ഗുഡ്‌ന്യൂസില്‍ നിന്ന് ശമ്പളം വാങ്ങി പുറത്തിറങ്ങി ഞാന്‍ കരഞ്ഞു

ഗുഡ്‌ന്യൂസില്‍ നിന്ന് ശമ്പളം വാങ്ങി പുറത്തിറങ്ങി ഞാന്‍ കരഞ്ഞു

അര്‍ദ്ധസത്യങ്ങളും അവ്യക്തത നിറഞ്ഞതുമായ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി വിടുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാനാകുന്നില്ല. ‘ആയിരങ്ങളുടെ കൂട്ടായ്മയുടെ ഫലമാണ് ഗുഡ്‌ന്യൂസ്’ എന്ന ശീര്‍ഷകത്തില്‍ ഗുഡ്‌ന്യൂസ് എഡിറ്റര്‍ സി.വി. മാത്യു എഴുതിയ കുറിപ്പാണ് ഈ പ്രതികരണത്തിനാധാരം.

ഓണ്‍ലൈന്‍ എഡിഷനിലാണ് ഇടയ്‌ക്കൊക്കെ എഡിറ്ററുടെ ഓര്‍മ്മ പ്രത്യക്ഷപ്പെടുന്നത്. ‘ആയിരങ്ങളുടെ കൂട്ടായ്മ’ എന്ന വാക്കിന് എന്തര്‍ത്ഥമാണ് സി.വി. മാത്യു കല്പിച്ചിരിക്കുന്നത്? അദ്ദേഹത്തിന്റെ ഈ ബോദ്ധ്യം ആത്മാര്‍ത്ഥതയോടെ ഉള്ളതാണോ?

ഗുഡ്‌ന്യൂസിനു വേണ്ടി ഓടിനടന്ന ഒരാളെയും അത്മാര്‍ത്ഥതയോടെ സ്‌നേഹിക്കാനാകാതെ, ഉള്ളില്‍പകയും വിദ്വേഷവും കുത്തിനിറച്ചു കൊണ്ടുനടന്നിട്ട് എന്തിനാണ് ഈ ‘ആയിരങ്ങളുടെ കൂട്ടായ്മ’ എന്ന വാചകമടി.

ഗുഡ്‌ന്യൂസിനെ ആത്മാര്‍ത്ഥമായി നെഞ്ചിലേറ്റിയ കുറെ പ്രതിനിധികളുണ്ടായിരുന്നു പണ്ട്. അവരില്‍ ചിലര്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. എട്ട് വര്‍ഷം കേരളം മുഴുവന്‍ ഊരുചുറ്റി നടന്ന് ഞാന്‍ കണ്ടെത്തി നിയമിച്ച പ്രതിനിധികളാണ് അവര്‍.
ജില്ലകള്‍തോറും സഞ്ചരിച്ച് പ്രതിനിധികളെ കണ്ടെത്തണം,

വരിക്കാരെ ചേര്‍ക്കണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്‍ക്വയറി നടത്തണം എന്നിവയാണ് വി.എം.മാത്യു സാര്‍ എന്നെ ഏല്‍പ്പിച്ച ജോലികള്‍. ഇതിന് ഓരോന്നിനും വേണ്ടി ചെയ്ത പ്രയത്‌നങ്ങള്‍ എഴുതാന്‍ പുസ്തകങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ അതിന് മുതിരുന്നില്ല.

‘ആയിരങ്ങളുടെ കൂട്ടായ്മ’യില്‍ വളര്‍ന്നതാണല്ലോ ഗുഡ്‌ന്യൂസ്. ആയിരങ്ങളില്‍ ഞാനും കണ്ടേക്കാം. ആ എനിക്കുണ്ടായ ഒരനുഭവം മാത്രം ഇപ്പോള്‍ കുറിക്കാം.

1989-90 മുതലാണ് ഗുഡ്‌ന്യൂസിനു വേണ്ടി കുമ്പനാട് കണ്‍വന്‍ഷന്‍ പരിസരത്തിരുന്ന് ഞാന്‍ പണം പിരിക്കാന്‍ തുടങ്ങിയത്. കുമ്പനാട് ഐ.പി.സി. ഹെബ്രോന്‍ പഴയ ചാപ്പലിന്റെ പൊക്കമുള്ള വരാന്തയിലായിരുന്നു ഗുഡ്‌ന്യൂസ് സ്റ്റാള്‍. വി.എം. മാത്യു സാര്‍ സ്റ്റാളിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചതോടെ പണം കൃത്യമായി എണ്ണി സൂക്ഷിക്കേണ്ട ചുമതല എനിക്കായി. ചെലവുകളും എഴുതി സൂക്ഷിക്കണം.

