മോന്‍സന്‍ മാവുങ്കല്‍  കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയില്‍

മോന്‍സന്‍ മാവുങ്കല്‍  കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയില്‍

◼️മോന്‍സന്‍ മാവുങ്കല്‍  കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയില്‍. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണ്. പൊലീസിന്റെ ശരിയായ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അനിത പറഞ്ഞു. മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ട്. ഫോണ്‍ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ  പര്യാപ്തമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും  താന്‍ തയ്യാറാണെന്നും അനിത വ്യക്തമാക്കി.

◼️കല്‍ക്കരി ക്ഷാമം വൈദ്യുതോല്‍പ്പാദനത്തിന് വന്‍ പ്രതിസന്ധിയായിരിക്കെ നിര്‍ണായക തീരുമാനമെടുത്ത് കോള്‍ ഇന്ത്യ. ഇനി സാധാരണ പോലെ എല്ലാവര്‍ക്കും കല്‍ക്കരി കൊടുക്കേണ്ടെന്നാണ് തീരുമാനം. അതായത് ഊര്‍ജ്ജ പ്രതിസന്ധി തീരുന്നത് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും കല്‍ക്കരി നല്‍കുകയെന്നാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ നിലപാട്.

◼️ഇന്ത്യയുടെ വ്യാപാര കമ്മി 22.6 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും ഇറക്കുമതി വര്‍ധിച്ചതാണ് ഇത്തരത്തില്‍ വ്യാപാര കമ്മി ഉയരാന്‍ കാരണമായത്. എന്നാല്‍ ഇത് രാജ്യത്തിന് വലിയ തലവേദനയാവില്ലെന്നാണ് വിലയിരുത്തല്‍. സേവന മേഖലയിലെ ട്രേഡ് സര്‍പ്ലസും വിദേശ നിക്ഷപത്തിന്റെ ഓഹരി വിപണിയിലേക്കുള്ള വരവിലെ വര്‍ധനയും ഇപ്പോഴത്തെ നിലയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

◼️മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ദിരാഗാന്ധി വര്‍ഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്,
യുദ്ധസമയത്തും അവര്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 1971ല്‍ പാകിസ്താനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

◼️ലഖിംപുര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി വേണമെന്നാവശ്യപ്പെടുകയും കര്‍ഷക സമരത്തെ പിന്തുണക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വരുണ്‍ ഗാന്ധി പുതിയ നീക്കവുമായി രംഗത്ത്. കര്‍ഷകരെ ഭീഷണിപ്പെടുത്തിയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി സംസാരിക്കുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പഴയ വീഡിയോ വരുണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. വലിയ മനസ്സുള്ള ഒരു നേതാവിന്റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വരുണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

◼️സവര്‍ക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ക്ക് സത്യമെന്ന് തോന്നിക്കാവുന്ന തരത്തില്‍ വിവരണാത്മക രീതിയില്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വര്‍ഷങ്ങള്‍ക്കപ്പുറം ഈ അസത്യം വിശ്വാസ്യ യോഗ്യമായി പ്രചരിക്കപ്പെടണം എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സത്യമാണെന്ന് തോന്നിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. അത് വിശ്വസിപ്പിക്കുന്നതിനുള്ള രേഖകള്‍ വ്യാജമായി നിര്‍മ്മിക്കും. ഇതാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

◼️രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 16,988 കോവിഡ് രോഗികളില്‍ 54.42 ശതമാനമായ 9,246 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 378 മരണങ്ങളില്‍ 25.39 ശതമാനമായ 96 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1,97,239 സജീവരോഗികളില്‍ 48.61 ശതമാനമായ 95,892 രോഗികളും കേരളത്തിലാണുള്ളത്.

◼️പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുത് എന്ന നിയമസഭയിലെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു മന്ത്രിക്കെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നത്. നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നിയമസഭാ കക്ഷി യോഗത്തില്‍ പാര്‍ട്ടി എംഎല്‍എമാര്‍ മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞത്.

◼️സിബിഎസ്ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്ഇ ബോര്‍ഡ് പുറത്തിറക്കി. 10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകള്‍ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബര്‍ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക.

◼️ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വിധി 20-ന്. മുംബൈയിലെ എന്‍.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹര്‍ജി വിധി പറയാനായി ഒക്ടോബര്‍ 20-ലേക്ക് മാറ്റിയത്. ഇതോടെ ആറുദിവസം കൂടി ആര്യന്‍ ജയിലില്‍ തുടരും.

ബിജെപിയിലെത്തിയതിന് ശേഷം തനിക്ക് നന്നായി കിടന്നുറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും അന്വേഷണമൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ഷവര്‍ദ്ധന്‍ പാട്ടീല്‍.  പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്നതിനായി സിബിഐ, ഇ.ഡി. എന്‍സിബി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍.

◼️ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ തിരഞ്ഞെടുപ്പിന്റെ ചുമതലയുളളയാളാണ് പി ചിദംബരം.

◼️പഞ്ചാബ്  പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരും. സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു. സിദ്ദുവിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നും  പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു.

◼️കേരളത്തില്‍ ഇന്നലെ 88,733 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,667 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8808 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 347 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,952 പേര്‍ രോഗമുക്തി നേടി. ഇതോടെ 95,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 44.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

◼️കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178.

◼️രാജ്യത്ത് ഇന്നലെ 16,988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 19,370 പേര്‍ രോഗമുക്തി നേടി. മരണം 378. ഇതോടെ ആകെ മരണം 4,51,847 ആയി. ഇതുവരെ 3,40,36,684 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.97 ലക്ഷം കോവിഡ് രോഗികള്‍.

മഹാരാഷ്ട്രയില്‍ ഇന്നലെ 2,384 പേര്‍ക്കും തമിഴ്നാട്ടില്‍ 1,259 പേര്‍ക്കും മിസോറാമില്‍ 1028 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

◼️ആഗോളതലത്തില്‍ ഇന്നലെ 4,13,148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 73,043 പേര്‍ക്കും ഇംഗ്ലണ്ടില്‍ 45,066 പേര്‍ക്കും റഷ്യയില്‍ 31,299 പേര്‍ക്കും തുര്‍ക്കിയില്‍ 30,709 പേര്‍ക്കും ഉക്രെയിനില്‍ 18,881 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.78 കോടി കോവിഡ് രോഗികള്‍.

◼️ആഗോളതലത്തില്‍ 6,858 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,387 പേരും റഷ്യയില്‍ 986 പേരും ഉക്രെയിനില്‍ 412 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.95 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!