ശാരോൻകാർ ഐപിസി പാസ്റ്ററെ ‘മുടക്കി’

ശാരോൻകാർ ഐപിസി പാസ്റ്ററെ ‘മുടക്കി’


വര്‍ഗീസ് ചാക്കോ
johnygilead@gmail.com

കുന്നന്താനം ശാരോൻ സഭയിൽ വച്ച് കഴിഞ്ഞ ദിവസം തിരുവല്ല സെക്ഷന്റെ ‘പ്രവർത്തന സമർപ്പണവും വചന ശുശ്രൂഷയും’ എന്ന പേരിൽ ഒരു മീറ്റിങ് നടക്കുകയുണ്ടായി. പുതുതായി തിരുവല്ല സെക്ഷന്റെ ചുമതലയേറ്റ പാസ്റ്റർ ടൈറ്റസ് ജോൺസനാണ് പ്രസ്തുത മീറ്റിങ് വിളിച്ചുകൂട്ടിയത്. പുതുതായി തനിക്ക് ലഭിച്ച ഉത്തരവാദിത്തം ഏതൊക്കെ നിലകളിൽ പ്രയോജനകരമായി നിറവേറ്റാം എന്നതുൾപ്പടെയുള്ള കാര്യങ്ങൾ സെക്ഷനിലെ ഇതര ശുശ്രൂഷകരുമായി കൂടിയാലോചിക്കാനും മറ്റുമാണ് മീറ്റിങ് വിളിച്ചത്.

ഒപ്പം ശുശ്രൂഷകരുടെ ഭാര്യമാരും ലോക്കൽ സഭകളിലെ പ്രതിപുരുഷന്മാരും മീറ്റിങ്ങിന് ക്ഷണിക്കപ്പെട്ടിരുന്നു. നമുക്കിടയിലെ ഏതൊരു പ്രത്യേക യോഗത്തിലും അതിഥി പ്രസംഗകർ ഉണ്ടാകുന്നതുപോലെ അന്നേദിവസവും ദൈവവചന ശുശ്രൂഷ നിർവ്വഹിക്കാൻ പാസ്റ്റർ വി. പി. ഫിലിപ്പിനെ അതിഥി പ്രസംഗകനായും ക്ഷണിച്ചിരുന്നു.

എന്നാൽ തികച്ചും ദൗർഭാഗ്യകരമെന്നുപറയട്ടെ, പാസ്റ്റർ വി.പി. ഫിലിപ്പിനെ ക്ഷണിച്ച ഞങ്ങളുടെ പാസ്റ്റർക്ക് അദ്ദേഹത്തെ തിരിച്ചു വിളിച്ച് വചന ശുശ്രൂഷ ക്യാൻസലാക്കേണ്ട സാഹചര്യം ഉണ്ടായി.

കുന്നന്താനം ശാരോൻ സഭയിൽ വച്ചു നടക്കുന്ന മീറ്റിങ്ങിനെപ്പറ്റിയുള്ള ഒരു നോട്ടിസ് പാസ്റ്റർ ടൈറ്റസ് ചില ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു. ഏതോ ഒരു ഗ്രൂപ്പിൽ മറ്റൊരു പാസ്റ്റർ ആ പോസ്റ്റിനെതിരെ ഒരു പ്രതികരണം നടത്തിയിരുന്നു. അതായത്, ഇത്തരം മീറ്റിങ്ങുകളിൽ ക്ഷണിക്കാൻ ശാരോൻ സഭയിലെ പാസ്റ്റർമാർക്ക് യോഗ്യതയില്ലേ? എന്നതായിരുന്നു വിയോജനക്കുറിപ്പിലെ ഉള്ളടക്കം.

അത് ഒരു പക്ഷേ, വലിയ കാര്യമാക്കേണ്ട പ്രതികരണമല്ലായിരിക്കാം എന്നു പ്രത്യക്ഷത്തിൽ നമുക്ക് തോന്നാം. എന്നാൽ അതിഥി പ്രസംഗകനെ തിരിച്ചുവിളിച്ച് പ്രസംഗം ക്യാൻസൽ ചെയ്യേണ്ട സാഹചര്യത്തിൽ കാര്യങ്ങൾ എത്തിച്ചേർന്നു എന്നത് പരിഗണിക്കുമ്പോഴാണ് ഈ വിഷയം വിമർശന വിധേയമാക്കേണ്ടി വരുന്നത്?

