രാഷ്ടീയമേല്‍ക്കോമയ്ക്ക് സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് ഭവന പദ്ധതിയെ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

രാഷ്ടീയമേല്‍ക്കോമയ്ക്ക് സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് ഭവന പദ്ധതിയെ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

🔳വീടില്ലാത്ത പാവപ്പെട്ടവര്‍ പ്രളയത്തിലും കൊവിഡ് മഹാമാരിയിലും നരകയാതന അനുഭവിക്കുമ്പോള്‍, രാഷ്ടീയമേല്‍ക്കോമയ്ക്ക് സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ വന്‍ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഇത് ഭവനരഹിതരോടു കാട്ടുന്ന കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം 22 ശതമാനം അപേക്ഷകളില്‍ മാത്രമാണ് പരിശോധന പൂര്‍ത്തിയായതെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

🔳കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ 17,299 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 2018 – 2020 വരെയുള്ള കണക്കാണ് കേന്ദ്ര കൃഷിമന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 5579 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 104 കര്‍ഷകരാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാവുന്നു. അതേസമയം ദില്ലി അതിര്‍ത്തികളിലെ സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോക്സഭയില്‍ അറിയിച്ചു. ലോക്സഭയില്‍ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

🔳രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ തുടര്‍ച്ചയായ നാലാം സാമ്പത്തിക പാദത്തിലും വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് 8.4 ശതമാനമാണ്. ജൂലൈ – സെപ്റ്റംബര്‍ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്.

🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഡ് ചെയ്തതിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തും ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം. സസ്‌പെന്‍ഷനെ നിയമപരമയി നേരിടുമെന്നും പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി.

🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വേണ്ടെന്ന് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. ഒമിക്രോണിനെതിരെ ജാഗ്രത കര്‍ശനമാക്കാനും അവലോകന യോഗം ധാരണയിലെത്തി. അതേസമയം വാക്സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തിലെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കൃത്യമായ ഇടവേളകളില്‍ സ്വന്തം ചെലവില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ഇതിന് പുറമെ വാക്സീന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സ നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു.

🔳സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തില്‍ കടുത്ത ആശയക്കുഴപ്പം. മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോളമെത്തുമ്പോഴും നഷ്ടപരിഹാരത്തിനായി ഇതുവരെ അപേക്ഷിച്ചത് ആറായിരത്തോളം പേര്‍ മാത്രം. അതേസമയം മാനദണ്ഡം അനുസരിച്ചു കണ്ടെത്തിയ അര്‍ഹര്‍ക്ക് പോലും ഇതുവരെ പണം നല്‍കിയിട്ടില്ല.

🔳കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുള്ള എല്‍ഡിഎഫ് ധര്‍ണയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ വികസനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അവിശുദ്ധ സഖ്യത്തില്‍ ബിജെപിയുമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ അടച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. രാത്രി ഒമ്പതു മണിയോടെ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ നാലു ഷട്ടറുകള്‍ ആണ് തുറന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്റില്‍ 1600 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് വീണ്ടും തമിഴ്നാട് അറിയിച്ചു. തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ജലനിരപ്പ് ഉയര്‍ത്തുക. അതിന് മുമ്പ് അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

🔳കനത്ത മഴയില്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ചിറ്റൂര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്.

🔳ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോകത്ത് തന്നെ ഇക്കാലത്ത് സൗജന്യ ഭക്ഷണം എല്ലാവരിലും എത്തിച്ചത് ഇവിടെ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നുവെന്നും നികുതി വരുമാനം മുഴുവന്‍ കൈയ്യടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും വിജയരാഘവന്‍ ആരോപിച്ചു.

🔳അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍. കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.കോട്ടത്തറ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇ എം എസ് ആശുപത്രിക്ക് റഫറല്‍ ചികിത്സയ്ക്ക് 12 കോടി നല്‍കിയത് ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 59,524 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79.

🔳ആഗോളതലത്തില്‍ ഇന്നലെ 5,51,996 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 85,469 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,716 പേര്‍ക്കും റഷ്യയില്‍ 32,648 പേര്‍ക്കും തുര്‍ക്കിയില്‍ 25,216 പേര്‍ക്കും ഫ്രാന്‍സില്‍ 47,177 പേര്‍ക്കും ജര്‍മനിയില്‍ 55,880 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 22,154 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.29 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.03 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,028 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1182 പേരും റഷ്യയില്‍ 1,229 പേരും ജര്‍മനിയില്‍ 485 പേരും പോളണ്ടില്‍ 526 പേരും ഉക്രെയിനില്‍ 561 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.32 ലക്ഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!