നിയമവിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം

നിയമവിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം

🔳ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം. ആലുവ എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ആലുവ എസ്പി ഓഫീസിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. കേസില്‍ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധ സമരം തുടരുകയാണ്. ഇന്നലെ പകലാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങിയത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, എംപി ബെന്നി ബെഹന്നാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.

🔳ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഡിവൈഎസ്പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു. സിഐ സുധീര്‍ തെറ്റ് ആവര്‍ത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. മോഫിയ പര്‍വീണ്‍ വിഷയത്തില്‍ നിലവില്‍ വനിത കമ്മീഷന്‍ കേസ് എടുത്തിട്ടില്ലെന്നും സതീദേവി അറിയിച്ചു. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്നും സതീദേവി വ്യക്തമാക്കി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

🔳ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29ന് പരാതി ഡി വൈ എസ് പി, സി ഐ യ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സി ഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .പെണ്‍കുട്ടി ആത്മഹത്യാ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🔳സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി കര്‍ണാടക, തമിഴ്നാട് എന്നി അയല്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയിലെത്തിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തില്‍ എത്തി. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ് പിസി എന്നിവ വഴി അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതല്‍ ലോഡ് പച്ചക്കറിയെത്തുമ്പോള്‍ വില കുറയുമെന്നാണ് കരുതുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

🔳അനുപമയുടെ മകന്റെ വിവാദ ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികള്‍. ഇതില്‍ അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

🔳അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയില്‍ വീഴ്ചകള്‍ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സംരക്ഷിച്ച് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു ആനാവൂരിന് അനുപമയുടെ മറുപടി. ആനാവൂരും തെറ്റുകാരനാണ്. ഷിജുഖാനെ ആനാവൂര്‍ സംരക്ഷിക്കുന്നത് അതുകൊണ്ടാണെന്നും അനുപമ പറഞ്ഞു.

🔳പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാര്‍ച്ച്. കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് കളക്ട്രേറ്റ് മാര്‍ച്ച് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയെ വളര്‍ത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണന്‍ മലപ്പുറത്ത് ആരോപിച്ചു. തീവ്രവാദത്തിനെതിരെ നിലപാടെടുത്താല്‍ ലീഗുമായിപ്പോലും കൈകോര്‍ക്കാന്‍ ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

🔳വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ ചോദ്യങ്ങളുയര്‍ത്തി ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്നാണെങ്കില്‍, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്ഥാന്‍ സര്‍വ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന് കോടതി ചോദിച്ചു. സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ രേഖകള്‍ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചു.

🔳എല്‍ .ജെ.ഡി.യില്‍ പിളര്‍പ്പ് ഉറപ്പായി. വിമത വിഭാഗം നാളെ യോഗം ചേര്‍ന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ്‌കുമാറിനെതിരെ നടപടി എടുത്ത് പുതിയ കമ്മിറ്റി പ്രഖ്യാപിക്കും. അതേ സമയം വിമതര്‍ക്കെതിരായ അച്ചടക്കനടപടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന് ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു. നേതൃത്വത്തെ വെല്ലുവിളിച്ച് അച്ചടക്ക നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടേയും നീക്കം. എല്‍ജെഡിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയംസ്‌കുമാര്‍ പ്രഖ്യാപിച്ച അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നാണ് ഇരുവരുടേയും നിലപാട്.

🔳റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് പരാമര്‍ശം.

🔳ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും ഡിസംബര്‍ 2 ന് ചര്‍ച്ച നടത്തും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.

🔳കുതിരാന്‍ തുരങ്കത്തില്‍ ഇരുവശത്തോട്ടും വാഹനങ്ങള്‍ കടത്തിവിടാനുള്ള ട്രയല്‍ റണ്‍ തുടങ്ങി. ട്രയല്‍ റണ്‍ വിജയമായാല്‍ രണ്ടു ദിശയിലേയ്ക്കും വാഹനങ്ങള്‍ കടത്തിവിടുന്നത് തുടരും. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെ നിലവില്‍ ഒറ്റവരിയാണ് ഗതാഗതം.

🔳ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 2021 സെപ്തംബര്‍ മാസത്തെ വരിക്കാരുടെ ഡാറ്റ പുറത്തുവിട്ടപ്പോള്‍ ശരിക്കും ഞെട്ടിയത് ജിയോ. എയര്‍ടെല്‍ സെപ്റ്റംബറില്‍ 2.74 ലക്ഷം മൊബൈല്‍ വരിക്കാരെ ചേര്‍ത്തപ്പോള്‍ ജിയോയ്ക്ക് 1.9 കോടി ഉപയോക്താക്കളെയും വോഡഫോണ്‍ ഐഡിയയ്ക്ക് 10.77 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!