
‘എല്ലാം ശരിയാക്കാനായി’ രക്ഷകനായി അവതരിച്ച പിണറായി വിജയന് അധികാരം ഏറ്റപ്പോള്‍ മുതല്‍ കേരളം കണ്ണീരിലാണ്. എല്ലാറ്റിനെയും ഒരുവിധം തരണം ചെയ്തപ്പോള്‍ അഴിമതിയുടെ കുരുക്കിലായി. തെളിയിക്കപ്പെടാത്തതാണ് ഈ ആരോപണങ്ങൾ എങ്കിലും ദുരൂഹത മാറുന്നില്ല.
‘ഓഖി’ ചുഴലിക്കാറ്റിലൂടെ ദുരന്തങ്ങള്‍ ആരംഭിക്കുകയായി. തീരദേശങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ചില്ലറയല്ല. അതില്‍നിന്നും കരകയറിയപ്പോള്‍ ‘നിപ്പ’ വൈറസ് എന്ന ഭീകരന് എത്തി. ഭംഗിയായി അതിനെ പ്രതിരോധിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും നിപ്പ അപ്രത്യക്ഷമാകുകയും ചെയ്തു.
പിന്നീടങ്ങോട്ട് കേരളം ദുരന്തഭൂമിയായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. 2018-ലെ മഹാപ്രളയം. കേരളം വെള്ളത്തിലാണ്ടുപോയി. ആഗസ്റ്റ് 15, 16, 17 തീയതികള്‍ ഭീതിയോടെയേ ഓര്‍ക്കാനാവൂ. അതിനെയും പിണറായി സര്‍ക്കാര്‍ അതിജീവിച്ചു. അന്ന് വീടും ഭൂമിയും നഷ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു കനിവും ഇന്നുവരെ കിട്ടിയിട്ടില്ല എന്ന ആരോപണവും നിലനില്ക്കുന്നു.
പിന്നാലെ 2019-ല്‍ വന്ന വെള്ളപ്പൊക്കവും കുറെപ്പേരെ ബാധിച്ചു. എങ്കിലും സര്‍ക്കാര്‍ ആവുന്നത്ര സഹായം പ്രളയബാധിതര്‍ക്കായി ചെയ്തു എന്നുതന്നെയാണ് പൊതുവേയുള്ള വിശ്വാസം.
പിന്നെ മഹാമാരിയായി ‘കൊറോണ’ വൈറസ് എത്തി.
ഈ കുറിപ്പ് എഴുതുമ്പോഴേക്കും 200-ലധികം ആളുകള്‍ മരിച്ചുകഴിഞ്ഞു. 20,000 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇപ്പോഴും കേരളം കൊറോണ ഭീകരതയുടെ പിടിയില്‍ തന്നെയാണ്. ഇതില്‍നിന്നും കേരളം എന്ന് മോചിതമാകും എന്നതിന് ഒരു എത്തൂം പിടിയുമില്ല.
സമ്പന്ന രാഷ്ട്രങ്ങളേക്കാള്‍ കേരളം കൊറോണ പ്രതിരോധത്തില്‍ മുമ്പിലെത്തിയത് ചെറിയ കാര്യമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയായി എന്നതും പിണറായി സര്‍ക്കാരിന് കിട്ടിയ തങ്കച്ചാര്ത്ത് തന്നെയാണ്.
ജലീല്‍ ആള് പിശകാണ് കേട്ടോ. ഇടതുപക്ഷ മതേതര വീക്ഷണത്തിനൊത്ത് നീങ്ങാന്‍ ജലീലിന് ആവില്ല. ഉള്ളിന്റെയുള്ളില്‍ ലീഗിന്റെ ഇത്തിരി തീപ്പൊരി അണയാതെ കിടപ്പുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റ്-സ്വപ്ന കൂട്ടുകെട്ട്, ഖുറാന് ഇറക്കുമതിയൊക്കെ ജലീലിന് വിനയാവാതിരുന്നാല് ഭാഗ്യം.
കോഴിക്കോട് വിമാനാപകടവും കേരളത്തെ പിടിച്ചുകുലുക്കി. ഭരണത്തിന്റെ കുഴപ്പമല്ലല്ലോ ഇത്. പക്ഷേ സര്‍ക്കാര്‍ ഓരോ സംഭവങ്ങളേയും അതിജീവിച്ച് ശ്വാസം വിടാന്‍ തുടങ്ങുമ്പോഴേക്കും അടുത്ത ദുരന്തം എത്തുകയായി.
