മമ്മിഫിക്കേഷന്‍: മരണാനന്തര ജീവിതത്തിനായി

മമ്മിഫിക്കേഷന്‍: മരണാനന്തര ജീവിതത്തിനായി

രാസവസ്തുക്കളും സുഗന്ധദ്രവ്യങ്ങളുമുപയോഗിച്ച് മൃതശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പ്രക്രിയയാണ് മമ്മിഫിക്കേഷന്‍. സുഗന്ധദ്രവ്യങ്ങള്‍ പൂശി, വെള്ള ലിനന്‍ തുണികൊണ്ട് പൊതിഞ്ഞ് ഈജിപ്തിലെ പിരമിഡുകള്‍ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരങ്ങളാണ് മമ്മികളെന്ന പേരുകൊണ്ട് പൊതുവെ വിവക്ഷിക്കപ്പെടുന്നത്. മനുഷ്യശരീരങ്ങള്‍ മാത്രമല്ല, പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ജലജന്തുക്കളെയും ഈജിപ്തുകാര്‍ മമ്മികളാക്കി സൂക്ഷിച്ചിരുന്നു.

അതിശൈത്യവും അത്യുഷ്ണവും കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുമൊക്കെ മൃതശരീരങ്ങള്‍ അഴുകാതെ ദീര്‍ഘകാലം സംരക്ഷിക്കപ്പെടാനുള്ള കാരണങ്ങളായി ഭവിക്കാറുണ്ട്. ഇങ്ങനെയുണ്ടാവുന്ന മമ്മികളുമുണ്ട്. ഇത് പ്രകൃതിദത്തമായ മമ്മിഫിക്കേഷനാണ്.
ഈജിപ്തില്‍ മാത്രമല്ല ചൈനയിലും മറ്റു ചില രാജ്യങ്ങളിലും പിരമിഡ് നിര്‍മ്മാണവും മമ്മിഫിക്കേഷനും നടന്നിരുന്നു. ഈജിപ്തിലെ മമ്മിഫിക്കേഷനും ഫറവോനിക്ക് വില്ലേജിലെ മമ്മിയുടെ മോഡലുകളുമാണീ ലേഖനത്തിലെ പ്രതിപാദ്യവിഷയം.

ഈജിപ്തില്‍ 138 പിരമിഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. മെംഫിസ് നഗരത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള സഖാറയില്‍ (Saqqara) ഉള്ള ഡോസറിന്റെ (Djoser) പിരമിഡാണ് ഇവയിലേറ്റവും പഴക്കമുള്ളത്. ബി.സി. 2630-നും 2611-നുമിടയ്ക്കാണിത് പണിതത്. എന്നാല്‍ വളരെ പ്രസിദ്ധമായ പിരമിഡുകള്‍ കെയ്‌റോയ്ക്കടുത്തുള്ള ഗിസയിലാണുള്ളത്. ഗിസയിലെ പിരമിഡുകളിലേറ്റവും വലുത് ഖുഫു (Khufu) രാജാവിന്റേതാണ്. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണ് പിരമിഡുകള്‍. മറ്റ് ആറെണ്ണവും മണ്ണടിഞ്ഞപ്പോള്‍ കാലത്തിന്റെ കെടുതികളെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന പ്രാചീന സപ്താത്ഭുതങ്ങളിലെ ഏക അവശേഷിപ്പാണ് ഈജിപ്തിലെ പിരമിഡുകള്‍.

1925-ല്‍ ഹോവാര്‍ഡ് കാര്‍ട്ടറും കൂട്ടരും തൂത്തന്‍ ഹാമന്റെ (Tutankhamen) പിരമിഡ് കണ്ടെത്തി. ബി.സി. 1333-നും, 1323-നുമിടയില്‍ നിര്‍മ്മിച്ചതാണിത്. തൂത്താന്‍ഹാമന്‍ മരിച്ചപ്പോള്‍ പ്രായം 17-നും 19-നുമിടയില്‍. സ്വര്‍ണ്ണമുഖംമൂടി കൊണ്ട് തലമറച്ചിരുന്നു. രണ്ടു സ്വര്‍ണ്ണക്കൈകള്‍, സ്വര്‍ണ്ണംകൊണ്ടുള്ള ഇരിപ്പിടങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, നെക്‌ലേസുകള്‍, മാലകള്‍ തുടങ്ങി അനേകം സാധനങ്ങള്‍ തൂത്തന്‍ ഹാമന്റെ ശവശരീരത്തോടൊപ്പം സൂക്ഷിച്ചിരുന്നു.

