കേന്ദ്രം കുറച്ചത് കൂടാതെ 16 സംസ്ഥാനങ്ങൾ ഇന്ധനവില വീണ്ടും കുറച്ചു; എന്നിട്ടും കുറയ്ക്കാതെ കേരളം.

കേന്ദ്രം കുറച്ചത് കൂടാതെ 16 സംസ്ഥാനങ്ങൾ ഇന്ധനവില വീണ്ടും കുറച്ചു; എന്നിട്ടും കുറയ്ക്കാതെ കേരളം.

🔳കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പുതുച്ചേരി ചുമത്തുന്ന മൂല്യവര്‍ധിത നികുതി 23 ശതമാനമാനത്തില്‍ നിന്ന് 14.55 ശതമാനമായി കുറച്ചതോടെ പെട്രോളിന്റെ വില ലിറ്ററിന് 94.94 രൂപയും ഡീസല്‍ 83.58 രൂപയുമായി കുറഞ്ഞു. മാഹിയില്‍ 21.90 ശതമാനമായിരുന്ന വാറ്റ് 13.32 ശതമാനമായി കുറച്ചപ്പോള്‍ പെട്രോള്‍വില ലിറ്ററിന് 92.52 രൂപയും ഡീസലിന് 80.94 രൂപയാണ്. പുതിയ നിരക്ക് നിലവില്‍വന്നതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വിലക്കുറവുള്ളത് കേരളത്തോടു ചേര്‍ന്നുകിടക്കുന്ന മാഹിയിലാണ്.

🔳ഭരണമികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്സില്‍ ഇത്തവണയും കേരളം ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നാലെ തമിഴ്‌നാടും തെലങ്കാനയും. കഴിഞ്ഞതവണ നാലാം സ്ഥാനത്തുണ്ടായിരുന്ന കര്‍ണാടക ഇത്തവണ ഏഴാംസ്ഥാനത്തേക്ക് പോയി. ഉത്തര്‍പ്രദേശാണ് ഏറ്റവുംപിന്നില്‍; 18-ാം സ്ഥാനത്ത്. ഗുജറാത്ത് അഞ്ചാംസ്ഥാനത്താണ്.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട്. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 136 അടിയിലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്നലെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്.

🔳ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കിലോമീറ്ററിന് 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.

🔳കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം. സര്‍വ്വീസുകള്‍ പൂര്‍ണമായും മുടങ്ങിയതോടെ യാത്രാക്ലേശത്തില്‍ ജനം വലഞ്ഞു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നും സമരം തുടാരാന്‍ എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയന്‍ തീരുമാനിച്ചു. ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഇന്നലേയും ഇന്നും ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.

🔳പണിമുടക്കില്‍ പങ്കെടുക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശം. ഒരുവിഭാഗം ജീവനക്കാര്‍ മാത്രം പണിമുടക്ക് നടത്തുന്ന ഇന്ന് സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം.

🔳എട്ട് വര്‍ഷത്തിന് ശേഷം ഫസല്‍ വധക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലെത്തി. ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് കാരായിമാര്‍ കണ്ണൂരിലേക്ക് എത്തുന്നത്. ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് തിരിച്ചെത്താനായത്. ഫസല്‍ വധം ആസൂത്രണം ചെയ്തത് കാരായി സഹോദരന്‍മാര്‍ തന്നെയാണെന്ന സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം തന്നെയാണ് ഇരുവരും കണ്ണൂരിലെത്തിയത്.

