന് ജയസൂര്യയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവര്‍ത്തിയെ നല്ല നിലയില്‍ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറ്റ് തരത്തില്‍ സര്‍ക്കാര്‍ കാണുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
🔳കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
🔳സംസ്ഥാനത്ത് കൊവിഡ് വാക്സീന് സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീന് സ്വീകരിക്കാത്തത്. ഇവരില്‍ 1066 പേര് എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീന് എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്സീനെടുത്തിട്ടില്ല. എന്നാല്‍ എല്ലാ അനധ്യാപകരും വാക്സീന് സ്വീകരിച്ച് കഴിഞ്ഞു. മലപ്പുറത്താണ് വാക്സീന് എടുക്കാത്ത അധ്യാപകര്‍ കൂടുതല്‍.
🔳സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സന്ദീപിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.