ലോകമാകെ വ്യാപിച്ചു കിടക്കുന്ന ദൈവസഭയുടെ ക്ലീവ്ലാന്‍ഡ് ആസ്ഥാനമുറ്റത്ത് കാലുകുത്തിയപ്പോള്‍ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഫീനിക്സില്‍ നിന്നും പാസ്റ്റര്‍ റോയി ചെറിയാനോട് യാത്ര പറഞ്ഞ് അറ്റ്ലാന്റയില്‍ വിമാനമിറങ്ങി ഒരു മിനി ബസ്സ് പിടിച്ച് ചാറ്റനൂഗയില്‍ കാല് കുത്തുമ്പോള്‍ ക്രൈസ്തവചിന്ത കോ-ഓര്‍ഡിനേറ്റര്‍ കെ. വി. ജോസഫ് എന്നെ പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു.
2010 ഓഗസ്റ്റ് 13-ന് ക്ലീവ് ലാന്‍ഡില്‍ ചര്‍ച്ച് ഓഫ് ഗോഡ് ആസ്ഥാനവും ലീ യൂണിവേഴ്സിറ്റിയും കാണാനായി ഞങ്ങള്‍ പുറപ്പെട്ടു. ഓഫീസ് സമുച്ചയങ്ങളുടെ മുറ്റത്ത് ചില പ്രതിമകള്‍ നില്‍ക്കുന്നത് കണ്ടു. വല വീശുന്ന പത്രോസും ഒരു ശിഷ്യന്റെ കാല് കഴുകുന്ന കര്‍ത്താവുമാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. ലോഹത്തകിടില്‍ മനോഹരമായി പണിതുയര്‍ത്തി നിര്‍ത്തിയിരിക്കുന്ന ഈ പ്രതിമകളെ കണ്ടപ്പോള്‍ ഏതോ കത്തോലിക്കാ പള്ളിയുടെ മുറ്റത്താണോ ഞങ്ങളെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.
ഒരു സഭയുടെ അന്തര്‍ദ്ദേശീയ ഓഫീസിന്റെ ഗാംഭീര്യം ക്ലീവ്ലാന്‍ഡ് ചര്‍ച്ച് ഓഫ് ഗോഡ് ആസ്ഥാനത്തിനുണ്ട്. നിരവധി കെട്ടിടങ്ങള്‍, അവയ്ക്കുള്ളിലെല്ലാം പോഷക സംഘടന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ മനോഹരമാണ് ഈ ഓഫീസ് പരിസരം കാണാന്‍.

സഭ ആസ്ഥാനത്തിന് പിന്നിലാണ് സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലീ യൂണിവേഴ്സിറ്റി. നൂറ് കണക്കിന് അതിമനോഹരമായ കെട്ടിടങ്ങള്‍. പച്ചപുതച്ചു കിടക്കുന്ന ലീ ക്യാമ്പസിന്റെ മുഴുവന്‍ ഭാഗങ്ങളും കാണണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ നടക്കേണ്ടി വരും.
സെക്യുലര്‍ വിദ്യാഭ്യാസ സ്ഥാപനമാണിത്. മിക്കവാറും എല്ലാ കോഴ്സുകളും അതിന്റെ ഡിപ്പാര്‍ട്ട്മെന്റുകളും യൂണിവേഴ്സിറ്റിയിലുണ്ട്. തിയോളജി പഠനവും ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. നടന്നും കാറിലുമായി ക്യാമ്പസിന്റെ കുറേ ഭാഗങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ കെ. വി. ജോസഫിനോട് മടങ്ങിപ്പോകാമെന്ന് പറഞ്ഞു.
ഇതിനിടയില്‍ റൂബി ഫാള്‍സ് കാണാന്‍ കഴിഞ്ഞതും മറക്കാനാവാത്ത ഓര്‍മ്മയായി നിലനില്ക്കുന്നു. ചാറ്റനൂഗയില്‍ നിന്നും തൊട്ടടുത്തു കാണുന്ന മലയുടെ അകത്താണ് റൂബി വെള്ളച്ചാട്ടം. മലയുടെ അകത്തേക്ക് വെട്ടിയുണ്ടാക്കിയ ഗുഹ വഴി ഏതാണ്ട് രണ്ടു മൈലോളം നടന്നാലേ ഭൂഗര്‍ഭ വെള്ളച്ചാട്ടമായ റൂബി ഫാള്‍സ് കാണാന്‍ കഴിയൂ. 100 കണക്കിനാളുകളാണ് ഗുഹയ്ക്കകത്തുകൂടി വന്നും പോയും കൊണ്ടിരിക്കുന്നത്. ചിലയിടത്ത് കുനിഞ്ഞും, തിരിഞ്ഞും, വളഞ്ഞും ഒരു സര്‍ക്കസുകാരന്റെ അഭ്യാസ പാടവത്തോടെ മാത്രമേ നടക്കാന്‍ കഴിയൂ.
