സി പി ഐയുടെ അസ്ഥിത്വം കാനം രാജേന്ദ്രൻ പിണറായി വിജയന് മുമ്പിൽ പണയം വച്ചു: കെ. സുധാകരൻ

സി പി ഐയുടെ അസ്ഥിത്വം കാനം രാജേന്ദ്രൻ പിണറായി വിജയന് മുമ്പിൽ പണയം വച്ചു: കെ. സുധാകരൻ

?മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ വീഴ്ചകളെ വിമര്‍ശിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും സിപിഐക്ക് മുമ്പ് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിമര്‍ശിച്ചപ്പോള്‍ ഭരണനേതൃത്വത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരന്‍ പറഞ്ഞു.

?പ്രായപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചല്‍ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലി-ദാമന്‍ ആന്‍ഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അര്‍ഹരായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. നേട്ടം കൈവരിച്ച സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.

?നാര്‍ക്കോട്ടിക് വിവാദത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മയ്ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് ഉയര്‍ത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചെന്നും ജോസ് കെ മാണി പ്രസ്താവനയില്‍ പറഞ്ഞു. മത സാഹോദര്യം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ലഹരിമാഫിയക്ക് എതിരായ ചെറുത്ത് നില്‍പ്പ് രൂപപ്പെടണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.

?നാര്‍ക്കോട്ടിക്സ് ജിഹാദ് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ. പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാള്‍ ദോഷം ചെയ്തെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാവണം. രാഷ്ട്രീയ മുതലെടുപ്പും വിഭാഗീയതയും വളര്‍ത്തുന്നത് ശരിയല്ല. കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൗഹാര്‍ദ്ദം ഉറപ്പിക്കണമെന്നും തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു.

?ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സിപിഐയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പ്. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍ കാനത്തിനെതിരെ കത്തു നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില നേതാക്കള്‍ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും.

?നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സില്‍ കവര്‍ച്ച നടത്തിയത് യുപി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ്. അസ്ഹര്‍ പാഷയെന്ന ഇയാള്‍ ആഗ്രയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ആലപ്പുഴയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്. മോഷണത്തിന് ഇരയായവര്‍ കൈകഴുകാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇയാള്‍ മോഷണം നടത്തിയത് എന്ന് സംശയിക്കുന്നു.

?ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത. ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ യുപി ഗവര്‍ണറായ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍. ഇന്നു തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം.

?സംസ്ഥാനത്തെ ജയിലുകള്‍ ഇനി മുതല്‍ കുറ്റവാളികള്‍ക്ക് ഉല്ലാസകേന്ദ്രങ്ങളായിരിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജയിലുകള്‍ ഇനി മുതല്‍ നവീകരണ കേന്ദ്രങ്ങളായിരിക്കുമെന്നും സംസ്ഥാനത്ത് ഒരു തരത്തിലുള്ള മാഫിയ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

?ആഗോളതലത്തില്‍ ഇന്നലെ 3,65,432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 35,326 പേര്‍ക്കും ബ്രസീലില്‍ 10,615 പേര്‍ക്കും റഷ്യയില്‍ 18,554 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,173 പേര്‍ക്കും തുര്‍ക്കിയില്‍ 21,352 പേര്‍ക്കും ഇറാനില്‍ 20,219 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 21,441 പേര്‍ക്കും മലേഷ്യയില്‍ 19,198 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.54 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!