
വര്‍ഗീസ് ചാക്കോ
(ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ അംഗം)
ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ മൂന്ന് ‘ജനറല്‍ കണ്‍വന്‍ഷന്‍’ നടത്തുക എന്നതില്‍ കവിഞ്ഞൊരു ക്രിയാത്മക പ്രവര്‍ത്തനങ്ങളും ഇന്നുവരെ നടന്നു കണ്ടിട്ടില്ല.
സഭാ ആസ്ഥാനത്ത് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സഭ വളരുന്നു എന്ന് പറയാനാവില്ല. സഭയുടെ പ്രാദേശിക ഘടകങ്ങളാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും കരുത്ത്. അവരുടെ വളര്‍ച്ച, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ സഭയുടെ ഉന്നതാധികാര കൗണ്‍സില്‍ ജാഗ്രത കാണിക്കണം.
വീടില്ലാത്തവര്‍, പട്ടിണി കിടക്കുന്നവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍, അനാരോഗ്യര്‍ എന്നിങ്ങനെയുള്ളവര്‍ നമ്മുടെ താഴെത്തട്ടിലുള്ള വിശ്വാസികള്‍ക്കിടയില്‍ കാണരുത്. പ്രാദേശിക ശുശ്രൂഷകന്മാരും ഈ കൊവിഡ്-19 കാലത്ത് വിഷമത അനുഭവിക്കാന്‍ പാടില്ല. ഏ.ജി. മലബാര്‍ ഡിസ്ട്രിക്ട് 2000 രൂപാ വച്ച് അവരുടെ സകല പാസ്റ്റര്‍മാര്‍ക്കും കൊടുത്തത് നാം തിരിച്ചറിയണം. ലോക്ഡൗണ്‍ കാലത്ത് വരുമാനം കുറഞ്ഞ പാസ്റ്റര്‍മാര്‍ക്ക് 3000 രൂപാ വച്ചു കൊടുത്തു കൊണ്ട് മലബാര്‍ ഏ.ജി. അവരെ താങ്ങിനിര്‍ത്തിയതും അനുകരണീയമാണ്.
ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സുവിശേഷവേല ചെയ്തിട്ട് ഒന്നും സമ്പാദിക്കാതെ റിട്ടയര്‍ ചെയ്തു കഴിയുന്ന നിരവധി പാസ്റ്റര്‍മാരുണ്ട്. പലരും സഭാ നേതൃത്വത്തിനു കീഴ്‌പ്പെട്ട് വിശ്വസ്തതയോടെ സുവിശേഷപ്രവര്‍ത്തനം നടത്തിയവരാണ്. ഇന്നവര്‍ക്ക് വസ്തുവില്ല, വീടില്ല. പലരും വാടകവീടുകളില്‍ കഴിയുന്നു. ചിലരൊക്കെ രോഗികളുമാണ്. അവരുടെ മക്കളുടെ വിവാഹങ്ങള്‍ നടത്തേണ്ടിയത് ജീവകാരുണ്യ സംഘടനകള്‍ മുഖേനയായിരുന്നു.
ഇങ്ങനെയുള്ള കര്‍ത്തൃദാസന്മാര്‍ക്കായി 700 സ്‌ക്വ.ഫീറ്റുള്ള 100 വീടുകള്‍ വച്ചു നല്‍കണമെന്ന നിര്‍ദ്ദേശം ഐ.പി.സി.ക്കാര്‍ ഭൂരിപക്ഷമുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഞാന്‍ മുന്നോട്ടുവച്ചു. ചര്‍ച്ചകള്‍ ഗംഭീരമായി നടന്നു. അപ്പോഴേക്കും കേരളത്തിനു വെളിയിലേക്കും വീടുകള്‍ വയ്ക്കണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് 50 വീടുകള്‍ കേരളത്തിനു പുറത്തും 50 വീടുകള്‍ കേരളത്തിലും വേണമെന്ന തരത്തില്‍ ചര്‍ച്ച പൊടിപൊടിച്ചതല്ലാതെ ഈ വിഷയത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.
