സുരേഷ്‌ഗോപി ബി.ജെ.പി.ക്ക് ബാദ്ധ്യതയാകുമോ?

സുരേഷ്‌ഗോപി ബി.ജെ.പി.ക്ക് ബാദ്ധ്യതയാകുമോ?

ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത ‘ജനപ്രതിനിധി’യാണ് സു രേഷ്‌ഗോപി. അദ്ദേഹത്തിന്റെ സംസാരവും ഇടപെടലുകളും എന്നും വിവാദമാണ്. താന്‍ എന്തോ ‘സംഭവ’മാണെന്ന ഒരു തോന്നലിലാണ് തന്റെ ജീവിതം. ജീപ്പിലിരിക്കുന്ന എസ്.ഐ.യെ വിളിച്ചിറക്കി ‘സല്യൂട്ട്’ അടിപ്പിച്ച രീതി പണ്ടത്തെ തമ്പ്രാക്കന്മാരുടെ കാലത്തേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

ബി.ജെ.പി. ഇന്ന് ഇന്ത്യ ഭരിക്കുന്ന വലിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെയും ബി.ജെ.പി.ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ ആ പാര്‍ട്ടിയിലുണ്ടല്ലോ. പോലീസിന്റെയും എതിര്‍കക്ഷികളുടെയും അടിയും തൊഴിയുമേറ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പകലന്തിയോളം പണിയെടുത്തവര്‍ ഈ പാര്‍ട്ടിയിലുമുണ്ട്. ആവേശരാഷ്ട്രീയം കളിച്ച് സമ്പത്ത് നഷ്ടപ്പെടുത്തിയവരും ബി.ജെ.പി.യിലുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്. ബി.ജെ.പി.യെ അനുഭവിച്ചറിഞ്ഞവരാണ് അവര്‍.

സുരേഷ്‌ഗോപിക്ക് ബി.ജെ.പി.യെക്കുറിച്ച് കേട്ടറിവേ ഉള്ളൂ. പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ആളല്ല അദ്ദേഹം. ഒരുകാലത്ത് കോണ്‍ഗ്രസുകാരനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നീട് സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ.ക്കും വേണ്ടി വാചകമടിക്കുന്നത് കേരളീയര്‍ കേട്ടതാണ്, കണ്ടതാണ്.
മതേതരത്വവും ജാതിചിന്തയ്‌ക്കെതിരെയുള്ള പോരാട്ടവും മതമൈത്രിയും മിശ്രവിവാഹവും യുക്തിവാദചിന്തയും മദ്യപാനത്തിനെതിരെയുള്ള ആഹ്വാനവും സാധുക്കളോടുള്ള അനുകമ്പയും സ്ത്രീകളോടുള്ള വാത്സല്യമാര്‍ന്ന സ്‌നേഹപ്രകടനവും ഒക്കെയായി സിനിമയില്‍ അഭിനയിച്ച് നമ്മെ ത്രസിപ്പിച്ച ആദര്‍ശത്തിന്റെ ആള്‍രൂപമാണ് ഈമാതിരിയുള്ള പുരുഷ കോമാളികള്‍.

സിനിമയില്‍ മതേതരത്വം വിളമ്പുന്നത് കേട്ടാല്‍ നാം അറിയാതെ കോള്‍മയിര്‍ കൊള്ളും. ഇവരില്‍ ചിലര്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ കുറെ ദൈവങ്ങളെ കൂടെ കൊണ്ടുപോകുമത്രേ. മുറിയില്‍ ദൈവങ്ങളെ സ്ഥാപിച്ച് പൂജിച്ചിട്ടേ അഭിനയിക്കാന്‍ പോകൂ എന്നു കേട്ടിട്ടുണ്ട്. അന്നഭിനയിക്കുന്ന സിനിമയിലെ ഡയലോഗ് മുഴുവന്‍ ദൈവത്തെ തള്ളിയുള്ള മാനവസ്‌നേഹത്തിന്റെ സന്ദേശങ്ങളായിരിക്കും. മദ്യത്തിനെതിരെ സിനിമയില്‍ ളോഹയിട്ട് പുരോഹിതനായി ദൈവദൂതനെപ്പോലെ അഭിനയിക്കും. രാത്രിയില്‍ താമസിക്കുന്ന ഹോട്ടലില്‍ ഒടുക്കത്തെ കള്ളടിയായിരിക്കും.

