കുഞ്ഞുമോന്റെ നിസ്സാന്‍ പമീറ കാറില്‍ ഞങ്ങള്‍ യാത്രയായി. ലണ്ടനിലെ റോഡുകള്‍ പോലെ ഇന്ത്യന്‍ റോഡുകള്‍ ആകാന്‍ ഇനി എത്ര നാള് പിടിക്കും ഞങ്ങള്‍ പരസ്പരം ചോദിച്ചു. അമ്പത്, എഴുപത്, നൂറ് എന്നൊക്കെയായിരുന്നു മറുപടി.
വീഥികളില്‍ മിഠായി കടലാസുകളോ, സിഗററ്റുകുറ്റികളോയില്ല. പഴത്തൊലിയോ, തുപ്പലോ ഇല്ല. വീടിനെപ്പോലെ റോഡും മനോഹരം. നിയമം കര്‍ശനമാണ്. വാഹനം നിയമം തെറ്റി ഓടിച്ചാല്‍ പിടിക്കാന്‍ പോലീസ് വേണ്ട. വഴിവക്കില്‍ വച്ചിരിക്കുന്ന ക്യാമറക്കണ്ണുകള്‍ ആ ജോലികള്‍ നിര്‍വ്വഹിച്ചു വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ എത്തിച്ചുകൊള്ളും. പണം ശിക്ഷയായി കൊടുക്കുന്ന കൂട്ടത്തില്‍ മൈനസ് പോയിന്റുകള്‍ ലൈസന്‍സില്‍ വീണുകൊണ്ടിരിക്കും. ഏഴായാല്‍ പിന്നെ ആയുസില്‍ ലണ്ടന്‍ നഗരത്തില്‍ വണ്ടി ഓടിക്കാന്‍ പറ്റാതെവരും. എന്നിട്ടും പോയിന്റ് അഞ്ച് കഴിഞ്ഞ നമ്മുടെ മലയാളി അച്ചായന്മാര് ലണ്ടനിലുണ്ടത്രെ. അതുകൊണ്ട് ഈ മെഗാസിറ്റിയില്‍ ആഴ്ചയില്‍ ശരാശരി അഞ്ചുമരണമേയുണ്ടാകുന്നുള്ളൂ.

