ആരോഗ്യമുള്ള കാലത്ത് ഭൗതിക മേഖലകളില്‍ ധന സമ്പാദ്യം ലക്ഷ്യമാക്കി റിട്ടയര്‍മെന്റ് വരെ പ്രവര്‍ത്തിക്കുന്നവര്‍ പിന്നീട് പാസ്റ്റര്‍മാരാകാന്‍ ബദ്ധപ്പെടുന്നത് വിരോധാഭാസമാണ്.
കുറെ വര്‍ഷങ്ങളായി ഈ പ്രവണത കണ്ടു വരുന്നു. എന്നാല്‍ ഈ കോവിഡ് കാലത്ത് അത്തരം ചിന്തകള്‍ക്ക് ആക്കം കൂടിയിരിക്കുന്നു.
അമേരിക്ക, ഗള്‍ഫ് തുടങ്ങിയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്നവര്‍ പലരും നാട്ടില്‍ പാസ്റ്റര്‍മാരാകാന്‍ ബദ്ധപ്പെടുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നവര്‍ ഇവാഞ്ചലിസ്റ്റ് അല്ലെങ്കില്‍ പാസ്റ്റര്‍ എന്ന നിലയിലുള്ള ഐഡന്റിറ്റി കാര്‍ഡ് തട്ടിക്കൂട്ടാനുള്ള ബദ്ധപ്പാടിലാണ്.
കേരളത്തില്‍ അനേക വര്‍ഷങ്ങളായി സുവിശേഷ വേലയിലായിരിക്കുന്ന പലര്‍ക്കും ഇന്നേവരെ സാമാന്യം ഭേദപ്പെട്ട സഭകളില്‍ പോലും ശുശ്രൂഷയ്ക്ക് അവസരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗള്‍ഫിലെ ജോലി കഴിഞ്ഞ് നേരിട്ട് വലിയ സഭകളിലേക്ക് പാസ്റ്റര്‍മാരായി നിയമനം ലഭിക്കണം എന്ന് മറ്റും ചിലര്‍ മോഹിക്കുന്നത്.
ഇത്തരക്കാരെ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.
കഴിഞ്ഞ ദിവസം ഒരാള്‍ പാസ്റ്ററല്‍ ഓര്‍ഡിനേഷനു വേണ്ടി വല്ലാതെ നിര്‍ബന്ധം പിടിക്കുകയും എന്നാല്‍ അത് നല്‍കാത്തതിന്റെ പേരില്‍ പിണങ്ങിയിരിക്കുകയാണെന്നും കേള്‍ക്കുന്നു. അദ്ദേഹം ഉള്‍പ്പെട്ടു നില്ക്കുന്ന റീജിയന്റെ ബൈലോ അനുസരിച്ച് സുവിശേഷകന് എന്ന നിലയില്‍ അംഗീകാരം നല്‍കാം എന്ന് അവിടെയുള്ള നേതാക്കളും സഭയും സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ പാസ്റ്ററല്‍ ഓര്ഡിനേഷന്തന്നെ വേണമെന്ന ശാഠ്യത്തിലാണ് അദ്ദേഹം.
കൂടിവരുന്ന സഭയില്‍ നല്ല സാക്ഷ്യമില്ല എങ്കിലും ഒരു അതിവിശുദ്ധനായിട്ടാണ് താന്‍ സ്വയം ചിന്തിക്കുന്നത്. കൂട്ടുസഹോദരങ്ങളോട് കൂട്ടായ്മ കാണിക്കാതെ നിസാര കാര്യങ്ങളില്‍ സഹോദരങ്ങളുമായി പിണങ്ങിയിരിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം. നാട്ടിലെവിടെയോ ഭേദപ്പെട്ട സഭയും ഇതിനോടകം തരപ്പെടുത്തിയിട്ടുണ്ട് എന്നും കേള്‍ക്കുന്നു. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന് എങ്ങനെ ഒരു സഭയിലെ ദൈവമക്കളെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും? ഇത് അനുവദിച്ചു കൂടാ.
ഇതിനോടകം ഒട്ടനവധി പേര് വളഞ്ഞ വഴിയിലൂടെ അന്യായമായി പാസ്റ്ററല്‍ ഓര്‍ഡിനേഷന്‍ നേടുകയും ചില നേതാക്കള്‍ അതിന് കൂട്ട് നില്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. കാശ് കാണുമ്പോള്‍ കണ്ണ് മഞ്ഞളിക്കുന്ന നേതാക്കള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഒരു താത്പര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവരും പ്രത്യേകാല്‍ സൂക്ഷിക്കുക. കാശ് വാങ്ങി ഇത്തരത്തില്‍ അന്യായമായി അനര്‍ഹരെ നിയമിക്കുമ്പോള്‍ അര്‍ഹതയുള്ള ഒരാളുടെ സ്ഥാനം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. അത് ദൈവ സഭയ്ക്കെതിരെയുള്ള ദ്രോഹമാണെന്നും കൂടി മനസിലാക്കുക.
