ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നാലു ഗ്രാമങ്ങള്‍കൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങള്‍

ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നാലു ഗ്രാമങ്ങള്‍കൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങള്‍

🔳ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നാലു ഗ്രാമങ്ങള്‍കൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങള്‍. ആഗോള ഗവേഷണ സ്ഥാപനമായ ഇന്റല്‍ ലാബിലെ പ്രതിരോധ വിദഗ്ധന്‍ ഡി ആടിസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ 74 ദിവസംനീണ്ട സംഘര്‍ഷം നടന്ന ത്രിരാഷ്ട്ര അതിര്‍ത്തി സംഗമസ്ഥലമായ ഡോക്ലാമിനോടു ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് പുതിയ ഗ്രാമങ്ങള്‍ പണിതതെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. 24,700 ഏക്കറോളം വിസ്തൃതിയിലാണ് ഗ്രാമങ്ങള്‍. അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈന രണ്ടാംഗ്രാമം പണിതതായും ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു. ആദ്യം നിര്‍മിച്ച ഗ്രാമത്തിന്റെ 93 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഇപ്പോഴത്തെ നിര്‍മാണം.

🔳ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ആരേയും അനുവദിക്കില്ലെന്നും ഇന്ത്യക്ക് ആരുടെയും ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്നും പ്രകോപനത്തിന് ശ്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

🔳സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങളാണെന്ന് തരൂര്‍ പറഞ്ഞു. ‘കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍… അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം’ എന്നത് ഒരു യാചകന്റെ ഭാഷയാണോ എന്നും തരൂര്‍ ചോദിച്ചു. നൂറുകണക്കിന് ലാത്തികള്‍ക്കിടയിലേക്ക് നിരായുധനായി നടന്നുപോകുന്ന ഒരാളെ ചിന്തിച്ച് നോക്കു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയി കൊല്ലപ്പെടുന്നതിലും ധീരമാണതെന്നും തരൂര്‍ പറഞ്ഞു.

🔳രാജ്യത്തിന്റെ ദേശീയ സുരക്ഷയില്‍ മോദിസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അരുണാചല്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിക്കപ്പെട്ട ചൈനീസ് ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു. എന്തിനാണ് ഇന്ത്യ ചൈനയില്‍ നിന്നുള്ള ഇത്തരം നീക്കങ്ങളെ സഹിഷ്ണുതയോടെ നിരീക്ഷിക്കുന്നതെന്ന് ചോദിച്ച ഗൗരവ് വല്ലഭ് പുകമറയ്ക്കുള്ളില്‍ ഒളിക്കാതെ പ്രധാനമന്ത്രി മോദി ജനങ്ങളുടെ ആശങ്കകള്‍ക്ക് ഉത്തരം നല്‍കണമെന്നും പറഞ്ഞു.

🔳സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. നടപടി സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഹര്‍ജിയില്‍ ആരോപിച്ചു. രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധിയാണ് അഞ്ച് വര്‍ഷമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

🔳എഐസിസി അച്ചടക്ക സമിതി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സമിതി അധ്യക്ഷനായി തുടരും. അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയില്‍ താരിഖ് അന്‍വറിനെ സെക്രട്ടറി അംഗമായും അംബികാ സോണി, ജെപി അഗര്‍വാള്‍, ജി പരമേശ്വര എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്

🔳കോണ്‍ഗ്രസില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അര്‍ഹിക്കുന്നവരുടെ കൈകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് താന്‍ നേതൃത്വത്തിലെത്തിയത്. അര്‍ഹിക്കുന്നവര്‍ക്ക് അവസരങ്ങളുടെ വാതായനം തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രോജ്വലമായ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും വ്യാപൃതരാണ്. മഹാത്മ ഗാന്ധിയെപ്പോലും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നും അവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണ്. പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് കോണ്‍ഗ്രസിനെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയാറാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

🔳കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമയുടെ പരാതി. ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് അനുപമ പരാതി നല്‍കിയത്. പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതികേട് കാട്ടിയെന്നും കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെടുന്നു.

🔳ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാം ഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂയെങ്കില്‍ കോണ്‍ഗ്രസ് അതിനും തയാറാണ്. ആ സമരം കാണണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

🔳കെപിസിസി നിര്‍ദേശിക്കുകയും എഐസിസി അംഗീകരിക്കുകയും ചെയ്താല്‍ കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ആകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. പരാതികള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയും മുന്നോട്ട് പോകും. രാഷ്ട്രീയകാര്യ സമിതി തുടരും. അതിന് ഉപദേശക റോളാണുള്ളത്. കെപിസിസി എക്‌സിക്യൂട്ടിവ് ആണ് പരമാധികാര സമിതി. ആവശ്യമെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിപുലപ്പെടുത്താമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

🔳മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡിസിസിയുടെ അച്ചടക്ക നടപടി. രണ്ട് പ്രധാന പ്രതികളെ സസ്പെന്റ് ചെയ്തു. ഡിസിസി മുന്‍ അധ്യക്ഷന്‍ രാജീവന്‍ മാസ്റ്ററോട് പരസ്യമായി ഖേദം പ്രകടിപ്പിക്കാനും നേതൃത്വം നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ശനിയാഴ്ച ചേര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രധാന പ്രതിയും ചേവായൂര്‍ ബാങ്ക് പ്രസിഡണ്ടുമായ പ്രശാന്ത് കുമാറിനെയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജീവന്‍ തിരുവച്ചിറയെയുമാണ് സസ്പെന്റ് ചെയ്തത്. ഇരുവരും ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നാണ് ഡിഡിസി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

🔳മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉള്‍പ്പടെ ആറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയാണെന്നായിരുന്നു റോയിയും ഹോട്ടല്‍ ജീവനക്കാരും വാദിച്ചത്. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.

