ബര്‍മ്മിംഗ്ഹാമില്‍ നിന്നും മാഞ്ചസ്റ്ററിനെ ലക്ഷ്യമാക്കി ഞങ്ങളുടെ നാഷണല്‍ എക്സ്പ്രസ് ബസ് കുതിച്ചുകൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സ് ബാലകാലസ്മരണകളിലൂടെ ഊളിയിട്ടു. പ്രകൃതിരമണീയമായ കാഴ്ച ആസ്വദിച്ച് പ്രസന്നതയോടെ ഞാന്‍ ഇരുന്നു. എങ്കിലും ഇടയ്ക്ക് എന്റെ ബാല്യകാലം ഓര്‍ത്തപ്പോള്‍ ഞാനറിയാതെ നെടുവീര്‍പ്പിട്ടുപോയി.
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും പിന്നെയും പിന്നെയും പുറ്റടി എന്ന ഗ്രാമം മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടു മനസ്സില്‍ വന്നു നില്ക്കും.ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാവുന്ന സെമിത്തേരികള്‍ ബര്‍മ്മിംഗ്ഹാം – മാഞ്ചസ്റ്റര്‍ റൂട്ടിലും കണ്ടു. കിലോമീറ്ററുകളോളം നീളത്തില്‍ ഇടതുവശത്തായി പല വലിപ്പത്തിലും നിറങ്ങളിലുമുള്ള കുരിശുകള്‍ അടുത്തടുത്തായി നാട്ടിയിരിക്കുന്നു.

മനോഹരമായി പൂത്തുലഞ്ഞു നില്ക്കുന്ന പൂന്തോട്ടമാണെന്നേ ഈ സ്ഥലം കണ്ടാല്‍ തോന്നൂ. എന്നാല്‍ കുരിശുകളുടെ നീണ്ടനിരകളാണ് സെമിത്തേരിയാണെന്ന ബോധം നമ്മളില്‍ ഉണര്‍ത്തുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലത്തില്‍ മരിച്ച ബ്രിട്ടീഷ് പട്ടാളക്കാരെ അടക്കിയിട്ടുള്ള ശവകുടീരങ്ങളാണ് ഇതില്‍ ഏറെയും. 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനിലെ ഒരു വീട്ടില്‍ ഒരു ആളെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യകക്ഷികളും, ജര്‍മ്മനി ഇറ്റലി, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട അച്ചുതണ്ടു ശക്തികളുമായി ആറു വര്‍ഷം നീണ്ടുനിന്ന യുദ്ധമാണ് രണ്ടാം ലോക മഹായുദ്ധം. ഇതിനിടയ്ക്ക് 1940-41-ല്‍ ജര്‍മ്മനിയുടെ അധിപന് ഹിറ്റ്ലര്‍ ബ്രിട്ടന്റെ യുദ്ധക്കപ്പലുകളെ മുക്കിയും, ആകാശം വഴി ബോംബ് വര്‍ഷിച്ചും ബ്രിട്ടന്റെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമിച്ചു.
54 ബ്രിട്ടീഷ് കപ്പലുകളെയാണ് ഹിറ്റ്ലറുടെ പടയാളികള്‍ തകര്‍ത്തത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ജര്‍മ്മനിയുടെ വിമാനങ്ങളെ തുരുതുരെ വെടിവച്ചു വീഴ്ത്തിക്കൊണ്ടും, ജര്‍മ്മന്റെ മര്‍മ്മപ്രധാന സ്ഥാനങ്ങളില്‍ പ്രത്യാക്രമണം നടത്തിക്കൊണ്ടും ബ്രിട്ടന് മുന്നേറിയതോടെ അച്ചുതണ്ട് ശക്തികളുടെ ബലം ക്ഷയിച്ചു തുടങ്ങി.
