വൈക്കം സത്യാഗ്രഹത്തിന് കളമൊരുക്കിയത് ക്രിസ്ത്യന്‍ മിഷണറിമാര്‍ (തുടര്‍ച്ച )

വൈക്കം സത്യാഗ്രഹത്തിന് കളമൊരുക്കിയത് ക്രിസ്ത്യന്‍ മിഷണറിമാര്‍ (തുടര്‍ച്ച )ഡോ. ഓമന റസ്സല്‍

മൃഗത്തോടൊപ്പം നിലമുഴുന്നതിന് അവര്‍ണ്ണന്റെ തോളില്‍വച്ചുകെട്ടിക്കൊടുത്ത നുകം കണ്ട് കരളലിഞ്ഞ് അവനെ സ്വതന്ത്രനാക്കാന്‍ ശ്രമിച്ച ക്രൈസ്തവ മിഷ്ണറിമാരുടെ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുകതന്നെ ചെയ്യും. ജീവിതത്തിന് അര്‍ത്ഥവും ആവേശവും സുരക്ഷിതത്വബോധവും അവര്‍ണ്ണനെന്ന് മുദ്രകുത്തിയവന് നല്‍കി അവനെ പ്രതികരിക്കാന്‍ പ്രാപ്തനാക്കിയതും ക്രിസ്ത്യാനിത്വമാണ്.

സമൂഹം അശുദ്ധനെന്ന് വിധിച്ച് തള്ളിക്കളഞ്ഞ മനുഷ്യന് ദൈവത്തോടൊപ്പം ഇരിക്കാന്‍ ലഭിച്ച ഈ മഹത്പദവി അവനെ അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തനാക്കി. ഈ ലോകം ‘എനിക്കും’ അവകാശപ്പെട്ടതാണെന്ന ബോധ്യം അവനില്‍ രൂഢമൂലമായി. മറ്റുമതങ്ങളെല്ലാം ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളായിരിക്കെ ക്രിസ്തു മനുഷ്യനെ തേടി ഭൂമിയിലേക്ക് വന്ന രക്ഷകനായി മാറി. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നനുശാസിച്ച ബ്രാഹ്മണധര്‍മ്മത്തിന് വിരുദ്ധമായി എല്ലാവര്‍ക്കും അക്ഷരാഭ്യാസം നല്‍കുവാന്‍ മിഷണറിമാര്‍ തയ്യാറായി.

19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കേരളത്തില്‍ ജാതിവ്യവസ്ഥക്കും അസമത്വങ്ങള്‍ക്കും എതിരെ ഉയര്‍ന്നുവന്ന നവോത്ഥാനത്തിന്റെ പശ്ചാത്തലം നിഷ്പക്ഷമായി പരിശോധിച്ചാല്‍ ആ അന്വേഷണം ചെന്നെത്തുക ക്രിസ്ത്യന്‍ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ്. ചില ചരിത്രകാരന്മാര്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങളെ നിഷേധിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ദുഷിച്ച സാമൂഹ്യവ്യവസ്ഥിതിയുടെ കടക്കല്‍ കത്തിവെച്ചത് ക്രിസ്ത്യന്‍ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നുള്ളത് അനിഷേധ്യമായ ചരിത്രവസ്തുതയാണ്.

അന്ന് നിലനിന്നിരുന്ന ജാതിചിന്തയിലും അയിത്താചാരത്തിലുമൊക്കെ വിള്ളല്‍ വീഴ്ത്താന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞുവെന്നുള്ളതിന്റെ പ്രത്യക്ഷമായ തെളിവാണ് 1856 -ല്‍ തിരുവിതാംകൂര്‍ രാജാവ് മദ്രാസ് ഗവര്‍ണര്‍ക്ക് അയച്ച കത്ത്. ‘മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജാതിയും നാട്ടാചാരങ്ങളും സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നു. ഹിന്ദു പ്രജകളുടെ മേല്‍ ഗവണ്‍മെന്റിന് ഇതുവരെയുണ്ടായിരുന്ന നിയന്ത്രണം കുറെയൊക്കെ അപകടപ്പെടുത്തുവാനും അത് പ്രേരകമായിരിക്കുന്നു.’ പ്രസ്തുത കത്തില്‍ നിന്നും ഹിന്ദു പ്രജകളുടെമേല്‍ അതുവരെ രാജാവിനുണ്ടായിരുന്ന നിയന്ത്രണം നഷ്ടമാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായി മനസ്സിലാക്കാം.
ക്രിസ്തുവിന്റെ നിസ്തുല്യ സ്‌നേഹത്താല്‍ ആകൃഷ്ടരായി,