ഇടയ്ക്ക് ഒരു കാര്യം കൂടി പറഞ്ഞോട്ടെ, കുമ്പനാട് കണ്‍വന്‍ഷന്‍ കഴിഞ്ഞ് രാത്രികാലങ്ങളില്‍ അവിടെ താമസിക്കാന്‍ വേണ്ടി അനുഭവിക്കുന്ന വിഷമതകള്‍ ചില്ലറയല്ല. സ്റ്റാള്‍ പൂട്ടി പണം എണ്ണി തിട്ടപ്പെടുത്തി ബാഗിലാക്കി ഹെബ്രോന്‍ വരാന്തയുടെ പടിയിറങ്ങുമ്പോള്‍ പാതിരായാവും.

അപ്പോഴേക്കും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയവരെല്ലാം പോയിക്കഴിഞ്ഞിരിക്കും. എവിടെ പോയി കിടക്കും എന്ന് വിഷമതയോടെ നോക്കിനിന്ന നാളുകള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ഏക ആശ്രയം ചര്‍ച്ച് ഓഫ് ഗോഡ് ഹാളാണ്. ബുധനാഴ്ചയാകുമ്പോള്‍ അവിടവും നിറഞ്ഞു കഴിഞ്ഞിരിക്കും. ഒരിക്കല്‍ സാം പി. ജോസഫ് തന്റെ തുരുത്തിക്കാട് സഭാ ഹാളില്‍ എന്നെ ബൈക്കില്‍ കൊണ്ടുപോയി തലചായ്ക്കാനിടം തന്നത് ഓര്‍മ്മയുണ്ട്.

ചില വര്‍ഷങ്ങളില്‍ ജെയിംസ് രെഹബോത്ത് തന്റെ ബുള്ളറ്റില്‍ എന്നെ ഓതറയില്‍ തന്റെ വീട്ടില്‍ കൊണ്ടുപോയിരുന്നു. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി കൊണ്ടുപോയ ശേഷം അവസാനമായി എന്നെ വന്നു കൊണ്ടുപോകും. കണ്‍വന്‍ഷന്‍ തീരുന്നതിനു മുമ്പ് സ്റ്റാളില്‍ വന്ന് കളക്ഷന്‍ വാങ്ങി ഗുഡ്‌ന്യൂസ് മുതലാളിമാര്‍ മുങ്ങും. എവിടെയാണ് താമസിക്കുന്നതെന്ന് 8 വര്‍ഷം തുടര്‍ച്ചയായി സ്റ്റാളിലിരുന്ന എന്നോട് ചോദിച്ചിട്ടില്ല. രാവിലത്തെ മലമൂത്രവിസര്‍ജ്ജനത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലും ചര്‍ച്ച് ഓഫ് ഗോഡ് ഹാളിലെ താമസവും ഇന്നും ഓര്‍ക്കാന്‍ വയ്യ.

ഇന്ന് എണ്ണിയാലൊടുങ്ങാത്ത സുഹൃത്തുക്കളെ ദൈവം തന്നിട്ടുണ്ട്. താമസിക്കാന്‍ തിരുവല്ലയിലെ ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ നിരവധി എയര്‍കണ്ടീഷന്‍ഡ് വീടുകള്‍ ഉണ്ട്. യോഗം കഴിഞ്ഞ് വിളിക്കുന്ന വീടുകളിലെല്ലാം താമസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.
പറഞ്ഞുവന്നത് കുമ്പനാട് കണ്‍വന്‍ഷന്‍ കളക്ഷനെക്കുറിച്ചാണ്. എന്റെ കൂടെ രസീത് എഴുതാന്‍ പ്രതിനിധികളായ ചില യുവാക്കളും ഉണ്ടാകും. എല്ലാവരുടെയും ഭക്ഷണം, വെള്ളം, വൈകിട്ടത്തെ സ്‌നാക്‌സ്, മേശയുടെ വാടക, ലൈറ്റിന്റെ വാടക എല്ലാം സ്റ്റാളിന്റെ ചെലവില്‍ എഴുതിക്കൊള്ളണമെന്നാണ് വി.എം.മാത്യു സാറിന്റെ നിര്‍ദ്ദേശം. മതിലിന് മുകളിലൂടെ കുമ്പിളു കുത്തി നിറച്ചു തരുന്ന ചൂടുള്ള കടലയു വാങ്ങി കൊറിക്കും. പക്ഷേ എല്ലാറ്റിനും നയാപൈസ തെറ്റുവരാതെയുള്ള കണക്കുമുണ്ടാകും. 8 ദിവസത്തെ കണ്‍വന്‍ഷന്‍ കഴിഞ്ഞ് ഞാന്‍ ഞായറാഴ്ച ഉച്ചയ്ക്കു തന്നെ തിരുവല്ലയില്‍ നിന്ന് മുണ്ടക്കയത്തേക്ക് വണ്ടി കയറും.

