– ഡോ. ഓമന റസ്സല്‍
വൈക്കം. കീഴാള ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കാനുള്ള മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയ ചരിത്രമുളള മണ്ണ്. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈഴവ ചെറുപ്പക്കാര്‍ ക്ഷേത്രാരാധനക്കുവേണ്ടിയുള്ള ധീരമായ മുന്നേറ്റത്തില്‍ ജീവന് വെടിയേണ്ടിവന്നതിന്റെ സ്മാരകമായ ദളവാക്കുളമുണ്ടായിരുന്ന നാട്. ബാലരാമവര്‍മ്മ (1798-1810) തിരുവിതാംകൂര്‍ രാജാവും വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയും ആയിരുന്ന കലത്ത് ഈഴവയുവാക്കള്‍ വൈക്കം മഹാദേവ ക്ഷേ്രതത്തില്‍ കയറി ആരാധന നടത്താനൊരു ശ്രമം നടത്തി. തിരുവിതാംകൂര്‍ കുതിരപ്പട്ടാളം അവരെ വെട്ടിനുറുക്കി ക്ഷേത്രത്തിനു സമീപമുള്ള കുളത്തിലിട്ടുമൂടി.
ഒരു നൂറ്റാണ്ടിനിപ്പുറം 1924-25 കാലഘട്ടത്തില്‍ വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ള നാലു റോഡുകളില്‍ കൂടി നടക്കാനുള്ള അവകാശത്തിനായി ത്യാഗനിര്‍ഭരമായ വൈക്കം സത്യാഗ്രഹം നടന്നു. സാംസ്കാരിക കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും പൈതൃകം അവകാശപ്പെടാവുന്ന നാടാണ് വൈക്കം എന്നതും സ്മരണീയമാണ്.
പടിഞ്ഞാറ് വേമ്പനാട്ടു കായലും കിഴക്ക് പെരിഞ്ചിലം തോടും വടക്ക് കണിയാന് തോടും തെക്ക് പുത്തന്‍ തോടും അതിരിടുന്ന വൈക്കം വിപ്ലവകേരളത്തിന്റെ മുഖ്യകേന്ദ്രങ്ങിലൊന്നാണ്. വേമ്പനാട്ടു കായല്‍ വെച്ച (നിക്ഷേപിച്ച) സ്ഥലം വൈക്കമായി. വ്യാഘ്രപാദ മഹര്‍ഷിയുടെ വാസസ്ഥലമാണ് വൈക്കമായി മാറിയതെന്നും വിശ്വാസമുണ്ട്. നാടുവാഴിത്ത ഭരണകാലത്ത് വൈക്കം ‘വെമ്പൊലിനാട്’ എന്നറിയപ്പെട്ട നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. വെമ്പൊലി നാട്ടില്‍പ്പെട്ട കായലാണ് വേമ്പനാട്ടുകായല്‍.
തിരുവിതാംകൂറിന്റെ ചരിത്രം പരിശോധിച്ചാല്‍ ആദിമ ഭരണസമ്പ്രദായം ഗോത്രവര്‍ഗ്ഗ സംസ്കാരവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് മനസ്സിലാക്കാം. വിഴിഞ്ഞം കേന്ദ്രമാക്കി ഭരിച്ച ആയ് രാജവംശമയിരുന്നു അറിയപ്പെടുന്ന ആദ്യ ഭരണകര്‍ത്താക്കള്‍. ആയ് വംശത്തിനുശേഷം ചേരവംശം ഭരണത്തില്‍ വരികയും അവരുടെ അധ:പതനാനന്തരം ചെറു നാട്ടുരാജ്യങ്ങളായ വേണാട്, തൃപ്പാപ്പൂര്‍, ദേശിങ്ങനാട് തുടങ്ങിയവ നിലവില്‍ വരികയും ചെയ്തു. ഇതില്‍ തിരുവട്ടാര്‍ ആസ്ഥാനമായിരുന്ന വേണാട് പിന്നീട് തിരുവിതാംകൂറായി മാറുകയാണുണ്ടായത്.
