– ഡോ. ഓമന റസ്സല്‍
1893-ല്‍ ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അമേരിക്കന്‍ ജനതയെ ‘സഹോദരീ സഹോദരന്മാരേ’ എന്ന് സംബോധന ചെയ്തുകൊണ്ട് ഭാരതത്തിന്റെ ഹിന്ദുമത സംസ്കാരത്തിന് പുത്തന്‍ വ്യാഖ്യാനം നല്കിയ ആളാണ് സ്വാമി വിവേകാനന്ദന്.
മതപരിഷ്കര്ത്താവെന്ന നിലയില്‍ വിവേകാനന്ദന്റെ ആശയങ്ങളെ അംഗീകരിക്കാമെന്ന് തോന്നുമെങ്കിലും വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ തന്റെ ആശയങ്ങള്‍ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്. തന്റെ പുസ്തകങ്ങളില്‍ ഹിന്ദുമത സംസ്കാരം ഏറ്റവും ശ്രേഷ്ഠമെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളതില്‍ നിന്നും ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുള്ളതായി കാണാം. മറ്റു മതങ്ങളെല്ലാം ഹിന്ദുമതത്തിന്റെ നിഴലുകളാണെന്നും, ഹിന്ദുമതം മാത്രമാണ് യഥാര്‍ത്ഥ മതമെന്നും അദ്ദേഹം പ്രചരിപ്പിച്ചു.
മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ഇന്ത്യയുടെ സ്വന്തമെന്നും സത്യമെന്നും വിശ്വസിക്കുന്നവനെ മാത്രമേ ഹിന്ദുവെന്ന് വിളിക്കാനാവൂ. ജാതിവ്യവസ്ഥയെ എതിര്‍ത്ത വിവേകാനന്ദന് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതിനു പകരം ബഹുദൈവ വിശ്വാസത്തെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തത്.
മത ഐക്യം കെട്ടിപ്പടുക്കണമെന്ന് സ്വാമി പറയുമ്പോള്‍ തന്നെ ഒരു ഹിന്ദു ക്രിസ്ത്യാനിയായാല്‍ ഒരു ശത്രു കൂടി ജനിക്കുന്നു എന്നാണ് പറഞ്ഞത്.
ഇതില്‍നിന്നും ഹിന്ദുത്വവാദത്തിന്റെ പ്രയോക്താക്കളില്‍ ഒരാളായി വിവേകാനന്ദനെ നമുക്ക് ദര്‍ശിക്കേണ്ടി വരുന്നു. ഒരാള്‍ മതം മാറിയാല്‍ അയാള്‍ ആദ്യ മതത്തിന്റെ ശത്രുവാണെന്ന് വ്യാഖ്യാനിക്കുന്നതിലൂടെ മതസഹിഷ്ണുത തന്നില്‍ ഉണ്ടായിരുന്നോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, മാര്‍ഗരറ്റ് നോബിള്‍ എന്ന ക്രിസ്ത്യന്‍ വനിതയെ സിസ്റ്റര്‍ നിവേദിത എന്നു പേരിട്ട് ഹിന്ദുവാക്കിയതിലൂടെ അവിടെയും തന്റെ ആശയപ്രകാരം ഒരു ശത്രു ജന്മമെടുക്കുകയായിരുന്നുവോ? ക്രിസ്ത്യാനിക്ക് ഒരു പുതിയ ശത്രു ഉണ്ടായി എന്നാണ് വിവേകാനന്ദ ഭാഷ്യം.
വിവേകാനന്ദന്റെ കാലഘട്ടത്തിനു വളരെ മുമ്പ് 9-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശങ്കരാചാര്യരും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിര്‍ത്താന്‍ ശ്രമിച്ചതിലൂടെ ഹിന്ദുമത പ്രചാരകനായി മാറുകയായിരുന്നു. അന്ന് കേരളത്തില്‍ പ്രബലമായിരുന്ന ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് ഹിന്ദുമത പുനരുദ്ധാരണത്തിന് ശങ്കരാചാര്യര്‍ ശ്രമിച്ചത്. ജാതിവ്യവസ്ഥ വേണമെന്നു ശഠിച്ച ശങ്കരാചാര്യര്‍ ജാതിവ്യവസ്ഥയില്ലാതിരുന്നതും എല്ലാവര്ക്കും പ്രാപ്യമായിരുന്നതുമായ ബുദ്ധമതത്തെ ഉന്മൂലനാശം ചെയ്യാന്‍ യത്നിച്ചു.
