വാര്‍ത്തകള്‍: കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നേക്കും

വാര്‍ത്തകള്‍: കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നേക്കും

?സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചന. ഇന്നത്തെ അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായി. ഇന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴി പഞ്ചിങ് നിര്‍ബന്ധമാക്കും. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

?കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ് രംഗത്തെത്തിയത്.

?ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍.

?രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 24,410 കോവിഡ് രോഗികളില്‍ 61.68 ശതമാനമായ 15,058 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 340 മരണങ്ങളില്‍ 29.11 ശതമാനമായ 99 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,55,226 സജീവരോഗികളില്‍ 58.78 ശതമാനമായ 2,08,812 രോഗികളും കേരളത്തിലാണുള്ളത്.

?കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യര്‍ഥനയോടെ മുഖ്യമന്ത്രി പിണറായി വിജയനുള്ള കത്തിലാണ് പ്രതിക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വര്‍ഗീയ വിഷം ചീറ്റുന്ന ഇവരില്‍ പലരും ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മതമൈത്രി തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

?കേരളത്തില്‍ ആപല്‍ക്കരമായ നിലയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കാനും മത-സമുദായ-സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് കൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.

?നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപതയുടെ കെ സി ബി സി മദ്യവിരുദ്ധസമിതി ആണ് സെല്ലുകള്‍ രൂപീകരിക്കുന്നത്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സമിതി എന്നാണ് വിശദീകരണം. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സമിതി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു

?കിറ്റക്സിനെതിരെ എം എല്‍ എമാര്‍. പി ടി തോമസും പി വി ശ്രീനിജനുമാണ് കിറ്റക്സിനെതിരെ വീണ്ടും രംഗത്തെത്തിയത്. സി എസ് ആര്‍ ഫണ്ട് ട്വന്റി 20 പാര്‍ട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പി ടി തോമസ് എം എല്‍ എ ആവശ്യപ്പെട്ടു. ട്വന്റി 20 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. ഫണ്ട് ഉപയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിഎസ്ആര്‍ ഫണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പര്യത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും കളക്ടര്‍ വിളിച്ച യോഗത്തില്‍ എം എല്‍ എമാര്‍ ആവശ്യപ്പെട്ടു.

?നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ അലംഭാവം കാട്ടി. കണ്ണൂര്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന റിജില്‍ മാക്കുറ്റി സതീഷന്‍ പാച്ചേനിയെ തോല്‍പ്പിക്കാന്‍ ചിലരുമായി ഗൂഢാലോചന നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതേകുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

?തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍ സെഷന്‍സ് കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. വിചാരണ പൂര്‍ത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷന്‍സ് കോടതി ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

?മലയാള സിനിമാ നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് രാവിലെ നടക്കും. അതേസമയം അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

?സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

?മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.

?ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ആഭ്യന്തരമന്ത്രി അമിത്ഷാ, ഗോവ, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിനെ പുതിയ വികസന പാതയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിച്ചു. സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചയാളായിരുന്നു മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെന്നും ഭാവിയിലും ജനസേവനത്തില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

?അന്തരിച്ച മുന്‍രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്റെ കൊച്ചുമകന്‍ ഇന്ദര്‍ജീത് സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ദര്‍ജീത്തിന്റെ ബി.ജെ.പി. പ്രവേശനം. മുത്തച്ഛന്റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജീത് പ്രതികരിച്ചു.

?രാജ്യത്ത് ഇന്നലെ 24,410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,811 പേര്‍ രോഗമുക്തി നേടി. മരണം 340. ഇതോടെ ആകെ മരണം 4,43,247 ആയി. ഇതുവരെ 3,32,88,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.55 ലക്ഷം കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ ഇന്നലെ 4,05,066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 84,062 പേര്‍ക്കും ബ്രസീലില്‍ 6,645 പേര്‍ക്കും റഷ്യയില്‍ 18,178 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,825 പേര്‍ക്കും തുര്‍ക്കിയില്‍ 24,613 പേര്‍ക്കും ഇറാനില്‍ 22,541 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 20,745 പേര്‍ക്കും മലേഷ്യയില്‍ 16,073 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.59 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ 6,432 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 599 പേരും ബ്രസീലില്‍ 184 പേരും റഷ്യയില്‍ 719 പേരും ഇറാനില്‍ 448 പേരും മലേഷ്യയില്‍ 413 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.51 ലക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!