കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

🔳കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയില്‍ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നില്‍ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരില്‍ കോടികള്‍ കമ്മീഷന്‍ പറ്റാന്‍ ആണ് ശ്രമം.സാര്‍വത്രിക അഴിമതി ആണ് ലക്ഷ്യം. സര്‍ക്കാരിന് ദുഷ്ടലാക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുക എന്നതാണ് ബിജെപി നിലപാട്. രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. നന്ദിഗ്രാം അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

🔳പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള കര്‍ഷക റാലികളും നടത്തും. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായിരുന്നു.

🔳ബിജെപിക്കെതിരായ യു പി മിഷന്‍ പരിപാടി അവസാനിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടി വന്നാല്‍ മാത്രമേ കര്‍ഷക ദ്രോഹ നയങ്ങളില്‍ നിന്ന് ബിജെപി പിന്നോട്ട് പോകൂ എന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ടിക്കായത്ത് വിഭാഗത്തിന്റെ വിലയിരുത്തല്‍.

🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. റദ്ദാക്കല്‍ ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുവേണ്ടി കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകള്‍ തയ്യാറാക്കി വരികയാണ്. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം ശൈത്യകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ച് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനാണ് കേന്ദ്ര നീക്കം.

🔳കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നടി കങ്കണ റാവത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സിഖ് സമൂഹത്തെ മുഴുവന്‍ ഖാലിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചുവെന്ന് ആരോപിച്ച് അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പോലീസില്‍ പരാതി നല്‍കി. കര്‍ഷക പ്രക്ഷോഭത്തെ ഖാലിസ്ഥാന്‍ വാദികളുടെ സമരമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കങ്കണയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സിര്‍സ അധ്യക്ഷനായ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചു.

🔳ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധകപ്പല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവിക സേനാ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ആത്മ നിര്‍ഭര്‍ ഭാരതിനുള്ള ഉത്തരമാണ് ഐഎന്‍എസ് വിശാഖപട്ടണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്തോ പസഫിക് മേഖലയിലെ സമാധാനം ഇന്ത്യന്‍ നേവിയുടെ ഉത്തരവാദിത്തമാണെന്നും സമാധാനം ഇല്ലാതാക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ നിലപാടില്‍ ഉറച്ച് ഇരുവിഭാഗവും. പുതിയ ആരാധനാക്രമം അടുത്ത ഞായാറാഴ്ച തന്നെ തുടങ്ങുമെന്ന് സഭാനേതൃത്വം അറിയിച്ചു. ഒരു വിഭാഗം വൈദികരും, വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കര്‍ദ്ദിനാള്‍ നിലപാട് പരസ്യമാക്കിയത്. അതേസമയം, മറുനീക്കവുമായി വിമത വിഭാഗം വൈദികരും രംഗത്തെത്തി.

🔳ഹലാല്‍ ഭക്ഷണ വിവാദത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരായ സന്ദീപ് വാര്യരുടെ അഭിപ്രായത്തെ തള്ളി ബിജെപി നേതൃത്വം. ഹലാല്‍ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടാണെന്നും ജനറല്‍ സെക്രട്ടറി പി സുധീര്‍ പറഞ്ഞു. സന്ദീപിന്റെ അഭിപ്രായത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞ കെ സുരേന്ദ്രന്‍ ഹലാലിനെതിരായ എതിര്‍പ്പ് ആവര്‍ത്തിച്ചു. വികാരമല്ല വിവേകേമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന സന്ദീപ് വാര്യരുടെ പോസ്റ്റിനെതിരെ ബിജെപിയില്‍ കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍.