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്ന നേതാവ് ബ്രിട്ടന്റെ ഭരണകര്‍ത്താവായി രംഗത്തു വന്നതോടെ ബ്രിട്ടന് സടകുടഞ്ഞെഴുന്നേല്ക്കുകയായിരുന്നു.
ഇതുവരെയും യുദ്ധരംഗത്ത് കാര്യമായി പ്രത്യക്ഷപ്പെടാതിരുന്ന അമേരിക്ക പോള്‍ ഹാര്‍ബര്‍ സംഭവത്തോടെ സഖ്യകക്ഷികളുടെ നായകനായി മാറി. അമേരിക്കന്‍ നാവിക സങ്കേതമായ പോള്‍ ഹാര്‍ബറും, ബ്രിട്ടീഷ് യുദ്ധക്കപ്പലായ ‘പ്രിന്‍സ് ഓഫ് വേല്‍സും’ ജപ്പാന് ബോംബിട്ടു തകര്‍ത്തതോടെ അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഈ യുദ്ധത്തിന്റെ ആദ്യകാലങ്ങളില്‍ വിജയം അച്ചുതണ്ടു ശക്തികള്ക്കായിരുന്നെങ്കിലും, ക്രമേണ സഖ്യകക്ഷികള്‍ വിജയത്തിലെത്തുകയായിരുന്നു.
ബ്രിട്ടന് രണ്ടാം ലോക മഹായുദ്ധത്തില്‍ വിജയം കൈവരിക്കുമ്പോഴേക്കും ഒരു പുരുഷന് എങ്കിലും മരിക്കാത്ത വീടുകള്‍ ഇംഗ്ലണ്ടില്‍ ഇല്ലെന്നായി. പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടെ എണ്ണത്തേക്കാള്‍ ഗണ്യമായി കുറഞ്ഞു. സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനാവശ്യമായ പുരുഷന്മാര് പോലും ഇംഗ്ലണ്ടില്‍ ഇല്ലെന്ന അവസ്ഥ സംജാതമായി. അതോടെ അന്യരാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ ബ്രിട്ടനിലേക്ക് കുടിയേറിത്തുടങ്ങി.
ബ്രിട്ടീഷ് വനിതകള്‍ മക്കളെ പോറ്റാന്‍ തങ്ങളുടെ ഭര്ത്താക്കന്മാര് ചെയ്തിരുന്ന ജോലികള്‍ ചെയ്യേണ്ടിവന്നു. അങ്ങനെ പുരുഷന്മാരുടെ ജോലികള്‍ സ്ത്രീകള്‍ ചെയ്യേണ്ടതായി വന്നതോടെയാണ് പില്ക്കാലത്ത് സ്ത്രീപുരുഷ സമത്വം പാശ്ചാത്യ ലോകത്ത് ഉണ്ടായതെന്നാണ് ചരിത്രമതം.
ഇത്രയും പറഞ്ഞത് സെമിത്തേരികളുടെ എണ്ണം മറ്റേത് രാജ്യത്തേക്കാളും ബ്രിട്ടനില്‍ ഉണ്ടാകാനുണ്ടായ കാരണം ബോദ്ധ്യപ്പെടുത്താനാണ്. ബര്‍മ്മിംഗ്ഹാമില്‍ നിന്നും 250 കി.മീറ്ററില്‍ കുറയാതെയുള്ള ദൂരമുണ്ട് തൂണിമില്ലുകളുടെ ലോക പറുദീസയായ മാഞ്ചസ്റ്ററിലെത്താന്‍.