താഴ്ന്നജാതിക്കാരിയായ സ്ത്രീയെ ‘സിനിമയില്‍’ വിവാഹം കഴിക്കും. വ്യക്തിജീവിതത്തില്‍ ദരിദ്രനേയും അധഃകൃതനേയും വീട്ടില്‍ കയറ്റുകയുമില്ല. മതമൈത്രി അഭിനയിച്ച് കാണിക്കും. ജീവിതത്തില്‍ ലവലേശവും ഉണ്ടാകില്ല. സാമൂഹ്യനന്മ ഇവരില്‍ പലരിലും ഉണ്ടാകില്ല, ചിലരില്‍ ഉണ്ടുതാനും.

സുരേഷ്‌ഗോപി മുഖാന്തരം ബി.ജെ.പി.ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. കേരളീയര്‍ പ്രബുദ്ധര്‍ തന്നെയാണ്. സിനിമാതാരങ്ങളോട് കേരളീയര്‍ക്ക് വലിയ ആദരവുണ്ട്. എന്നുവച്ച് അവര്‍ മത്സരിച്ചാല്‍ വോട്ട് കിട്ടണമെന്നില്ല. ഈ തിരിച്ചറിവ് സുരേഷ്‌ഗോപിക്കുണ്ടാകണം.
അര്‍ഹതയില്ലാത്ത സുരേഷ്‌ഗോപിക്ക് ബി.ജെ.പി. കൊടുത്ത ഔദാര്യമാണ് എം.പി. സ്ഥാനം. അദ്ദേഹം അത് ദുരുപയോഗം ചെയ്യുകയാണോ എന്ന സംശയം കേരളീയര്‍ക്കുണ്ട്. ഇതെല്ലാം തിരിച്ചു കുത്തുന്നത് ബി.ജെ.പി.യെ തന്നെയാണ്. അഹങ്കാരത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹത്തെ ജനം കാണുന്നത്.

ഒല്ലൂര്‍ എസ്.ഐ.യെക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച് സ്വയം നിര്‍വൃതിയടഞ്ഞ സുരേഷ്‌ഗോപിക്ക് പുതിയ പേരിടാം, അല്പന്‍ എന്ന്. അതാണല്ലോ അദ്ദേഹം ഇപ്പോള്‍ അര്‍ദ്ധരാത്രി കുട പിടിച്ചു നടക്കുന്നത്. സുരേഷ്‌ഗോപി ഭാഗ്യവാനാണ്. ഇന്ത്യയില്‍ അദ്ദേഹം ‘പൊളിറ്റീഷ്യ’നായി അറിയപ്പെട്ടു. കൂടാതെ നല്ല ശമ്പളം, സൗജന്യ വിമാനയാത്ര, പിന്നെ പെന്‍ഷനും കിട്ടും.

ഇവിടുത്തെ ന്യൂനപക്ഷങ്ങളില്‍ 10 ശതമാനത്തെ കൂടെ നിര്‍ത്താന്‍ എന്ന് ബി.ജെ.പിക്ക് കഴിയുന്നുവോ, അന്ന് നിങ്ങള്‍ക്ക് കേരളത്തില്‍ ഒരു ഡസന്‍ എം.എല്‍.എ.മാരെ കിട്ടിയിരിക്കും. രാഷ്ട്രീയക്കാരനു വേണ്ടത് താഴ്മയും വിനയവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ്. ആദരവ് പിടിച്ചുവാങ്ങേണ്ട ഒന്നല്ല, സ്വന്തം ജീവിതത്തിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. അതിന് ഉത്തമോദാഹരണമാണ് ബി.ജെ.പി. നേതാവായിരുന്ന ഇപ്പോഴത്തെ മിസോറാം ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ള. അദ്ദേഹത്തിന്റെ വിനയാന്വിതമായ പെരുമാറ്റവും ഇടപെടലുകളും സുരേഷ്‌ഗോപി കണ്ടുപഠിക്കണം.

-കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!