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ പ്രസ്തുത പ്രതികരണം നേതൃതലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടോ എന്നൊന്നും അറിയില്ല. എന്നാൽ, പാസ്റ്റർ ടൈറ്റസ് അവർകളുടെ പിതാവും ശാരോൻ സഭയുടെ ജനറൽ സെക്രെട്ടറിയുമായ പാസ്റ്റർ ജോൺസൻ കെ സാമുവേൽ പാസ്റ്റർ ടൈറ്റസിനെ വിളിച്ച് അതിഥി പ്രസംഗകനെ ഒഴിവാക്കാൻ നിർദ്ദേശിക്കേണ്ട സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേർന്നു എന്നതാണു വസ്തുത. കാര്യങ്ങൾ ഇത്രത്തോളം ആയെങ്കിൽ അതിനു പിന്നിൽ സമ്മർദ്ദം ഉണ്ടായി എന്നു തന്നെയല്ലേ ന്യായമായും ഊഹിക്കേണ്ടത്?

അങ്ങനെയെങ്കിൽ അത് എന്തുകൊണ്ട് സംഭവിച്ചു എന്നും അത്തരത്തിൽ ഒരു വേർതിരിവ് സമാന സ്വഭാവമുള്ള പെന്തെക്കോസ്ത് സംഘടനകൾക്കിടയിൽ ബോധപൂർവ്വം ഉണ്ടാക്കേണ്ടിയിരുന്നോ എന്നൊക്കെ വിലയിരുത്തപ്പെടണം? ഇന്നത്തെ കാലത്ത് ഇത്രയും സങ്കുചിത ചിന്താഗതി വച്ചു പുലർത്തുന്നവർ ആരാണെങ്കിലും അത് ഒട്ടും നല്ലതല്ല എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഐ. പി.സി സഭയിൽ നിന്ന് ക്ഷണിക്കപ്പെട്ട ഒരു ശുശ്രൂഷകനെ വേർതിരിവിന്റെ പേരിൽ തിരിച്ചു വിളിച്ചു പ്രസംഗം ക്യാൻസൽ ചെയ്യേണ്ടി വന്ന സംഭവത്തിൽ ഞാൻ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഇത് നിലവിലെ എന്റെ ലോക്കൽ സഭാ പാസ്റ്ററെ സംബന്ധിക്കുന്നതായതുകൊണ്ടും ഞാൻ അംഗമായിരിക്കുന്ന സഭയിൽ വിളിച്ചു കൂട്ടിയ സമ്മേളനം കൂടിയായതുകൊണ്ടുമാണ് ഞാൻ പ്രതികരിക്കുന്നത്.

ഓരോ ലോക്കൽ സഭയ്ക്കും അവയുടെ ആത്മീയ ഉന്നതി ലക്ഷ്യമാക്കി വ്യത്യസ്തങ്ങളായ മീറ്റിങ്ങുകൾ സംഘടിപ്പിക്കുവാനും അതിഥി പ്രസംഗകരെ ക്ഷണിക്കുവാനും സ്വാതന്ത്ര്യമില്ല എന്നുണ്ടോ?