ഒരു കണ്‍വന്‍ഷന് (1995 ആകാനാണ് സാദ്ധ്യത) ഞാന്‍ കണക്കുകള്‍ കൂട്ടിനോക്കിയപ്പോള്‍ 279 രൂപ കാണാനില്ല. അന്ന് മത്സരത്തിന് മറ്റു പത്രങ്ങള്‍ കാര്യമായി ഇല്ലാത്ത സമയമാണ്. വരിസംഖ്യ 50-ല്‍ താഴെയായിരുന്നിട്ടും ഒന്നര ലക്ഷം രൂപാ കളക്ഷന്‍ ഉണ്ടായിരുന്നു. തിരിച്ചും മറിച്ചും നോക്കിയിട്ടും 279 രൂപാ കാണാനില്ല.
മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. ഇന്നത്തെപ്പോലെ ഹെബ്രോന്റെ മുമ്പില്‍ ടൈല്‍സ് വിരിച്ചിട്ടില്ല. സഹിക്കാനാകാത്ത പൊടിപടലമാണ് പരിസരമാകെ. രാവിലെ 7.30-ന് സ്റ്റാള്‍ തുറന്നാല്‍ രാത്രി 11 കഴിഞ്ഞേ അടയ്ക്കാന്‍ പറ്റൂ. 8 ദിവസങ്ങള്‍ കഴിയുമ്പോള്‍ പനിയും ജലദോഷവുമായിട്ടാണ് ഹെബ്രോന്‍ വിടുക.

തിരക്കിനിടയില്‍ 279 രൂപയുടെ ചെലവ് കണ്ടെത്താനായില്ല. പലരും ഇരുന്നിട്ടുമുണ്ട് സ്റ്റാളില്‍. അവര്‍ ചെലവാക്കിയത് എന്നോട് പറയാന്‍ വിട്ടുപോയതും ആകാം. വരവ് ഇത്ര, ചെലവ് ഇത്ര, മിസ്സായത് 279 രൂപ – ഇങ്ങനെയൊരു കണക്കെഴുതി ബഹുമാനപ്പെട്ട എഡിറ്റര്‍ വശം ചൊവ്വാഴ്ച കൊടുത്തിട്ട് ഞാന്‍ കഞ്ഞിക്കുഴി ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസിലേക്കു പോയി. എനിക്ക് ചൊവ്വാഴ്ച ചാരിറ്റി ഓഫീസിലും വ്യാഴാഴ്ച ഗുഡ്‌ന്യൂസ് ഓഫീസില്‍ എഡിറ്റിംഗ് ജോലികളുമാണ് വിധിച്ചിരുന്നത്. ബാക്കി ദിവസങ്ങള്‍ ഫീല്‍ഡില്‍.

മാസാവസാനം എനിക്ക് ശമ്പളം കിട്ടി. ഗുഡ്‌ന്യൂസില്‍ നിന്ന് 750 രൂപയും, ചാരിറ്റി ഓഫീസില്‍ നിന്ന് 150 രൂപയും. ഇതാണ് ശമ്പളം. അതില്‍ പരിഭവമില്ല. കാരണം അന്നത്രയും തരാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ എന്നാണ് ഗുഡ്‌ന്യൂസ് മാനേജ്‌മെന്റിന്റെ ഭാഷ്യം.

മാസാവസാനം എനിക്കു കിട്ടിയ ശമ്പളം വാങ്ങി എണ്ണി നോക്കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ആരും കാണാതെ വെളിയിലിറങ്ങി കരഞ്ഞു. എന്റെ ശമ്പളത്തില്‍ നിന്നും 279 രൂപാ പിടിച്ചിരിക്കുന്നു!

ബാക്കി എഴുതി മുഴുമിപ്പിക്കാനാകാത്തതു കൊണ്ട് ഞാന്‍ തല്‍ക്കാലം അവസാനിപ്പിക്കുന്നു.

-കെ.എൻ. റസ്സൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!