പിറ്റേദിവസം തന്നെ സാമുവേലിന്റെ ഭാര്യ റെയ്ച്ചല്‍ കോശിയുമൊത്ത് ഓമന ബ്രിട്ടീഷ് ലൈബ്രറിയിലെത്തി പാസ് വാങ്ങി.
ഞാന്‍ നഗരം കാണാനിറങ്ങി. പറഞ്ഞുവന്നത് ലണ്ടന്‍ ടവറിനെപ്പറ്റിയാണ്. 1894-ലാണ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഗോഥിക് കലാരീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഈ പാലം ജലയാത്രികര്ക്കായി എപ്പോഴും തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടുമണിക്കൂര്‍ മുമ്പേ അറിയിച്ചാലെ പാലം പൊക്കി കപ്പലുകളെ പോകാന്‍ അനുവദിക്കൂ.
ഹൈഡ്രോളിക് സംവിധാനത്തില്‍ രണ്ടുവശത്തുനിന്നും നേരെ മുകളിലേക്ക് പൊങ്ങുന്ന പാലത്തിന്റെ ഭാരം 2000 ടണ്‍ ആണ്. ഓരോ ഭാഗത്തിനും 1000 ടണ്‍ വീതം. ഈ ബ്രിഡ്ജിന്റെ രണ്ടഗ്രങ്ങള്‍ രണ്ട് കുറ്റന്‍ ടവറുകള്ക്കുള്ളിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ ടവര്‍ പള്ളിയായി നേരത്തെ ഉപയോഗിച്ചിരുന്നു. വില്യം പെന്‍ ഇവിടെ സ്നാനശുശ്രൂഷ നടത്തിയിരുന്നതായി ചരിത്രം പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പാലത്തിന്റെ ഒരു ഭാഗം ബോംബുവീണു തകര്‍ന്നെങ്കിലും പിന്നീട് പുതുക്കി പണിയുകയായിരുന്നു.
പാലത്തില്‍നിന്നും 500 മീറ്ററോളം പടിഞ്ഞാറുമാറി ടൂറിസ്റ്റുകള്‍ കുടിച്ച് കൂത്താടി നില്ക്കുന്ന തെംസ് നദിയുടെ തീരത്തുനിന്ന് ഞങ്ങള്‍ പാലം കണ്‍കുളിര്‍ക്കേ കണ്ടു. പാലത്തിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുന്നതും രണ്ടുവശത്തുള്ള നടപ്പാതയില്‍ വിനോദസഞ്ചാരികള്‍ തിങ്ങി നിറഞ്ഞുനിന്ന് താഴേക്കുനോക്കി തെംസ് നദി കണ്ടാസ്വാദിക്കുന്നതും ഞങ്ങള്‍ക്ക് കാണാം. ഒരു കപ്പലോ വലിയ ബോട്ടോ വന്നിരുന്നെങ്കില്‍ പാലം മുറിഞ്ഞുമാറി പൊങ്ങുന്നതു കാണാമായിരുന്നുവല്ലോ എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു.
ലണ്ടന്‍ നഗരത്തിന്റെ പല പ്രധാനഭാഗങ്ങളും ഇവിടെനിന്നു കാണാവുന്നതുകൊണ്ടു നേരം പോയതറിഞ്ഞില്ല. അതുകൊണ്ട് മടങ്ങിപോകാനായി വീണ്ടും ഞങ്ങള്‍ പാലത്തില്‍ കയറി.
അപ്പോഴാണ് ഒരു അസാധാരണമായ ശബ്ദത്തോടെ ഉച്ചത്തിലുള്ള ഒരു സൈറന്‍ വിളി. ടൂറിസ്റ്റുകള്‍ എല്ലാവരും ഒരു നിമിഷം നിശ്ചലരായി. പിന്നാലെ മൈക്കിലൂടെ അനൗണ്‍സ്മെന്റ് വന്നു. പാലം പൊങ്ങാന്‍ പോകുന്നു. ഞങ്ങള്‍ നദിയുടെ മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു കൂറ്റന്‍ മൂന്ന് നില ബോട്ട് നിറയെ യാത്രക്കാരുമായി താഴേക്കു സാവധാനം ഒഴുകിവരുന്നു.
ഞങ്ങള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം. പല പ്രാവശ്യം പാലം കണാന്‍ വന്നിട്ടുള്ള പാസ്റ്റര്‍ സാം ജോണിനും ഇത് ആദ്യത്തെ അനുഭവം. ക്യാമറയുമായി ഞങ്ങള്‍ താഴേക്ക് ഓടി. താഴെ എത്തി ക്യാമറ പാലത്തിന് നേരെ പിടിച്ച് പാസ്റ്റര്‍ സാംജോണ്‍ ഫോക്കസ് ചെയ്യുമ്പോഴേക്കും ബോട്ട് പാലത്തിനടിയില്‍ എത്തിയിരുന്നു. രണ്ടുവശവും ഗതാഗതം നിലച്ചു. പാലം മെല്ലെ പൊങ്ങുവാന് തുടങ്ങി. പല ആംഗിളുകളില്‍നിന്നും ഈ രംഗം അദ്ദേഹം ഫിലിമില്‍ പകര്‍ത്തി. ഫിലിപ്പ് പി. തോമസ് ഓടി താഴെ എത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. ആളിന്റെ വലുപ്പം ചില്ലറയല്ലല്ലോ. വിജയശ്രീലാളിതരായി മടങ്ങിയെത്തിയ ഞങ്ങള്‍ക്ക് ഒരു പരാജയത്തിന്റെ ചിരി ഫിലിപ്പ് പി. സമ്മാനിച്ചു.
പാലത്തിന് ഒരു മീറ്റര്‍ മുകളിലായി തെംസ് നദിയില്‍ പൊങ്ങിക്കിടക്കുന്ന ഒരു മ്യൂസിയവും ഞങ്ങള്‍ കണ്ടു. മ്യൂസിയം ഒരു കപ്പലാണ്. 1938-ല്‍ പണിതതും രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തതുമായ എച്ച്.എ.എസ്. ബെല്‍ഫാസ്റ്റ് എന്ന കപ്പല്‍. 1971-ല്‍ സേവനം നിര്‍ത്തിയ ഇതിനെ സ്മാരകമാക്കി മാറ്റി. ജര്‍മ്മന്‍ ഷാര്ഹോസ്റ്റിനെ തകര്‍ത്തതാണ് ഈ കപ്പല്‍.
വൈകിട്ട് എട്ട് മണിയോടടുത്തു. നേരം ഇരുളുന്നതേയുള്ളൂ. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സമ്മര്‍ സീസണ് ആയതുകൊണ്ട് 9 മണി ആകുമ്പോഴേ ഇരുട്ടു വ്യാപിക്കൂ. ഞങ്ങളുടെ കാര്‍ നീങ്ങുമ്പോള്‍ പട്ടണം കാണാനുള്ള വ്യഗ്രതയില്‍ എന്റെ കണ്ണുകള്‍ നഗരവീഥികളിലൂടെ ഊടാടി സഞ്ചരിച്ചു. ആളുകള്‍ വളരെ കുറവ്, അതിലും കൂടുതല്‍ വാഹനങ്ങളാണോ എന്നു സംശയം.
ഒരു നിമിഷം എന്റെ ചിന്ത 40 വര്‍ഷം പുറകോട്ടുപോയി. ഹൈറേഞ്ചില്‍ ചെലവഴിച്ച ബാല്യകാല അനുഭവങ്ങള്‍ എന്റെ സ്മരണയില്‍ തെളിഞ്ഞുവന്നു.
‘പാസ്റ്ററെ ബക്കിംഗ്ഹാം പാലസും, വെസ്റ്റ്മിനിസ്റ്റര്‍ ആബിയും ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളുമൊക്കെ എവിടെ” വണ്ടി ഓടിക്കുന്നതിനിടയില്‍ ഞാന്‍ സാം ജോണിനോട് ആരാഞ്ഞു.
”ധൃതി വയ്ക്കണ്ട എല്ലാം കാണിച്ചിട്ടേ വിടൂ”. എനിക്ക് സന്തോഷമായി. ഞാന്‍ കാറില്‍ നന്നായി ചാരിയിരുന്നു.

കെ.എന്‍. റസ്സല്‍






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.