എന്നാല്‍ ഇപ്പോള്‍ കോവിഡ് 19 എന്ന രോഗബാധ ഉണ്ടാക്കിയ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുകയോ രാജി വയ്ക്കുകയോ ചെയ്ത് നാട്ടിലേക്ക് പോരുന്നവരില്‍ ചില ആളുകള്‍ പാസ്റ്റര്‍മാരായി
ലാന്‍ഡ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് അറിയുന്നു.
വാര്‍ദ്ധക്യ കാലത്ത് പാസ്റ്ററാകണം എന്ന ആഗ്രഹം ഇവര്‍ക്ക് എവിടുന്ന് ഉണ്ടായി? അതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കാം? മറ്റൊന്നുമല്ല, ഇനിയുള്ള കാലം പാസ്റ്റര്‍ എന്ന ലേബലില്‍ ആത്മീയ വേദികളില്‍ മുഖ്യാസനങ്ങളില് ഇരിപ്പിടം ഉറപ്പിക്കുക എന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.
ആത്മാര്‍ത്ഥമായി സുവിശേഷ വേല ചെയ്യാന്‍ ഇത്തരക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്ത്തന്നെ അതിനുള്ള ഏറ്റവും നല്ല മേഖല അവര്‍ വര്‍ഷങ്ങളോളം പണിയെടുത്ത ഗള്‍ഫ് മേഖല തന്നെയാണ്. 10 കിലോമീറ്ററിനുള്ളില്‍ തന്നെ ആയിരക്കണക്കിന് വടക്കേ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ഉണ്ട്. അത്തരം മേഖലകളെക്കുറിച്ച് ഉണ്ടാകാത്ത അവിടെയുള്ള ഒരാളോട് പോലും ഇന്നേവരെ സുവിശേഷം അറിയിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍ക്ക് എന്ത് ആത്മഭാരമാണ് കേരളത്തെക്കുറിച്ച് എന്ന് മനസ്സിലാകുന്നില്ല.
മറ്റു ചില മിടുക്കന്മാര്ക്ക് നാട്ടിലേക്ക് വരുന്നപാടെ വലിയ സഭയും കൂടി ലഭിക്കണം എന്നതാണ് ഡിമാന്റ് എന്നു കേള്‍ക്കുന്നു.
ഇത്തരത്തിലുള്ള അല്പന്മാരെ കേരളത്തിലെ സഭകളില്‍ പാസ്റ്റര്‍മാരായി നിയമിക്കുന്നത് ദൂര വ്യാപകമായ പ്രത്യാഘ്യാതങ്ങള് ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ക്രമീകൃതമായ ബൈബിള്‍ പഠനമില്ലാതെയും നിശ്ചിത കാലം സുവിശേഷീകരണ മേഖലയില്‍ പയനിയര്‍ വര്‍ക്ക് ചെയ്യാതെയും പാസ്റ്റര്‍മാരാകാന്‍ വരുന്നവരെ കടുത്ത ഭാഷയില്‍ ശാസിക്കുകയും നിരുത്സാഹപ്പെടുത്തുകയുമാണ് നേതൃത്വം ചെയ്യേണ്ടത്.
കയ്യില്‍ പണമുണ്ടെന്നു കരുതി അത്തരക്കാര്‍ക്ക് എന്തും ആകാം എന്ന ചിന്തയ്ക്ക് നേതാക്കള്‍ കൂട്ടു നില്‍ക്കരുത്.
കര്‍ത്താവിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ യൗവ്വനത്തിലോ മധ്യവയസ്സിലോ പോലും സാധിക്കാത്തവര്‍ വാര്‍ധക്യവും നരയും ബാധിച്ച കാലത്ത് എന്തുചെയ്യാനാണ്? ഇത്തരക്കാരുടെ പണത്തിന്റെയും പ്രൗഢിയുടെയും ഹുങ്ക് കാണിക്കാനുള്ള ഇടമായി സഭകളെ കാണരുത്.
വാര്‍ധക്യകാലത്ത് ആരോഗ്യം ക്ഷയിച്ചപ്പോള്‍ കമ്പനിക്ക് വേണ്ടാതായപ്പോള്‍ ദൈവവിളി ഉണ്ടായി എന്ന് അവകാശപ്പെട്ടുകൊണ്ട് ആരെങ്കിലും മുന്നോട്ടു വന്നാല്‍തന്നെ ഏതൊരു പാസ്റ്ററേയും പോലെ മാനദണ്ഡങ്ങള്‍ പാലിച്ച് സഭാ ചാര്‍ജിലേക്ക് അവര്‍ വരട്ടെ. അല്ലാതെ ഇങ്ങോട്ടു വന്ന മാത്രയില്‍തന്നെ വരുമാനമുള്ള സഭയും വലിയ സഭയും നേതൃസ്ഥാനങ്ങളും ലഭിച്ചേ അടങ്ങൂ എന്ന ചിന്ത അങ്ങേയറ്റം അപലപനീയമാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.