സ്വന്തം എന്ന പദത്തിനെന്തർത്ഥം?

സ്വന്തം എന്ന പദത്തിനെന്തർത്ഥം?

സ്വന്തമെന്നുപറഞ്ഞ് നമുക്ക് അഹങ്കരിക്കുവാൻ നമ്മുടേതായ ഒന്നുമില്ലാത്ത ഒരു ലോകമാണിത്. ഇന്നുള്ളതെല്ലാം ഒന്നുമല്ലന്ന് പ്രകൃതി നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രളയങ്ങളും മറ്റു പ്രകൃതിക്ഷോഭങ്ങളും കോവിഡ്19 പോലുള്ള മഹാവ്യാധികളും തകർത്തെറിഞ്ഞില്ലേ നമ്മൾ സ്വന്തമായി കരുതിയ പലതും. ഇനി ശേഷിക്കുന്നത് ഭാവിയിൽ മറ്റാരുടെയെങ്കിലും ആയിരിക്കും. നാം സ്വന്തം എന്ന് കരുതുന്ന നിഴൽ പോലും സൂര്യന്റെ ഔദാര്യമാണ്. കൂടെയുള്ള ഭാര്യയും മക്കളും അപ്പനും അമ്മയും സഹോദരങ്ങളും ഭൂപരപ്പിൽ മാത്രം സ്വന്തം. ആ ബന്ധങ്ങളും വിച്ഛേദിച്ചു പോകുന്നില്ലേ അനേകായിരങ്ങൾ. 

ഒരായുസ്സുകൊണ്ട് കഠിനാധ്വാനം ചെയ്ത് പടുത്തുയർത്തിയ വീടുകളും സ്വന്തമായി ചരിതിച്ച് വെച്ച വസ്തുവകകളും മരണം വരെ ഏവർക്കും സ്വന്തം. പലർക്കും ജീവിച്ചിരിക്കുമ്പോൾ തന്നെ അവയെല്ലാം നഷ്ടമായിട്ടുമുണ്ട്.

ചുരുക്കി പറഞ്ഞാൽ യാതൊന്നും നമുക്ക് ഈ ലോകത്തിൽ സ്വന്തമായില്ല. ഒന്നും ഒന്നിനും സ്വന്തമല്ല. ആർക്കും ഒന്നും സ്വന്തമല്ല. ഭൗതീകമായി വിലകൊടുത്ത് നേടിയത് എല്ലാം തന്നെ നശ്വരം ആണ്. എന്നാൽ ഒരു ദൈവ പൈതൽ  വിലകൊടുത്ത് നേടിയ “നിത്യത” മാത്രമാണ് സ്വന്തമായിട്ടുള്ളതെന്നു പറയുവാൻ.  അതുകൂടി നഷ്ടമായാൽ  വിശ്വാസജീവിതം  അർത്ഥമല്ലാത്തത് ആയിപ്പോകും.

ലോകത്തിൽ ഒന്നും സ്വന്തമല്ലങ്കിലും തനിച്ചുള്ള ജീവിതം അപക്വവും അപകടകരവുമാണ്. സ്വന്തം കാര്യത്തിനുവേണ്ടി മാത്രം ജീവിക്കുന്ന സ്വാർത്ഥമോഹികൾ എല്ലാ രംഗത്തുമുണ്ട്. ആർക്കും ഒന്നും കൊടുക്കാതെയും ലഭിക്കുന്നതൊന്നും ആരെയും അറിയിക്കാതെയും മറ്റുള്ളവരെ സ്വന്തമായി കണ്ട് ആശ്വാസം പകരുവാൻ മടിക്കുകയും ചെയ്യുന്ന അനേകർ നമുക്ക് ചുറ്റുമുണ്ട്.