ആശയപ്രചരണത്തിലൂടെയാണ് ബുദ്ധമതാശയങ്ങളെ തുടച്ചുനീക്കിയതെന്നും, അതല്ല അനേകരെ കൊന്നാണ് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തതെന്നും വാദമുണ്ട്. ഇന്ത്യയുടെ 4 ദിക്കുകളിലും, അതായത് വടക്ക് ബദരീനാഥിലും പടിഞ്ഞാറ് ദ്വാരകയിലും തെക്ക് ശൃംഗേരിയിലും കിഴക്ക് ജഗനാഥത്തിലും ആശ്രമങ്ങള്‍ സ്ഥാപിച്ച് അദ്വൈതചിന്ത പ്രചരിപ്പിച്ച് ബുദ്ധമതത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ബ്രാഹ്മണ മേധാവിത്വത്തിലേക്ക് ഭാരതം മടങ്ങിവരാന്‍ പ്രധാന പങ്കുവഹിച്ചതിന്റെ പിന്നില്‍ ശങ്കരാചാര്യരായിരുന്നു.
1925-ല്‍ ഹെഗ്ഡേവാര്‍ രൂപീകരിച്ച ആര്.എസ്.എസ്.-ന്റെ താത്വികനായിരുന്ന ഗോള്‍വാള്‍ക്കറും ഹിന്ദുമഹാസഭയുടെ തലവനായിരുന്ന വി.ഡി. സവര്‍ക്കറുമാണ് വാസ്തവത്തില്‍ ഇന്ത്യയെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ പര്യാപ്തമായ ആശയങ്ങളുടെ ഉപജ്ഞാതാക്കള്‍. 80 ലക്ഷം യഹൂദരെ കൊന്നൊടുക്കിയ ഹിറ്റ്ലറിന്റെ ആശയത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ഫാസിസ്റ്റ് ചിന്താഗതി. ”അഹിന്ദുക്കള്‍ ഹിന്ദുസ്ഥാനില്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം.
ഹിന്ദുമതത്തെ ബഹുമാനിക്കാനും അതിനോട് ഭയഭക്തി പുലര്‍ത്താനും കഴിയുന്നില്ലെങ്കില്‍ യാതൊരു ആനുകൂല്യവും അവകാശപ്പെടാതെ ഹിന്ദുക്കള്‍ക്ക് കീഴടങ്ങി കഴിയണം.” ഗോള്‍വാള്‍ക്കര്‍ നിര്‍ദ്ദേശിക്കുന്നു. ബ്രാഹ്മണ മേധാവിത്വം നിലനിര്‍ത്താന്‍ രചിക്കപ്പെട്ട മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയ്ക്കു പകരം വയ്ക്കണമെന്നാണ് ഗോള്‍വാള്‍ക്കറുടെ പിന്‍ഗാമികളായ ആര്.എസ്.എസുകാരുടെ ഇന്നത്തെ വാദം.
ക്രിസ്ത്യാനികളുടെ ബൈബിളിനു സമമായി സംഘപരിവാര്‍ മനുസ്മൃതിയെ ഉയര്‍ത്തിക്കാട്ടുന്നു. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ഗവണ്മെന്റ് നല്കുന്ന ആനുകൂല്യങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള പ്രചരണോപാധിയായി അവര്‍ കാണുന്നു. ഭരണഘടന ഭേദഗതി ചെയ്യാനും ആര്.എസ്.എസ്. ലക്ഷ്യമിടുന്നു. കീഴ്ജാതിക്കാരനായ ശൂദ്രനെ വധിച്ചാല്‍ അത് മഹാപാതകമല്ലായെന്ന് ഉദ്ഘോഷിക്കുന്ന മനുസ്മൃതിയെ ആധാരമാക്കിയുള്ള ഒരു ഭരണസംവിധാനമാണ് ആര്.എസ്.എസ്. ആഗ്രഹിക്കുന്നത്. ഭരണഘടന തന്നെ ഇവരുടെ ദൃഷ്ടിയില് ഹിന്ദു വിരുദ്ധമാണ്.
