🔳മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ മാറ്റം വരുത്താതിലാണ് വിമര്‍ശനം. ആദ്യ ടേമിലെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ തുടരേണ്ടതില്ലെന്നായിരുന്നു തുടര്‍ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മുന്‍ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കഴിഞ്ഞ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ മുഖ്യമന്ത്രി നിലനിര്‍ത്തിയെന്നാണ് ഏരിയാ സമ്മേളനത്തിലെ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍.
🔳ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഈ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്കി.
🔳പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പണപ്പെരുപ്പം, പെട്രോള്‍-ഡീസല്‍ വില, ചൈനയുടെ കടന്നുകയറ്റം, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
🔳നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ 2021-22 ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ തിരുനവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ദാരിദ്ര നിര്‍മാര്‍ജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷിംലയാണ് ഒന്നാം സ്ഥാനം നേടിയത്. കോയമ്പത്തൂര്‍ രണ്ടാമതും ഛണ്ഡിഗഡ് മൂന്നാം സ്ഥാനത്തുമാണ്.
🔳നിയമ വിദ്യാര്‍ത്ഥിനി മോഫിയാ പര്‍വ്വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
🔳ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ സഹപാഠികളായ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.പിക്ക് പരാതി നല്കാന് എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് പിന്നീട് വിദ്യാര്‍ഥികളെ വിട്ടയച്ചു. 17 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പോലീസ് പെരുമാറിയതെന്നും അവര്‍ ആരോപിച്ചു.
🔳അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്. നടപടി ക്രമങ്ങളും മറ്റ് കാര്യങ്ങളും തുടരട്ടേയെന്ന് പറഞ്ഞ അദ്ദേഹം നിയമപരമായ നടപടികള്‍ നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി.
🔳ബിജെപി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസാണ് പിന്‍വലിക്കുന്നത്. സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികളായ കേസാണ് ഇത്. ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. 2017 ജൂലായിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. കേസ് പിന്‍വലിക്കുന്നതിനെതിരെ ബിജെപി തടസ്സ ഹര്‍ജി നല്കി. കേസ് ജനുവരി ഒന്നിന് പരിഗണിക്കും.
🔳ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി നാല്‍പ്പതിനായിരത്തിലേക്ക് ഉയര്‍ത്തി. അയ്യായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനത്തിനെത്താം. അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആര്.ടി.പി.സി.ആര്. പരിശോധന ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വൈകാതെ തന്നെ നീലിമല വഴിയുള്ള യാത്രയും അനുവദിക്കുമെന്നാണ് സൂചന.
🔳സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള ഹൈക്കോടതി. മദ്യവില്പന ശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. പുതിയ മദ്യവില്പനശാലകള് തുടങ്ങാനുള്ള നീക്കത്തിനെതിരെ വിഎം സുധീരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
🔳സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ ശക്തമായിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
🔳സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെ ദില്ലി നിയമസഭ സമിതി വിളിച്ചു വരുത്തും. അടുത്ത മാസം ആറിന് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രാഘവ് ഛദ്ദ എംഎല്‍എ അധ്യക്ഷനായ സമിതി കങ്കണക്ക് നോട്ടീസ് നല്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരമാര്‍ശമാണ് നടപടിക്കാധാരം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് ഖലിസ്ഥാന്‍ ഭീകരര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും അവരെ കൊതുകുകളെ പോലെ ഒരു വനിത പ്രധാനമന്ത്രി മാത്രമാണ് ചവിട്ടിയരച്ചതെന്നുമായിരുന്നു പരാമര്‍ശം. ഇന്ദിരയുടെ പേര് കേട്ടാല്‍ ഇപ്പോഴും അവര്‍ വിറയ്ക്കുമെന്നും കങ്കണ ഇന്‍സ്റ്റാഗ്രമില്‍ കുറിച്ചിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്.
🔳മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശമുള്ള ഇ-മെയില്‍ അയച്ചത് പാകിസ്ഥാന് സ്വദേശിയായ ഷാഹിദ് ഹമീദ് എന്ന വ്യക്തിയാണെന്ന് വിവരം ലഭിച്ചതായി ഡല്‍ഹി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഗൂഗിളില്‍ നിന്ന് ഐപി വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് തേടിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കശ്മീരാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
🔳പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും പട്യാല എം.പി.യുമായ പ്രണീത് കൗറിന് കോണ്‍ഗ്രസ് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
🔳ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നിന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
🔳ബോക്സിംഗ് താരം മൈക്ക് ടൈസന് കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസഡറാവുന്നു. ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ കഞ്ചാവ് കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറാവാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് മൈക്ക് ടൈസന് മലാവി കൃഷിമന്ത്രി ലോബിന് ലോ കത്തയച്ചിരുന്നു. ഈ ക്ഷണം ടൈസന് സ്വീകരിച്ചതായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഉടന്‍ തന്നെ മലാവി സന്ദര്‍ശിക്കുമെന്നും കഞ്ചാവ് കൃഷിക്കാരുടെ സംഘടനയുടെ വക്താക്കളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
🔳ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍. ഇരു ടീമും കാര്യമായ മുന്നേറ്റങ്ങളും ഗോളവസരങ്ങളും സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ ലഭിച്ച രണ്ട് സുവര്ണാവസരങ്ങള് നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.
🔳ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ – രവീന്ദ്ര ജഡേജ സഖ്യത്തിന്റെ മികവില്‍ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. ശ്രേയസ് 75 റണ്‍സോടെയും ജഡേജ 50 റണ്‍സോടെയും പുറത്താകാതെ നില്ക്കുന്നു.
🔳ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പൂള് ബിയില്‍ നടന്ന മത്സരത്തില്‍ കാനഡയ്ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഒന്നിനെതിരേ 13 ഗോളുകള്‍ക്കാണ് ഇന്ത്യ കാനഡയെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ തകര്‍ത്ത് കളിച്ചു.
🔳കേരളത്തില്‍ ഇന്നലെ 66,165 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 328 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,737 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5594 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 331 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5094 പേര് രോഗമുക്തി നേടി. ഇതോടെ 51,804 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120.
🔳ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 കോടി കവിഞ്ഞു. ഇന്നലെ 5,37,810 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 15,723 പേര്‍ക്കും ഇംഗ്ലണ്ടില്‍ 47,240 പേര്‍ക്കും റഷ്യയില്‍ 33,558 പേര്‍ക്കും തുര്‍ക്കിയില്‍ 24,467 പേര്‍ക്കും ഫ്രാന്‍സില്‍ 33,464 പേര്‍ക്കും ജര്‍മനിയില്‍ 76,132 പേര്‍ക്കും പോളണ്ടില്‍ 28,128 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 22,184 പേര്‍ക്കും ബെല്‍ജിയത്തില്‍ 23,350 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.98 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,249 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 275 പേരും റഷ്യയില്‍ 1,238 പേരും ജര്‍മനിയില്‍ 315 പേരും മെക്സിക്കോയില്‍ 336 പേരും പോളണ്ടില്‍ 497 പേരും ഉക്രെയിനില്‍ 628 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.98 ലക്ഷമായി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.