മന്ത്രിമാര്‍ക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും പിണറായിയെ പേടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ്.

മന്ത്രിമാര്‍ക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും പിണറായിയെ പേടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ്.

🔳മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആഞ്ഞടിച്ച് ചെറിയാന്‍ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെയാണ് ചെറിയാന്റെ ഫിലിപ്പിന്റെ ആരോപണങ്ങള്‍. സിഎം രവീന്ദ്രന്‍ സൂപ്പര്‍ സിഎം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. മന്ത്രിമാര്‍ക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും പിണറായിയെ പേടിയാണെന്നും പല കാര്യങ്ങളും മുഖ്യമന്ത്രിയോട് നേരിട്ട് പറയാന്‍ മടിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കോക്കസിന്റെ പിടിയിലാണ് പിണറായി വിജയനെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

🔳ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്ന് ഏകനായി മടങ്ങിയെന്ന് സി.പി.എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ചെറിയാന്‍ ഫിലിപ് സിപിഎം അംഗമല്ലെന്നും അദ്ദേഹം സംഘടനാ ചുമതലയൊന്നും നിര്‍വഹിക്കുന്നില്ലെന്നും പാര്‍ട്ടിയുടെ സഹയാത്രികന്‍ മാത്രമായിരുന്നു എന്നും വിജയരാഘവന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും അഡി. പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള ചെറിയാന്‍ഫിലിപ്പിന്റെ ആരോപണത്തില്‍ മറുപടി പറയാനില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

🔵ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം ഒരു മണിയോടെ മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്റാള്‍, എ.ബി. വാജ്പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സെന്റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാന്‍ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തില്‍ മാത്രമല്ല,അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രധാന്യമുണ്ട്.

🔳ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയെ 2024-ല്‍ പ്രധാനമന്ത്രിയായി കാണണമെങ്കില്‍ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി വിജയിപ്പിക്കണമെന്ന് അമിത് ഷാ. ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ മാഫിയ വിമുക്ത സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.

🔳യുദ്ധ വിമാനത്തില്‍ നിന്ന് ദീര്‍ഘദൂര ശേഷിയുള്ള ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയുടെ തീരത്തെ ആകാശത്തുനിന്നാണ് ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരുന്ന ബോംബ് വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യയുടെ തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തില്‍ നിര്‍ണായകമാകുന്ന വിജയമാണ് ഇതെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 14,169 കോവിഡ് രോഗികളില്‍ 7,722 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 550 മരണങ്ങളില്‍ 471 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 276 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,55,327 സജീവരോഗികളില്‍ 78,802 രോഗികളും കേരളത്തിലാണുള്ളത്.

🔳ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം വൈകുന്നേരം വരെ ഡാമില്‍ എത്തിയില്ലെന്നും, വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.

🔳ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്നലെ ജയിലിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയതാണ് കാരണം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം അടക്കമായിരുന്നു ഉപാധികള്‍. കര്‍ശന കോടതി നിബന്ധനകള്‍ കണക്കിലെടുത്ത് ജാമ്യം നില്‍ക്കാന്‍ ഏറ്റവര്‍ പിന്‍മാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാന്‍ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. സെഷന്‍സ് കോടതിയിലെ നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കാനാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. ഇന്ന് ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് കുടുംബാംഗങ്ങളുടെ കണക്കുകൂട്ടല്‍.

🔳പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസല്‍ ജയില്‍ മോചിതനായി. സര്‍ക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്നും സിപിഎമ്മിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്നും താഹ പ്രതികരിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സുപ്രീംകോടതി ഇന്നലെയാണ് താഹയ്ക്ക് ജാമ്യം അനുവദിച്ചത്.

🔳സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവില്‍ സീറ്റുകള്‍ കുറവുള്ളിടങ്ങളില്‍ 10 ശതമാനം ആയി ഉയര്‍ത്തി. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.