🔳കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാളെ കേന്ദ്രമന്ത്രിയെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവികളെ സംരക്ഷിക്കേണ്ട വനം വകുപ്പുതന്നെ കേന്ദ്രത്തെ സമീപിക്കുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നും അതുകൊണ്ട് നിബന്ധനകളോടെയാണ് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യം കൂടുതലുളള പ്രദേശങ്ങളില്‍ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രം ഇത് വരെ തീരുമാനം എടുത്തിട്ടില്ല. കാട്ടുപന്നി ശല്യം രൂക്ഷമായ പല മേഖലകളിലും കൃഷി നിലച്ച മട്ടാണ്.

🔳മുന്‍ മിസ് കേരള ഉള്‍പ്പെടെ മോഡലുകളുടെ അപകട മരണം വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ച അഞ്ജനയുടെ കുടുംബം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്റേയും പങ്ക് അന്വേഷിക്കണമെന്നും പിന്തുടരാന്‍ ആരാണ് സൈജുവിന് നിര്‍ദേശം നല്‍കിയതെന്നും ഇതില്‍ റോയി വയലാട്ടിന്റെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

🔳ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതില്‍ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായത്.. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. ബസ് ചാര്‍ജ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന.

🔳അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന് അനുപമ ചോദിക്കുന്നു. ഷിജുഖാനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു.

🔳കേരളത്തിലെ പ്രതിപക്ഷം തീരെ പോരെന്ന് കഥാകൃത്ത് എം മുകുന്ദന്‍. എന്തുണ്ടായാലും മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് മാത്രമാണ് അവര്‍ പറയുന്നതെന്ന് മുകുന്ദന്‍ വിമര്‍ശിച്ചു. കേരളത്തിലെ ഇടത് ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ല റോഡുകളടക്കം സംസ്ഥാനത്ത് ഇപ്പോള്‍ വികസനം ഉണ്ടാകുന്നുണ്ടെന്നും കേന്ദ്രത്തില്‍ ഒരു നേതാവ് രാജ്യമായി മാറുന്ന കാഴ്ചയാണെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

🔳കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ചിലയിടങ്ങളില്‍ പാളങ്ങള്‍ ഒലിച്ചുപോകുകയോ തകരുകയോ ചെയ്തു. ഗതാഗത തടസ്സം കണക്കിലെടുത്ത് 50 ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. 45 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. കേരളത്തിലൂടെ ഓടുന്ന എട്ട് സര്‍വീസുകളും ഇന്നത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

🔳ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 30 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. 15000 ത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്.

🔳രാജസ്ഥാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സച്ചിന്‍ പൈലറ്റ്. 2023 ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ച് വരികയാണ് ലക്ഷ്യമെന്നും അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സച്ചിന്‍ പറഞ്ഞു. നാല് ദളിത് നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ഇപ്പോള്‍ സര്‍ക്കാരില്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. മന്ത്രിസഭ പുനസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അജയ് മാക്കന്‍ എന്നിവര്‍ക്ക് നന്ദി പറയുകയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

🔳പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ബിജെപി എംപി ഗൗതം ഗംഭീര്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ‘ബഡേ ഭായ്’ എന്നു വിളിച്ചതിനെതിരെയാണ് ഗംഭീര്‍ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് നിങ്ങളുടെ മകളേയോ മകനേയോ അതിര്‍ത്തിയിലേക്ക് അയക്കൂ. എന്നിട്ട് തീവ്രവാദികളുടെ തലവനെ സഹോദരന്‍ എന്ന് വിളിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. അതേസമയം സിദ്ദുവിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസേന രാജ്യത്തിന് അപകടമുണ്ടാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാനെന്ന് കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി പ്രതികരിച്ചു. ഇമ്രാന്‍ ആരുടെയെങ്കിലും മൂത്ത സഹോദരനാവാം. പക്ഷേ, ഇന്ത്യയുടെ കണ്ണില്‍ രാജ്യത്തേക്ക് ഭീകരരെ കടത്തിവിടുന്നയാളും പഞ്ചാബിലേക്ക് ഡ്രോണുകളും മയക്കുമരുന്നും ആയുധങ്ങളും അയക്കുന്നയാളുമാണെന്നും തിവാരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!