ഈജിപ്തില്‍ നിന്ന് ആറായിരം വര്‍ഷം പഴക്കമുള്ള മമ്മി 1936-ല്‍ കണ്ടെത്തുകയുണ്ടായി. ബി.സി. 13-ാം നൂറ്റാണ്ടില്‍ മമ്മിഫിക്കേഷന്‍ നടത്തിയ സേത്തിന്റെയും റാംസെസ് രണ്ടാമന്റെയും മമ്മികളാണ് ഈജിപ്തില്‍ നിന്നും കണ്ടെടുത്ത മമ്മികളില്‍ പ്രധാനപ്പെട്ടവ. പത്തുലക്ഷത്തിലധികം മൃഗങ്ങളുടെ മമ്മികളും ഈജിപ്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പൂച്ചകളുടെ മമ്മികളാണധികവും. അച്ചന്‍കുഞ്ഞ് ഇലന്തൂരിന്റെ കൂടെയുള്ള ഈ യാത്രയില്‍ ഞങ്ങള്‍ക്ക് അവയെ കെയ്‌റോ മ്യൂസിയത്തില്‍ കാണാന്‍ കഴിഞ്ഞു.

പരലോകത്തിലെ മരണാനന്തര ജീവിതത്തിനുവേണ്ടിയായിരുന്നു ഈജിപ്തുകാര്‍ മമ്മിഫിക്കേഷന്‍ നടത്തിയിരുന്നത്. പരേതന്റെ ആത്മാവ് (KA) പരലോകത്ത് വച്ച് സ്വന്തം ശരീരത്തിലേക്ക് മടങ്ങിവരും എന്നവര്‍ വിശ്വസിച്ചിരുന്നു. അതിനുവേണ്ടി എന്തുത്യാഗം സഹിച്ചും അമിതമായി പണവും അദ്ധ്വാനവും ചെലവഴിച്ചും മമ്മിഫിക്കേഷന്‍ നടത്താനവര്‍ തയ്യാറായതിന്റെ തെളിവുകളാണ് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കേടുകൂടാതെയിരിക്കുന്ന മമ്മികള്‍. കണക്കറ്റ ധനം മമ്മിഫിക്കേഷന് ആവശ്യമായിരുന്നതുകൊണ്ട് ഈജിപ്തിലെ ഭരണാധികാരികളായിരുന്ന ഫറവോന്മാര്‍ക്കും അതിധനികര്‍ക്കും മാത്രമേ മമ്മിഫിക്കേഷനുള്ള ധനം ചെലവിടാന്‍ കഴിയുമായിരുന്നുള്ളൂ.

എഴുപതു ദിവസം നീണ്ടുനിന്ന പ്രക്രിയയായിരുന്നു മമ്മിഫിക്കേഷന്‍. പുരോഹിതന്മാരും സ്‌ക്രൈബ്‌സും (Scribes) അധഃകൃതരായ ആളുകളും ചേര്‍ന്നായിരുന്നു മമ്മിഫിക്കേഷന്‍ നടത്തിയിരുന്നത്. ശവശരീരം മുറിച്ചിരുന്ന ആളുകളെ സമൂഹം അസ്പൃശ്യരായ താണവര്‍ഗ്ഗമായി കരുതിയിരുന്നു.

മൃതശരീരത്തെ ‘മരിച്ചവന്റെ വീട്’ എന്നറിയപ്പെട്ടിരുന്ന പ്രത്യേക സ്ഥലത്തെത്തിക്കുന്നതായിരുന്നു മമ്മിഫിക്കേഷന്റെ ആദ്യപടി. മേശമേല്‍ ശവശരീരം കിടത്തിയിട്ട് വയറിന്റെ ഇടതുവശത്ത് ഒരു ദ്വാരമുണ്ടാക്കി ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത് നാല് പ്രത്യേക ഭരണികളിലാക്കി സൂക്ഷിക്കുന്നു. ഇവയെ ഉപ്പും സോഡിയം ബൈകാര്‍ബണേറ്റും ചേര്‍ന്ന മിശ്രിതമായ നാട്രന്‍ ഉപ്പ് (Natron Salt) ചേര്‍ത്ത് ലിനനില്‍ പൊതിഞ്ഞ് പ്രോസസ് ചെയ്ത് പിന്നീട് മൃതശരീരത്തില്‍ത്തന്നെ തിരികെ വെക്കുകയോ ഭരണികളില്‍ത്തന്നെ വച്ച് ശവകുടീരത്തിനുള്ളില്‍ മൃതശരീരത്തോടൊപ്പം അടക്കം ചെയ്യുകയോ ചെയ്യുന്നു. ഹൃദയം ബുദ്ധിയുടെയും വികാരങ്ങളുടെയും ഉറവിടമാകയാല്‍ പരലോകത്തില്‍ ആവശ്യമുള്ളതുകൊണ്ട് ശരീരത്തിനുള്ളില്‍ നിന്ന് നീക്കം ചെയ്യുകയില്ല. അതിന്‌ശേഷം മൂക്കിലൂടെ മസ്തിഷ്‌കത്തിനുള്ളിലെ തലച്ചോറ് നീക്കം ചെയ്യുന്നു. കണ്ണിലെ കൃഷ്ണമണിയെടുത്ത ശേഷം കൃത്രിമക്കണ്ണ് വച്ച് പിടിപ്പിക്കുന്നു.