ബര്‍മ്മിംഗ്ഹാമില്‍ ബ്രദര്‍ റ്റിറ്റിയുടെ വീട്ടില്‍ ആഗസ്റ്റ് 13-ന് വൈകിട്ട് ഞങ്ങള്‍ക്കായി പ്രത്യേക മീറ്റിംഗ് ക്രമികരിച്ചിരുന്നു. ഒരു പോറലുപോലുമേല്ക്കാത്ത നീഗ്രോ വല്യമ്മച്ചിയുടെ പണത്തിനുവേണ്ടിയുള്ള പ്രകടനങ്ങള്‍ എന്റെ മനസ്സിനെയും വല്ലാതെ ഉലയ്ക്കുകയുണ്ടായി. പ്രാര്ത്ഥനയ്ക്കിരുന്ന സജിയിലും ആ ഭാവമാറ്റങ്ങള്‍ കണ്ടു. എന്നാല്‍ റ്റിറ്റിയുടെ വാക്കുകള്‍ ഇന്നും എന്റെ മനസ്സില്‍ മുഴങ്ങുന്നു. ”എന്തുവന്നാലും സജിയുടെ കൂടെ ഞങ്ങള്‍ ഉണ്ടാകും. അന്യനാടല്ലേ. ഇവിടെ ഞങ്ങള്‍ ഒന്നാ.” കുറിച്ചി വി.കെ.കുര്യാക്കോച്ചായന്റെ മകന് എബിയെ കാണാനായതും സന്തോഷകരമായി തോന്നി.
പ്രാര്‍ത്ഥന കഴിഞ്ഞ് ക്രൈസ്തവചിന്തയുടെ ബര്‍മ്മിംഗ്ഹാം കറസ്പോണ്ടന്റ് സാജന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ക്ക് വിശ്രമം ക്രമീകരിച്ചിരുന്നത്. 14-ന് രാവിലെ മാഞ്ചസ്റ്ററിലേക്ക് യാത്രയാകുവാനായി സാജന്റെ കാറില്‍ ഞങ്ങള്‍ ബര്‍മ്മിംഗ്ഹാം കോച്ച് സ്റ്റേഷനില്‍ എത്തി. സജിയും ഒപ്പം വന്നു. അന്നൊരു ശനിയാഴ്ചയായതുകൊണ്ട് മാഞ്ചസ്റ്ററില്‍ പോയി അവിടുത്തെ യോഗത്തില്‍ പങ്കെടുത്തിട്ട് അന്നു രാത്രി ലണ്ടനിലേക്കു തിരിച്ചാലും 15-ന് ഞായര്‍ രാവിലെ വൈക്കൊമ്പില് പാസ്റ്റര്‍ ആന്‍ഡ്രൂസ് ഈട്ടിക്കല്‍ ശുശ്രൂഷിക്കുന്ന സഭയില്‍ എത്താനാവില്ല. മാത്രമല്ല, ബസുകളില്‍ കയറിപ്പറ്റാനും പാടാണ്. മിക്കവാറും എല്ലാ ബസുകളിലും ബുക്കിംഗ് തീരാറായിരിക്കുന്നു. അതുകൊണ്ട് മാഞ്ചസ്റ്റര്‍ മലയാളി ക്രിസ്ത്യന്‍ ചര്‍ച്ച് ശുശ്രൂഷകന് പാസ്റ്റര്‍ റെജി വര്‍ഗീസിനെ വിളിച്ച് അവിടേക്കു വരാനുള്ള അസൗകര്യം അറിയിച്ചു.
