🔳സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു. ജിഷ്ണു, നന്ദു, പ്രമോദ്,മുഹമ്മദ് എന്നിവരാണ് ഇന്നലെ പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതില്‍ രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണ്. വ്യക്തി വൈരാഗ്യമണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആര് എസ് എസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സി പി എം പ്രതികരണം.
🔳തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ക്വട്ടേഷന്‍ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് എ.വിജയരാഘവനെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
🔳സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ വാദങ്ങള്‍ തള്ളി സിപിഎം. സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസ് വാദങ്ങളെ തള്ളിയ സിപിഎം ജില്ലാ സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സംഘപരിവാറാണെന്നും ആവര്‍ത്തിച്ചു. ആര്‍എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
🔳പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യ ആര്‍ക്കും പുറകിലല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് മൊബൈലിലൂടെയുള്ള പണമിടപാടുകള്‍ എ.ടി.എം ഇടപാടുകളെ മറികടന്നു. ഒരു പരമ്പരാഗത ബ്രാഞ്ച് ഓഫീസ് പോലും ഇല്ലാത്ത പൂര്‍ണമായും ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ഇന്നൊരു യാഥാര്‍ഥ്യമാണ്. കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്ത് ഇത്തരം ബാങ്കുകള്‍ സര്‍വ്വസാധാരണമാകും. ഫിനാഷ്യല്‍ ടെക്നോളജി സംരഭങ്ങളില്‍ നിന്ന് ഫിനാഷ്യല്‍ ടെക്നോളജി വിപ്ലവത്തിലേക്കുള്ള മാറ്റത്തിന്റെ സമയമാണിത്. രാജ്യത്തെ ഓരോ പൗരനും സാമ്പത്തിക ശാക്തീകരണം നല്കാന് സഹായിക്കുന്നതാവണം ആ വിപ്ലവമെന്നും പ്രധാനമന്ത്രി പറഞ്ഞു.
🔳ക്രിപ്റ്റോകറന്‍സി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നേക്കും. നിര്‍ദിഷ്ട നിയമപ്രകാരം ക്രിപ്റ്റോകറന്‍സിയെ ക്രിപ്റ്റോ-അസറ്റ് ആയി പുനര്‍നാമകരണംചെയ്ത് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍
🔳രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി.രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്. ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് എത്തിയ ആറു പേര്‍ക്കു കൂടി ദില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. വിമാന സര്‍വ്വീസുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള് വീണ്ടും രംഗത്തെത്തി. ദില്ലിയില്‍ ഒരു വാക്സീനെങ്കിലും എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ നിയന്ത്രണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളില്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക.
🔳കൊവിഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് നടപടി. കൊവിഷീല്‍ഡ് വാക്സിന് രണ്ടു ഡോസുകള്‍ക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിള്‍ ബെഞ്ച് കുറച്ചിരുന്നു. കിറ്റെക്സ് നല്കിയ ഹര്‍ജിയിലായിരുന്നു മുന്‍ ഉത്തരവ്. ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍. വാക്സിനുകള്‍ക്കിടയില്‍ ഇടവേള നിശ്ചയിച്ചത് നയപരമായ തീരുമാനമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കൂടി അംഗീകരിച്ചാണ് ഉത്തരവ്. ഉത്തരവോടെ കൊവിഷീല്‍ഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള 84 ദിവസമായി തുടരും.
🔳ദില്ലിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കര്‍മ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഈ സംഘങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും. കേന്ദ്രം നിയോഗിച്ച എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന് ആണ് കര്‍മ്മ സമിതി രൂപീകരിച്ചത്. ഇന്നലെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെയും ദില്ലി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
🔳ദില്ലി വായുമലിനീകരണത്തില്‍ വിചിത്രവാദവുമായി യുപി സര്‍ക്കാര്‍. ദില്ലിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് ഉത്തര്‍പ്രദേശ് സുപ്രീംകോടതിയില്‍ പറഞ്ഞു. വ്യവസായശാലകള്‍ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാല് വ്യവസായങ്ങളെ ബാധിക്കും. യുപിയിലെ കാറ്റ് ദില്ലി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും വായു കൂടുതലും പാക്കിസ്ഥാനില്‍ നിന്നാണ് വരുന്നതെന്നുമായിരുന്നു സുപ്രീം കോടതിയില്‍ യുപി സര്‍ക്കാരിന്റെ വാദം. അതേസമയം ഈ വിചിത്രവാദത്തെ ചീഫ് ജസ്റ്റിസ് എന്‍വി രമണ പരിഹസിച്ചു. അതിനാല്‍ പാക്കിസ്ഥാനില്‍ വ്യവസായങ്ങള്‍ നിരോധിക്കണോ എന്നും രമണ ചോദിച്ചു.
🔳തൊഴില്‍ അന്വേഷകര്‍ എന്നതിനേക്കാളുപരി തൊഴില്‍ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ പൊതുവായ പ്രശ്നങ്ങള്‍ മനസിലാക്കി ക്രിയാത്മകമായി ഇടപെടാന്‍ ചെറുപ്പക്കാര്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലിന്റെ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🔳സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണന്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാന്‍ തീരുമാനിച്ചത്. മയക്കുമരുന്ന് ഫണ്ട് കേസില്‍ അറസ്റ്റിലായിരുന്ന മകന് ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നത്.
🔳ഇതുവരെയും കൊവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വിവരങ്ങള്‍ സമൂഹം അറിയണം. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
🔳തിരുവല്ലയില്‍ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനം. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സിപിഎം കാന്‍ഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസര്‍. സംഭവത്തില്‍ പാര്‍ട്ടി തല അന്വേഷണം നടത്താനും സിപിഎം തീരുമാനിച്ചു. കേസില്‍, തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനാണ് മുഖ്യപ്രതി. ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
🔳അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദിവാസി ഗര്‍ഭിണികളില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയില്‍ നവജാത ശിശു മരണം തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതല്‍ ഗുരുതരം.
🔳ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങി വരുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ട സംവിധാനം കേരളത്തില്‍ ഇല്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. കുറ്റപ്പെടുത്തുന്നത് സര്‍ക്കാരിനെ മാത്രമല്ല. സ്വയം വിമര്‍ശനം കൂടിയാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്. രണ്ടു വയസുള്ള പെണ്‍കുഞ്ഞ് മുതല്‍ 90 വയസുള്ള മുത്തശിമാര്‍ വരെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന നാടായി കേരളം മാറുന്നു. ഡിജിറ്റല്‍ ലോകത്തും സ്ത്രീകള്‍ സംഘടിതമായി അപമാനിക്കപ്പെടുന്നു. ഇതിന് അറുതിവരുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഇല്ല. വനിതാ കമ്മിഷന് ഉള്‍പ്പടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും വി ഡി സതീശന് വിമര്‍ശിച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.