ലോകമെങ്ങും പോയി സകല സൃഷ്ടിയോടും സുവിശേഷം അറിയിക്കാനുള്ള ക്രിസ്തുവിന്റെ അന്ത്യകല്പന ശിരസ്സാവഹിച്ച് ക്രൈസ്തവ മിഷനറിമാര്‍ കേരളക്കരയിലുമെത്തി. 19-ാം നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ത്തന്നെ മിഷനറിമാര്‍ തിരുവിതാംകൂറില്‍ സ്‌കൂളുകള്‍ ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെയും അച്ചടിശാലകളിലൂടെയും കൈവന്ന പത്രപ്രവര്‍ത്തനവും പുസ്തക പ്രസിദ്ധീകരണവും ജാതിക്കും മതത്തിനും അതീതമായ കഴ്ചപ്പാടിനുള്ള വേദിയൊരുക്കി.

‘എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നാണ്’ എന്ന ബൈബിള്‍ വചനം മനസ്സില്‍ സൂക്ഷിച്ച മിഷനറിമാര്‍ ദരിദ്രരോടു സുവിശേഷം അറിയിക്കുക എന്ന ക്രിസ്തുവിന്റെ ദൗത്യം ജീവിതലക്ഷ്യമാക്കി പ്രവര്‍ത്തിച്ചതിന്റെ ഫലമായി മനുഷ്യസ്വാതന്ത്ര്യം എന്ന ചിന്താഗതി തിരുവിതാംകൂറിനു കരഗതമായി. ബൈബിള്‍ പഠനവും ഇംഗ്ലീഷ് വിദ്യാഭ്യാസവും മനുഷ്യമനസ്സില്‍ വമ്പിച്ച പരിവര്‍ത്തനമുണ്ടാക്കുകയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ അനീതിക്കും അയിത്തത്തിനുമെതിരെ പോരാടാനുള്ള ഊര്‍ജം പകരുകയും ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ലഭിച്ച ഹ്യൂമനിസ്റ്റ് ചിന്താഗതിയുടെ പശ്ചാത്തലത്തില്‍ വേണം ശ്രീനാരായണ ഗുരുവിന്റെ ‘ഏകജാതിചിന്ത’യെ വിലയിരുത്താന്‍. ഒരു വിഭാഗം ജനങ്ങളെ വര്‍ണ്ണത്തിന്റെയും ജാതിയുടെയും പേരില്‍ മാറ്റിനിറുത്തി,

അടിച്ചമര്‍ത്തി ചൂഷണം ചെയ്യുന്നത് അന്യായമാണെന്ന ചിന്ത അങ്കൂരിപ്പിച്ചത് ക്രൈസ്തവ മിഷനറിമാരുടെ തിരുവിതാംകൂറിലെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നതിന് സംശയമില്ല. മുജ്ജന്മ പാപഫലമായി അയിത്ത ജാതിക്കാരനായി ജനിക്കുന്നു എന്ന സവര്‍ണ്ണരുടെ സിദ്ധാന്തത്തെ വെല്ലുവിളിക്കാനും തീണ്ടലും തൊടിലും അനാചാരമാണെന്ന ബോദ്ധ്യമുണ്ടാക്കാനും മറ്റു മനുഷ്യരെപ്പോലെ സ്വതന്ത്രരായി ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന തിരിച്ചറിവുണ്ടാകാനും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി.

ഇങ്ങനെ ബോധവല്‍ക്കരണം ലഭിച്ച സമുദായ നേതാക്കള്‍ നമ്പൂതിരിയെ മനുഷ്യനാക്കാനും ജാതിചിന്ത ഇല്ലായ്മ ചെയ്യാനും തുല്യതയ്ക്കായും മാനവീക മൂല്യങ്ങള്‍ക്കായുമുള്ള ശ്രമങ്ങളാരംഭിച്ചു. വൈകുണ്ഠ സ്വാമിയുടെ സമത്വസമാജത്തിലൂടെ ആയിരുന്നു നവോത്ഥാനത്തിന് തുടക്കമായതെന്ന് നിസംശയം പറയാം. ഇതിനെ തമസ്‌ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശ്രീനാരായണ ഗുരുവിന് പ്രചോദനമായത് വൈകുണ്ഠ സ്വാമികളുടെ ആശയങ്ങളായിരുന്നു. അതുമുതലാണ് നവോത്ഥാനത്തിന് തുടക്കമായതെന്നും നിസ്സംശയം പറയാം.

