ഐ.പി.സി. ജനറല്‍ വൈസ്‌ പ്രസിഡന്റ് റവ. ബേബി വര്‍ഗീസ് അങ്കമാലി ഏ.ജി. സഭയില്‍ സ്‌നാനം നടത്തി; ഒപ്പം തിരുവത്താഴവും

ഐ.പി.സി. ജനറല്‍ വൈസ്‌ പ്രസിഡന്റ് റവ. ബേബി വര്‍ഗീസ് അങ്കമാലി ഏ.ജി. സഭയില്‍ സ്‌നാനം നടത്തി; ഒപ്പം തിരുവത്താഴവും


കെ.എന്‍. റസ്സല്‍

2004ല്‍ പാസ്റ്റര്‍ ബേബി വര്‍ഗീസ് (ഡാളസ്) നാട്ടില്‍ പതിവു സന്ദര്‍ശനത്തിനെത്തിയതാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഞാന്‍ സ്വീകരിച്ച് ബന്ധുഗൃഹത്തില്‍ വിട്ടു. അടുത്തദിവസം അങ്കമാലി ഏ.ജി. ചര്‍ച്ചില്‍ ആരാധനയ്‌ക്കെത്തി. നേരത്തേ അറിയിച്ചതനുസരിച്ച് രണ്ട് സ്‌നാനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം എത്തിയത്.

സഭയിലെ വിശ്വാസികള്‍ ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു, അദ്ദേഹത്തെക്കൊണ്ട് സ്‌നാനം നടത്തിക്കുക എന്നത്. പിന്നീട് പാസ്റ്റര്‍ ബേബി വര്‍ഗീസ് ഐ.പി.സി. ജനറല്‍ വൈസ്‌ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഏ.ജി.യില്‍ സ്‌നാനം നടത്തുമ്പോഴും ഐ.പി.സി.യുടെ നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്നു.

സഭയുടെ തീരുമാനം അംഗീകരിച്ചു കൊണ്ട് സ്‌നാനം നടത്താന്‍ അദ്ദേഹം തയ്യാറായി. അങ്കമാലി സഭാംഗവും, ഇപ്പോള്‍ ബഹറിനില്‍ കുടുംബമായി കഴിയുകയും ചെയ്യുന്ന യാക്കോബ് പണം തന്ന് പണിയിച്ച സ്‌നാനക്കുളത്തിലായിരുന്നു സ്‌നാനം നടന്നത്.

കാഞ്ഞൂര്‍ കന്നപ്പള്ളി കുടുംബാംഗവും സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോജിയേയും, അങ്കമാലി പ്രവീണിന്റെ ഭാര്യ റിബിയെയുമാണ് അന്ന് പാസ്റ്റര്‍ ബേബി വര്‍ഗീസ് സ്‌നാനപ്പെടുത്തിയത്.

ഏ.ജി. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഒ.സണ്ണിക്കുട്ടിയാണ് സ്‌നാനശുശ്രൂഷകള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതും, സ്‌നാനം നടത്താന്‍ ബേബി വര്‍ഗീസിനെ പ്രോത്സാഹിപ്പിച്ചതും. ഏ.ജി. ചര്‍ച്ചിലെ വിശ്വാസികളെ ഐ.പി.സി. നേതാവിനെക്കൊണ്ട് സ്‌നാനം നടത്തിച്ചതില്‍ എതിരഭിപ്രായം ഉയര്‍ന്നതായി ഓര്‍മ്മയിലില്ല.

അന്നു നടന്ന സഭായോഗത്തില്‍ പാസ്റ്റര്‍ ബേബി വര്‍ഗീസ് മുഖ്യപ്രസംഗം നടത്തുക മാത്രമല്ല, തിരുവത്താഴവും നടത്തി. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ഒ.സണ്ണിക്കുട്ടിയുടെ (ഇപ്പോള്‍ പോളയത്തോട് ഏ.ജി. ശുശ്രൂഷകന്‍) പൂര്‍ണ്ണ സഹകരണവും, എല്ലാ ദൈവമക്കളും ഒരു അപ്പത്തിന്റെ ഓഹരിക്കാരും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് പാര്‍ക്കേണ്ടവരുമാണെന്ന തന്റെ വിശാല കാഴ്ചപ്പാടും ഇവിടെ സ്മരിക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ അങ്കമാലി ഏ.ജി. സഭയുടെ ആരംഭകാല പ്രവര്‍ത്തനം ഐ.പി.സി.യുടെ സഹകരണത്തിലായിരുന്നു നടത്തിയിരുന്നത് എന്നാണ് പഴമക്കാര്‍ പറയുന്നത്. പില്‍ക്കാലത്ത് എ.എം.ശാമുവല്‍ എന്ന മാന്യവ്യക്തിയുടെ ശ്രമഫലമായിട്ടാണ് സഭ ഏ.ജി.യോട് ചേരുന്നതും വസ്തു വാങ്ങുന്നതും.

സംഘടന ബൈബിള്‍ അധിഷ്ഠിതമല്ല എന്നതാണ് സത്യം. ഈ ലേഖകന്‍ ഇതില്‍ തരിമ്പും വിശ്വസിക്കുന്നില്ല. രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭ. ഐ.പി.സി., ശാരോന്‍ ഫെലോഷിപ്പ്, ഏ.ജി., ചര്‍ച്ച് ഓഫ് ഗോഡ് എന്നതൊക്കെ സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാനായി തല്ലിക്കൂട്ടിയ പ്രസ്ഥാനങ്ങളാണ്.