ഇതിനിടയില്‍ ലൈഫ് മിഷനും വിവാദമായി. ലക്ഷങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വാര്‍ക്ക വീടുകള്‍ നിര്‍മ്മിച്ചു നല്കിയ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനത്തിന്റെ ശോഭയെ റെഡ് ക്രസന്റ് കെടുത്തി. സര്‍ക്കാരിന് ഇതില്‍ നഷ്ടമില്ലായിരിക്കാം. യു.എ.ഇ. സര്‍ക്കാരിന്റെ പണമാണ്.
പക്ഷേ കേരളത്തിന്റെ ഭരണ വകുപ്പുകളിലൂടെയാണല്ലോ ഈ തുകയുടെ വിനിയോഗം നടക്കുക. എഫ്.സി.ആര്.എ. പ്രകാരം വന്ന തുക കേരളത്തിന്റെ അക്കൗണ്ടിലൂടെയാണല്ലോ വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മ്മാതാക്കളായ യൂണിടാക്-കാരുടെ കൈകളില്‍ എത്തിയത്. അതവിടെ നിന്നാണ് മദ്ധ്യസ്ഥന്മാരായ കോണ്‍സുലേറ്റ് വീരന്മാരുടെ കൈകളില്‍ കമ്മീഷന് ആയി എത്തിയത്. അത് കമ്മീഷന് അല്ല, കോഴയാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇതിനിടയില്‍ ഇടിത്തീ പോലെയെത്തി രാജമല-പെട്ടിമുടി ദുരന്തം. 68 പേരുടെ ദാരുണമായ മരണം. കോടികളുടെ നഷ്ടം ഖജനാവിന്. മരണപ്പെട്ടവരുടെ ആശ്രതരുടെ ദുഃഖം അതിലും വലുത്.
നാലു വര്‍ഷത്തെ ഭരണത്തിനിടെ വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് കയറ്റിക്കൊണ്ട് ‘സോഷ്യലിസ’വും സര്‍ക്കാര്‍ നടപ്പിലാക്കി.
ഇടതിന് ജയിച്ച് അധികാരത്തില്‍ വരാന്‍ പറ്റുന്ന രീതിയില്‍ ന്യൂനപക്ഷ സമൂഹങ്ങളെ പാകപ്പെടുത്തിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ അപ്പാടെ മറക്കാനും ഈ സര്‍ക്കാരിന് മടിയുണ്ടായില്ല.
എന്തായാലും പിണറായി യുഗം തുടങ്ങിയ അന്നു മുതല്‍ കേരളം വറചട്ടിയില്‍ നിന്നും എരിതീയിലെത്തിയതു പോലെയായി. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നുവത്രേ. നയാപൈസ ഇല്ല. വികസനം ഇപ്പോള്‍ ‘ശമ്പളവും പെന്‍ഷനും’ കൊടുക്കുന്നതാണ്.
നിരീശ്വരവാദികള്‍ അധികാരത്തില്‍ വന്നാല്‍ ഇങ്ങനെ വരും എന്ന ട്രോള്‍ കണ്ടപ്പോള്‍ മറുചോദ്യവും മനസ്സില്‍ വന്നു.
ദൈവവിശ്വാസികള്‍ ഭരിക്കുന്ന അമേരിക്കയിലെ ‘കൊറോണ’യുടെ ബാക്കിപത്രവും ഉമ്മന്‍ചാണ്ടിയുടെ മുന്‍കാല ഭരണവും കൂടി ദൈവവിശ്വാസവുമായി കൂട്ടിയിണക്കേണ്ടി വരുന്നു. രണ്ടുപേരും ദൈവവിശ്വാസികള്‍ ആണല്ലോ.
‘എല്ലാം ശരിയാക്കാം’ എന്നു പറഞ്ഞ് അധികാരത്തില്‍ വന്നവരുടെ ചെയ്തികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേതിനേക്കാള്‍ ഭയാനകമാണ്. അതുകൊണ്ട് പിണറായി യുഗത്തില്‍ എന്തോ ഒരു ‘പോരായ്മ’ ഉണ്ട് എന്നത് സത്യവുമാണ്.






















































































































വസ്തു നിഷ്ടമായ ചില സത്യങ്ങൾ ആണ് പിണറായി യുഗം എന്ന ലേഖനത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത്.അഭിനന്ദനങ്ങൾ