🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം കേരളം ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക സഹായത്തിന് സംസ്ഥാനത്ത് 6116 പേര് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേരളം അറിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
🔳കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.
🔳നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ ആര് ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര് ഹരികുമാര്‍ ഏറ്റെടുക്കും. പശ്ചിമ നേവല്‍ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര് ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി.
🔳ഒമിക്രോണ്‍ സാഹചര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗം വിലയിരുത്തും. വിദഗ്ദരുമായി ചര്‍ച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങളും നിലവില്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തില്‍ വിലയിരുത്തും. തിയേറ്ററുകളില്‍ കൂടുതല്‍ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചര്‍ച്ചയാകും. തിയേറ്ററില്‍ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തില്‍ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചര്‍ച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല.
🔳ഒമിക്രോണ്‍ എന്ന കൊവിഡ് 19-ന്റെ പുതിയ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാന്‍ സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴിയും മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ വഴിയും എത്തുന്നവര്‍ക്ക് കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തും. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏര്‍പ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും 7 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാണ്. പോസിറ്റീവായാല്‍ ക്വാറന്റീന് നീട്ടും. പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. ഒമിക്രോണ്‍ വേരിയന്റ് ഉണ്ടോ എന്നറിയാന്‍ ജീനോം സീക്വന്‍സിംഗ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
🔳കോവിഡ് വാക്സിന് എടുക്കാത്ത അധ്യാപകര്ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. വാക്സിന് എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നമുള്ളവരെ ഒഴിവാക്കും. മറ്റുള്ളവരെല്ലാം വാക്സിനെടുക്കണം. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. സ്കൂള്‍ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും കോവിഡ് വാക്സിനെടുത്തിട്ടില്ല.
🔳കേരള ബാങ്കിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തില്‍, ഇതേ പദ്ധതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ‘സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാന്‍ മറന്ന് പോയവരുണ്ട്. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യം എന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. സമ്പാദിക്കാനല്ല, മറിച്ച് ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളില്‍ അമിതമായ സമ്പാദ്യ ബോധമുണ്ടാകാന്‍ പാടില്ല. തന്റെ കൈയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാണ് പഠിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാനിധി പദ്ധതിക്ക് എതിരല്ല താനെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
🔳മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ദൃശ്യങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീ അല്ലേ എന്നും കോടതി ചോദിച്ചു. പൊലീസുകാരി അപ്പോള്‍ മാപ്പ് പറഞ്ഞെങ്കില്‍ അന്ന് പ്രശ്നം തീര്‍ന്നേനെയെന്നും കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു.
🔳എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്ഷന്. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്ഷന്. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
🔳വാട്ടര്‍ അതോററ്റി റോഡ് കുഴിക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിര്‍മ്മാണത്തില്‍ പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിയറിയിക്കാന്‍ സൌകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ പൊളിഞ്ഞുകിടക്കുന്ന പഴകുറ്റി -മംഗലപുരം റോഡ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പഴ കുറ്റി -മംഗലപുരം റോഡ് നവീകരണം 2022 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
🔳ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇതില്‍ 96 വോട്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് തന്നെ കിട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് കിട്ടിയത്.
🔳51-മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി അവാര്‍ഡ് ദാനച്ചടങ്ങില്‍ പറഞ്ഞു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്കാരം അന്നാ ബെന്നും സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം സിദ്ധര്‍ത്ഥ് ശിവയും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സുധീഷും സ്വഭാവ നടിക്കുള്ള പുരസ്ക്കാരം ശ്രീരേഖയും ഏറ്റുവാങ്ങി.
🔳സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നില്‍ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉള്‍പ്പെട്ടതാണ് സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ.
🔳മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാന് കത്തിച്ചുവെന്ന ആരോപണത്തില്‍ അറസ്റ്റിലായ ആളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ആയിരങ്ങള്‍ സ്റ്റേഷന് തീവച്ചു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പാക്തുണ്‍ഖാവ പ്രവിശ്യയിലെ ചാര്‍സദ്ദ പൊലീസ് സ്റ്റേഷനാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ആള്‍ക്കൂട്ടം പരിസരത്തുണ്ടായിരുന്ന ചെക്ക്പോസ്റ്റുകളും പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. അയ്യായിരത്തോളം പേരാണ് സ്റ്റേഷനിലേക്കെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.