ഗോള്‍വാള്‍ക്കറുടെ ദൃഷ്ടിയില് മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് ഹിന്ദുത്വത്തിന് എതിരായി നിലകൊള്ളുന്നത്. ഹിന്ദു ദേശീയതയെക്കുറിച്ചും ഗാന്ധിമാര്ഗ്ഗത്തിനു സംഭവിച്ച അബദ്ധങ്ങളെക്കുറിച്ചും ഹിന്ദു രാജാക്കന്മാരെക്കുറിച്ചുമുള്ള വീരകഥകള്‍ പ്രചരിപ്പിച്ചും മറ്റുമാണ് ആര്.എസ്.എസ്. രൂപീകരിച്ചതും വളര്‍ത്തിയതും.
ഗാന്ധിയോടൊപ്പം നിന്ന സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകന് കോണ്‍ഗ്രസിനകത്തെ രാഷ്ട്രീയ തീവ്രവാദിയായിരുന്നു. ‘സ്വരാജ്യം എന്റെ ജന്മാവകാശം’ എന്നു പറഞ്ഞ തിലകന് നിയമനിര്‍മ്മാണസഭയില്‍ പിന്നോക്കവിഭാഗക്കാര്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്കണമെന്നാവശ്യമുയര്ന്നപ്പോള് പിന്നോക്കക്കാര്‍ നിയമം അനുസരിച്ചാല്‍ മതി, നിയമം ഉണ്ടാക്കാന്‍ അവര്‍ വരേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഗണപതിപൂജയും ശിവജി ഫെസ്റ്റിവലും ആരംഭിച്ച് ഹിന്ദു വര്‍ഗ്ഗീയവാദത്തെ ശക്തമാക്കാനായിരുന്നു കോണ്‍ഗ്രസ് തീവ്രവാദിയായിരുന്ന തിലകന് താല്പര്യം. തിലകന്റെ വര്‍ഗ്ഗീയവാദം പിന്നീട് രൂപീകരിക്കപ്പെട്ട ആര്.എസ്.എസിന് സഹായകമായി ഭവിച്ചു എന്നതും നിസ്തര്‍ക്കമാണ്.
നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് ഇന്ത്യയെ ശക്തമാക്കാന്‍ ശ്രമിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മനസ്സിലും ന്യൂനപക്ഷ വിരോധം നീറിക്കിടപ്പുണ്ടായിരുന്നതായി 1948 ജനുവരി 15-ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ നിന്നും ഗ്രഹിക്കാം. മുസ്ലീങ്ങള്‍ വര്‍ഗ്ഗീയ രാഷ്ട്രീയം ഉപേക്ഷിച്ചില്ലെങ്കില്‍ മതേതര രാഷ്ട്രത്തിനു പകരം ഹിന്ദു രാഷ്ട്രം നിര്‍ബന്ധമായി വരും എന്ന് പട്ടേല്‍ എഴുതി. മാത്രമല്ല, ആര്.എസ്.എസ്., ഹിന്ദു മഹാസഭ എന്നീ വര്‍ഗ്ഗീയ സംഘടനകളെ കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണിക്കുകയും അവരെ ദേശാഭിമാനികള്‍ എന്നു വിളിക്കുകയും ചെയ്തു.
