യാചകന്‍ മരിച്ചു; അടക്കം രാജാവിനെപ്പോലെ

യാചകന്‍ മരിച്ചു; അടക്കം രാജാവിനെപ്പോലെ

ഒരു യാചകന്റെ ശവസംസ്‌കാരത്തിന് ഒത്തുകൂടിയത് ആയിരങ്ങള്‍. രാജാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും കിട്ടാത്ത മരണാനന്തര ബഹുമതി. ഭിക്ഷ യാചിച്ച് ജീവിച്ച് മരിച്ചിട്ടും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവര്‍ ആയിരങ്ങളാണ്.

കര്‍ണ്ണാടകയിലെ ബെല്ലാരിയിലാണ് ഹുച്ച ബാസ്യ എന്ന 45-കാരനായ യാചകന്‍ മരിച്ചത്. ബാസവ എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചു. ബെല്ലാരിയിലെ ഹഡഗലി ടൗണിലായിരുന്നു ബാസവ ഭിക്ഷക്കാരനായി ജീവിച്ചിരുന്നത്. മാനസികപ്രശ്‌നങ്ങള്‍ ബാസവയ്ക്കുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ അദ്ദേഹത്തിന് ഭിക്ഷ നല്‍കിയിരുന്നു.

മരിച്ച യാചകന്‍ ബാസവയ്ക്ക്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ആയിരങ്ങള്‍.

വ്യത്യസ്തനായ ഈ ഭിക്ഷക്കാരന് പണത്തോട് ആര്‍ത്തിയില്ലായിരുന്നു. എത്രയധികം രൂപ നല്‍കിയാലും ബാസവ അതില്‍നിന്നും ഒരു രൂപ മാത്രമേ എടുക്കൂ. ബാക്കി തിരിച്ചു നല്‍കും. എത്ര നിര്‍ബന്ധിച്ചാലും ബാസവയ്ക്ക് ഒരു രൂപ മതി. വ്യത്യസ്തനായ ഈ യാചകനെ നാട്ടുകാര്‍ ഉള്ളുതുറന്ന് സ്‌നേഹിച്ചു. സ്‌നേഹത്തോടൊപ്പം അദ്ദേഹത്തോട് നാട്ടുകാര്‍ക്ക് ബഹുമാനവും ഉണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്‍ എന്ന് അര്‍ത്ഥം വരുന്ന അപ്പാജി എന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചു.

കഴിഞ്ഞദിവസം ഒരു വാഹനമിടിച്ചാണ് ബാസവ മരിച്ചത്. മരണം അറിഞ്ഞ ഉടനെ നാട്ടുകാര്‍ അനുശോചിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചു. മൃതദേഹവുമായി ശ്മശാനത്തിലേക്കുള്ള യാത്ര വലിയ ഒരു വിലാപയാത്രയായി മാറി. യാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. വാദ്യസംഗീതം മുഴക്കിയായിരുന്നു ആ വിലാപയാത്ര.

ഇദ്ദേഹത്തിന് ഭക്ഷണം നല്‍കിയാല്‍ ഭാഗ്യം കൊണ്ടുവരുമെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ക്കും ബാസവയെ വലിയ ഇഷ്ടമായിരുന്നു. ആരോടും സ്‌നേഹത്തോടും നിഷ്‌കളങ്കതയോടുമായിരുന്നു സംസാരം. അദ്ദേഹത്തിന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ രാഷ്ട്രീയക്കാരും താല്പര്യപ്പെട്ടിരുന്നു. എത്ര രൂപാ നീട്ടിയാലും ബാസവയ്ക്ക് ഒരു രൂപ മതി. അതായിരുന്നു യാചകരുടെ ഇടയില്‍ അദ്ദേഹത്തിന് വി.ഐ.പി. പരിവേഷം ചാര്‍ത്തി നല്‍കിയത്. ജീവിച്ചപ്പോള്‍ ‘യാചകന്‍’, മരിച്ചപ്പോള്‍ ‘രാജാവ്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!