രക്ഷിക്കപ്പെട്ടവര്‍ അംഗങ്ങളായുള്ള പ്രാദേശിക കൂട്ടങ്ങളാണ് സഭകള്‍. രജിസ്റ്റേഡ് സംഘടന വേറെ, ദൈവസഭ വേറെ. സംഘടനയുടെ നിയമമല്ല, സഭയുടെ നിയമങ്ങള്‍. സംഘടന പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരിന്റെ നിയമത്തിന് വിധേയമായിട്ടാണ്. സഭ പ്രവര്‍ത്തിക്കേണ്ടത് ആത്മനിയോഗത്താല്‍ ശ്ലീഹന്മാര്‍ എഴുതിവച്ചിട്ടുള്ള നിയമങ്ങള്‍ക്കനുസരണമായിട്ടാണ്.

എന്റെ മകന്‍ സ്‌നാനപ്പെടാന്‍ തയ്യാറായത് ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ്. അതില്‍ പാസ്റ്റര്‍ ജി. യോഹന്നാന്റെ സ്വാധീനം എടുത്തുപറയേണ്ടതാണ്. പെരുമ്പാവൂര്‍ ശാരോന്‍ സഭയുടെ പാസ്റ്ററും ഇപ്പോഴത്തെ ശാരോന്‍ സഭകളുടെ ജനറല്‍ സെക്രട്ടറിയുമായ പാസ്റ്റര്‍ ഏബ്രഹാം ജോസഫിനെക്കൊണ്ടാണ് (ബാബു പാസ്റ്റര്‍, പെരുമ്പാവൂര്‍) ഞങ്ങളുടെ മകന്റെ സ്‌നാനം നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നത്. സഭയ്ക്കുള്ളില്‍ അനീതിക്കും അധര്‍മ്മത്തിനും അസത്യത്തിനും നീതികെട്ട നേതൃത്വത്തിനുമെതിരെ ഇത്രമാത്രം പോരാട്ടം നടത്തിയിട്ടുള്ള ബാബു പാസ്റ്ററെ പോലെ മറ്റൊരു വ്യക്തിയില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞുകിടക്കുന്ന പേരാണ് ബാബു പാസ്റ്ററിറുടേത്. അതുകൊണ്ടാണ് എന്റെ മകനെ സ്‌നാനപ്പെടുത്തുന്നത് ബാബു പാസ്റ്റര്‍ ആകണം എന്നു തീരുമാനിച്ചത്.

എന്നാല്‍ പാസ്റ്റര്‍ ഒ.സണ്ണിക്കുട്ടി സ്‌നാനപ്പെടുത്തിയാല്‍ മതിയെന്ന മകന്റെ തീരുമാനം അറിഞ്ഞതോടെ ഞങ്ങള്‍ അതിനു വഴങ്ങുകയായിരുന്നു. സ്‌നാനത്തിന്റെ അന്ന് ക്ലാസ്സെടുക്കാനെങ്കിലും ബാബു പാസ്റ്റര്‍ വരണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. അങ്ങനെ മകന്‍ ജോപ്പന്റെ സ്‌നാനത്തിന് ക്ലാസ്സെടുക്കാനായി ബാബു പാസ്റ്റര്‍ എത്തിയതില്‍ ഇന്നും നന്ദിയുണ്ട്. കാലടിയിലെ ഞങ്ങളുടെ വീടിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനയില്‍ മുഖ്യാതിഥിയും ബാബു പാസ്റ്റര്‍ ആയിരുന്നു.

മുസ്ലീം ആയ മമ്മൂട്ടി കൊടുത്ത പണം കൊണ്ട് സാരി വാങ്ങി, ക്രിസ്ത്യാനിയായ ഇന്നസെന്റ് കൊടുത്ത മോതിരം പണയം വച്ച് താലി വാങ്ങി, ഹിന്ദുവായ നടന്‍ ശ്രീനിവാസന്‍ ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ മിന്നുകെട്ടിയ കഥ യൂട്യൂബില്‍ കിടപ്പുണ്ട്. അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ”എന്തു ജാതി, എന്തു മതം, എന്ത് ദൈവം” എന്ന്.

ദൈവത്തിന്റെ പേരില്‍, പെന്തക്കോസ്തിന്റെ പേരില്‍, കേരളത്തില്‍ എത്ര സഭകള്‍, എത്ര പ്രസിഡന്റുമാര്‍. സൂപ്രണ്ടുമാരും ഓവര്‍സീയര്‍മാരും വേറെ. രക്ഷിക്കപ്പെട്ട് സ്‌നാനമേറ്റ ദൈവമക്കള്‍ കര്‍ത്താവിന്റെ തിരുസഭയുടെ അംഗങ്ങളാണ്. ഒരു സഭയേ ഉള്ളൂ.

ഈ സഭയുടെ മുമ്പില്‍ മറ്റെല്ലാം വെറും കടലാസു സംഘങ്ങള്‍ മാത്രം. ഈ സംഘങ്ങളില്‍ ഈയുള്ളവന് വിശ്വാസമില്ല. ഗുണ്ടയെന്ന് നാട്ടുകാര്‍ വിളിച്ച ‘ജോജു ജോര്‍ജെന്ന’ പേര് സ്വയം ആര്‍ജിച്ചത് ആ പേരിന് അര്‍ഹയുള്ളതു കൊണ്ടാണോ ആവോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!