ശീര്‍ഷകത്തില്‍ പറഞ്ഞതുപോലെ ഏതു ജനറല്‍ കൗണ്‍സില്‍ വന്നാലും കുറെ ചര്‍ച്ചകള്‍, മൂന്ന് ജനറല്‍ കണ്‍വന്‍ഷനുകള്‍. ഇത്രയുമാണ് ഒരു കൗണ്‍സില്‍ കാലഘട്ടത്തില്‍ നടക്കുന്നത്.
ഇത്രയും നാളായിട്ടും ഒരു സെക്കുലര്‍ കോളജ് സ്വന്തമായി ഐ.പി.സി.യുടെ പേരില്‍ തുടങ്ങാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മേക്കാള്‍ 30 വര്‍ഷം മാത്രം പഴക്കമുള്ള മാര്‍ത്തോമ്മാ സഭ വിദ്യാഭ്യാസ മേഖലയില്‍ എത്രയോ മുന്നിലാണ്.
നമ്മുടെ സഭയ്ക്ക് സഭയുടെ വകയായി എന്തുണ്ട്? ഒരു സ്‌കൂള്‍ പോലും സഭയുടെ പേരിലില്ല. ഇന്നും മറ്റു സമുദായസ്ഥരുടെ വാതില്‍ക്കല്‍ അഡ്മിഷനു വേണ്ടി യാചിച്ചു നില്‍ക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്കുണ്ടെന്ന വസ്തുത നാം മറക്കരുത്.
സമയം കഴിഞ്ഞിട്ടില്ല. ഇനിയും ആകാം ഇതൊക്കെ. ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണം. കമ്മറ്റികള്‍ നിരന്തരം കൂടുന്നതിനിടയില്‍ സഭയുടെ വിദ്യാഭ്യാസ ഉന്നമനം കൂടി ചര്‍ച്ച ചെയ്യണം. പ്രാദേശിക സഭകളിലെ ദരിദ്രരെ കണ്ടെത്തി അവരെ ഉദ്ധരിക്കണം. നാടിനു വേണ്ടി നാം ചെയ്ത സംഭാവനകളെന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ?
കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അനുരഞ്ജനം എങ്ങും കാണുന്നില്ല. സഭയുടെ പണവും വ്യക്തികളുടെ പണവും വക്കീലന്മാരുടെ കൈയില്‍ ഒഴുകിയെത്തുന്നു. അവരുടെ മക്കള്‍ അല്ലലില്ലാതെ ജീവിക്കുന്നു, തടിച്ചു കൊഴുക്കുന്നു.
വിശേഷകരെയും ദരിദ്രരായ ദൈവമക്കളേയും സഹായിക്കാന്‍ പ്രവാസികള്‍ വിയര്‍പ്പൊഴുക്കി നല്‍കുന്ന പണമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ദൈവീക കോടതിയില്‍ ഇതിന് കണക്കു പറയേണ്ടി വരില്ലേ? ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.
ഇപ്പോഴുള്ള ജനറല്‍ കൗണ്‍സിലിന്റെ കാലത്തെങ്കിലും ഒരു ‘ലാന്‍ഡ്മാര്‍ക്ക്’ എന്നവണ്ണം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള ഒരു നൂതന പദ്ധതി ആവിഷ്‌കരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഈ ഭരണസമിതിയെ എല്ലാക്കാലത്തും വിശ്വാസികള്‍ ഓര്‍ത്തിരിക്കാന്‍ അത് കാരണമാകും എന്നതിന് സംശയം വേണ്ടാ.























































































































A great suggestion has been put forward by Brother Varughese Chacko. But I doubt, if it will be given a proper attention or acted upon. “Everyone’s baby is no one’s baby’