🔳നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം സമവായമായില്ല. ജോജു വിഷയത്തില്‍ തുടര്‍ നിലപാട് ഉടന്‍ കൈകൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ നിന്നു ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കുന്നത്. അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു ഇത് വരെ നേരിട്ട് വന്നിട്ടില്ല. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടേയെന്നും കോണ്‍ഗ്രസ് അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നത് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

🔳ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് ജാമ്യമില്ല. റിമാന്‍ഡിലുള്ള പ്രതി പിജെ ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

🔳എംജി സര്‍വകലാശാലയ്ക്ക് എതിരായ ഗവേഷക വിദ്യാര്‍ത്ഥിയുടെ ജാതി വിവേചന പരാതിയിലും ലൈംഗികാതിക്രമ പരാതിയിലും ഇടപെടില്ലെന്ന് ജില്ലാ കളക്ടര്‍ പിജെ ജയശ്രീ. സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ കളക്ടറിന് ഇടപെടാന്‍ കഴിയില്ലെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. ചര്‍ച്ചയ്ക്ക് ഗവേഷക വിദ്യാര്‍ത്ഥി എത്താത്തതിനാല്‍ സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സമര പന്തലില്‍ പോയി ചര്‍ച്ച നടത്തുകയെന്നത് പ്രായോഗികമല്ല. പരാതി നല്‍കിയ ഗവേഷകയ്ക്ക് എല്ലാ സൗകര്യവും ഒരുക്കാമെന്നാണ് സര്‍വകലാശാല അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും തുടര്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും കളക്ടര്‍ വ്യക്തമാക്കി.

🔳ചിറയിന്‍കീഴില്‍ ദുരഭിമാന മര്‍ദ്ദന കേസിലെ പ്രതി ഡോ. ഡാനിഷിനെ പൊലീസ് പിടികൂടി. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുമാണ് ഡാനിഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

🔳കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

🔳നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി. ആര്യന്‍ ഖാന്‍ കേസ് അടക്കം എന്‍സിബി മുംബൈ സോണല്‍ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘമാകും ഇനി അന്വേഷിക്കുക. എന്‍സിബിയുടെ ദില്ലി ആസ്ഥാനം നേരിട്ട് മേല്‍നോട്ടം വഹിക്കും.

🔳പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ച് നവ്‌ജോത് സിങ് സിദ്ദു. എന്നാല്‍ പാര്‍ട്ടിക്ക് മുന്നില്‍ പുതിയ നിബന്ധന വെച്ചാണ് സിദ്ദു രാജി തീരുമാനം പിന്‍വലിക്കുന്നെന്ന് വ്യക്തമാക്കിയത്. പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് എപിഎസ് ഡിയോളിനെ മാറ്റി പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാല്‍ മാത്രമേ താന്‍ ഓഫിസില്‍ തിരിച്ചെത്തൂവെന്ന് സിദ്ദു വ്യക്തമാക്കി. വിവാദമായ വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പൊലീസുകാരനുവേണ്ടി എപിഎസ് ഡിയോള്‍ ഹാജരായി എന്നാണ് സിദ്ദു ഉന്നയിക്കുന്ന വിഷയം

🔳പൊതുജനങ്ങള്‍ക്ക് മുന്നില്‍വെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ചാട്ടവാറടി. ഗോവര്‍ധന്‍ പൂജ എന്ന ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ചാട്ടവാറടി ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. വലത്തേ കൈയില്‍ എട്ട് അടിയാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. ബീരേന്ദ്ര താക്കൂര്‍ എന്ന യുവാവാണ് മുഖ്യമന്ത്രിയെ ചാട്ടവാറിനടിച്ചത്. ജഞ്ച്ഗിരി എന്ന ഗ്രാമത്തിലാണ് ആചാരം നടന്നത്.

🔳ഡല്‍ഹിയിലെ സമ്പൂര്‍ണ പടക്കനിരോധനം ദീപാവലിദിവസം പൂര്‍ണമായും ഫലിച്ചില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും നഗരത്തില്‍ പലയിടത്തും പടക്കം പൊട്ടിച്ചതോടെ അന്തരീക്ഷ മലിനീകരണം വര്‍ധിച്ചു. വായുമലിനീകരണ സൂചിക ‘ഗുരുതര’ സ്ഥിതിയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയുടെ അയല്‍നഗരങ്ങളിലും ഇതേ സ്ഥിതിയാണ്. അയല്‍സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളിലെ തീയിടല്‍കൂടിയാകുമ്പോള്‍ വരുംദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും.

