കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു: രാജിവച്ചത് പാര്‍ട്ടി നടപടിക്ക് തൊട്ടുമുമ്പ്‌

കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു: രാജിവച്ചത് പാര്‍ട്ടി നടപടിക്ക് തൊട്ടുമുമ്പ്‌

തിരുവനന്തപുരം: ഡി സി സി ഭാരവാഹികളുടെ നിയമന വിവാദത്തില്‍ പരസ്യപ്രതികരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടു. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.പാര്‍ട്ടി നി‌ര്‍ദേശം ലംഘിച്ച്‌ സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനില്‍കുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ നല്‍കിയ വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. ഇതിനെതുടര്‍ന്ന് അനില്‍കുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അച്ചടക്ക നടപടി ഉണ്ടാകുന്നതിനുമുമ്പുതന്നെ അദ്ദേഹം പാര്‍ട്ടിവിടുകയായിരുന്നു.

പാര്‍ട്ടിയില്‍ നീതി നിഷേധിക്കപ്പെടും എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടും പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ താന്‍ ഇഷ്ടപ്പെടാത്തതിനാലും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി കെ പി സി സി ജനറല്‍ സെക്രട്ടിയും എ ഐ സി സി അംഗവുമായ അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ തന്റെ പ്രവര്‍ത്തന പാരമ്പര്യം പറഞ്ഞാണ് അനില്‍കുമാര്‍ തുടങ്ങിയത്. ജനിച്ച്‌ വീണത് കോണ്‍ഗ്രസുകാരനായിട്ടാണ്. തന്റെ മുത്തച്ചന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കോണ്‍ഗ്രസിന് വേണ്ടി താന്‍ വോട്ട് പിടിച്ചു. കെ എസ് യുവിലൂടെയാണ് പാര്‍ട്ടിയിലെത്തിയത്. പത്ത് വര്‍ഷം കോഴിക്കോട് ജില്ലയില്‍ കെ എസ് യു പ്രസിഡന്റായി. 2002ല്‍ ഇന്ത്യയില്‍ ആദ്യമായി യൂത്ത്‌കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. നിശ്ചിലമായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ പുനഃസംഘടിപ്പിച്ചു. ഗ്രൂപ്പില്ലാതെ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ തനിക്ക് കഴിഞ്ഞു. ഗ്രൂപ്പിന്റെ ഭാഗമല്ലാതിരുന്നതിനാല്‍ അഞ്ച് വര്‍ഷം പാര്‍ട്ടിയില്‍ ഒരു സ്ഥാനവും നല്‍കിയില്ല. കെ കരുണാകരന്‍ പാര്‍ട്ടിവിട്ടപ്പോള്‍ കേരളത്തിലെ ചെറുപ്പക്കാരായ കോണ്‍ഗ്രസുകാരെ പാര്‍ട്ടിക്കൊപ്പം പിടിച്ചുനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞു.

രമേശ് ചെന്നിത്തല കെ പി സി സി പ്രസിന്റായതോടെ കെ പി സി സി ജനറല്‍ സെക്രട്ടറിയാകാന്‍ തനിക്കായി. നാല് കെ പി സി സി പ്രസിഡന്റുമാരൊടൊപ്പം പിന്നീട് താന്‍ പ്രവര്‍ത്തിച്ചു. 2011ല്‍ താന്‍ കൊയിലാണ്ടിയില്‍ മത്സരിച്ച്‌ തോറ്റു. എന്നാല്‍ തോറ്റെങ്കിലും 2016വരെ മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ചു. 2016ല്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് മാധ്യമവാര്‍ത്തകളുണ്ടായെങ്കിലും തനിക്ക് സീറ്റ് നിഷേധിച്ചു. എന്നാല്‍ ഒരു ആരോപണവും താന്‍ ഉന്നയിച്ചില്ല. 2021ല്‍ താന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി. തനിക്ക് സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. വട്ടിയൂര്‍കാവ് പിടിച്ചെടുക്കാന്‍ മത്സര രംഗത്തിറങ്ങാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നോട് പറഞ്ഞു. വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറായി. എന്നാല്‍ രണ്ട് ദിവസത്തിനകം കുറച്ച്‌ ആളുകളെ രംഗത്തിറക്കി തന്നെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കി ചതിച്ചു. കൊയിലാണ്ടിയില്‍ നിന്ന് തന്നെ മാറ്റാനായിരുന്നു ഈ സീറ്റ് വാഗ്ദാനം. എന്നിട്ടും താന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല.

ഇപ്പോള്‍ തികച്ചും ഏകാധിപത്യ രീതില്‍ നടക്കുന്ന ഇടപെടലുണ്ടായപ്പോഴാണ് താന്‍ പ്രതികരിച്ചത്. താന്‍ നടത്തിയ വിമര്‍ശനത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു. തന്നെ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയതപ്പോള്‍ കൃത്യമായ മറുപടി നല്‍കി. എന്നാല്‍ കെ പി സി സി പ്രസിഡന്റോ, മറ്റ് ഏതെങ്കിലും നേതാവോ തന്റെ വിശദീകരണം സംബന്ധിച്ച്‌ ഇതുവരെ ഒന്നും ചോദിച്ചില്ലെന്നു ഇന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് വിട്ട അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേരുമെന്നാണ് സൂചന. വൈകാതെ അനില്‍കുമാര്‍ എ.കെ.ജി സെന്ററില്‍ എത്തും. കോടിയേരി ബാലകൃഷ്ണന്‍ തന്നെ അദ്ദേഹത്തെ സ്വീകരിക്കും. ജനാധിപത്യ മതേതര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അനില്‍കുമാര്‍ അറിയിച്ചു. നേരത്തെ പുറത്താക്കിയ പി.എസ് പ്രശാന്തിനെ സി.പി.എമ്മില്‍ സ്വീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!