പുതിയ നിയമസഭയിലെ മുന്നൂറാന്മാർ!

പുതിയ നിയമസഭയിലെ മുന്നൂറാന്മാർ!


വര്‍ഗീസ് ചാക്കോ
johnygilead@gmail.com

ദശാംശം പഴയ നിയമ ഉപദേശമാണെന്നാണ് ആധുനിക സഭയിലെ പിശുക്കന്മാരായ വിശ്വാസികളുടെ വ്യാഖ്യാനം.
പുതിയ നിയമ ഉപദേശമനുസരിച്ചാണെങ്കിൽ
ഓഹരിയാണ് സഭയിൽ നൽകേണ്ടത്. ഒരു വേദപണ്ഡിതൻ ഓഹരിയെപ്പറ്റി പറഞ്ഞിരിക്കുന്നത്, കുടുംബത്തിലെ മുഴുവൻ വരുമാനത്തെയും ഓരോ അംഗത്തിനും ഓരോ ഓഹരി എന്ന നിലയിൽ വിഭജിക്കുകയും ഒപ്പം അതിന് തുല്യമായ ഒരു ഓഹരി സഭയ്ക്കും നൽകണമെന്നാണ്. അങ്ങനെ ചെയ്യുന്ന എത്രപേർ നമുക്കിടയിൽ ഉണ്ടാകും? അപൂർവമെങ്കിലും
വരുമാനത്തിന്റെ മുപ്പതു ശതമാനവും അൻപത് ശതമാനവും ദൈവ വേലയ്ക്കായി മാറ്റി വയ്ക്കുന്ന ഒട്ടനവധി വിശ്വാസികളുടെ ചരിത്രം നമുക്കറിയാം.

ഈ കോവിഡ് കാലത്ത് വരുമാനത്തിൽ കുറവ് വന്നവരും പകുതി ശമ്പളം ലഭിച്ചവരും നിർബന്ധമായി അവധിയെടുക്കേണ്ടി വന്നവരും ജോലി നഷ്‌ടപ്പെട്ടവർ പോലും വിശ്വാസികൾക്കിടയിലുണ്ട്.
എന്നാൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിച്ചവർ താരതമ്യേന ചെറിയ സഭകളിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർമാരാണ് എന്ന കാര്യത്തിൽ സംശയമില്ല.

വരുമാനമുള്ള സഭകളിലെ 99 ശതമാനം വിശ്വാസികളും
തങ്ങളുടെ ലോക്കൽ സഭയിലെ ഉത്തരവാദിത്തങ്ങൾ പിഴവ് വരുത്താതെ നിർവഹിക്കുന്നവരാണ്. ഒപ്പം താരതമ്യേന ചെറിയ സഭകളിലെ ശുശ്രൂഷകരെ മാസം തോറും തങ്ങളാലാവും വിധം സഹായിക്കുന്നവരും അനവധിയാണ്.

അപ്പോസ്തലനായ പൗലോസ് പറയുന്നത്, ‘ദേവാലയകർമ്മങ്ങൾ ചെയ്‌തവർ അതുമൂലം ഉപജീവനം നടത്തിയതുപോലെ സുവിശേഷം അറിയിക്കുന്നവർ സുവിശേഷം കൊണ്ട് ഉപജീവിക്കേണം’ എന്നാണ്.

അതായത് പുതിയ നിയമകാലത്തെ ശുശ്രൂഷകനും മിനിമം പത്തിലൊന്ന് ലഭിക്കാൻ അർഹനാണ്. അത് നടപ്പിൽ വരുത്തേണ്ടവർ സഭാംഗങ്ങളാണ്. ദശാംശം നൽകാൻ ത്രാണിയുണ്ടായിട്ടും അതു ചെയ്യാത്തവരെ സഭയുടെ സ്ഥിര അംഗങ്ങളായി പരിഗണിക്കരുത് എന്നാണ് എന്റെ അഭിപ്രായം.

പല പാസ്റ്റർമാരും ദശാംശത്തെക്കുറിച്ചും മനപ്പൂർവ്വ ദാനത്തെക്കുറിച്ചും സഭയിൽ പഠിപ്പിക്കാറില്ല.
അത്തരം വിഷയങ്ങൾ പ്രസംഗിക്കുകയോ പഠിപ്പിക്കുകയോ ചെയ്താൽ പാസ്റ്റർ ദ്രവ്യാഗ്രഹിയാണെന്നു തെറ്റിദ്ധരിക്കും എന്ന ഭയമാണ് പിന്നിൽ. ഏതായാലും ഇത്തരം വിഷയങ്ങൾ സഭയിൽ ഗൗരവമായി പഠിപ്പിക്കാത്തതുമൂലം ലോക്ക് ഡൗൺ സമയത്തുപോലും സ്വന്തം സഭയിലെ പാസ്റ്റർ എങ്ങനെ ജീവിക്കുന്നു എന്നു അന്വേഷിക്കുക പോലും ചെയാത്തവർ വിശ്വസികൾക്കിടയിൽ ഉണ്ടായി. ‘വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം’ എന്നാണ് വചനം അനുശാസിക്കുന്നത്.