”മാഞ്ചസ്റ്ററിലെത്തിയാല് രാത്രി ലണ്ടനിലേക്ക് മടങ്ങിപ്പോകാനുള്ള ടിക്കറ്റ് ഇവിടെ ഞാന്‍ ബുക്ക് ചെയ്തോളാം.” അതുകൊണ്ട് വരണമെന്നായി. ശൂരനാടുകാരനായ പാസ്റ്റര്‍ റെജി. ചില അടുത്ത സുഹൃത്തുക്കള്‍ പോലും അന്യനാട്ടില്‍ വച്ച് കാണുമ്പോള്‍ ചിലപ്പോള്‍ ”മുങ്ങാറുണ്ട്”. എഴുത്തുകാരനെന്ന ഒറ്റ കേട്ടറിവ് മാത്രമേ എന്നെപ്പറ്റി പാസ്റ്റര്‍ റെജിയ്ക്കുള്ളൂ. എന്നിട്ടും കാണാനും പരിചയപ്പെടാനും എന്നില്‍ ഉള്ളതുപോലെയുള്ള ആഗ്രഹം അദ്ദേഹത്തിലും ഞാന്‍ കണ്ടു. അതുകൊണ്ട് ഞങ്ങള്‍ മാഞ്ചസ്റ്ററിലേക്കു പോകാന്‍ തന്നെ തീരുമാനിച്ചു. സാജന് ഓടിപ്പോയി ടിക്കറ്റെടുത്തു കൊണ്ടുവന്നു. എന്നെ ആശ്ലേഷിച്ചു, 12.30ന് പുറപ്പെടുന്ന നാഷണല്‍ എക്സ്പ്രസ് ബസില്‍ കയറ്റി ഇരുത്തി കൈ വീശി സാജനും സജിയും പോയിമറഞ്ഞു. ബസിന്റെ രണ്ടാംനിലയില്‍ സ്ഥാനം പിടിച്ചിരുന്ന ഞങ്ങള്‍ ഒരു പൊതിയുമായി ബസിനെ ലക്ഷ്യമാക്കി സാജന് ഓടിവരുന്നത് കണ്ടു. ”ഉച്ചയായില്ലേ. ബസില്‍ ഇരുന്നു കഴിച്ചോളു” എന്നൊരു ഉപദേശവും കൂടെ.
1968 ജൂണ്‍ 20-നാണ് ഞങ്ങള്‍ ഹൈറേഞ്ചിലെ പുറ്റടിയില്‍ താമസത്തിനായി തിരുവനന്തപുരത്തുനിന്നും ചെല്ലുന്നത്. അതിനുശേഷം ഞാന്‍ സ്വന്തം ജന്മനാട് കാണുന്നത് 1982-ലാണ്. അതായത്, 14 വര്‍ഷം കഴിഞ്ഞ്. അന്ന് എന്റെ അപ്പന്റെ അടുത്ത ബന്ധുവായ ധനാഢ്യന്റെ വീട്ടില്‍ രണ്ടു മണിക്കൂറോളം വര്‍ത്തമാനം പറഞ്ഞ് ഇരുന്നിട്ട് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ ലഭിക്കാതെ നട്ടുച്ചയ്ക്കു മടങ്ങിപ്പോയത് സാജന് തന്ന പൊതി കൈയില്‍ വാങ്ങിയപ്പോള്‍ ഞാനോര്‍ത്തു. ഉച്ചയ്ക്ക് ബന്ധുവീട്ടില്‍ നിന്നുയര്‍ന്ന കറിയുടെ ഗന്ധം ഇപ്പോഴും വീശുന്നുണ്ട് ‘എന്റെ ഹൃദയത്തിലൂടെ’. കാല്വറിയിലൂടെ മനുഷ്യഹൃദയത്തിലേക്ക് ഒഴുകിയെത്തിയ ആ സ്നേഹം പലപ്പോഴും സഹോദരന്മാര് വഴി ഞാനനുഭവിച്ചിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ് ഈ അനുഭവം.
ബര്‍മ്മിംഗ്ഹാം പട്ടണം വിട്ട് വണ്ടി ഹൈവേയിലെത്തിയപ്പോള്‍ ഞങ്ങള്‍ പൊതി തുറന്നു. ഒരു വലിയ കുപ്പി പെപ്സി. മുക്കാല്‍ അടിയെങ്കിലും നീളം വരുന്ന രണ്ട് സാന്‍വിച്ചുകള്‍. രണ്ടു കഷണങ്ങള്‍ ഒട്ടിച്ചുവച്ചത്. ഒന്ന് പിളര്‍ന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ എന്തോ ക്രീമില്‍ പൊതിഞ്ഞ ചിക്കന്‍ കഷണങ്ങളും അല്പം പച്ചക്കറികളും. രണ്ടും കൂടെ ഒട്ടിച്ചുവച്ച് പൂര്‍വ്വസ്ഥിതിയിലാക്കി ഞാന്‍ കഴിച്ചുതുടങ്ങി. ഓമന ഒന്നു കടിച്ചിട്ട് വേണ്ടെന്നു പറഞ്ഞ് മാറ്റിവച്ചിട്ട് ഉരുളക്കിഴങ്ങ് ചിപ്സും പെപ്സിയും കുടിച്ച് രണ്ടുനില ബസിലെ യാത്രാസുഖം ആസ്വദിച്ചിരുന്നു. ഞാന്‍ റൊട്ടിയുടെ മുക്കാല്‍ ഭാഗം വരെ അകത്താക്കി.