🔳മോന്‍സണ്‍ കേസിലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മോന്‍സണിന്റെ വീട്ടില്‍ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസ്സിലായില്ലേ എന്ന് ചോദിച്ച കോടതി ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും നിരീക്ഷിച്ചു. മോന്‍സണ്‍ കേസില്‍ പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ മതേതരത്വനിലപാട് പൊള്ളയാണെന്ന് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ എല്ലാവര്‍ക്കും ബോധ്യമായെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് മാത്രം പക്ഷപാതിത്വം കാണിച്ച സര്‍ക്കാര്‍ തെറ്റുതിരുത്താന്‍ തയ്യാറാവണമെന്നും രണ്ട് ന്യൂനപക്ഷവിഭാഗങ്ങളെയും തുല്ല്യമായി കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

🔳ബിജെപിയുടെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം ഓഫീസ് പൊലീസ് പൊളിച്ച് നീക്കി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊലീസ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ഇന്നലെ രാത്രിയോടെയാണ് റോഡരുകിലുള്ള ഓഫീസ് പൊളിച്ച് നീക്കാനായി പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് പൊലീസും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ കൂടതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

🔳കന്നഡ നടന്‍ പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ഇന്ത്യന്‍ സിനിമാ ലോകം. വീട്ടില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. തങ്ങള്‍ സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പുനീതിന്റെ മരണം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. സിനിമാ- കായിക- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പുനീതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

🔳ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജയില്‍മോചനം ഇന്ന് മാത്രം. ജാമ്യത്തിന്റെ പകര്‍പ്പ് കൃത്യ സമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല. കോടതി നടപടികള്‍ നാലുമണിയോടെ പൂര്‍ത്തിയായെങ്കിലും ജാമ്യത്തിന്റെ പകര്‍പ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലില്‍ എത്തിക്കണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍മോചനം ഒരു ദിവസം വൈകിയത്. ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു. ഇന്ന് രാവിലെ ആര്യന് ജയിലിന് പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.

🔳രണ്ടാം ക്ലാസുകാരനെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.

🔳വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ മണ്ടികളില്‍ കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാക്കപ്പെടുമെന്ന് ബിജെപി എം പി വരുണ്‍ ഗാന്ധി. ഇതുവരെയും ഇത്തരത്തിലുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് ഒരു ഉറപ്പും ലഭ്യമല്ല. കര്‍ഷകര്‍ മണ്ടികളില്‍ വച്ച് ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.

🔳ട്വന്റി 20 ലോകകപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ വിന്‍ഡീസിന് ജയം. ബംഗ്ലാദേശിനെതിരേ ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന മത്സരത്തില്‍ മൂന്നു റണ്‍സിനായിരുന്നു വിന്‍ഡീസ് നിരയുടെ ജയം. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി. വിന്‍ഡീസ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🔳ടി20 ലോകകപ്പില്‍ അയല്‍ക്കാരുടെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കി സെമി ബെര്‍ത്തുറപ്പിച്ച് പാക്കിസ്ഥാന്‍. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 24 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കരീം ജന്നത്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു സിക്സറടിച്ച് അഫ്ഗാന്റെ അട്ടിമറി മോഹങ്ങള്‍ ആസിഫ് അലി അടിച്ചുപറത്തി. അവസാന ഓവറുകളില്‍ ബാബര്‍ അസമിനെയും ഷൊയൈബ് മാലിക്കിനെയും നഷ്ടമായി സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാനെ ഏഴ് പന്തില്‍ പുറത്താകാതെ 25 റണ്‍സടിച്ച ആസിഫ് അലിയാണ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

🔳കേരളത്തില്‍ ഇന്നലെ 71,681 സാമ്പിളുകളാണ് പരിശോധിച്ചതില്‍ 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 86 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 276 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,156 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6648 പേര്‍ രോഗമുക്തി നേടി. ഇതോടെ 78,722 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 50.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178.

🔳രാജ്യത്ത് ഇന്നലെ 14,169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,458 പേര്‍ രോഗമുക്തി നേടി. മരണം 550. ഇതോടെ ആകെ മരണം 4,57,773 ആയി. ഇതുവരെ 3,42,59,719 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.55 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,338 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,039 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,47,227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 64,786 പേര്‍ക്കും ഇംഗ്ലണ്ടില്‍ 43,467 പേര്‍ക്കും റഷ്യയില്‍ 39,849 പേര്‍ക്കും തുര്‍ക്കിയില്‍ 24,409 പേര്‍ക്കും ജര്‍മനിയില്‍ 23,758 പേര്‍ക്കും ഉക്രെയിനില്‍ 26,870 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.67 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.82 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ മരണം അരക്കോടി കവിഞ്ഞു. 7,269 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,404 പേരും റഷ്യയില്‍ 1,163 പേരും ബ്രസീലില്‍ 337 പേരും മെക്സിക്കോയില്‍ 357 പേരും ഉക്രെയിനില്‍ 648 പേരും റൊമാനിയായില്‍ 480 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.03 ലക്ഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!