🔳കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാര്‍ത്ഥിക്കെതിരെ കോളജ് അധികൃതരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ സനദിനെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും പ്രിന്‍സിപ്പാളിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.

🔳വൈദ്യുതി കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന വൈകുന്നേരം ആറുമണിമുതല്‍ രാത്രി പത്തുവരെ അധികനിരക്ക് ഈടാക്കുന്ന ടി.ഒ.ഡി താരിഫ് രീതി കൂടുതല്‍ വീടുകള്‍ക്ക് ബാധകമാക്കാന്‍ കെ.എസ്.ഇ.ബി. ആലോചിക്കുന്നു. നിലവില്‍ മാസം 500 യൂണിറ്റില്‍ക്കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെ ഈരീതിയിലേക്കു മാറ്റാനാണ് നീക്കം.

🔳മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ചികിത്സാ സഹായം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ലളിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അവരുടെ അപേക്ഷപ്രകാരമാണ് സഹായം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ‘കെപിഎസി ലളിത നടിയാണ്. കലാകാരന്മാരെ കൈയൊഴിയാനാവില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമാണ് ലളിത.

🔳നടി ഹേമ മാലിനിയ്ക്കും ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിയ്ക്കും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താ വിതരണ – പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇരുവരെയും പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

🔳ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കര തൊടുന്നതിന്റെ ജാഗ്രതയില്‍ ദക്ഷിണേന്ത്യ. തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. തീവ്രന്യൂനമര്‍ദ്ദം കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. കേരളത്തിലാകട്ടെ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ തന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🔳തമിഴ്നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി വരെ കനത്ത മഴ തുടരുകയാണ്. ഇതുവരെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

🔳യമുനാ നദി വൃത്തിയാക്കാന്‍ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. 2025 ഫെബ്രവരിയോട് കൂടി പദ്ധതി പൂര്‍ത്തിയാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. യമുനാ നദി നിലവിലെ അഴുക്കുനിറഞ്ഞ അവസ്ഥയിലേക്ക് എത്തിയത് 70 വര്‍ഷങ്ങള്‍ കൊണ്ടാണ്. രണ്ടുദിവസം കൊണ്ട് നദിയെ വൃത്തിയാക്കാന്‍ സാധിക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് നദി വൃത്തിയാക്കുമെന്ന് കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് താന്‍ വാക്കു നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആറിന പദ്ധതികള്‍ നടപ്പിലാക്കാന്‍ പോവുകയാണെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.

🔳ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം നടത്താനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍.

🔳ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശബ്ദം എന്നറിയപ്പെടുന്ന പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. ഒമ്പത് ഫിഫ ലോകകപ്പുകളിലും ഇന്ത്യയുടെ നൂറു കണക്കിന് മത്സരങ്ങളിലും കമന്റേറ്ററായും നിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കമന്റേറ്ററായി. ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ബെയര്‍ഫൂറ്റ് റ്റു ബൂട്‌സ് എന്ന പുസ്തകം പ്രശസ്തമാണ്.

🔳ഇനി ഇന്ത്യന്‍ ആരാധകര്‍ക്ക് കാല്‍പ്പന്തുകളിയുടെ കാലം. ഐഎസ്എല്‍ എട്ടാം സീസണിന് ഇന്ന് ഗോവയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7.30നാണ് മത്സരം.

🔳ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന 22-ാമത് ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം. ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്.

🔳ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ഇന്ത്യന്‍ ഇതിഹാസം പ്രകാശ് പദുകോണ്‍. ബാഡ്മിന്റണ്‍ മേഖലയില്‍ പ്രകാശ് പദുകോണ്‍ സമ്മാനിച്ച സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ബി.ഡബ്ല്യു.എഫ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് പ്രകാശ് പദുകോണിന്റെ പേര് ബി.ഡബ്ല്യു.എഫിന് മുമ്പാകെ നിര്‍ദേശിച്ചത്.

🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ഒരുഘട്ടത്തില്‍ തനിക്കും താല്‍പര്യമുണ്ടായിരുന്നുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഐപിഎല്ലിനിടെ പലരുമായും താന്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ പരിശീലകനായിരിക്കുന്നതിന്റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പോണ്ടിംഗ് പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 66,693 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 321 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,847 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5664 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7202 പേര്‍ രോഗമുക്തി നേടി. ഇതോടെ 62,288 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97.

🔳ആഗോളതലത്തില്‍ ഇന്നലെ 5,68,009 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 81,147 പേര്‍ക്കും ഇംഗ്ലണ്ടില്‍ 46,807 പേര്‍ക്കും റഷ്യയില്‍ 37,374 പേര്‍ക്കും തുര്‍ക്കിയില്‍ 22,234 പേര്‍ക്കും ഫ്രാന്‍സില്‍ 20,366 പേര്‍ക്കും ജര്‍മനിയില്‍ 64,164 പേര്‍ക്കും ഉക്രെയിനില്‍ 20,591 പേര്‍ക്കും പോളണ്ടില്‍ 24,882 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 23,591 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.62 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.96 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7070 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 969 പേരും റഷ്യയില്‍ 1,251 പേരും ഉക്രെയിനില്‍ 752 പേരും മെക്സിക്കോയില്‍ 332 പേരും പോളണ്ടില്‍ 370 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.45 ലക്ഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!