മുല്ലപ്പെരിയാർ പ്രശ്നം: മരം മുറിക്കൽ അറിഞ്ഞില്ലെങ്കിൽ മന്ത്രി എന്തിന് ആ കസേരയിൽ ഇരിക്കുന്നുവെന്ന് വി.ഡി സതീശൻ

മുല്ലപ്പെരിയാർ പ്രശ്നം: മരം മുറിക്കൽ അറിഞ്ഞില്ലെങ്കിൽ മന്ത്രി എന്തിന് ആ കസേരയിൽ ഇരിക്കുന്നുവെന്ന് വി.ഡി സതീശൻ

🔳മുല്ലപ്പെരിയര്‍ മരം മുറി ഉത്തരവ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം നിയമസഭയില്‍. ഉത്തരവ് മന്ത്രി അറിഞ്ഞില്ലെങ്കില്‍ എന്തിന് ആ കസേരയില്‍ ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു. ഉത്തരവ് ഇറങ്ങിയത് കെ-റെയിലിനെക്കാള്‍ വേഗത്തിലായിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈല്‍ഡ് ലൈഫ് ബോര്‍ഡ് ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ വനം മന്ത്രിയും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല കേരളത്തിലെ പൗരസമൂഹമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

🔳നോട്ട് അസാധുവാക്കലിന്റെ അഞ്ചാം വാര്‍ഷികത്തില്‍ കേന്ദ്രത്തിനെതിരെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി പ്രതിപക്ഷം. കേന്ദ്രസര്‍ക്കാരിനെതിരേ ഒരു പിടി ചോദ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെയും ശശി തരൂരിന്റെയും ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നോട്ട് നിരോധനം വിജയമായിരുന്നെങ്കില്‍ എന്തുകൊണ്ട് അഴിമതി അവസാനിച്ചില്ല? എന്തുകൊണ്ട് കള്ളപ്പണം തിരികെ വന്നില്ല? എന്തുകൊണ്ട് പണരഹിത സമ്പദ് വ്യവസ്ഥയില്ല? എന്തുകൊണ്ട് തീവ്രവാദം തുടച്ചുനീക്കുന്നതില്‍ വിജയിച്ചില്ല? എന്തുകൊണ്ടാണ് പണപ്പെരുപ്പം നിയന്ത്രിക്കാനാകാത്തത്?’, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അതേസമയം തെറ്റായി ചിന്തിച്ച് മോശമായി നടപ്പാക്കിയ തീരുമാനമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ വിശേഷിപ്പിച്ചത്.

🔳ലഖിംപുര്‍ സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്നും വിമര്‍ശിച്ചു. ലഖിംപുര്‍ കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമര്‍ശനം.

🔳മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനൊരുങ്ങി സര്‍ക്കാര്‍. വനം – ജലവിഭവ സെക്രട്ടറിമാരില്‍ നിന്നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിശദീകരണം. മരംമുറിക്കാനുള്ള ഉത്തരവ് ഇന്നലെ കേരളം മരവിപ്പിച്ചിരുന്നു.

🔳മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് സ്റ്റേ ചെയ്തതില്‍ ഇടപെടാനില്ലെന്ന് തമിഴ്നാട്. കേരളത്തിന്റെ തീരുമാനം മാനിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ജലവിഭവമന്ത്രി ദുരൈമുരുകന്‍ പറഞ്ഞു. വിവാദം കത്തുമ്പോഴും കേരളത്തിന് എതിരെ നിയമനമടപടിക്ക് ഇല്ലെന്ന നിലപാടിലാണ് തമിഴ്നാട്. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്റ്റാലിനുമായി ജലവിഭവ മന്ത്രി ദുരൈമുരുകന്‍ കൂടിക്കാഴ്ച നടത്തി. തമിഴ്നാട് ഉദ്യോഗസ്ഥരോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയ സ്റ്റാലിന്‍ കേരളത്തിന്റെ താല്‍പ്പര്യം മാനിച്ച് മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സി.പി.എം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരന്‍. ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്നും ജി. സുധാകരന്‍ പറഞ്ഞു.

