ദശാംശം ആദ്യം ഇടയന് പിന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

ദശാംശം ആദ്യം ഇടയന് പിന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്


വര്‍ഗീസ് ചാക്കോ
johnygilead@gmail.com

കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ എഴുതിയ മൂന്നൂറാന്‍മാരെ ക്കുറിച്ചുള്ള ലേഖനത്തിന് വളരെ പോസിറ്റീവായിട്ടുള്ള പ്രതികരണമാണ് പാസ്റ്റര്‍മാരില്‍ നിന്നു ലഭിച്ചത്. അനേക വിശ്വാസികളുടെ നാളുകളായി മുടങ്ങിക്കിടന്ന ദശാംശവും മനപ്പൂര്‍വ്വദാനങ്ങളും ശുശ്രൂഷകര്‍ക്ക് ബാധ്യത തീര്‍ത്ത് നല്‍കിയതും ഒക്കെ കേള്‍ക്കാന്‍ ഇടയായത് വളരെ സന്തോഷം നല്‍കുന്നു. ഇത്തരം കാര്യങ്ങള്‍ സഭകളില്‍ പറയാന്‍ കഴിയാത്ത പല പാസ്റ്റേഴ്‌സും നേരിട്ട് വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു.

ഈ ലക്കത്തില്‍, ദശാംശവും മനഃപൂര്‍വ്വ ദാനങ്ങളും കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകളെക്കുറിച്ചാണ് പറയാന്‍ ഉദ്ദേശിക്കുന്നത്.

ദശാംശമോ മനഃപൂര്‍വ്വദാനമോ കൊടുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അതത് ലോക്കല്‍ സഭകളിലെ ഇടയന്മാരെയാണ്. അല്ലാതെ പേരിനും പ്രശസ്തിക്കും വേണ്ടി പ്രസിദ്ധന്മാരായ പ്രസംഗകര്‍ക്കും സംഘടനകള്‍ക്കും വാരിക്കോരി നല്‍കുന്നതില്‍ ആര്‍ത്ഥമില്ലെന്നു മാത്രമല്ല, അവയില്‍ ദൈവം പ്രസാദിക്കുന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം.

നമ്മുടെ ആരോഗ്യത്തിലും അനാരോഗ്യത്തിലും നമ്മുടെ ലോക്കല്‍ സഭകളിലെ പാസ്റ്റര്‍മാരാണ് ഒപ്പം നിന്ന് കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും നമുക്കു വേണ്ടി ഇടുവില്‍ നില്‍ക്കുകയും ചെയ്യുന്നത്. ലോക്കല്‍ സഭയിലെ ഇടയന് ഉള്ളത്രയും ഭാരം നമ്മെക്കുറിച്ച് ആര്‍ക്കുമുണ്ടാകില്ല. അപൂര്‍വ്വമായി ചിലര്‍ കണ്ടേക്കാം എന്നു മാത്രം.

ദുഃഖവേളകളില്‍ നമ്മോടൊപ്പം ഉള്ളത് ലോക്കല്‍ സഭകളിലെ പാസ്റ്റര്‍മാരാകയാല്‍ നമുക്ക് ഭൗതിക നന്മകള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കേണ്ടതും ലോക്കല്‍ സഭകളിലെ പാസ്റ്റര്‍മാരെയാണ്. സഭയിലെ എത്ര വലിയ നേതാവിനെയും ലോക്കല്‍ പാസ്റ്റര്‍ കഴിഞ്ഞിട്ടേ പരിഗണിക്കാവൂ. അതാണ് ഒരു വിശ്വാസി ചെയ്യേണ്ട ധാര്‍മികമായപ്രവൃത്തി.

