പാസ്റ്റര്‍ ടി.ജി. കോശി: അപൂര്‍വ്വ  സ്വഭാവത്തിനുടമ

പാസ്റ്റര്‍ ടി.ജി. കോശി: അപൂര്‍വ്വ സ്വഭാവത്തിനുടമ

അറുപതുകളില്‍ ശാരോന്‍ സഭകള്‍ ആരംഭിക്കുമ്പോള്‍ ഉള്ള ചുരുക്കം ചില സഭകളില്‍ ഒന്നായിരുന്നു തൃക്കണ്ണമംഗല്‍ ശാരോന്‍ സഭ. അന്ന് പെന്തക്കോസ്തു പൂര്‍ണ്ണ സുവിശേഷ (സ്വതന്ത്ര) ദൈവസഭ എന്നറിയപ്പെട്ടിരുന്ന പ്രസ്ഥാനം ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ആയി നാമകരണം ചെയ്യപ്പെട്ടത് എഴുപതുകളിലാണ്.

അമ്പതുകളുടെ അന്ത്യത്തില്‍ ജനിച്ച എനിക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍ പാസ്റ്റര്‍ ടി.ജി. കോശി(കുഞ്ഞുമോന്‍ അച്ചായന്‍)യും പാസ്റ്റര്‍ പി.ജി.ജേക്കബും (തങ്കച്ചായനും) പല ശുശ്രൂഷകള്‍ക്കായി തൃക്കണ്ണമംഗല്‍ സഭയില്‍ വരാറുണ്ടായിരുന്നു. പ്രത്യേകിച്ച് സണ്ടേസ്‌കൂള്‍, സി.ഇ.എം. വാര്‍ഷിക യോഗങ്ങളില്‍ അദ്ധ്യക്ഷനായിരുന്നത് കോശിസാറായിരുന്നു. അത്തരം യോഗങ്ങളില്‍ ഈ ലേഖകന്‍ ഓരോ പ്രോഗ്രാം അവതരിപ്പിച്ചു കഴിയുമ്പോള്‍ മുക്തകണ്ഠം പ്രശംസിക്കുമായിരുന്നു. അല്പംകൂടി കഴിഞ്ഞപ്പോള്‍ സി.ഇ.എം. ജില്ലാ ജനറല്‍ ക്യാമ്പുകളിലും അത് തുടര്‍ന്നു.

ഹരിയാനയിലെ പാനിപ്പട്ടില്‍ ജോലിയോടുള്ള ബന്ധത്തിലായിരുന്ന എന്റെ ജ്യേഷ്ഠസഹോദരന്‍ അസുഖമായി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കുവാനായാണ് എഴുപതുകളുടെ അന്ത്യത്തില്‍ ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. അപ്പോഴേക്കും ഡല്‍ഹിയില്‍ ശാരോന്‍ സഭ ആരംഭിച്ചിരുന്നെങ്കിലും ജ്യേഷ്ഠനെ ആശുപത്രിയിലാക്കിയതും തുടര്‍ന്നുള്ള എല്ലാ സഹകരണങ്ങളും ചെയ്തതും ഇന്ന് നിത്യതയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍ കെ.ടി. തോമസ് ശുശ്രൂഷിച്ചിരുന്ന ഗ്രീന്‍ പാര്‍ക്ക് ഐ.പി.സി. ചര്‍ച്ച് ആയിരുന്നു.

1978 ഡിസംബര്‍ ഒന്നിന് നിത്യതയില്‍ പ്രവേശിച്ച ജ്യേഷ്ഠന്റെ മരണാനന്തര ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചതും ഗ്രീന്‍ പാര്‍ക്ക് ഐ.പി.സി. ചര്‍ച്ച് ആയിരുന്നതിനാല്‍ 1985-ല്‍ സൗദിഅറേബ്യയിലേക്ക് ജോലിക്കായി പോകുംവരെയും ഞാന്‍ അവിടെത്തന്നെ ആയിരുന്നു. പാസ്റ്റര്‍ കെ.റ്റി.തോമസും കുടുംബവും നാട്ടില്‍ വച്ചേ പരിചയക്കാരായിരുന്നു. എന്നാല്‍ കണ്‍വന്‍ഷനും മറ്റുമായി പ്രിയ കുഞ്ഞുമോന്‍ അച്ചായനും തങ്കച്ചായനും ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം പോയി കാണുകയും മീറ്റിംഗുകളില്‍ സംബന്ധിക്കുകയും സ്‌നേഹം പങ്കിടുകയും ചെയ്യുമായിരുന്നു.