മനസ്സില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഓര്‍മ്മകളുമായിട്ടാണ് ഗുഹ വഴി സകലരെയും തള്ളിമറച്ചിട്ട് റൂബി ഫാള്‍സ് കാണാന്‍ പാഞ്ഞത്. അകലെ നിന്നു തന്നെ വെള്ളം വീഴുന്ന ഒച്ചകേട്ടു തുടങ്ങി. അടുത്തു ചെന്നപ്പോഴാണ് വെള്ളച്ചാട്ടത്തിന്റെ വലുപ്പം കണ്ടറിഞ്ഞത്. രണ്ടിഞ്ച് പൈപ്പിലൂടെ വരാവുന്ന അത്രയും വെള്ളം 80 അടി ഉയരത്തില്‍ നിന്നും താഴേയ്ക്ക് വീഴുന്നു. കളര്‍ ലൈറ്റുകളുടെ ഫ്ളാഷുകളുടെ അകമ്പടി കൂടിയായപ്പോള്‍ ഭൂമിക്കുള്ളില്‍ ഒരു ചെറിയ വിസ്മയം നമ്മില്‍ ജനിക്കും അത്രതന്നെ. വലിയൊരു ഭൂഗര്‍ഭ ഉറവ എന്നുമാത്രമേ ഈ വെള്ളച്ചാട്ടത്തെ കണക്കാക്കാന്‍ ആവൂ.
റെയില്‍വേ ലൈനിനായി മലയിടിച്ചപ്പോള് കണ്ട ഒരു ഗുഹയാണ് റൂബി വെള്ളച്ചാട്ടം കണ്ടു പിടിക്കാന്‍ കാരണമായത്. എത്ര ചെറിയ വിനോദസഞ്ചാര കേന്ദ്രമാണെങ്കില്‍ പോലും വന്‍ തുകകളാണ് ഫീസായി വാങ്ങുന്നത്. കെ. വി. ജോസഫിന് നഷ്ടം വന്നെങ്കിലും എനിക്ക് ഇത്തിരി സന്തോഷം കിട്ടിയത് മിച്ചം.
ഇതിനിടയില്‍ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ സി.സി. തോമസുമൊത്ത് ഒരു മുന്തിരിത്തോട്ടം കാണാന്‍ പോയതും ഏറെ രസകരമായ ഓര്‍മ്മയാണ്. ജെ. ജോസഫും മറ്റൊരു സഹോദരനും കൂടെ ഉണ്ടായിരുന്നു.
മുന്തിരി ഫാമിന്റെ ഓഫീസിന്റെ ഭിത്തിയില്‍ മുന്തിരിയുടെ വിലനിലവാരം എഴുതി വച്ചിട്ടുണ്ട്. കൂടെ മുന്തിരി വാറ്റി എടുക്കുന്ന വൈനിന്റെ വിലയും. ഞങ്ങള്‍ക്ക് അല്പം രുചിക്കാനായി തന്നു. വൈന്‍ വാങ്ങുമെന്ന് അവര്‍ വിചാരിച്ചു എന്നു വേണം കരുതാന്‍.
സഞ്ചികളുമായി മുന്തിരി പറിക്കാന്‍ ഫാമിലേക്ക് കയറിയ വിരുതന്മാര് സഞ്ചിയില്‍ പറിച്ചിടുന്നതിലധികം വയറ്റിലാക്കി. കറുകറുത്ത മുന്തിരിക്ക് ചാരായത്തിന്റെ ഒരു ചെറുമണം തന്നെയുണ്ട്. പറിച്ച മുന്തിരിയുടെ വിലയും നല്കി മടങ്ങിയ ഞങ്ങള്‍ പുതിയൊരു എയര്‍പോര്‍ട്ടിനായി അക്വയര്‍ ചെയ്ത സ്ഥലവും നിര്‍മ്മാണവും കണ്ടു.
-കെ.എന്‍. റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.