അതുപോലെതന്നെ വീടുകളിലെ വിവിധങ്ങളായ പ്രാര്‍ത്ഥനായോഗങ്ങള്‍ സഭാനേതാവുവന്ന് നടത്തിയാലെ ശരിയാകുകയുള്ളൂ എന്നു ചിന്തിക്കുന്നതിലും ഒരര്‍ത്ഥവുമില്ല. ഏതു വിഷയത്തിലും ഉത്തരവാദിത്തപ്പെട്ട ഇടയന്‍ എന്ന നിലയില്‍ ഏറ്റവും അധികം പ്രാര്‍ത്ഥിക്കുന്ന നമ്മുടെ സഭാശുശ്രൂഷകനെയായിരിക്കണം ബന്ധപ്പെട്ട ശുശ്രൂഷകളില്‍ മുഖ്യസ്ഥാനം നല്‍കി പരിഗണിക്കേണ്ടത്. അല്ലാതെ ‘പാലം കടക്കുവോളം നാരായണ നാരായണ..പാലം കടന്നപ്പോള്‍ കൂരായണ കൂരായണ…’ എന്ന മട്ടിലുള്ള വിശ്വാസികളുടെ പെരുമാറ്റം ക്രിസ്തീയ ധാര്‍മികതയ്ക്ക് ഒട്ടും
യോജിച്ചതല്ല.

ഇത്തരം പ്രവൃത്തികളിലൂടെ നമ്മള്‍ ആള്‍ ദൈവങ്ങളെയും മനുഷ്യ വിഗ്രഹങ്ങളെയും സൃഷ്ടിക്കുകയാണ്. വലിയ വലിയ നേതാക്കളെക്കൊണ്ട് നടത്തിയ്ക്കുന്ന എത്രയോ വിവാഹങ്ങള്‍ താമസംവിനാ വേര്‍പിരിഞ്ഞിരിക്കുന്നു! പ്രോഗ്രാമുകളുടെ ബാഹുല്യം നിമിത്തം ഒന്നു പ്രാര്‍ത്ഥിക്കാന്‍ പോലും സമയം ലഭിക്കാതെ വിശ്വാസികളുടെ മക്കളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ധൃതിപിടിച്ച് വരുന്നവരാണ് ഏറിയകൂറും നേതാക്കള്‍. ഒരര്‍ത്ഥത്തില്‍ തിരക്കുള്ള നേതാക്കളെയാണല്ലോ പല വിശ്വാസികള്‍ക്കും വേണ്ടത്.

എന്നാല്‍ തിരക്കുള്ളവരായ വലിയ നേതാക്കളെ സംബന്ധിച്ചിടത്തോളം ഇത്തരം ചടങ്ങുകളും അതിന് നിങ്ങള്‍ കൊടുക്കുന്ന വലിയ തുകയും മറ്റും കടലില്‍ കായം കലക്കുന്നതുപോലേ ഉള്ളൂ.
അതേസമയം, ലോക്കല്‍ സഭാ ശുശ്രൂഷകനോ അല്ലെങ്കില്‍ മേഖലയുടെ ശുശ്രൂഷകനോ ആണെങ്കില്‍ ഇത്തരം പ്രധാന ചടങ്ങുകള്‍ക്ക് മുന്‍പ് ഒരു തവണയെങ്കിലും വീട്ടുകാരെ വിളിച്ചും ചെന്നുകണ്ടും പ്രാര്‍ത്ഥിച്ചും ഉപദേശങ്ങള്‍ നല്‍കിയും കൂടെയുണ്ടാകും.

വലിയ പാസ്റ്റര്‍മാരിലും പ്രസിദ്ധരായ പ്രസംഗകരിലും പലരും സാധാരണ വിശ്വാസികളെ കണ്ടാല്‍ ഒന്നു മിണ്ടാന്‍ പോലും മനസ്സില്ലാത്തവരാണ്. ഇന്നത്തെ പ്രസിദ്ധമാരില്‍ പലരും ഒരു കാലത്ത് വളരെ ദരിദ്രാവസ്ഥയില്‍ കഴിഞ്ഞിരുന്നവരും വിദ്യാഭ്യാസപരമായി ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്തവരും ആയിരുന്നു. എന്നാല്‍ പലരും സുവിശേഷ വേലയ്ക്കിറങ്ങി ഇന്ന് സാമ്പത്തികമായി വളരെ ഉയര്‍ച്ച നേടുകയും സ്ഥാന മാനങ്ങള്‍ ലഭിക്കുകയും വിലകൂടിയ വാഹനങ്ങള്‍ വാങ്ങിക്കുകയും മനോഹരങ്ങളായ വീടുകള്‍ സമ്പാദിക്കുകയും ചെയ്തപ്പോള്‍ വലിയ അഹങ്കാരികളായി മാറിയിരിക്കുന്നു!