ആധുനിക തിരുവിതാംകൂറിന്റെ ഉദയം മാര്‍ത്താണ്ഡവര്‍മ്മയുടെ (1729-1758) ഭരണത്തോടെയാണ് ആരംഭിച്ചത്. 18-ാംനൂറ്റാണ്ടിനുമുമ്പ് അനേകം ചെറു നാടുവാഴികളുടെ കീഴില്‍ വിഭജിക്കപ്പെട്ടുകിടന്നിരുന്നു കേരളം. പില്ക്കാലത്ത് തിരുവിതാംകൂറും കൊച്ചിയും കോഴിക്കോടുമായിത്തീര്ന്ന കേരളത്തെ യൂറോപ്യന്മാരുടെ വരവ് പിന്നെയും മാറ്റി. മാര്‍ത്താണ്ഡവര്‍മ്മ കായംകുളം, അമ്പലപ്പുഴ, വടക്കുംകൂര്‍,
തെക്കുംകൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു. ഇതില്‍ വടക്കുംകൂറില്പെട്ട പ്രദേശമായിരുന്നു വൈക്കം. 12-ാം നൂറ്റാണ്ടില്‍ വടക്കുംകൂറും തെക്കുംകൂറുമായി വിഭജിതമാകുന്നതിനുമുമ്പ് ഇവ രണ്ടും വെമ്പൊലി നാടിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നി പ്രദേശങ്ങള്‍ ചേര്‍ന്നാണ് 1956 ല്‍ കേരള സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായത്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വൈക്കം കോട്ടയം ജില്ലയിലെ ഒരു താലൂക്കാണിന്ന്.
വൈക്കത്തപ്പന് ആരാധനാമൂര്‍ത്തിയായ വൈക്കം മഹാദേവ ശിവക്ഷേത്രം ‘തെക്കന്‍ കാശി’ എന്ന പേരിലും പ്രസിദ്ധമാണ്. 1539 ല്‍ പണിയപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കേന്ദ്രീകരിച്ച് രൂപംകൊണ്ട പട്ടണമാണ് വൈക്കം. ഇതിന്റെ സമീപത്തുള്ള വേമ്പനാട്ട് കായലിന്റെ വാണിജ്യപ്രാധാന്യവും ഈ പട്ടണത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം വൈക്കത്തിന് ലഭിച്ചത് ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിലൂടെയാണ്.
ഇന്നത്തെ തലമുറയ്ക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ക്രൂരതകളായിരുന്നു വൈക്കം ഉള്‍പ്പെട്ടിരുന്ന തിരുവിതാംകൂറില്‍ ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ സവര്ണ്ണജാതികളെന്ന് അഭിമാനിച്ചിരുന്നവര്‍ അവര്ണ്ണജാതികളെന്ന് വിളിച്ചിരുന്നവരോട് കാട്ടിയിരുന്നത്. തിരുവിതാംകൂറില്‍ മാത്രമല്ല കേരളത്തിലുടനീളം സവര്‍ണ്ണ ജന്മിമാര് മൃഗങ്ങളോടുള്ള കരുണപോലും ഈ പാവങ്ങളോട് കാണിച്ചിരുന്നില്ല. ജനിച്ച ഭൂമിയില്‍ ജീവിക്കാനോ എന്തിനേറെ പറയുന്നു സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്നതുകൊണ്ടാണ് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശ സമരങ്ങള്‍ 19, 20 നൂറ്റാണ്ടുകളില്‍ തിരുവിതാംകൂറിലുണ്ടായത്. അക്കാലത്ത് കേരളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ അപരിഷ്കൃത കാലഘട്ടത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്.
ജാതികളും ഉപജാതികളും സവര്‍ണ്ണരും അവര്‍ണ്ണരുമായി മനുഷ്യരെ തരംതിരിച്ചിരുന്ന കാലമായിരുന്നു അത്. നമ്പൂതിരിമാരും നായര്‍ ജാതിയില്‍പ്പെട്ടവരും രാജകുടുംബാംഗങ്ങളുമായിരുന്നു കേരളത്തിലെ വന്‍ ഭൂവുടമകളും സവര്‍ണ്ണരും. ഹിരണ്യ ഗര്‍ഭവും തുലാപുരുഷദാനവും വഴി നമ്പൂതിരിമാര്‍ ക്ഷത്രിയരാക്കിയ രാജാക്കന്മാരായിരുന്നു തിരുവിതാകൂര്‍ ഭരിച്ചിരുന്നത്. സവര്‍ണ്ണരില്‍ ഏറ്റവും താഴെക്കിടയിലുണ്ടായിരുന്ന ശൂദ്രരായ നായന്മാരും ഭൂമി കൈക്കലാക്കിയിരുന്നു. ശൂദ്രര്‍ യോദ്ധാക്കളായതോടെയും സംബന്ധം വഴിയും സവര്‍ണ്ണരെന്ന പരിഗണന നേടി. ബാക്കിയുള്ള ജാതികളായ ഈഴവര്‍, പുലയ, പറയ, വേട്ടുവ, കുറവ ജതികളെല്ലാം തിരുവിതാംകൂറില്‍ മാത്രമല്ല കേരളത്തിലെമ്പാടും താണ ജാതിക്കാരായ അവര്‍ണരായി കണക്കാക്കപ്പെട്ടിരുന്നു.