ഒരാൾ തന്റെ ലക്ഷ്യങ്ങൾക്കും ആവശ്യങ്ങൾക്കും അമിതമായി പ്രാധാന്യം കൊടുക്കുകയും അന്യർക്ക് അത്യാവശ്യ സമയത്ത് സഹായം ചെയ്യേണ്ട സാഹചര്യത്തില്പോലും സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുമാണ് സ്വാർത്ഥത.
ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനും പ്രയാസങ്ങളെ നേരിടാനുമുള്ള കഴിവില്ലായ്മ പലരെയും സ്വാർത്ഥതയിലേക്ക് നയിക്കാം.

എല്ലാകാര്യങ്ങളുടെയും നിയന്ത്രണം തനിക്കുതന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവരായിരിക്കും അവർ. സ്വന്തമായി കൂടെ നിർത്തി സഹായിച്ചാൽ അവർ അതു മറന്ന് എനിക്കെതിരായി പ്രവർത്തിക്കുമോ എന്ന ഭയവും പലരെയും സ്വാർത്ഥരാക്കും. ഏത് വളഞ്ഞവഴിയിലൂടെയും കാര്യം നേടാൻ ശ്രമിക്കുന്നവർ മറ്റുള്ളവരുടെ വേദനയെ അറിയണമെന്നില്ല. സ്വാർത്ഥത ഒരു ദൗർബല്യം തന്നെയാണ്. ലക്ഷ്യങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തിയും മാനവിക മൂല്യങ്ങളെ മുറകെ പിടിച്ചും ലക്ഷ്യസ്ഥാനത്ത് എത്തുവാൻ ശ്രമിക്കയും ചെയ്യുമ്പോൾ ആണ് നമ്മൾ യഥാർത്ഥ മനുഷ്യസ്നേഹികൾ ആകുന്നത്. സ്വന്തമെന്നു വിശ്വസിച്ച് കൂടെ നിന്ന പലരും സ്വാർത്ഥതകൊണ്ട്  കൂട്ടം പിരിഞ്ഞ് നേട്ടത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തു. അങ്ങനെ എത്രയെത്ര പ്രസ്ഥാനങ്ങൾ ഉടലെടുത്തു. അനേകരുടെ സ്വാർത്ഥത പലരെയും നിർദ്ധനർ ആക്കിയിട്ടുമുണ്ട്.

സ്വന്തം എന്നതിന് വ്യവസ്ഥകൾ കണ്ടേക്കാം. പക്ഷെ നിബന്ധനകൾ വച്ചു സ്നേഹം പങ്കിടുമ്പേൾ ആണ് ബന്ധങ്ങൾ താൽക്കാലികമായി പോകുന്നത്. എന്തെങ്കിലും കാരണത്തിന്റെ പേരിൽ നമ്മൾ ആരെയെങ്കിലും സ്നേഹിച്ചാൽ അത് അവസാനിക്കുമ്പോഴോ, എന്തെങ്കിലും ഇഷ്ടമില്ലായ്മയുടെ പേരിലോ ആ സ്നേഹവും നിന്നുപോകും.

അതോടുകൂടി സ്വന്തമെന്ന പദവിയിൽ നിന്നും വിട്ടകലുകയും ചെയ്യുന്നു. ഒരു നേട്ടത്തിനുമല്ലാതെ സ്നേഹിക്കുവാൻ കഴിയുന്നെങ്കിൽ മാത്രമേ സമ്മർദ്ധങ്ങളില്ലാതെ സ്വന്തമായി മറ്റുള്ളവരെ കാണുവാൻ പറ്റു. സ്വാർത്ഥത മാറി പരോപകാരകാംക്ഷ നമ്മളിൽ വളരട്ടെ. അപ്പോൾ ആണ് മറ്റുള്ളവർ നമ്മുടെ മിത്രങ്ങൾ ആകുന്നത്. പലതും സ്വന്തമാക്കുവാനുള്ള തത്രപ്പാടിൽ ശ്രമഫലം വിപരീതം എന്നു തോന്നിയാൽ പിന്നീട് ആ സ്നേഹം പകയായി തീരുന്നു. അതുവരെ സ്വന്തമായി കരുതിയവരെ മൃഗീയമായി കൊന്നുതള്ളുന്നത് നിത്യസംഭവങ്ങളായി മാറുകയാണ്. അത് മണ്ണിനായാലും പെണ്ണിനായാലും ഒരുപോലെ തന്നെ. അതിൽ കൂടുതലും യൗവ്വനക്കാർ ആണന്നുള്ളത് ശ്രദ്ധേയയമാണ്.