പറഞ്ഞുവരുന്നത്, മേല്‍പറഞ്ഞ വിധം വിശ്വസികളുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത പ്രസിദ്ധന്മാരുടെ സ്റ്റേജ് ഷോ കണ്ട് പണം കൊടുക്കുന്ന രീതി വിശ്വാസികള്‍ അവസാനിപ്പിക്കണം എന്നാണ്‍ മറിച്ച്, വിശ്വാസികള്‍ അവരുടെ നന്മയുടെ ഓഹരി അവരവര്‍ കൂടിവരുന്ന അതത് സഭകളില്‍ കൊണ്ടു വരികയാണ് വേണ്ടത്.

ആദ്യം പരിഗണിക്കേണ്ടത് സഭയുടെ ചുമതല വഹിക്കുന്ന ഇടയനെയാണ്. പാസ്റ്റര്‍ക്കും കുടുംബത്തിനും മുട്ടു കൂടാതെ മാന്യമായി ജീവിക്കാനുള്ളത് നല്‍കണം. അതു കഴിഞ്ഞാല്‍ ബാക്കിയുള്ളത് ദരിദ്രര്‍, വിധവകള്‍, അനാഥര്‍, പരദേശികള്‍, രോഗികള്‍, നിരാലംബര്‍ തുടങ്ങിയവര്‍ക്ക്
വീതിച്ചു നല്‍കണം. ഇതാണ് വേദപുസ്തകം നല്‍കുന്ന ദാന ധര്‍മത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠം. (ആവര്‍ത്തനം 14:28)

ഇത്തരത്തില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഓരോ സഭകളിലും വചനാനുസൃതം ജീവിക്കുന്നവരും പൊതുസമ്മതരുമായ വിശ്വാസികളില്‍ നിന്ന് പാസ്റ്റര്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുണ്ടാകണം. സഭാശുശ്രൂഷകനുള്ളതും മറ്റ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതും
പ്രസ്തുത കമ്മിറ്റി തീരുമാനിക്കണം. ഈ നിലകളില്‍ ഓരോ സഭയും ലക്ഷ്യോന്മുഖമായി മുന്നോട്ടു പോയാല്‍ ജീവകാരുണ്യത്തിന്റെ മറവിലും മറ്റുമായി ഉണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ ഇല്ലായ്മ ചെയ്യാം. വിശ്വാസികളുടെ പണം ഏതൊക്കെ നിലകളില്‍ ആര്‍ക്കൊക്കെ നല്‍കി എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും കാണാനും ദൈവത്തെ മഹത്വപ്പെടുത്താനും ഇടയാകും.

ഇപ്പോള്‍ത്തന്നെ നമുക്കിടയില്‍ വളയമില്ലാതെ ചാടുന്ന ഒറ്റയാന്മാരായ നന്മ മരങ്ങള്‍ വര്‍ധിക്കുന്നതായി കേള്‍ക്കുന്നു. കുറെ കാലം കഴിയുമ്പോള്‍ ഈ ഒറ്റയാന്മാര്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം അവര്‍ക്ക് തോന്നിയതുപോലെ മുന്നോട്ടു പോകും. അന്ന് ആധി പിടിക്കാതിരിക്കണമെങ്കില്‍ മേല്‍പ്പറഞ്ഞ വിധം സഭാ വിശ്വാസികള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം.

കഴിഞ്ഞ നാളുകളില്‍ ഒറ്റയാന്മാരായി വിവിധ പ്രോജക്ടുകളുടെ പേരില്‍ കോടികള്‍ സമ്പാദിച്ചു കൂട്ടിയവരില്‍ മുഖ്യധാരാ സഭകളിലെ പല വലിയ നേതാക്കള്‍വരെയുണ്ട്. സഭയില്‍ കണക്ക് പറയുകയോ വരവ് ചിലവ് കാണിക്കുകയോ ചെയ്യാതെ തങ്ങളുടെ സ്വന്തം സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തി സ്വന്തം മക്കളുടെയും മരുമക്കളുടെയും പേരില്‍ തീറെഴുതിവച്ച് സഭയെ കബളിപ്പിക്കുന്ന നേതാക്കള്‍ ഇന്നലെകളില്‍ ഉണ്ടായിരുന്നു ഇന്നും ഉണ്ട്. നാളെയും ഉണ്ടാകും.

