വി. എം. മാത്യുസാറിനെ സ്മരിക്കുമ്പോൾ

വി. എം. മാത്യുസാറിനെ സ്മരിക്കുമ്പോൾ


പാസ്റ്റർ ജോൺ മാത്യു,
ബാംഗ്ളൂർ

1978-ൽ എന്റെ ഭാര്യാപിതാവ് പാസ്റ്റർ സി.കെ. ദാനിയേൽ ഉത്ഘാടനം ചെയ്ത്‌ ‘ഗുഡ് ന്യൂസ് വാരിക’ ആരംഭിക്കുമ്പോൾ ഞാൻ സൗദി അറേബ്യയിൽ ആയിരുന്നു.

1978 മുതൽ ഗുഡ്ന്യൂസിൽ പരമ്പര എഴുതാൻ ആരംഭിച്ചു. ‘ക്രിസ്തീയ ജീവിതം’ പരമ്പര എഴുതിക്കൊണ്ടിരുന്ന നാളിൽ ഞാൻ നാട്ടിൽ വന്നു വി എം മാത്യൂസാറിനെയും എന്റെ പൂർവ്വകാല സുഹൃത്ത് സി.വി. മാത്യുസാറിനെയും കണ്ടു. ആ ദിനം ആരംഭിച്ച സുഹൃത്ത് ബന്ധം വി.എം. മാത്യുസാറിന്റെ അന്ത്യനാൾ വരെ നിലനിന്നു.

തുടർന്ന് ‘നിസ്തുലനായ ക്രിസ്തു’ എന്ന ലേഖനങ്ങളും ‘ദൈവം പിതാവായപ്പോൾ’, ‘ചീന്തിയ മൂടുപടം’, ‘ഉവ്വ് കർത്താവെ’, ‘രക്ത സഹോദരർ’ എന്നീ വിവർത്തന പരമ്പരകളും പ്രസിദ്ധീകരിക്കാൻ മാത്യുസാറിന്റെ പ്രോത്സാഹന കത്തുകൾ പ്രേരകമായി.

അവധിയിലെത്തുമ്പോഴെല്ലാം സാറിനെ കാണുമായിരുന്നു. ഞങ്ങളെ വന്നുകാണാൻ അദ്ദേഹം ഉത്സുകനായിരുന്നു. 1991-ൽ ഞങ്ങൾ ബാംഗ്ളൂരിൽ താമസമാക്കിയശേഷം മാത്യൂസാറിനെ അടുത്തറിയാനും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സുവിശേഷപ്രഘോഷണത്തിനും ഉള്ള താൽപ്പര്യം ഗ്രഹിക്കുവാനും ഇടയായി. ബാംഗ്ളൂരിൽ വരുമ്പോഴെല്ലാം അദ്ദേഹം ഞങ്ങളുടെ കൂടെ താമസിച്ച്‌ അനുഭവങ്ങൾ പങ്കുവയ്ക്കുമായിരുന്നു.

വി.എം. മാത്യുസാർ പ്രസിഡന്റായിരുന്ന അഖിലേന്ത്യാ പെന്തക്കോസ്തൽ പ്രസ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റന്മാരിൽ ഒരാളായി എന്നെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകാലംവരെ ആ പദവിയിൽ ഞാൻ തുടർന്നു.

വി.എം. മാത്യുസാറിന്റെ ഉത്സാഹത്തിൽ പ്രസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ വച്ച് ‘പത്രപ്രവർത്തകന്റെ സാമൂഹ്യ പ്രതിബദ്ധത’ എന്ന വിഷയത്തിൽ എൽ സാമും ഞാനും ഉപന്യാസങ്ങൾ അവതരിപ്പിച്ച് നടന്ന തുടർചർച്ചകൾ ഇപ്പോഴും എന്റെ സ്മരണകളിൽ പച്ചപിടിച്ചുകിടക്കുന്നു. പെന്തക്കോസ്തു പത്രപ്രവർത്തനത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാൻ അസാദ്ധ്യം. ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടായിരുന്ന ഒരു ക്രിസ്ത്യാനി.

എന്റെ ‘ചീന്തിയ മൂടുപടം’, ‘ശിഥിലചിന്തകൾ’, ‘ഇതാ രക്ഷകൻ’ എന്നീ കൃതികൾ ഗുഡ്ന്യൂസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്നതിനു പിന്നിൽ വി എം മാത്യുസാറായിരുന്നുവെന്ന സത്യം കൃതജ്ഞതയോടെ സ്മരിക്കുന്നു.

ന്യൂഡൽഹിയിൽ വെച്ചുനടന്ന അഖിലലോക പെന്തക്കൊസ്തു സമ്മേളനത്തിലും മാത്യുസാറും ഞാനും പങ്കെടുത്തത് സ്മരണയിൽ പൊങ്ങിവരുന്നു. ബ്രദർ സാജു മാത്യുവും പാസ്റ്റർ വർഗ്ഗീസ് മത്തായിയും അതേ വിഷയത്തിൽ ഉത്സുകരായിരുന്നു. പെന്തക്കൊസ്തു സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം കാംഷിച്ചു, തന്നാലാവുന്നവിധം പ്രയത്നിച്ചു.

ഭവനരഹിതർക്കും ഭവനങ്ങൾ നൽകാൻ അദ്ദേഹം ശ്രമിച്ചു. ജോർജ്ജു മത്തായി സി.പി.എ.യുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നടന്ന അഖിലലോക മലയാളി സമ്മേളനത്തിൽ മാത്യുസാർ പ്രധാന പങ്കുവഹിച്ചു. സഹപ്രവർത്തകരെ കരുതുവാൻ ബഹുമാനിക്കുവാൻ സ്നേഹിക്കുവാൻ മാതൃക കാട്ടിയ ആത്മീക നേതാവായിരുന്നു വി.എം. മാത്യുസാർ.

വി.എം. മാത്യുസാറിന്റെ പത്നി ചെല്ലമ്മറ്റീച്ചറിന്റെ സംസ്കാര ശുശ്രൂഷയിൽ ഡാളസിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചത് സ്മരിക്കുന്നു.

വി എം മാത്യുസാർ പിൻ തലമുറക്ക് നല്ല മാതൃക കാട്ടിയാണ് നിത്യതയിൽ പ്രവേശിച്ചത്.

അച്ചൻകുഞ്ഞ് ഇലന്തൂർ, സാം കുട്ടി ചാക്കൊ, കെ.എൻ. റസ്സൽ ആദിയായ സാഹിത്യകാരന്മാരെ പരിചയപ്പെടാൻ എനിക്ക് ഇടയായത് ഗുഡ്ന്യൂസ് ചെയര്‍മാന്‍ വി എം മാത്യുസാർ മുഖാന്തിരമായിരുന്നു.

എന്റെ സ്നേഹിതനും സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ ജയ് മോഹൻ അതിരുങ്കലിന് ക്രൈസ്തവചിന്ത കൊടുത്ത ‘വി.എം.മാത്യു’ അവാർഡിന് തികച്ചും അർഹനാണ്, അനുമോദനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!