ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. സഭാഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാകും പ്രധാനമായും പരിശോധിക്കുക. ഇതിന് പുറമേ തണ്ടപ്പേര് തിരുത്തിയെന്നുള്ള ആരോപണവും അന്വേഷിക്കും. ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല . ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ സംബന്ധിച്ചും സംഘം അന്വേഷിക്കും.എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമായിരുന്നു കേസ്.

നേരത്തെ, ഭൂമിയിടപാട് പരാതിയില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ മാര്‍ ആലഞ്ചേരി അടക്കം മൂന്നു പേര്‍ സമര്‍പ്പിച്ച ഹരജി സെഷന്‍സ് കോടതി തള്ളിയിരുന്നു. ആലഞ്ചേരിയെ കൂടാതെ എറണാകുളം -അങ്കമാലി അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.

ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും മൊത്തത്തിലുള്ള തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ആണ് ആലഞ്ചേരി അടക്കമുള്ളവര്‍ കോടതിയില്‍ വാദിച്ചത്. സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഇന്‍കംടാക്സിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നു എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ഇടപാടില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നരക്കോടി രൂപ പിഴ ഇനത്തില്‍ അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മുന്‍ പ്രൊക്യുറേറ്റര്‍ ജോഷി പുതുവ നിര്‍ണായക മൊഴിയും നല്‍കി. ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണെന്നും രജിസ്ട്രേഷന്‍ പേപ്പറുകള്‍ തയ്യാറാക്കി കര്‍ദിനാളിന് കൈമാറിയത് സാജുവാണെന്നും ജോഷി മൊഴി നല്‍കി. കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ചിലരുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജോഷിയുടെ മൊഴിയില്‍ പറയുന്നു.

യഥാര്‍ഥ വിലയെക്കാള്‍ കുറച്ചുകാണിച്ചാണ് ഇടപാട് നടന്നത്. എന്നാല്‍ എറണാകുളം അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല. മാത്രമല്ല കൂടുതല്‍ തുകയുടെ വില്‍പ്പന ഭൂമിയുമായി ബന്ധപ്പെട്ട് നടന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഭൂമി വിലയുടെ കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 14 പേജുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കേസില്‍ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോള്‍ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാന്‍ നിര്‍ദേശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!