🔳ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷ സേനക്ക് നേരെ വീണ്ടും ഭീകരാക്രമണം. ബെമീനയിലെ എസ്‌കെഐഎംഎസ് ആശുപത്രിക്ക് സമീപമുണ്ടായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്. സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ ആള്‍ക്കൂട്ടത്തിലൂടെ രക്ഷപ്പെട്ടതായും ശ്രീനഗര്‍ പൊലീസ് അറിയിച്ചു.

🔳ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഷാങ് സാന്‍ എന്ന 38 കാരിയാണ് ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഷാങ് സാന്‍ മരണത്തിന്റെ വക്കിലാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച വുഹാനില്‍ അധികൃതര്‍ക്ക് പറ്റിയ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവരെ 2020 മെയ് മാസത്തില്‍ തടങ്കലില്‍ വയ്ക്കുകയും ഡിസംബറില്‍ ഇവര്‍ക്ക് നാല് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍ വച്ച് ഇവര്‍ നിരാഹാര സമരം തുടങ്ങുകയായിരുന്നു.

🔳ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്ക്കാണ് നിലവില്‍ ഏറ്റവുമധികം നെറ്റ് റണ്‍റേറ്റുള്ളത്. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്ത രാഹുലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

🔳ടി20 ലോകകപ്പില്‍ നമീബിയ ന്യൂസിലന്‍ഡിനെ അട്ടിമറിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ സ്വപ്നം കണ്ടത് വെറുതെയായി. നമീബിയയുടെ അട്ടിമറി ജയം കാണാനിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ 52 റണ്‍സ് ജയവുമായി ന്യൂസിലന്‍ഡ് സെമിയോട് ഒരു പടി കൂടി അടുത്തു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ നല്ല തുടക്കമിട്ട് പ്രതീക്ഷ നല്‍കിയെങ്കിലും ബൗളര്‍മാരുടെ മികവിലൂടെ കിവീസ് നമീബിയയെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 111 റണ്‍സിലൊതുക്കി.

🔳അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിന്‍ഡീസ് ജേഴ്‌സി അഴിച്ചുവെക്കുമെന്ന് ബ്രാവോ വ്യക്തമാക്കി. 2018ല്‍ ഒരിക്കല്‍ വിരമിച്ച താരമാണ് ബ്രാവോ. എന്നാല്‍ തീരുമാനം മാറ്റി 2019ല്‍ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.

🔳മുന്‍ താരം സാവി ഹെര്‍ണാണ്ടസ് ബാഴ്സലോണയുടെ പുതിയ പരിശീലകനാകും. ലാ ലിഗയില്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബാഴ്സ പുറത്താക്കിയ റൊണാള്‍ഡ് കൂമാന് പകരമാണ് ബാഴ്സയുടെ മുന്‍ മിഡ്ഫീല്‍ഡ് ജനറലായ സാവി ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്സ പരിശീലകനായി പോവാന്‍ അല്‍ സാദ് സമ്മതം അറിയിച്ചതോടെയാണ് സാവി ബാഴ്സയുടെ പരിശീലകനാകുമെന്ന കാര്യം ഉറപ്പായത്.

🔳കേരളത്തില്‍ ഇന്നലെ 62,219 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 111 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,048 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 352 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7085 പേര്‍ രോഗമുക്തി നേടി. ഇതോടെ 73,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,94,435 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 53.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125.

🔳ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 25 കോടിയിലേക്ക്. ഇന്നലെ 4,77,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 64,490 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,029 പേര്‍ക്കും റഷ്യയില്‍ 40,735 പേര്‍ക്കും തുര്‍ക്കിയില്‍ 28,193 പേര്‍ക്കും ജര്‍മനിയില്‍ 35,806 പേര്‍ക്കും ഉക്രെയിനില്‍ 26,488 പേര്‍ക്കും ഇന്ത്യയില്‍ 11,680 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.97 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7169 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,036 പേരും റഷ്യയില്‍ 1,192 പേരും ഉക്രെയിനില്‍ 696 പേരും റൊമാനിയായില്‍ 463 പേരും ഇന്ത്യയില്‍ 393 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.52 ലക്ഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!