വിഭജന ഘട്ടത്തില്‍ പാക്കിസ്ഥാന് ഇന്ത്യ നല്‍കേണ്ട 55 മില്യണ്‍ രൂപ ഉടന്‍ നല്‍കാതെ പട്ടേല്‍ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ ഗാന്ധിജി ആ തുക ഉടനെ കൈമാറാനായി നിരാഹാരസമരം ആരംഭിക്കുകയും പണം നല്കാന് ഇന്ത്യാ ഗവണ്മെന്റ് നിര്‍ബന്ധിതമാവുകയും ചെയ്തു. ഇതോടെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ മുമ്പില്‍ ഗാന്ധിജി രാജ്യവിരുദ്ധനായി മാറി. ഇതിനു വിലയായി സ്വജീവന്‍ തന്നെ നല്‍കേണ്ടിവന്നു ഗാന്ധിജിക്ക്. ഗാന്ധിജിയുടെ രാമരാജ്യം എന്ന സങ്കല്പം പോലും വര്‍ഗ്ഗീയത വളര്ത്താനുപകരിച്ചുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്ന വി.ഡി. സവര്‍ക്കര്‍ ഇന്ത്യ വിഭജിക്കപ്പെടണമെന്നും, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒറ്റരാജ്യമായി തുടരാനാവില്ലെന്നും 1937-ല്‍ പ്രസ്താവിച്ചു. ഹിന്ദുത്വം എന്ന പദം തന്നെ സവര്‍ക്കറുടെ സംഭാവനയാണ്. ഹിന്ദുക്കളുടെ നാടാണ് ഹിന്ദുസ്ഥാന്‍ എന്നും, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇന്ത്യയുടെ ഭാഗമല്ല, അവരുടെ വിശുദ്ധഭൂമി അറേബ്യയും പാലസ്തീനുമാണ് എന്നുമായിരുന്നു സവര്‍ക്കറുടെ അഭിപ്രായം.
‘ഒശിറൗ െഅ ഉ്യശിഴ ഞമരല’ എന്ന ലേഖന പരമ്പരയിലൂടെ ഹിന്ദു മഹാസഭയുടെ തന്നെ മറ്റൊരു നേതാവായിരുന്ന യു.എന്‍. മുഖര്‍ജി കണക്കുകൂട്ടിയത് അഹിന്ദുക്കളെ ഇന്ത്യയില്‍ വളരാന്‍ അനുവദിച്ചാല്‍ അടുത്ത 420 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ നിന്നു തന്നെ അപ്രത്യക്ഷരാകുമെന്നാണ്.
ആര്.എസ്.എസ്. രൂപീകരണത്തിനു വഴിതെളിച്ച നിരവധി നേതാക്കന്മാരുടെ പ്രസംഗങ്ങളും ആഹ്വാനങ്ങളും അവരുടെ ഉള്ളില്‍ ജ്വലിച്ചു നിന്നിരുന്ന ഹിന്ദുത്വ വികാരവുമാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍ ആര്.എസ്.എസിന്റെ രൂപീകരണത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് 1875-ല്‍ ആര്യസമാജം സ്ഥാപിച്ചുകൊണ്ട് സ്വാമി ദയാനന്ദസരസ്വതി പറഞ്ഞതും ഹിന്ദുത്വവാദമായിരുന്നു. ‘സത്യാര്‍ത്ഥ പ്രകാശം’ എന്ന തന്റെ ഗ്രന്ഥത്തില്‍ വേദങ്ങളിലേക്കു മടങ്ങുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയെ ബ്രാഹ്മണവത്കരിക്കാനാണ് ഇദ്ദേഹവും ശ്രമിച്ചത്. ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്കു പോയവരെ മടക്കിക്കൊണ്ടു വരാനായി ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. ഇന്നും ഈ പ്രസ്ഥാനം ഘര്‍വാപ്പസി എന്ന പേരില്‍ സജീവമാണ്. ഹിന്ദുമതം വിട്ട് മറ്റു മതങ്ങളില്‍ ചേക്കേറിയവര്‍ എന്ന് മടങ്ങിവന്നാലും ശുദ്ധി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് അവരെ ഹിന്ദുമതത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നത്.