മനുഷ്യ സ്വാതന്ത്ര്യത്തെയും മഹത്വത്തെയും പറ്റി പുതിയൊരു ഉള്‍ക്കാഴ്ച നവോത്ഥാന നായകന്മാര്‍ക്ക് ലഭിച്ചത് ക്രിസ്ത്യന്‍ മിഷനറിമാര്‍ മാനവമൂല്യങ്ങളെയും സമത്വത്തേയും പറ്റി തിരുവിതാംകൂറിന് നല്കിയ മഹത്തായ ആശയങ്ങളിലൂടെയായിരുന്നു. ജീവിതത്തിന് പുതിയൊരര്‍ത്ഥവും ലക്ഷ്യവും അവര്‍ണര്‍ക്ക് ഉണ്ടായതിന്റെ പിന്നില്‍ ക്രൈസ്തവ മിഷനറിമാരുടെ അശ്രാന്തപരിശ്രമത്തിന്റെ കരസ്പര്‍ശമുണ്ട്. മനുഷ്യാവകാശ ബോധവും പുരോഗമനവാഞ്ഛയും സ്വാതന്ത്ര്യ തൃഷ്ണയും വിപ്ലവാവേശവും പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധൈര്യവും നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതി മാറേണ്ടതുണ്ടെന്ന ചിന്തയും അവര്‍ണരില്‍ ഉളവാക്കിയത് ക്രൈസ്തവ മിഷനറിമാര്‍ നല്‍കിയ വിദ്യാഭ്യാസമായിരുന്നു.

ജാതി ഉപജാതി വര്‍ണ്ണവിഭജനത്തിന് അതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതിന്റെ ഫലമായിരുന്നു വഴി നടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും അരങ്ങേറിയ സമരപരമ്പരകള്‍. 1904 ലെ അയ്യങ്കാളിയുടെ വില്ലു വണ്ടി സമരവും 1924-25 ലെ വൈക്കം സത്യഗ്രഹവും ജാതീയമായ ഉച്ചനീചത്വം ഇല്ലാതാക്കുന്നതിനും നിലവിലിരുന്ന കിരാത വ്യവസ്ഥിതിക്ക് മാറ്റം വരുത്തുന്നതിനും ഹേതുവായി. ശുചീന്ദ്രം, തിരുവാര്‍പ്പ്, അമ്പലപ്പുഴ, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈക്കം സത്യാഗ്രഹത്തിന്റെ അനുരണനങ്ങള്‍ ചരിത്രം രേഖപ്പെടുത്തി.

ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസത്തിലൂടെ നല്കിയ പുതിയ വിജ്ഞാനവും ആശയങ്ങളും സന്ദേശങ്ങളും അവര്‍ണരില്‍ പ്രത്യാശയുടെ കിരണങ്ങള്‍ പരത്തി. മിഷനറി പ്രവര്‍ത്തനങ്ങളുലൂടെയാണ് തിരുവിതാംകൂറില്‍ മാറു മറയ്ക്കാനായതും ഊഴിയ വേലയില്‍ നിന്നും അടിമത്വത്തില്‍ നിന്നും മോചനം ലഭിച്ചതും സവര്‍ണ്ണാവര്‍ണ ഭേദത്തിന്റെയും, അയിത്തത്തിന്റെയും അടിത്തറയിളക്കിയ 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പിന്നിലെ പ്രേരകശക്തി ഒരുപരിധിവരെ അവര്‍ണരുടെ ക്രൈസ്തവ സഭയിലേക്കുള്ള ഒഴുക്കിനെ തടയുക എന്നതായിരുന്നു.