ശാരോൻ സഭയുടെ ജനറൽ കൺവൻഷനിൽ എല്ലാവർഷവും അതിഥി പ്രസംഗകരായെത്തുന്നവരിൽ ആരും ശാരോൻകാരല്ലല്ലോ! നമ്മുടെ ലോക്കൽ, സെക്ഷൻ, സെന്റർ, റീജിയൻ തലങ്ങളിൽ നടക്കുന്ന കൺവൻഷനുകളിലും നല്ലൊരു ശതമാനവും അതിഥി പ്രസംഗകരായെത്തുന്നത് ഇതര സംഘടനകളിലെ പ്രസംഗകർ ആണെന്നിരിക്കെ, ഈ വിഷയത്തിൽ സംഭവിച്ചത് എന്താണ്? ഈ തരം താണ കളിയുടെ പിന്നിൽ ആരാണ്? ആരായാലും സഭ അവരെ താക്കീത് ചെയ്യണം! സഭകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം ചെയ്തികൾ ഒരു നേതാവിനും നല്ലതല്ല.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കേരളത്തിൽ ആയിരിക്കുമ്പോൾ കുന്നന്താനം ശാരോൻ സഭയിലാണ് കൂടിവരുന്നത്. അപ്പോൾതന്നെ കഴിഞ്ഞ നാൽപതോളം വർഷങ്ങളായി
ഷാർജയിലും മറ്റ് ഇടങ്ങളിലും ഐ. പി.സി സഭയിലെ സജീവ അംഗവുമാണ്. കഴിഞ്ഞ ഒൻപതു വർഷങ്ങളായി വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് ഐ. പി.സി ജനറൽ കൗൺസിൽ അംഗമായും നിലകൊള്ളുന്നു. ഉപദേശപരമായി ഒരേ പാതയിൽ സഞ്ചരിക്കുന്ന എല്ലാ പെന്തെക്കോസ്തു സഭകളെയും ഞാൻ സഹോദരസഭകളായിട്ടാണ് കാണുന്നത്. അതിനു കടക വിരുദ്ധമായി ഇത്തരം വേർതിരിവുകൾ സൃഷ്‌ടിക്കുന്നത് സഭയുടെ അന്തസിന് ഒട്ടും ഭൂഷണമല്ല. ശാരോനിൽ ഒരു ലോക്കൽ സഭാംഗം മാത്രമായ എന്നെ ഐ. പി. സി സഭയ്ക്ക് അവരുടെ പരമോന്നത കൗൺസിൽ ആയ ജനറൽ കൗൺസിൽ അംഗമായി പരിഗണിക്കാൻ അവർക്ക് അലർജി തോന്നിയില്ലല്ലോ. അതേസമയം, ഐ. പി.സി സഭയിലെ ഒരു പ്രസംഗകനെ നമ്മുടെ ലോക്കൽ സഭയിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് വലിയ കാര്യമായിപ്പോയോ എന്നു ഞാൻ ചോദിക്കുകയാണ്. ഇത്തരം വികൃത മനസ്സുള്ള അഭിനവ വിശുദ്ധന്മാർ അബദ്ധവശാൽ സ്വർഗ്ഗത്തിൽ പോയാൽ ഇവർ അവിടെയും ഐ. പി.സി ശാരോൻ വേർതിരിവ് കാണുമോ? അതോ ഇനി ഇവരെ ഉദ്ദേശിച്ചകുമോ, അനേകം വാസസ്ഥലങ്ങൾ ഉണ്ട് എന്ന് കർത്താവ് പറഞ്ഞത്? ആർക്കറിയാം!

പാസ്റ്റർ ടൈറ്റസ് ജോൺസനെ, സഭാ കൗൺസിൽ പത്തോളം പാസ്റ്റർമാരും സഭകളും ഉൾപ്പെടുന്ന ഒരു സെക്ഷന്റെ ചുമതല എൽപ്പിച്ചെങ്കിൽ അതു നന്നായി മുന്നോട്ടു കൊണ്ടു പോകുവാനും അതിനു ആത്മീയ നേതൃത്വം കൊടുക്കുവാനും തക്കവണ്ണം അദ്ദേഹത്തിന് സ്വാതന്ത്ര്യവും അധികാരവും കൂടി നല്കേണ്ടതല്ലേ?

പാസ്റ്റർ വി.പി. ഫിലിപ്പ് ഒരു ദുരൂപദേശകനോ പേരുദോഷം വരുത്തിയിട്ടുള്ള ആളോ അല്ല എന്നു മാത്രമല്ല, ഒരു പ്രമുഖ സഭയുടെ പാസ്റ്ററായിട്ടും സേവനമനുഷ്‌ടിക്കുന്ന അറിയപ്പെടുന്ന ശുശ്രൂഷകനല്ലേ? അദ്ദേഹത്തെ വചന ശുശ്രൂഷയ്ക്ക് ക്ഷണിച്ചതിൽ എന്ത് അപാകതയാണുള്ളത്?

നേതാക്കളെ മാത്രമേ പ്രസംഗിക്കാൻ വിളിക്കാവൂ എന്നൊരു ചട്ടക്കൂട് നാളിതുവരെ ഉള്ളതായിട്ടും അറിവില്ല. ഇനി അങ്ങനെ വന്നാൽ ഒരു ലോക്കൽ സഭയ്ക്ക് അതിന്റെ ആത്മീയ വളർച്ച മുന്നിൽ കണ്ട് ഒരു പ്രസംഗകനെയോ ശുശ്രൂഷകനെയോ ക്ഷണിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവില്ലേ?