വണ്ടിയിലെ സുഖകരമായ ഇരിപ്പ്, അമിതമായ വേഗത, മനോഹരമായ ഭൂപ്രകൃതി ഇതൊക്കെ ആസ്വദിച്ച് ഇരിക്കുമ്പോഴാണ് പൂമെത്ത പോലെ പൂക്കള്‍ വിരിഞ്ഞുനില്ക്കുന്ന ശ്മശാന ഭൂമി കണ്മുമ്പില് പെട്ടത്. മൂന്ന് മണിയായി. മാഞ്ചസ്റ്റര്‍ പട്ടണത്തിലേക്ക് വണ്ടി പ്രവേശിച്ചു. ഞങ്ങള്‍ കോച്ച് സ്റ്റേഷനിലിറങ്ങി, പാസ്റ്റര്‍ റെജി വര്‍ഗീസിനെ തപ്പി അല്പനേരം നടന്നു. അപ്പോഴേയ്ക്കും ഞങ്ങളുടെ കണ്ണുകള്‍ ഒരു മനുഷ്യനില്‍ ഉടക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഞങ്ങളിലും. ചിരിച്ച് കൈ തന്ന് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം കേരളത്തിലെ ഒരു പാസ്റ്ററായിരുന്നു. പരിചയപ്പെടല്‍ പൂര്‍ത്തിയാകും മുമ്പേ പാസ്റ്റര്‍ റെജി ഓടിക്കിതച്ചെത്തി. അപ്പോഴേക്കും അദ്ദേഹം എനിക്കും പാസ്റ്റര്‍ റെജിക്കും കൈതന്ന് നടന്നുമറഞ്ഞു. അദ്ദേഹം അവിടുത്തെ സ്ഥിരം സന്ദര്‍ശകനാണെന്ന് ഞങ്ങള്‍ക്കു പിന്നീട് മനസ്സിലായി.

പാസ്റ്റര്‍ റെജിയുടെ കാര്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയുടെ കവാടം കടന്ന് പുനലൂര്‍ സ്വദേശി ബോബന്-ക്രിസ്റ്റി ദമ്പതികളുടെ വീടിനു മുമ്പില്‍ നിന്നു. കേരളീയ ചോദ്യം: ”ഊണ് കഴിച്ചോ.”
വണ്ടിയില്‍ കഴിച്ച ഭക്ഷണ വിവരണം കേട്ട് നിമിഷങ്ങള്‍ക്കകം കുക്കറിന്റെ വിസിലടി അടുക്കളയില്‍ നിന്നുയര്‍ന്നു. കൊഞ്ചുകറി കൂട്ടി നാലു മണിക്ക് കുശാലായൊരു ഊണ്. പുതുതായി വീട് വാങ്ങി താമസമാക്കിയ ബിജു-ഡിമ്പിള്‍ ദമ്പതികളുടെ വീട്ടല്‍ രാത്രി യോഗം. മുറി നിറയെ പെന്തക്കോസ്തനുഭവത്തിന്റെ തുടിപ്പുകള്‍ പേറുന്ന വിശ്വാസികള്‍. പാസ്റ്റര്‍ റെജി വര്‍ഗ്ഗീസ് ശുശ്രൂഷിക്കുന്ന മലയാളം ക്രിസ്റ്റ്യന്‍ ചര്‍ച്ച് ആണ് മാഞ്ചസ്റ്ററിലെ ഏക മലയാളി പെന്തക്കോസ്തു സഭ. ലിവര്‍പൂളിലും ഈ സഭയുടെ ഒരു നല്ല കുടിവരവുണ്ട്.