19-ാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളില്‍ ഹിന്ദുമത വര്‍ഗ്ഗീയത സജീവമായിരുന്നെങ്കിലും 1906-ല്‍ മുസ്ലീംലീഗിന്റെ രൂപീകരണത്തോടെയാണ് ഹിന്ദുമത തീവ്രത ശക്തമാകുന്നത്. 1888-ല്‍ തന്നെ സെയ്ത് അഹമ്മദ്ഖാന്‍ വര്‍ഗ്ഗീയവിഷം ചീറ്റി നടത്തിയ പ്രസ്താവനകള്‍ ഹിന്ദു വര്‍ഗ്ഗീയത വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കുന്ന രണ്ടു രാഷ്ട്രങ്ങളാണെന്നും, ഒരുമിച്ചുള്ളൊരു രാഷ്ട്രീയജീവിതം സാദ്ധ്യമല്ലെന്നും അഹമ്മദ്ഖാന്‍ പറഞ്ഞതും ഹിന്ദു-മുസ്ലീം വൈരം വളര്‍ത്താന്‍ കാരണമായി.
ദാറുല്‍ ഇസ്ലാം അഥവാ ദ വേള്‍ഡ് ഓഫ് ഇസ്ലാം ഇന്ത്യയില്‍ സ്ഥാപിക്കണമെന്ന വഹാബി പ്രസ്ഥാനത്തിന്റെ ആവശ്യവും വര്‍ഗ്ഗീയതയെ ചെറുതായിട്ടൊന്നുമല്ല പ്രോത്സാഹിപ്പിച്ചത്. സ്വാമി ദയാനന്ദ സരസ്വതിയുടെ ശുദ്ധിപ്രസ്ഥാനത്തിലൂടെ ഭാരതത്തെ ആര്യവല്ക്കരിക്കണമെന്ന പ്രഖ്യാപനത്തിനുള്ള ചുട്ടമറുപടിയായിട്ടു വേണം വഹാബി പ്രസ്ഥാനത്തിന്റെ ദാറുല്‍ ഇസ്ലാം സ്ഥാപനവല്ക്കരണത്തെ കാണാന്‍.
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് അവര്‍ മടങ്ങിപ്പോകുമ്പോള്‍ ഭരണം ഹിന്ദുക്കളെ ഏല്‍പ്പിക്കുമെന്നും, അത് തങ്ങള്‍ക്ക് ആപത്താകുമെന്നും മുസ്ലീംലീഗ് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തു. റഹ്മത്തലി എന്ന മുസ്ലീം തീവ്രവാദിയുടെ എഴുത്തുകളും പ്രചരണങ്ങളും വിഭജനത്തിന് ആക്കം കൂട്ടി. മുസ്ലീങ്ങളുടെ മതം, സംസ്കാരം, പാരമ്പര്യം, സാഹിത്യം, സാമ്പത്തികവ്യവസ്ഥ, പിന്തുടര്ച്ചാവകാശ നിയമം, വിവാഹം തുടങ്ങി എല്ലാം ഹിന്ദുക്കളില്‍ നിന്ന് വിഭിന്നമാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം വിവാഹം കഴിക്കില്ല. ഭക്ഷണം കഴിക്കുക പോലുമില്ല. പിന്നെങ്ങനെ ഒരുമിച്ച് പാര്ക്കാനാവും? അലി ചോദിച്ചു. തുടര്‍ന്നുണ്ടായ മുഹമ്മദാലി ജിന്നയുടെ ദ്വിരാഷ്ട്രവാദവും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ ഭരണവും ഹിന്ദു വര്‍ഗ്ഗീയവാദവും മൂലം പാക്കിസ്ഥാന് ഇന്ത്യയില്‍ നിന്നും വേറിട്ടുപോയി. രാഷ്ട്രപിതാവെന്ന അംഗീകാരം നാം ഗാന്ധിജിക്കു നല്കിയിരിക്കുന്നതു പോലെ ജിന്നയാണ് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ്.