പാസ്റ്റർ ടൈറ്റസിന്റെ കാര്യം തന്നെയെടുക്കാം. നാട്ടിൽ വിവിധ സംഘടനകളുമായി ചേർന്ന് സഭാ ശുശ്രൂഷ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെടുകയും മറ്റു സഭക്കാർ അദ്ദേഹത്തെ ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ദുബായിൽ ആറു വർഷത്തോളം ശാരോൻ സഭയുടെ പാസ്റ്ററായി അദ്ദേഹം സേവനം ചെയ്തു. രണ്ടു ടേം കഴിഞ്ഞ് നാട്ടിലേക്ക് വരാൻ തുടങ്ങുമ്പോൾ ഐ. പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ്‌ അദ്ദേഹത്തെ അവിടെയുള്ള ബൈബിൾ സ്കൂളിന്റെ ചുമതല ഏൽപ്പിച്ചു. ശാരോൻ സഭാ കൗൺസിലിന്റെ അനുമതിയോടുകൂടി ചില വർഷങ്ങൾ പാസ്റ്റർ ടൈറ്റസ് അവരോടൊപ്പം പ്രവർത്തിച്ചു. അതിനു ശേഷം സഭാ കൗൺസിലിന്റെ
അറിവോടും അനുവാദത്തോടും കൂടെ ചില നാളുകൾ ബിഹാറിൽ ഇന്ത്യാ മിഷനോടൊപ്പം സഹകരിച്ചു പ്രവർത്തിച്ചു. ഇത്തരത്തിൽ മറ്റുള്ളവരെ ഉൾക്കൊണ്ടും അവരാൽ അംഗീകരിക്കപ്പെട്ടും പ്രവർത്തിച്ചു പോരുന്ന പാസ്റ്റർ ടൈറ്റസ് ഒരു പ്രസംഗത്തിനു വേണ്ടി ഒരു ശുശ്രൂഷകനെ മറ്റൊരു സംഘടനയിൽ നിന്നും ക്ഷണിച്ചത് എങ്ങനെ ഒരു തെറ്റായി കാണും? മറിച്ച് ചിന്തിച്ചാൽ പോലും അദ്ദേഹത്തിന് മറ്റു വിഭാഗങ്ങൾ നൽകിയ ആദരവ് അദ്ദേഹം തിരിച്ചും നൽകിയെന്ന് കരുതിയാൽ പോരേ? ഇതിൽ എവിടെയാണ് നിയമ ലംഘനമുള്ളത്? ഈ മാതൃകാപരമായ പ്രവർത്തനത്തെ സഭയുടെ പ്രോട്ടോക്കോൾ ലംഘനമായി കാണാനാകുമോ?

ഒരു പ്രസംഗകനെ ഔദ്യോഗികമായി ക്ഷണിച്ച ശേഷം ന്യായമായ കാരണം കൂടാതെ അവസാന മണിക്കൂറിൽ അദ്ദേഹത്തെ തിരിച്ചു വിളിച്ചു പ്രസംഗം ക്യാൻസൽ ചെയ്യേണ്ടി വന്നത്
അദ്ദേഹത്തെ അപമാനിച്ചതിന് തുല്യമായില്ലേ? അതുപോലെ സെക്ഷന്റെ ചുമതലയുള്ള ഒരു പാസ്റ്റർ അദ്ദേഹത്തിന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് ചെയ്തിട്ടുള്ള വിഷയത്തിൽ
കൈകടത്തൽ നടത്തിയതും അങ്ങേയറ്റം അപലപനീയമാണ്.

എന്റെ ലോക്കൽ സഭയിൽ പ്രസംഗത്തിനായി വരുന്ന പാസ്റ്റർ വി.പി. ഫിലിപ്പിനെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനുമായി പ്ലാൻ ചെയ്തിരുന്ന എനിക്ക് പെട്ടെന്ന് പ്രസ്തുത വാർത്ത അറിഞ്ഞപ്പോൾ വളരെ പ്രയാസം തോന്നി. ഐ. പി.സി സഭയിലും ഒരു സജീവ
അംഗമായി നിൽക്കൊള്ളുന്ന ഞാൻ ഇത്രയുമെങ്കിലും പറയേണ്ടത് ആവശ്യമെന്നു തോന്നിയതിനാലാണ് പ്രതികരിച്ചത്! ഇനിയും ഇത്തരം കാര്യങ്ങൾ നമുക്കിടയിൽ ഉണ്ടാകാതിരിക്കട്ടെ എന്നു മാത്രം ആശിച്ചുകൊണ്ട് നിറുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!