ഉദ്ദ്യോഗനിയമനങ്ങളിലും നിയമസഭയിലും പ്രാതിനിധ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ധൈര്യമായി പറയാനും അത് നേടിയെടുക്കാനുമുള്ള അവബോധം ലഭിച്ചത് വിദ്യാഭ്യാസത്തിലൂടെ കൈവന്ന അവകാശ ബോധമായിരുന്നു. ഇതിന്റെയെല്ലാം പിന്നില്‍ നിസ്വാര്‍ത്ഥമതികളും പരിശ്രമശാലികളും സമസൃഷ്ടങ്ങളോട് സ്‌നേഹമുള്ളവരുമായ മിഷനറിമാരുടെ ത്യാഗത്തിന്റെ വിലയുണ്ടായിരുന്നു. അവരായിരുന്നല്ലോ തിരുവിതാംകൂറില്‍ ആദ്യം വിദ്യാഭ്യാസം ആരംഭിച്ചതും സ്‌കൂളുകളില്‍ ജാതി മത ഭേദെമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കിയതും.

എന്നാല്‍ ക്രിസ്ത്യന്‍ മിഷനറിമാരും നവോത്ഥാന നായകരും ഇല്ലാതാക്കാന്‍ ശ്രമിച്ച കിരാത ജാതിവ്യവസ്ഥയുടെ ഭൂതകാലത്തിലേക്കുള്ള മടക്കത്തിന്റെ അശുഭലക്ഷണങ്ങള്‍ ഇന്ന് കേരളത്തില്‍ ദൃശ്യമാണ്. നവോത്ഥാനത്തിന്റെ തുടര്‍ച്ച ഏറ്റെടുത്ത് നവലോകസൃഷ്ടിക്കായി പ്രവര്‍ത്തിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സമൂഹപുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന ജാതിയുടെ സ്വാധീനം വര്‍ത്തമാനകാല കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഹൈദ്രബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും ജാതിപ്പിശാചിന്റെ സ്വാധീനം ഏറുന്നതിന്റെ തെളിവാണ്. ഓരോജാതിയും അതതിന്റെ ജാതീയമായ അഭിമാനബോധം വളര്‍ത്താനുള്ള കഠിനശ്രമത്തിലാണിപ്പോള്‍.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാത്തിനെയും സമീപിക്കുന്ന രീതി തികച്ചും ആശങ്കാജനകമാണ്. നിയമം മൂലം നിര്‍ത്തലാക്കപ്പെട്ട ജാതി ചിന്ത മനുഷ്യമനസ്സുകളില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്ന കാഴ്ച്ച അതിഭീകരമാണ്. ജാതി വ്യവസ്ഥയില്‍ മാറ്റം ഉണ്ടായെങ്കിലും ജാതിയുടെ പ്രഭാവം കേരള സമൂഹത്തില്‍ നിന്നും ഇന്നും മാഞ്ഞു പോയിട്ടില്ല എന്നതാണ് വസ്തുത.

മനുഷ്യ വിമോചനത്തിന്റെ ശബ്ദമാണ് ബൈബിള്‍. ബൈബിള്‍ എത്തിയ ഇടങ്ങളിലെല്ലാം മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങി. അതിന്റെ അലയൊലികള്‍ വൈക്കത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലവും മാറ്റിത്തീര്‍ത്തു. കേരള സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയില്‍ വൈക്കത്തിന് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. അത് അയിത്തോച്ചാടന സഞ്ചാര സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ടതാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായി വൈക്കത്തിന്റെ ചിന്താഗതിയില്‍ ഉണ്ടായ മാറ്റമാണ് വൈക്കം സത്യാഗ്രഹത്തിന് പ്രേരകമായ അയിത്തോച്ചാടനം എന്ന ആശയം.

ക്രിസ്ത്യന്‍ മിഷനറിമാര്‍ കത്തിച്ച ആത്മിയതയുടെയും അറിവിന്റെയും വ്യക്തിബോധത്തിന്റെയും തുല്യതയുടെയും മനുഷ്യമഹത്വത്തിന്റെയും അവകാശ ബോധത്തിന്റെയും മറ്റും കൈത്തിരികള്‍ കൈമാറി അണയാതെ സൂക്ഷിച്ച പിന്‍തലമുറക്കാരുടെ നേര്‍ക്കാഴ്ച്ചയാണ് ക്രിസ്തുവിന്റെ നിസ്തുല്യ സുവിശേഷത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച വൈക്കത്തെ യഥാര്‍ത്ഥ ക്രൈസ്തവര്‍.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!