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളായിരുന്നു അന്നത്തെ അവര്‍ണ്ണവിഭാഗങ്ങള്‍ അനുഭവിച്ചിരുന്നത്. തിരുവിതാംകൂറിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന ഈഴവര്‍ക്ക് നമ്പൂതിരിയുമായി 36 അടി അകലവും, നായരുമായി 12 അടി അകലവും പാലിക്കണമായിരുന്നു. ഇവര്‍ക്ക് ലോഹപാത്രങ്ങള്‍ ഉപയോഗിക്കാനോ, കുട പിടിക്കാനോ, ചെരുപ്പ് ഉപയോഗിക്കാനോ, കറവപ്പശുക്കളെ വളര്‍ത്താനോ, നല്ല വസ്ത്രം ധരിക്കാനോ, അരയുടെ മുകളില്‍ വസ്ത്രം ധരിക്കാനോ അവകാശമുണ്ടായിരുന്നില്ല. സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ല. സര്‍ക്കാരിനും ക്ഷേത്രങ്ങള്‍ക്കും വേണ്ടി പ്രതിഫലമില്ലാതെ കായിക പ്രയത്നം ചെയ്യണമായിരുന്നു.
ഇതിന് ‘ഊഴിയം’ എന്നു പേര്. വീടുമേയുന്നതിനും പണിയായുധങ്ങള്‍ സൂക്ഷിക്കുന്നതിനും വിവാഹം നടത്തുന്നതിനും കരം കൊടുക്കണമായിരുന്നു. ഇതിനു പുറമെ തലക്കരം, മൂലക്കരം, ചെത്തുകരം, വൃക്ഷക്കരം, ഏണിക്കരം തുടങ്ങിയ നികുതികളും ചുമത്തിയിരുന്നു. പ്രാകൃത ശിക്ഷാരീതികളും നിലവിലുണ്ടായിരുന്നു.
ഈഴവര്‍ കഴിഞ്ഞാല്‍ തിരുവിതാംകൂറിലെ പ്രധാന ജനവിഭാഗം അടിമജാതികളായ പുലയരും പറയരും കുറവരും വേട്ടുവരും അരയരും മറ്റുമായിരുന്നു. മനുഷ്യനെ മനുഷ്യന് കന്നുകാലികളെപ്പോലെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന നീചമായ സാമൂഹ്യവ്യവസ്ഥിതിയായിരുന്നു അടിമത്തം.
1847-ല്‍ തിരുവിതാംകൂറില്‍ ഒരു ലക്ഷത്തി അറുപത്തിഅയ്യായിരം അടിമകളുണ്ടായിരുന്നു. ഇത് അന്നത്തെ ജനസംഖ്യയുടെ 16 % ആയിരുന്നു. അടിമകളെ വില്‍ക്കുവാനും വാങ്ങുവാനും മാത്രമല്ല അവരെ മര്ദ്ദിച്ചവശരാക്കിയാലും അംഗഭംഗം വരുത്തിയാലും കൊന്നുകളഞ്ഞാലും ഉടമകളോട് ആരും ചോദിക്കുകയോ ശിക്ഷിക്കുകയോ ഇല്ല. തിരുവിതാംകൂര്‍ സര്‍ക്കാരിനും അക്കാലത്ത് ധാരാളം അടിമകളുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിമച്ചന്തകളുമുണ്ടായിരുന്നു.