🔳നടന്‍ ജോജു ജോര്‍ജ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് കത്തയച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സഹപ്രവര്‍ത്തകന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ സമാശ്വസിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നും ജോജുവിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്നും കത്തില്‍ പറയുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അട്ടിമറിച്ചത് താനാണെന്ന ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം ശരിയല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. മുണ്ടക്കയത്ത് സിനിമാ ലൊക്കേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇടപെടണമെന്നും ഒരു കലാകാരനോടുളള വിരോധം തൊഴില്‍ മേഖലയോടൊന്നാകെ കാണിക്കരുതെന്നും കത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

🔳പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അപലപിച്ച് ഡി.വൈ.എഫ്.ഐ. അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാനാകില്ലെന്നും സിനിമാ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരംക്ഷണവും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. കെ. സുധാകരന്റെ വരവോടുകൂടി, ആര്‍.എസ്.എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിതെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

🔳ജോജു ജോര്‍ജ് കേസില്‍ പ്രതികളായ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വൈകുന്നേരം കീഴടങ്ങും. മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാന്‍ എറണാകുളം ഡിസിസി ആവശ്യപ്പെട്ടു. എന്നാല്‍ ജോജുവാണ് കൊച്ചിയില്‍ പ്രശ്നമുണ്ടാക്കിയതെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതിപക്ഷ നേതാവിന് കത്തയച്ചു.

🔳ഇന്ധനവിലക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തി കോണ്‍ഗ്രസ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. സമരസ്ഥലം മുന്‍കൂട്ടി അറിയിച്ചതാണെന്നും പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും എംപി പറഞ്ഞു.

🔳കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍. നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമായിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

🔳സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. നാളെയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും. ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതേസമയം കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയില്‍ ചെന്നൈയില്‍ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

🔳വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിന്റെ പ്രഖ്യാപനം. തേവര്‍ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് തങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. വിജയ് സേതുപതി തേവര്‍ സമുദായത്തെയും തേവര്‍ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്.

🔳ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നെല്‍ കൃഷി സംബന്ധിച്ച ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വാക്കുകളാണ് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചത്. നെല്ല് ശേഖരിക്കുന്നത് സംബന്ധിച്ച് വിടുവായത്തരം പറഞ്ഞാല്‍ നാവ് മുറിച്ചെടുക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന. കേന്ദ്രം നെല്ല് ശേഖരിക്കാത്തതിനാല്‍ മറ്റ് കൃഷിയിലേക്ക് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയും കാര്‍ഷിക വകുപ്പ് മന്ത്രിയും കര്‍ഷകരോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ നെല്ല് അടക്കമാണ് സംസ്ഥാനത്ത് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. ഇതിനിടയിലാണ് വീണ്ടും നെല്ല് തന്നെ കൃഷിചെയ്യാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കര്‍ഷകരോട് ആവശ്യപ്പെട്ടത്. ഇതാണ് തെലങ്കാന മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

🔳സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവര്‍ത്തകന്‍ നടത്തിയ വെടിവെപ്പില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം.

🔳ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ഇന്ന് അവസാന മത്സരം. ദുബായില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തില്‍ നമീബിയ ആണ് എതിരാളികള്‍ . ഇരുടീമുകളുടെയും സെമിപ്രതീക്ഷ അവസാനിച്ചതിനാല്‍ മത്സരഫലം അപ്രസക്തമാണ്. ഇന്നലെ പരിശീലന സെഷന്‍ റദ്ദാക്കിയ ഇന്ത്യ പേസര്‍ ജസ്പ്രീത് ബുമ്ര അടക്കം ചില മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. ടി20 ടീം നായകപദവിയില്‍ വിരാട് കോലിയുടെയും പരിശീലകസ്ഥാനത്ത് രവി ശാസ്ത്രിയുടെയും വിടവാങ്ങല്‍ മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

🔳ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും ജയിച്ച് പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ നാല് അര്‍ധ സെഞ്ചുറികളാണ് നായകന്‍ ബാബര്‍ അസം സ്വന്തമാക്കിയത്. സ്‌കോട്‌ലന്‍ഡിനെതിരായ അവസാന മത്സരത്തിലും ബാബര്‍ അമ്പത് തികച്ചു. ഇതോടെ ഒരു ടി20 ലോകകപ്പില്‍ കൂടുതല്‍ അര്‍ധ ശതകങ്ങള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യൂ ഹെയ്ഡനും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ഒപ്പമെത്തി ബാബര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!