ചില ആളുകൾ അഭിപ്രായം പറയാൻ വളരെ മുന്നിലാണ് എന്നാൽ പ്രായോഗിക തലത്തിൽ മഷിയിട്ടു നോക്കിയാൽ കാണാൻ കഴിയില്ല. ഞാൻ കൂടി വരുന്ന സഭയിൽ ഉണ്ടായ രസകരമായ ഒരു സംഭവം പങ്കുവയ്ക്കാം. വർഷം തോറും വരവു ചിലവ് കണക്കുകൾ പരിശോധിക്കുന്ന കീഴ്വഴക്കമുണ്ട് ഞങ്ങളുടെ സഭയിൽ.

കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്ക് പരിശോധിച്ചപ്പോൾ
ഒരാൾ ഒരു വർഷം സഭയിൽ ആകെ കൊടുത്തിരിക്കുന്നത് കേവലം 300 രൂപ മാത്രമാണ്. ഓരോ മാസവും 1,000 രൂപ വീതമെങ്കിലും മിനിമം നൽകാൻ കഴിയുന്ന വ്യക്തിയാണദ്ദേഹം. പോരാത്തതിന്, പാഴ്സനെജിന്റെ പരിമിതികൾ അനുഭവിച്ച് ദൈവമക്കൾ നൽകിയ സ്തോത്ര വഴിപാടിലൂടെ ഉപജീവനം കണ്ടെത്തിയ ഒരു പാസ്റ്ററുടെ മകനും കൂടിയാണ് എന്നോർക്കണം!

കഴിഞ്ഞ 10 മാസത്തിലധികമായി, കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഒരിക്കൽപ്പോലും സഭാ പാസ്റ്ററുടെ ക്ഷേമമന്വേഷിക്കുകയോ എന്തെങ്കിലും സാമ്പത്തിക നന്മ നൽകാൻ മനസ്സുകാണിക്കുകയോ ചെയ്യാത്ത വ്യക്തി! എന്നാൽ കമ്മിറ്റികളിലും മറ്റും അഭിപ്രായം പറയുന്നതിൽ ആള് മുന്നിലുണ്ടാവും. അടുത്തിടെ സഭാ പാസ്റ്ററെ സ്ഥലം മാറ്റുന്ന കാര്യത്തിലും അദ്ദേഹം വളരെ വാചാലനായി.

അതേസമയം, സുവിശേഷവേലയിൽ പോലും കൂട്ടായ്‌മ കാണിക്കാൻ മനസ്സില്ലാത്ത പിശുക്കനായ അദ്ദേഹത്തിന്റെ അഭിപ്രായത്തെ സഭ ചെവിക്കൊണ്ടില്ല. മാത്രവുമല്ല, സഭയുടെ ഇതരവിഷയങ്ങളിൽ കൂട്ടായ്‌മ കാണിക്കാത്തവർ അഭിപ്രായം പറയാൻ വേണ്ടിമാത്രം കമ്മിറ്റിയിൽ വരേണ്ടതില്ല എന്ന താക്കീതും ചില കമ്മിറ്റി അംഗങ്ങൾ നൽകുകയുണ്ടായി.

സഭയിൽ ഏതെങ്കിലും പുതിയ പ്രോജക്റ്റുകൾ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരോടൊപ്പം ഇദ്ദേഹവും ഒരു തുക വാഗ്ദാനം ചെയ്യും. എന്നാൽ കാര്യത്തോടടുക്കുമ്പോൾ എന്തെങ്കിലും ഒഴികഴിവ്‌ പറഞ്ഞ് പിന്മാറുന്നത് ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണ്.

ഏതായാലും ഒരു വർഷത്തെ ദശാംശം എന്ന നിലയിൽ 300 രൂപ നൽകിയ വ്യക്തിയുടെ മഹത്തരമായ പ്രവൃത്തി ഉൾക്കൊണ്ട് “മുന്നൂറാൻ ” എന്ന ഒരു വിശേഷണവും അദ്ദേഹത്തിന് ലഭിച്ചു.

ഇത്തരത്തിൽ ഒട്ടനവധി മുന്നൂറാൻമാർ പെന്തെക്കോസ്തു സഭകളിൽ ഉണ്ടാകും. ദൈവം എല്ലാ സൗകര്യങ്ങളും നൽകിയിട്ടും ഉൾപ്പെട്ടു നിൽക്കുന്ന സഭയോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയോ കൂട്ടായ്‌മ കാണിക്കുകയോ ചെയ്യാതെ വിശുദ്ധി അഭിനയിച്ചു നടക്കുന്ന ഇത്തരക്കാരെ സഭയിൽ അഭിപ്രായം പറയാൻ അനുവദിക്കരുത് എന്നു മാത്രമല്ല, സ്ഥിരഅംഗം എന്ന പരിഗണന പോലും നൽകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!