1988 ഫെബ്രുവരിയില്‍ നടന്ന ഞങ്ങളുടെ വിവാഹശുശ്രൂഷ ആശീര്‍വദിക്കുവാന്‍ തനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമേരിക്കയിലായിരുന്നതിനാല്‍ അത് സാധിച്ചില്ല. എന്നാല്‍ ഞങ്ങളുടെ നാലു മക്കളില്‍ മൂന്നു പേരുടെയും ശിശുപ്രതിഷ്ഠ നടത്തിയത് അദ്ദേഹമായിരുന്നു. 1996-ല്‍ തിരുവല്ല ശാരോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് ശാരോന്‍ തോമാച്ചായന്റെ സാന്നിദ്ധ്യത്തില്‍ എനിക്ക് ഓര്‍ഡിനേഷന്‍ നല്‍കിയതും പാസ്റ്റര്‍ ടി.ജി. കോശിയായിരുന്നു.

2001-ല്‍ ഞങ്ങള്‍ അമേരിക്കയില്‍ എത്തിയ ശേഷമാണ് അദ്ദഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ഇടയായത്. അമേരിക്കയിലെ ടെന്നസ്സി സ്റ്റേറ്റിലുള്ള മെംഫിസ് പട്ടണത്തിലായിരിക്കുന്ന ഞങ്ങള്‍ക്ക് ഒരു ദിവസം കോശി സാറില്‍ നിന്നും ഒരു ഫോണ്‍കാള്‍. ”ഞാന്‍ ഇവിടെ ലിറ്റില്‍ റോക്കിനടുത്ത് ബിസ്‌കോ എന്ന സ്ഥലത്തുണ്ട്. ഇവിടെ വരെ ഒന്നു വന്നിരുന്നെങ്കില്‍ കാണാമായിരുന്നു.” ഞങ്ങള്‍ ഇവിടെ എത്തിയിട്ട് അധികനാളായിട്ടില്ല. ഹൈവേ ഡ്രൈവ് ചെയ്തിട്ടില്ല. ഈ ബിസ്‌കോ എന്ന സ്ഥലത്തെക്കുറിച്ച് ഒരു പിടിയുമില്ല. ഫോണിന്റെ അപ്പുറത്തു നിന്നും അഡ്രസ്സ് പറഞ്ഞുതരുന്ന വ്യക്തി പറയുന്നതൊന്നും മനസ്സിലാകുന്നില്ല. I 40, Exit 210 എന്നു മാത്രം പിടികിട്ടി.

എന്തായാലും മൂന്ന് വയസ്സുണ്ടായിരുന്ന മകനെയും കൂട്ടി ധൈര്യമവലംബിച്ച് യാത്രയായി. പറഞ്ഞുതന്ന ലൊക്കേഷന്‍ നോക്കി ചെല്ലുമ്പോള്‍ ഇതാ മുറ്റത്ത് ടി.ജി. കോശിസാര്‍ എന്നെയും കാത്ത് നില്‍ക്കുന്നു. അദ്ദേഹത്തേയും കൂട്ടി തിരിച്ച് യാത്രയായി.
പിന്നീടങ്ങോട്ടുള്ള മിക്കവാറും എല്ലാ യാത്രകളിലും ഇതു തന്നെയായിരുന്നു പതിവ്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ ലഭിച്ചിരുന്ന അഞ്ച് മണിക്കൂറോളം സമയം ഞങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ സംസാരിച്ചു. യോജിപ്പുകള്‍, വിയോജിപ്പുകള്‍, തിരുത്തലുകള്‍, പ്രോത്സാഹനങ്ങള്‍, സന്തോഷങ്ങള്‍, സങ്കടങ്ങള്‍, വെല്ലുവിളികള്‍, നിലപാടുകള്‍ അങ്ങനെ എല്ലാം എല്ലാം.

ഇനി അദ്ദേഹം എന്നെ സ്വാധീനിച്ച ചില കാര്യങ്ങളാണ് എഴുതാനുള്ളത്. ആദ്യമായി മെംഫിസിലെ വീട്ടിലെത്തിയ അദ്ദേഹത്തിന്റെ ഭാരമേറിയ സ്യൂട്ട്‌കേസ് അദ്ദേഹം തന്നെ വണ്ടിയില്‍ നിന്നും എടുത്ത് വീട്ടിലെത്തിച്ചു. ഞാന്‍ സഹായത്തിനായി ഓടിച്ചെന്നപ്പോള്‍ സ്‌നേഹത്തോടെ നിരസിച്ചുകൊണ്ട് പറഞ്ഞു: ”ഇപ്പോള്‍ എനിക്ക് ഇതിന് ആരോഗ്യമുണ്ട്. അതില്ലാതെ വരുമ്പോള്‍ ചെയ്താല്‍ മതി. രണ്ടു കിലോ പോലും ഭാരമില്ലാത്ത ചെറിയ ബാഗും പിടിച്ചുകൊണ്ട് വലിയ അപ്പച്ചന്‍ ഉപദേശിമാരുടെ പുറകേ പോകുന്ന കൊച്ച് ഉപദേശിമാരെ കണ്ട് പരിചയമുള്ള എനിക്ക് ഇത് വളരെ ആശ്ചര്യമായി തോന്നി. മാത്രവുമല്ല, അടുത്തകാലം വരെ വീട്ടില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കായി ഇരിക്കുമ്പോള്‍ തറയില്‍ ഇറങ്ങി ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന കുഞ്ഞുമോന്‍ അച്ചായനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇതില്‍നിന്നൊക്കെ തന്റെ താഴ്മയാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

