ലഖ്നൗവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷക മഹാ പഞ്ചായത്ത്

ലഖ്നൗവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷക മഹാ പഞ്ചായത്ത്

🔳ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കര്‍ഷക മഹാ പഞ്ചായത്ത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് മഹാപഞ്ചായത്ത് ചേരുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കര്‍ഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്നൗവിലെ കര്‍ഷക മഹാ പഞ്ചായത്ത്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലും കര്‍താര്‍പുര്‍ ഇടനാഴി തുറന്ന് നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിങിന്റെ പ്രശംസ. ഏതൊരു ദേശീയവാദിയും, നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക മേഖലയുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുമെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ അന്ത്യമാകുന്നുവെന്നുവെന്നും അമരീന്ദര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കാമോയോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഒരു ജനാധിപത്യത്തില്‍, ജനങ്ങളുടെ താത്പര്യം കേള്‍ക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും അത് ചെയ്യുന്ന ഒരു നേതാവിനേക്കാള്‍ വലിയ ജനാധിപത്യവാദിയില്ലെന്നും അമരീന്ദര്‍ കുറിച്ചു.

🔳ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്റെ മികച്ച പൊലീസ് സേനയുടെ പട്ടികയില്‍ കേരളം നാലാം സ്ഥാനത്ത്. ഫൗണ്ടേഷന്റെ ‘സ്മാര്‍ട്ട് പൊലീസിംഗ്’ സൂചികയില്‍ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനത്തും, തെലങ്കാന രണ്ടാം സ്ഥാനത്തും, അസം മൂന്നാം സ്ഥാനത്തും, കേരളം നാലാം സ്ഥാനത്തുമെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പിന്റെ പ്രകടനം വിലയിരുത്തുന്ന ഈ ദേശീയ സര്‍വേ ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 15 -നും ഇടയിലാണ് നടന്നത്. ഏറ്റവും മോശം പ്രകടനം നടത്തി ബിഹാര്‍, പട്ടികയില്‍ ഏറ്റവും അവസാനമെത്തി. തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശുമുണ്ട്.

🔳മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഉടന്‍ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്ക് ശേഷം റൂള്‍കര്‍വ് വിഷയം പരിഗണിച്ചാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു. അതേസമയം നിലവിലെ ഇടക്കാല ഉത്തരവ് തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്നാടിന് സാധിക്കും. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതില്‍ സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാരും വാദിക്കുന്നു.

🔳അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാല്‍ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് അനുപമയുടെ പരാതി. തന്റെ ഫോണ്‍ പോലും എടുക്കുന്നില്ല. ഡിഎന്‍എ സാമ്പിള്‍ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണ് ചിലര്‍. കുറ്റം ചെയ്തവരാണ് ഇപ്പോഴും സ്ഥാനത്തിരിക്കുന്നതെന്ന് അനുപമ ആരോപിച്ചു. നടപടികള്‍ ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെങ്കില്‍ സമാധാനമായി സമരം ചെയ്യില്ലെന്നും അനുപമ പറയുന്നു. തനിക്ക് പറ്റുന്നത് പോലെ സമരം ചെയ്യുമെന്നും അനുപമ പറഞ്ഞു. തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ് അനുപമ ഇപ്പോള്‍.

🔳ദത്ത് വിവാദത്തില്‍ നിര്‍ണ്ണായകമായ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങി. കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ നിര്‍മ്മലാ ശിശു ഭവനിലെത്തി അധികൃതര്‍ ശേഖരിച്ചു. അനുപമയോടും അജിത്തിനോടും സാമ്പിള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

🔳ദത്ത് വിവാദത്തില്‍ അനുപമയെ കുഞ്ഞിനെ കാണിക്കുന്നതില്‍ നിയമപരമായ വശം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോടതി വഴിമാത്രമെ കുഞ്ഞിനെ കൈമാറാനാകൂ. കോടതി വഴിയാകും നടപടികളെന്ന് മന്ത്രി വ്യക്തമാക്കി. പൊസിറ്റിവായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹര്‍ജി. വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

🔳കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക്കിനായി കൊച്ചി കായലില്‍ തെരച്ചില്‍. സ്‌കൂബ ഡൈവേഴ്സിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക്കിന് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.

🔳ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

🔳ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

🔳ഹലാല്‍ വിവാദം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ മന്ത്രി ആവശ്യവും കോടിയേരി ബാലകൃഷ്ണന്‍ തള്ളി. ഓരോ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങള്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. ജനതാ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും കോടിയേരി പറഞ്ഞു.

🔳കാട്ടുപന്നി ആക്രമണത്തിന്റെ ഇരകള്‍ക്ക് വാഹനാപകട മാതൃകയില്‍ നഷ്ടപരിഹാരം നല്‍കുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്. വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നല്‍കേണ്ട സഹായത്തെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രി കര്‍ഷകര്‍ക്ക് എംഎസിടി മാതൃകയില്‍ നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു. കാട്ടുപന്നി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ കൃഷിയില്‍ ഉറച്ചു നില്‍ക്കണം, നിലവില്‍ കാട്ടുപന്നിയുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കൃഷിമന്ത്രി സമ്മതിക്കുന്നു.

🔳കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം. സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചര്‍ച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തിന്റെ പ്രശ്നം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

🔳മുതിര്‍ന്ന നടി കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്ന് പി ടി തോമസ് എംഎല്‍എ. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്ന് എംഎല്‍എ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായ ബാങ്ക് സെക്രട്ടറിയും ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെടുന്നവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.

🔳ഉത്സവ നടത്തിപ്പിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആന ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. ഉത്സവങ്ങള്‍ ഇല്ലാത്തതിനാല്‍ കലാകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടിണിയിലാണ്. ഉത്സവങ്ങള്‍ പഴയപടി നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ആന ഉടമകള്‍ കത്ത് നല്‍കി.

🔳ആന്ധ്രപ്രദേശിലെ ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്. തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്.

🔳അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നതിന് വിലക്ക്. താലിബാന്‍ ഭരണകൂടം പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ സ്ത്രീകളെ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

🔳അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് റാലിയിലേക്ക് വാഹനം ഇടിച്ചു കയറി മൂന്നു പേര്‍ മരിച്ചു. 12 കുട്ടികള്‍ അടക്കം 27 പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. വാഹനം മനപൂര്‍വം ഇടിച്ചു കയറ്റിയെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. ഇടിച്ചു കയറിയ വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പിടിയിലായി. കത്തോലിക്കാ സഭയുടെ ക്രിസ്മസ് ആഘോഷ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!