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയമായിരുന്നു മതവിദ്വേഷം ഇന്ത്യയിലുടലെടുക്കാനുള്ള മൂലകാരണം. രാജ്യത്തിനകത്ത് ജാതിവിദ്വേഷം പരത്തി, ആഭ്യന്തര കലഹം ഉണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്ന നയമാണ് ബ്രിട്ടീഷുകാര്‍ അവര്‍ പോയ ഇടങ്ങളിലെല്ലാം നടപ്പിലാക്കിയത്. ആ നയം തന്നെ അവര്‍ ഇന്ത്യയിലും അനുവര്‍ത്തിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ ചരിത്രത്തെ വിഭജിച്ച ബ്രിട്ടീഷ് ചരിത്രകാരനായ ജെയിംസ് മില്‍ പ്രാചീനകാലത്തെ ഹിന്ദു ഇന്ത്യയെന്നും ഇന്ത്യയുടെ മദ്ധ്യകാലത്തെ മുസ്ലീം ഇന്ത്യയെന്നും ആധുനിക കാലഘട്ടത്തെ ബ്രിട്ടീഷ് ഇന്ത്യയെന്നും നാമകരണം ചെയ്തു. എല്ലാറ്റിനെയും നിയന്ത്രിക്കുന്നത് മതമാണെന്ന സങ്കല്പത്തില് ഇന്ത്യാ ചരിത്ര കാലഘട്ടങ്ങള്‍ക്ക് ഒരു കമ്മ്യൂണല്‍ അപ്രോച്ച് നല്‍കാനവര്‍ക്കു കഴിഞ്ഞു.
ചരിത്രരചനാരീതി ശാസ്ത്രം കൊളോണിയല്‍ ചരിത്രകാരന്മാരുടെയും ഓറിയന്റിലിസ്റ്റുകളുടെയും (വില്യം ജോണ്‍സ്, മാക്സ്മുള്ളര്‍, വില്‍സണ്‍) ദേശീയ ചരിത്രകാരന്മാരുടെയും വ്യത്യസ്തമായിരുന്നു. കൊളോണിയല്‍ ചരിത്രകാരന്മാരായ വിന്‍സന്റ് സ്മിത്ത്, ജെയിംസ് മില്‍, മെക്കാളെ, ഹെഗല്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ദൂഷ്യവശങ്ങളായ ജാതിവ്യവസ്ഥയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അധഃപതനവും പ്രാകൃതാവസ്ഥയും മാത്രം കണ്ടപ്പോള്‍ ദേശീയ ചരിത്രകാരന്മാര് (ഭണ്ഡാര്‍ക്കര്‍, ജയസ്വാള്‍, ജഡുനാഥ് സര്‍ക്കാര്‍, വി.ഡി. സവര്‍ക്കര്‍) പ്രാചീന ഭാരത ചരിത്രത്തിന്റെ മഹത്വം മാത്രം ദര്‍ശിച്ചവരാണ്. ഭാരതത്തിനു പുഷ്പകവിമാനവും ആറ്റംബോംബും (ചക്രായുധം) റിപ്പബ്ലിക്കന്‍ ഭരണരീതിയുമൊക്കെയുണ്ടായിരുന്നുവെന്ന് ഇക്കൂട്ടര്‍ വാദിച്ചു. തത്ഫലമായി ഭാരതചരിത്രം സത്യസന്ധമായ വിവരണത്തില്‍ നിന്നും ബഹുദൂരം അകന്നുപോയി.
ചുരുക്കിപ്പറഞ്ഞാല്‍ ബ്രിട്ടീഷ് ഭരണവും ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായുണ്ടായ മതംമാറ്റവും കൂടാതെ ശങ്കരാചാര്യര്‍, വിവേകാനന്ദന്, സ്വാമി ദയാനന്ദ സരസ്വതി, ഗോള്‍വാള്‍ക്കര്‍, വി.ഡി. സവര്‍ക്കര്‍, തിലകന്, പട്ടേല്‍, മുഹമ്മദാലി ജിന്ന, റഹ്മത്ത് അലി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും പ്രഖ്യാപനവുമൊക്കെ വര്‍ഗ്ഗീയത രൂക്ഷമാക്കാനേ സഹായിച്ചിട്ടുള്ളൂ.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.