തന്റെ കൈയിലെത്തുന്ന ഓരോ ഡോളറിനെക്കുറിച്ചും താന്‍ എത്രമാത്രം വിശ്വസ്തനായിരുന്നു എന്നുള്ളതിന് മറ്റൊരു ഉദാഹരണം. അദ്ദേഹം ഒരു പ്രമേഹരോഗിയായിരുന്നു. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ കഴിക്കുവാനായി കാന്‍ഡി ബാര്‍ വാങ്ങുവാനായി ഞങ്ങള്‍ വാള്‍മാര്‍ട്ടില്‍ പോയി. അവിടെ ഒരു കാന്‍ഡിബാറിന് വില 48 സെന്റ്‌സ്. ”എനിക്ക് മറ്റൊരിടത്തു നിന്ന് 25 സെന്റ്‌സിനു കിട്ടിയല്ലോ” എന്നു പറഞ്ഞ് ഞങ്ങള്‍ അവിടെ മുഴുവന്‍ പരതി. നിരാശയായിരുന്നു ഫലം. അവസാനം 48 സെന്റ്‌സിന്റെ കാന്‍ഡിബാര്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്നു.

അദ്ദേഹത്തിന്റെ സ്‌നേഹവും കരുണയും രുചിച്ചറിഞ്ഞ നാളുകള്‍. 2019 ആദ്യം ഏകദേശം രണ്ടു മാസത്തോളം രോഗിയായി ഞാന്‍ ഭവനത്തിലായിരുന്നു. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും വിളിച്ച് രോഗവിവരങ്ങള്‍ അന്വേഷിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതായി പറയുകയും ചെയ്തിരുന്നു. മറ്റാരില്‍ നിന്നും ലഭിക്കാത്ത സ്‌നേഹവും കരുതലും അദ്ദേഹത്തില്‍ നിന്നും ലഭി്ച്ചിരുന്നു.

ലോകത്തെവിടെയായിരുന്നാലും, എവിടെയെങ്കിലും ഒരു ശാരോന്‍ വിശ്വാസി മരിച്ചെന്നറിഞ്ഞാല്‍ ഉടന്‍തന്നെ അടുത്ത ബന്ധുക്കളുടെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് അവരെ വിളിച്ച് ആശ്വസിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. മറ്റാരിലും കാണാത്ത അപൂര്‍വ്വസ്വഭാവത്തിനുടമയായിരുന്നു.

ഏതു ഭവനത്തില്‍ ചെന്നാലും കൊച്ചുകുഞ്ഞുങ്ങളെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കി വച്ചാലും മിതമായി മാത്രം ഭക്ഷിക്കുന്ന സ്വഭാവക്കാരനായിരുന്നു. എങ്ങനെ പറഞ്ഞാലും കോശി സാറിന് പകരം കോശി സാര്‍ മാത്രം.

പുറമെ വലിയ ഗൗരവക്കാരനായി തോന്നുമെങ്കിലും അദ്ദേഹത്തെ അടുത്തറിഞ്ഞ ഒരു വ്യക്തിക്ക് ജീവിതത്തില്‍ അദ്ദേഹത്തെ മറക്കുവാന്‍ കഴിയില്ല. അദ്ദേഹത്തെപ്പോലെയുള്ള ഒരു വ്യക്തിത്വത്തെ ഇനി ജീവിതത്തില്‍ കാണുവാന്‍ കഴിയുമെന്നും തോന്നുന്നില്ല. ശബ്ദമുയര്‍ത്താതെ തന്നെ തന്റെ വിയോജിപ്പുകള്‍ ശക്തമായി പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഇനിയും എഴുതുവാന്‍ ഒട്ടേറെയുണ്ട്.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെയും സഭാംഗങ്ങളെയും കര്‍ത്താവ് ആശ്വസിപ്പിക്കട്ടെ.


പാസ്റ്റര്‍ ബാബു തോമസ്
വൈസ്പ്രസിഡന്റ്, SFCNA മെംഫിസ്, ടെന്നസ്സി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!