അവര്‍ണ്ണര്‍ക്ക് വിദ്യഭ്യാസത്തിനുള്ള അനുവാദമോ, അവസരമോ ഇല്ല. മാന്യമായി ജീവിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാത്ത മൃഗതുല്യമായ ജീവിതമായിരുന്നു 19-ാം നൂറ്റാണ്ടില്‍ അവര്‍ണ്ണര്‍ നയിച്ചിരുന്നത്. പൊതുനിരത്തുകള്‍ ഉപയോഗിക്കാനോ ക്ഷേത്രങ്ങളുടെ അടുത്തുചെല്ലാനോ പാടില്ല. മനുഷ്യനും മനുഷ്യനും തമ്മില്‍ കാണാനോ തൊടാനോ പാടില്ലാത്ത വിധം അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍. വിവാഹം കഴിക്കുന്ന പെണ്ണിനെ ആദ്യരാത്രിയില്‍ സവര്ണ്ണന് കാഴ്ചവെക്കാന്‍ വിധിച്ച അലിഖിത പാരമ്പര്യം.
പ്രാകൃത ശിക്ഷകള്‍ നല്കി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ വെളിച്ചം നല്കി ശരിയായ വഴികാണിച്ചത് ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു. വിദ്യാഭ്യാസം നല്‍കിയും വര്‍ത്തമാനപത്രങ്ങളും അച്ചടിശാലകളും വായനശാലകളും സ്ഥാപിച്ചും ക്രൈസ്തവ മിഷണറിമാര്‍ കേരളനവോത്ഥാനത്തിനുള്ള അടിത്തറയൊരുക്കി. ജനനം കൊണ്ട് അധ:സ്ഥിതമാകുന്ന സാമൂഹ്യവ്യവസ്ഥയില്‍ നിന്നും ക്രിസ്തു സുവിശേഷത്താല്‍ വീണ്ടും ജനനം പ്രാപിച്ച് നേടിയ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ ഏറെയുണ്ട് ഇന്നും കേരളത്തില്‍. വൈക്കവും അതിനൊരപവാദമല്ല.
പാടവരമ്പത്ത് ചവിട്ടിത്താഴ്ത്തപ്പെട്ട തുലാപുലയന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചപ്പോള്‍ ഒരു പരിഷ്കൃത സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലേക്ക് മാറാനുള്ള തൃഷ്ണ അവരിലുണ്ടായി. ക്ഷേത്രത്തിലെ ദൈവത്തെ ആരാധിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തോടെ ക്ഷേത്രമുറ്റത്തെത്തിയവന് ജീവന് ബലി കൊടുക്കേണ്ടിവന്ന തിരുവിതാംകൂറിലെ അവര്ണ്ണജാതിയുടെ കുടിലിലേക്ക് ഇറങ്ങിവന്ന ക്രിസ്തുവിന്റെ സ്നേഹത്തെയാണ് മിഷണറിമാര്‍ പരിചയപ്പെടുത്തിയത്.
ക്രിസ്തുവിലൂടെയുള്ള സാമൂഹ്യ സമത്വം കരഗതമാക്കുവാന്‍ നേര്‍ച്ചകാഴ്ചകളോ പണമോ ആവശ്യമായി വരുന്നില്ല. ശപ്ത ജന്മങ്ങള് എന്ന് മുദ്രകുത്തി തീണ്ടാപ്പാടകലെ നിര്‍ത്തി ‘പോ-പോ’ എന്നു പറഞ്ഞ് കാഴ്ചയില്‍ നിന്നും ആട്ടിയകറ്റിയ സാധുമനുഷ്യനെ സര്വ്വലോകത്തേക്കാളും വിലയേറിയവനായി കണ്ട് ക്രിസ്തുവിന്റെ അടുത്തേക്ക് ആനയിക്കാന്‍ മിഷണറിമാര്‍ ശ്രമിച്ചു. സവര്‍ണ്ണരെന്ന് അഭിമാനിച്ചിരുന്നവര്‍ ദരിദ്രനെ അറപ്പോടെ വീക്ഷിച്ചപ്പോള്‍ ഓമനപേര് ചൊല്ലി വിളിച്ച് മാറോടണച്ച് ആശ്ലേഷിച്ച ക്രിസ്തുവിന്റെ സ്നേഹം ലോകത്തിലെ മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് പഠിപ്പിച്ചതും ക്രൈസ്തവ മിഷണറിമാര്‍ തന്നെ.
(തുടരും)






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.