രണ്ടിടത്തെയും ശുശ്രൂഷകള്‍ക്ക് പാസ്റ്റര്‍ റെജി നേതൃത്വം നല്കുന്നു.
ലണ്ടനേക്കാള്‍ താരതമ്യേന ജീവിതച്ചെലവ് കുറവുള്ള പട്ടണമാണ് തുണിമില്ലുകളുടെ നാടായിരുന്ന മാഞ്ചസ്റ്റര്‍. ലോകോത്തരമായ തുണിത്തരങ്ങളായിരുന്നു മാഞ്ചസ്റ്ററിലും ലെങ്കാഷെയറിലും ഉല്‍പ്പാദിപ്പിച്ചിരുന്നത്. മാഞ്ചസ്റ്റര്‍ തുണിത്തരങ്ങളുടെ വന്‍തോതിലുള്ള കച്ചവടമായിരുന്നു ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നത്.
19-ാം നൂറ്റാണ്ടില്‍ ബ്രിട്ടന്റെ പ്രധാന ധനാഗമന മാര്‍ഗ്ഗം മാഞ്ചസ്റ്ററിലെ തുണിമില്ലുകളായിരുന്നു. നൂല്‍നൂല്‍പ്പ്, നെയ്ത്ത്, ചായം മുക്കല്‍ എന്നിവയില്‍ ലോകത്ത് ഒന്നാം സ്ഥാനം തന്നെ മാഞ്ചസ്റ്ററിനുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇവിടുത്തെ തുണിമില്ലുകള്‍ ഏറെയും നശിച്ചെങ്കിലും കുറെയൊക്കെ പ്രവര്‍ത്തനനിരതമായി തുടര്‍ന്നു.
1913-ല്‍ 760 കോടി വാര നൂല് കയറ്റി അയച്ചുവെന്നാണ് കണക്ക്. ഇത് ദേശീയ ഉല്‍പ്പാദനത്തിന്റെ 80% ഉം, ലോകോല്പ്പാദനത്തിന്റെ 63% ഉം വരും. ബ്രിട്ടന്റെ ഒന്നാംതരം വിപണിയായിരുന്ന ഇന്ത്യയിലേക്ക് മാഞ്ചസ്റ്റര്‍ തുണിത്തരങ്ങള്‍ വരുവാന്‍ ഒന്നാം ലോക മഹായുദ്ധം വിഘാതമായതോടെ അവര്‍ക്ക് കച്ചവടത്തില്‍ മാന്ദ്യം വന്നു തുടങ്ങി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവും, രണ്ടാംലോകമഹായുദ്ധവും കൂടിയായപ്പോള്‍ മാഞ്ചസ്റ്ററിലേയും ലങ്കാഷെയറിലേയും വസ്ത്രങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ വ്യവസായികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. മാത്രമല്ല, ചര്‍ക്കയില്‍ നെയ്ത് അവരവര്‍ സ്വന്തമായി വസ്ത്രം ഉണ്ടാക്കി ധരിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം കൂടിയായപ്പോള്‍ മാഞ്ചസ്റ്റര്‍ തുണിയുടെ വരവും ഇല്ലാതായി. വിദേശ വസ്ത്ര ബഹിഷ്കരണം കൂടിയായപ്പോള്‍ ബ്രിട്ടന്റെ ഇന്ത്യ എന്ന തുണി വിപണി കൈവിട്ടുപോവുകയായിരുന്നു.