40 ദിവസം നാട്രണ്‍ ഉപ്പില്‍ ശരീരം പൊതിഞ്ഞു സൂക്ഷിക്കുന്നു. ഈജിപ്തിന്റെ പശ്ചിമഭാഗത്തെ മരുഭൂമിയുടെ ഭാഗമായ നാട്രൂണ്‍ എന്ന സ്ഥലത്തു നിന്നാണ് ഇതിനാവശ്യമായ ഉപ്പ് ശേഖരിക്കുന്നത്. ശരീരം പൊതിഞ്ഞിരിക്കുന്ന ഉപ്പ് കൂടെക്കൂടെ മാറ്റുന്നു. ശരീരം ഉപ്പില്‍ സൂക്ഷിക്കുന്നത് ജലാംശം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്. 40 ദിവസം കൊണ്ട് ദ്രാവകം പൂര്‍ണ്ണമായി നഷ്ടപ്പെടുന്നതിനാല്‍ ശരീരഭാരം 70% കുറയുന്നു. 41-ാം ദിവസം വയറിനുള്ളില്‍ മീറയും കുന്തിരിയ്ക്കവും നിറയ്ക്കുന്നു. ദുര്‍ഗന്ധം വമിക്കുന്നത് തടയാനാണിത്.

കുന്തിരിക്കവും എണ്ണയും തിരുമ്മി ത്വക്ക് മൃദുലമാക്കിയശേഷം ശരീരം നൈല്‍ നദിയിലെ വെള്ളം കൊണ്ട് കഴുകിയിട്ട് എണ്ണ പൂശുന്നു. ഇങ്ങനെ തയ്യാറാക്കിയ മൃതശരീരത്തില്‍ വെള്ള ലിനന്‍ ബാന്റേജും ചുറ്റുന്നു. തൂത്തന്‍ ഹാമന്റെ മമ്മിയില്‍ ബാന്റേജിന്റെ 12 അടുക്കുകള്‍ കണ്ടെത്തി. അശുദ്ധാത്മാക്കള്‍ ആക്രമിക്കാതിരിക്കാന്‍ വേണ്ടി മന്ത്രശക്തിയുള്ള തകിടുകള്‍ ശരീരത്തില്‍ നിക്ഷേപിക്കുകയും ‘Book of the Dead’-ന്റെ പാപ്പിറസ് ചുരുളുകള്‍ ശരീരത്തിനടുത്ത് വെക്കുകയും ചെയ്യുന്നു. പരേതാത്മാവിനെ സുരക്ഷിതമായി മരണാനന്തര ജീവിതത്തിലേക്ക് നയിക്കാനാണിത്.

ഇങ്ങനെ മനുഷ്യന്റെ മമ്മി തയ്യാറാക്കിയശേഷം അദ്ദേഹം ജീവിതകാലത്ത് ഇഷ്ടപ്പെട്ടിരുന്ന പക്ഷിമൃഗാദികളെയും മമ്മിയാക്കുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങളും, റൊട്ടി, കോഴി തുടങ്ങിയ ഭക്ഷണ സാധനങ്ങളും മമ്മിയുടെ ശവകുടീരത്തില്‍ വെക്കുന്നു.
ഇനിയാണ് മമ്മിയുടെ വായ് തുറക്കല്‍ ചടങ്ങ് പുരോഹിതന്‍ നിര്‍വ്വഹിക്കുന്നത്. ഭക്ഷണം കഴിക്കാനും മരണാനന്തര ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും വേണ്ടിയാണ് വായ്തുറക്കുന്നത്.

ഇങ്ങനെ തയ്യാറാക്കിയ മമ്മിയെ വലിയ പെട്ടിക്കുള്ളിലാക്കി അടക്കം ചെയ്യാന്‍ തയ്യാറാക്കിയ മുറിയില്‍ വെക്കുന്നു. തൂത്തന്‍ ഹാമന്റെ പിരമിഡ് തുറന്നപ്പോള്‍ കിട്ടിയ വസ്തുക്കളുടെയെല്ലാം മാതൃകകള്‍ (Models) ഫറവോനിക്ക് ഗ്രാമത്തിലുണ്ട്. കൂടാതെ പിരമിഡുകളുടെയും സ്ഫിങ്ക്‌സിന്റെയും മാതൃകയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള ലോകപ്രസിദ്ധമായ ഈജിപ്തിലെ കല്‍പ്രതിമയാണ് സ്ഫിങ്ക്‌സ്.

മൂക്ക് നശിപ്പിക്കപ്പെട്ട നിലയില്‍ ഇപ്പോഴും സ്ഫിങ്ക്‌സ് ഈജിപ്തിലുണ്ട്. വിഗ്രഹവിരോധികളായ മുസ്ലീം ആക്രമണകാരികളാണ് സ്ഫിങ്ക്‌സിന്റെ മൂക്ക് ഛേദിച്ചുകളഞ്ഞത്. അതിനടുത്ത് സംഘടിപ്പിക്കുന്ന മ്യൂസിക്‌നൈറ്റും ലൈറ്റ്‌ഷോയും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഓമന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!