അഥവാ അങ്ങനെ എന്തങ്കിലും സ്വന്തമാക്കിയാൽ പോലും പലബന്ധങ്ങളും ഉലച്ചിലിൽ ആണ് പോകുന്നതും. മറ്റുള്ളവരെ വേദനിപ്പിച്ചും, വഞ്ചിച്ചും അപഹരിച്ചു സ്വന്തമാക്കിയതും, അർഹതയില്ലാത്തതും മറ്റുള്ളവരുടെ മനം നൊന്തതും സ്വന്തമാക്കി വെച്ചാൽ അത് നമ്മുടെ സ്വന്തമാകില്ല. അതിന് ദൈവത്തിൻമുമ്പാകെ ഈ ഭൂമിയിൽ വെച്ചുതന്നെ കണക്കുകൊടുക്കണ്ടിവരും. വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നതും അതുതന്നെയാണ്.

നമ്മൾ സാമൂഹിക ബന്ധത്തിൽ ജീവിക്കുന്നവരാണ്. “നമ്മിൽ ആരും തനിയ്ക്കായി തന്നെ ജീവിക്കുന്നില്ല, തനിയ്ക്കായി തന്നെ മരിക്കുന്നതുമില്ല” എന്ന വേദവചനം പരസ്പ്പര ബന്ധത്തെ ആണ് കാണിക്കുന്നത്. ലോകത്തിൽ പലരും സ്വന്തം കാര്യം മാത്രം നോക്കിയും സ്വന്തം നേട്ടം മാത്രം ലാക്കാക്കിയും ജീവിക്കുന്നവരാണ്. ബൈബിൾ പറയുന്ന കായീനെപോലെ ‘ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?’ എന്നു ചോദിക്കാതെ അവന്റെ കാവൽക്കാരൻ ആകുക എന്നതായിരിക്കട്ടെ നമ്മുടെ ദൗത്യം. അപ്പോൾ സാഹോദര്യ സാമൂഹിക ആത്മീയ ബന്ധം ശക്തിപ്പെടുവാൻ ഇടയായി തീരും.

സ്വന്തം അല്ലാത്ത ഈ ലോകത്തിൽ സ്വന്തമായി നമുക്ക് ഒന്നുമില്ല. എന്തക്കെയോ ഉണ്ടന്നുള്ള ഭാവം അതെല്ലാം നഷ്ടപ്പെട്ടാൽ  ഇല്ലാതാകും. ഇനി മരണം വരെ എന്തൊക്കെയോ സ്വന്തമായിട്ടുണ്ട് എന്ന തോന്നൽ വെറുതെയാണ്.

ആ അഹങ്കാരം അവസാനിക്കാൻ ഒരു ചെറു വയറസ്സ് മതി എന്നുള്ളത് നമ്മൾ മറക്കരുത്. എല്ലാം വിട്ടിട്ട് ഈ ലോകത്തിൽ നിന്നുള്ള യാത്രയിൽ ഒന്നും തന്നെ ആരും കൂടെ കൊണ്ടുപോകയുമില്ല. ആ യാത്രയ്ക്കുമുമ്പ് നിത്യരാജ്യം ലക്ഷ്യമാക്കി നിത്യജീവനെ നേടിയെങ്കിൽ അതു മാത്രം ആണ് ഇഹലോകത്തിലും പരലോകത്തിലും നമുക്ക് സ്വന്തം. “സ്വന്തം എന്ന പദത്തിന് എന്ത് അർത്ഥം?? എന്നത് തുടർചിന്തയായി ഏവരുടെയും മനസ്സിലിരിക്കട്ടെ….!!!” 


ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!