ഈ അടുത്ത കാലത്ത് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിനും അനുബന്ധ നടപടികള്‍ക്കും വിധേയരായ കെ.പി യോഹന്നാന്‍, പോള്‍ ദിനകരന്‍ തുടങ്ങിയവരുടെ കോടിക്കണക്കിന് വരുന്ന കുഴിച്ചുമൂടിയിട്ടിരിക്കുന്ന ആസ്തികള്‍ പൊതു സമൂഹം അറിയാന്‍ ഇടയായി. ഇവര്‍ക്കൊക്കെ എവിടെ നിന്നാണ് ഇത്രയും ധനം കുമിഞ്ഞു കൂടുന്നത്? ലഭിക്കുന്ന പണം അതത് ആവശ്യങ്ങള്‍ക്ക് യഥോചിതം വിനിയോഗിച്ചിരുന്നെങ്കില്‍ ഈ നിലകളില്‍
സമ്പാദ്യം കുന്നു കൂടുമായിരുന്നുവോ?
കൂടാതെ കോട്ടയത്തെ ബിഗ് ബ്രദര്‍ (തങ്കു) ഈ കോവിഡ് കാലത്ത് തന്റെ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ വിപുലപ്പെടുത്തുന്ന തിരക്കിലാണ്. ആത്മീയ ശുശ്രൂഷ എന്ന പേരില്‍ ഇറങ്ങിത്തിരിച്ച ഇവര്‍ ബിസിനസ്സ് മേഖലയിലേക്ക് തിരിയുന്നതിലൂടെ എന്തു സന്ദേശമാണ് വിശ്വാസസമൂഹത്തിന് നല്‍കുന്നത്? ഇക്കൂട്ടര്‍ക്കൊക്കെ ആത്മീയത പണമുണ്ടാക്കുന്നതിനുള്ള ഒരു മാര്‍ഗം മാത്രമാണ് എന്നു പറയാതെ വയ്യ.

ഇത്തരത്തില്‍ പരമ്പരാഗത പെന്തെക്കോസ്തിലെ ഒറ്റയാന്‍മാരെയും ന്യൂ ജനറേഷന്‍ സഭകളിലെ ഒറ്റയാന്മാരെയും വിമര്‍ശിച്ചുകൊണ്ട് ഒന്നിലും പെടാതെ ഒറ്റയ്ക്കിറങ്ങിയിരിക്കുന്ന ചില ഒറ്റയാന്മാരും നന്മ മരങ്ങള്‍ എന്ന പേരില്‍ ഫേസ് ബുക്കിലും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അവരെ പ്രത്യേകം സൂക്ഷിക്കുക. പെന്തെക്കോസ്ത് സഭയിലെ മുഴുവന്‍ ദരിദ്രരായ വിശ്വാസികളുടെയും ബുദ്ധിമുട്ട് മാറ്റാനുള്ള പണം വിശ്വാസികളുടെ കൈകളില്‍ തന്നെയുണ്ട്. അത് ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമില്ലായ്മയാണ് ഇന്നലെകളില്‍ ആത്മീയതയുടെ മറവില്‍ ചൂഷകര്‍ മുതലെടുത്തത്. ഇനിയും ഇത്തരം കൊള്ളകള്‍ അനുവദിച്ചുകൂടാ. ലോക്കല്‍ സഭാ പാസ്റ്റര്‍മാരും വിശ്വാസികളും ഇതിനായി സജ്ജരാകണം.

നിങ്ങളുടെ സഭ ചെറുതോ വലുതോ ആയിക്കോട്ടെ. സഭയുടെ അവശ്യകാര്യങ്ങള്‍ കഴിഞ്ഞ് ഓരോ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങളാല്‍ കഴിയുന്ന ഒരു ബഡ്ജറ്റ് തയ്യാറാക്കൂ. നിങ്ങള്‍ അത്ഭുതപ്പെടുന്ന വിധം നിങ്ങള്‍ക്ക് അനേകം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
വഴക്കുണ്ടാക്കാന്‍ മാത്രം കൂടുന്ന കമ്മിറ്റികള്‍ എന്ന പേരുദോഷം മാറ്റി സഭയ്ക്കും സമൂഹത്തിനും നന്മചെയ്യുന്ന മാതൃക കമ്മറ്റികളായി മാറണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!