ആധുനികമായ ടെക്നോളജി വികസിപ്പിക്കാന്‍ കഴിയാത്തതും പുതുമാര്ക്കറ്റുകള് കണ്ടെത്താനാവാത്തതും കാരണം മാഞ്ചസ്റ്ററില്‍ തുണിമില്‍ വ്യവസായം 1960 ആയപ്പോഴേക്കും ഏതാണ്ട് അവസാനിച്ചു. ഇന്ന് നാമമാത്രമായി അങ്ങിങ്ങു ചില മില്ലുകള്‍ ഗതകാലസ്മരണ ഉയര്‍ത്തി അസ്ഥിപഞ്ജരമായി നില്‍ക്കുന്നത് കാണാം.
തുണി വ്യവസായം പോലെതന്നെ ലോകത്ത് ആദ്യമായി റെയില്‍വേ ആരംഭിച്ചതും മാഞ്ചസ്റ്ററിലാണ്. ലോകത്തിലാദ്യമായി ട്രെയിന്‍ ഓടിയത് ലിവര്‍പൂളില്‍ നിന്നും മാഞ്ചസ്റ്ററിലേക്കായിരുന്നു. 1830-ലാണ് ഇതുവഴി ആദ്യ തീവണ്ടി ഓടിയത്. ഇന്ന് ഈ സ്റ്റേഷനുകള്‍ മ്യൂസിയമാക്കി മാറ്റിയിരിക്കയാണ്.

ബിജുവിന്റെ വീട്ടിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും ബോബന്റെ വീട്ടിലെത്തി. രാത്രി മൂന്നു മണിക്കാണ് ലണ്ടനിലേക്കുള്ള ബസ്. ഞങ്ങളെ യാത്രയാക്കാന്‍ നിലമ്പൂര്‍ സ്വദേശി സജിയും ഭാര്യ ഷൈലയും എത്തിയിട്ടുണ്ട്. നാട്ടുവിശേഷങ്ങള്‍ ഞങ്ങളില്‍നിന്നും അവര്‍ കേട്ടു. മാഞ്ചസ്റ്റര്‍ വിശേഷങ്ങള്‍ അവരില്‍നിന്ന് ഞങ്ങളും. ഞങ്ങളെ കോച്ച് സ്റ്റേഷനില്‍ വിട്ട് അവരോട് പൊയ്ക്കോളാന്‍ പറഞ്ഞിട്ടും ഞങ്ങളെ വിടാന്‍ അവര്‍ക്ക് മനസ്സായില്ല. പാസ്റ്റര്‍ റെജിയും സജിയും ഞങ്ങളോടൊപ്പം കോച്ച് സ്റ്റേഷനില്‍ എത്തി ഇരിപ്പായി. രാത്രി ഒരു മണിയോടടുത്തു കാണും.
ഒരു സ്ത്രീയുടെ നിലവിളി കേട്ടു ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങി. നിശാ ക്ലബ്ബുകളില്‍നിന്നും ഇറങ്ങിയവര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി നില്ക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മര്‍മ്മപ്രധാനമായ ഭാഗങ്ങളില്‍ പോലും കഷ്ടിച്ചേ തുണിയുണ്ടായിരുന്നുള്ളൂ. മദാമ്മമാരും നീഗ്രോ വനിതകളും എല്ലാം ഉണ്ട് വഴിയില്‍. മദ്യപിച്ചിട്ടുള്ള മിക്കവര്‍ക്കും നേരെ നില്ക്കാനാവുന്നില്ല.
ഇതിനിടയിലാണ് ഒരു സായ്പ്പും മദാമ്മയും തമ്മിലുള്ള അടിയും നിലവിളിയും മല്പിടുത്തവും. അതും നടുറോഡില്‍. മദാമ്മയുടെ കരച്ചില് ഇടയ്ക്കിടെ അലര്‍ച്ചയായി മാറി.

കെ.എന്‍. റസ്സല്‍




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.