ആനയുമായി ഏറ്റുമുട്ടിയ കടുവ ‘അത്യാസന്നനിലയില്‍’

ആനയുമായി ഏറ്റുമുട്ടിയ കടുവ ‘അത്യാസന്നനിലയില്‍’

ആനയുമായി ഏറ്റുമുട്ടിയ കടുവ ‘അത്യാസന്നനിലയില്‍’ ആശുപത്രിയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില വഷളായിത്തന്നെ തുടരുകയാണ്. മൈസൂറിലെ മൃഗശാലാ പുനരധിവാസ കേന്ദ്രത്തിലാണ് കടുവ ഇപ്പോള്‍ ഉള്ളത്.

ഗൂഡല്ലൂര്‍-മൈസൂര്‍ വനപാതയിലെ മസനഗുഡിയില്‍ നിന്നാണ് കടുവയെ പിടികൂടിയത്. കൊമ്പനാനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കടുവയുടെ അടിവയറ്റില്‍ മാരകമായി മുറിവേറ്റിരുന്നു. കന്നുകാലികളെ ആക്രമിക്കുന്നതിനിടയില്‍ കടുവയുടെ കരളിനും പരുക്കേറ്റിരുന്നു.
ശസ്ത്രക്രിയ നടത്തിയെങ്കിലും കടുവ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് പുനരധിവാസകേന്ദ്രം അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് തമിഴ്‌നാട് വനംവകുപ്പ് കടുവയെ പിടികൂടിയത്. കടുവയ്ക്ക് ഏഴ് വയസ്സുണ്ടെന്നാണ് നിഗമനം.

കോയമ്പത്തൂര്‍-ഊട്ടി-ഗൂഡല്ലൂര്‍-മൈസൂര്‍ റൂട്ടിലാണ് മസനഗുഡി. വനത്തിനകത്തുകൂടിയുള്ള ഹൈവേയാണിത്. ഗൂഡല്ലൂര്‍ മുതല്‍ ഗുണ്ടല്‍പെട്ട് വരെയുള്ള പ്രദേശം മുഴുവന്‍ കടുവ സംരക്ഷണ കേന്ദ്രമാണ്. ഈ ഹൈവേ വഴിയുള്ള രാത്രികാല യാത്ര കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഈ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന വയനാട് ജില്ലയിലെ മുത്തങ്ങയും കടുവ സംരക്ഷണ മേഖലയില്‍ പെടുന്നു. ഈ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന സത്യമംഗലം വനത്തിലാണ് പണ്ട് വീരപ്പന്‍ വിഹരിച്ചിരുന്നത്.

ഈ കാനനയാത്രയില്‍ വന്യമൃഗങ്ങളെ വാഹനത്തിനകത്തിരുന്ന് കണ്‍കുളിര്‍ക്കെ കാണാം. അതുകൊണ്ട് വന്യജീവികളെയും വനഭംഗിയും ആസ്വദിക്കാനെത്തുന്നവരുടെ പറുദീസയാണിവിടം.
ഗൂഡല്ലൂരില്‍ നിന്നും രാവിലെ 6 മണിക്ക് ചെക്ക്‌പോസ്റ്റ് തുറന്ന് അകത്തു കയറി മൈസൂറിലേക്ക് യാത്ര തുടങ്ങുമ്പോള്‍ തന്നെ റോഡരികില്‍ മൃഗങ്ങളെ കാണാനാകും.

പീലിവിടര്‍ത്തി നില്‍ക്കുന്ന മയില്‍ക്കൂട്ടങ്ങളെ കണ്ടാലും കണ്ടാലും മതിവരില്ല. ആനക്കൂട്ടങ്ങള്‍, വിവിധതരം മാനുകളുടെ കൂട്ടങ്ങള്‍, പന്നിക്കൂട്ടങ്ങള്‍, കാട്ടുപോത്ത് (ഗോര്‍-ആഫ്രിക്കന്‍ ബഫല്ലോ പോലെയുള്ളതല്ല), ഭാഗ്യമുണ്ടെങ്കില്‍ പുലി, കടുവ എന്നിവയും റോഡരികില്‍ കാണാം. രാത്രികാലങ്ങളിലാണ് ഇവ സഞ്ചാരത്തിനിറങ്ങുന്നത്. സഞ്ചാരികള്‍ക്ക് രാത്രിയാത്ര നിരോധിച്ചിരിക്കുന്നതു കൊണ്ട് അതിരാവിലെ പോയാല്‍ ഇവയെ കാണാനാകും. നേരം വളരെ പുലര്‍ന്നു കഴിഞ്ഞാല്‍ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. മസനഗുഡിയില്‍ നിന്ന് ട്രക്കിംഗും ഉണ്ട്.

‘ഗോര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടുപോത്തിനെ കാണാന്‍ ഏഴഴകാണ്. ഉയര്‍ന്നു നില്‍ക്കുന്ന മുതുക്, കൊമ്പുകള്‍ക്കും കാലിന്റെ മുട്ടിനു താഴെയും ചന്ദനത്തിന്റെ നിറം. വാലിന്റെ രോമഭാഗങ്ങള്‍ക്കും ചന്ദനനിറമാണ്. അസാമാന്യ വലിപ്പവും ഇവയുടെ ആകര്‍ഷണമാണ്.

ഗുണ്ടല്‍പ്പെട്ട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലും ഈ കാഴ്ച കാണാം. എങ്കിലും കൂടുതല്‍ വന്യജീവികളെ അടുത്തു കാണാന്‍ പറ്റുന്നത് ഗുണ്ടല്‍പ്പെട്ട്-ഗൂഡല്ലൂര്‍ റൂട്ടില്‍ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!