
കെ.എന്‍. റസ്സല്‍
ഐ.പി.സി.യില്‍ പിന്നെയും കേസുകള്‍ വര്‍ദ്ധിക്കുന്നു. ഉള്ള കേസുകള്‍ ഇല്ലാതാകാന്‍ ജനം ആഗ്രഹിക്കുമ്പോള്‍ പിന്നെയും പുതിയ കേസുകള്‍ ഉടലെടുക്കുകയാണ്. ഇത് എവിടെ ചെന്നവസാനിക്കും? ആര്‍ക്കും ഒരെത്തുംപിടിയുമില്ല. പ്രാദേശിക സഭകളും ശുശ്രൂഷകന്മാരും ഇതെല്ലാം കണ്ടും കേട്ടും നെടുവീര്‍പ്പിടുകയാണ്.
ജനറല്‍ കൗണ്‍സിലും സ്റ്റേറ്റ് കൗണ്‍സിലും തമ്മിലുള്ള അധികാര വടംവലി മൂര്‍ദ്ധന്യാവസ്ഥയിലായി എങ്കിലും ഇപ്പോള്‍ അല്പം അടങ്ങിയ മട്ടാണ്. അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന അവസ്ഥയിലാണ് രണ്ടു സഭാ ഘടകങ്ങളും.
ജനറല്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകള്‍ തന്നെയാണ് ഈ സംഭവ വികാസങ്ങള്‍ക്കെല്ലാം പ്രധാന കാരണം. സാം ജോര്‍ജ്ജും വില്‍സണ്‍ ജോസഫും പ്രതികരിക്കാന്‍ വയ്യാത്ത സാഹചര്യത്തില്‍ എത്തിപ്പെട്ടുപോയി എന്നതാണ് സത്യം.
സാം ജോര്‍ജ്ജും വില്‍സണ്‍ ജോസഫും എം.പി. ജോര്ജ്ജുകുട്ടിയും സണ്ണി മുളമൂട്ടിലും സ്റ്റേറ്റ് ഭാരവാഹികളും കൂടിച്ചേര്‍ന്ന് കുമ്പനാട് കണ്വന്ഷന് നടത്തണമായിരുന്നു. പ്രസിഡന്റിന് കാലിഫോര്‍ണിയായില്‍ ഇരുന്ന് ഉദ്ഘാടനം ചെയ്യാമല്ലോ. സാമൂഹിക അകലം പാലിച്ച് 200 പേര്‍ക്ക് ഇരിക്കാവുന്ന കണ്വന്ഷന് നടത്താമായിരുന്നു.
ഇപ്പോള്‍ പ്രസംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതായി കേള്‍ക്കുന്നു. അത് വിവിധ ദിവസങ്ങളിലായി കേള്പ്പിക്കുമത്രേ. സോഷ്യല്‍മീഡിയ വഴി കറങ്ങുന്ന പ്രോഗ്രാമില്‍ സ്റ്റേറ്റ് ഭാരവാഹികളുടെ പ്രസംഗം ഉള്ളതായി കാണുന്നുമില്ല.
സ്റ്റേറ്റിന്റെ ചുമതലക്കാര്‍ ഐ.പി.സി.ക്കാരല്ലേ? കൊറോണ വന്നതുകൊണ്ട് രക്ഷപ്പെട്ടു. അനുഭവങ്ങള്‍ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. അല്ലെങ്കില്‍ ഈ വര്‍ഷത്തെ കുമ്പനാട് കണ്‍വന്‍ഷന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
ജനറല്കാരും സ്റ്റേറ്റുകാരും തമ്മില്‍ എന്ത് പ്രശ്നം ഉണ്ടായാലും കുമ്പനാട് ഒത്തുകൂടാനും തിരുവത്താഴം അനുഷ്ഠിക്കാനും ആലിംഗനം ചെയ്യാനും ചുംബനം കൊടുക്കാനും ഡാന്‍സ് ചെയ്യാനും രണ്ടു കൂട്ടര്‍ക്കും ഒരു മടിയുമില്ല. ഇവര്‍ ദൈവത്തേക്കാള്‍ വലുതാണ്. കാരണം, ദൈവം ഇവരുടെ പോക്കറ്റിലാണല്ലോ. ചാടിക്കളിക്കുന്ന കൊച്ചുരാമനെപ്പോലെ.
കൊടുത്ത കേസുകള്‍ ഒന്നുപോലും വിടാതെ എല്ലാം പിന്‍വലിച്ച് സഭയുടെ എഴുതിവച്ച നിയമങ്ങള്‍ ഇന്നു മുതല്‍ പ്രാവര്‍ത്തികമാക്കാമെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ ഐ.പി.സി.യിലെ പ്രശ്നങ്ങള്‍ തീരും.
കഴിവുള്ള സഹോദരന്മാര് ഐ.പി.സി.യില്‍ ഇല്ലാഞ്ഞിട്ടല്ല. മുഖത്തു നോക്കി കാര്യങ്ങള്‍ പറയാന്‍ ആരും തയ്യാറല്ല. ആരെ കാണുമ്പോഴും സ്നേഹമാണ്. ആവശ്യത്തിനനുസരിച്ച് വാലും തലയും കാണിച്ച് തടി കേടാകാതെ നോക്കുന്ന ഇരുതലമൂരികളായവരാണ് ഐ.പി.സി.യുടെ ശാപം.
മുഖത്തു നോക്കി ”നീയാണ് പ്രശ്നങ്ങളുടെ കാരണക്കാരന്‍” എന്നു പറയാന്‍ കെല്പുള്ള ഒരുവനെങ്കിലും ഐ.പി.സി.യിലില്ലേ?
കേസുകള്‍ എല്ലാം പിന്‍വലിച്ചും പുറത്താക്കിയവരെ തിരിച്ചെടുത്തും പ്രശ്നം തീര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. ഞാന്‍ മുമ്പെഴുതിയതു പോലെ 25 വര്‍ഷം മുമ്പുള്ള കേസില്ലാത്ത സഭയായി ഐ.പി.സി. മാറണം.
എല്‍.കെ. അദ്വാനിയുടെ രഥയാത്രയെ പൊളിച്ചടുക്കിയ, അദ്വാനിയെ അറസ്റ്റ് ചെയ്ത വീരശൂരനായ മുഖ്യമന്ത്രി ലല്ലുപ്രസാദ് യാദവ് ഇന്ന് ജയിലിലാണ്. ഇന്ദിരാഗാന്ധിയെ വരെ അറസ്റ്റ് ചെയ്ത നാടാണിത്. കേന്ദ്രമന്ത്രിമാര്‍ എത്ര പേര് ജയിലിലായി? കേരളത്തില്‍ ആര്. ബാലകൃഷ്ണപിള്ളയെ വരെ ശിക്ഷിച്ചു ജയിലിലേക്കയച്ച നിയമമുള്ള രാജ്യമാണ് ഇന്ത്യ. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിത വരെ കോടതി കയറിയിറങ്ങേണ്ടി വന്നു. കേരളത്തില്‍ ഒരു മുന്‍മന്ത്രി ജാമ്യമില്ലാതെ ജയിലിലും ആശുപത്രിയിലുമായി ഇപ്പോള്‍ കഴിയുകയാണ്.
ഇവിടെ കോടതിയും നിയമവും പണ്ഡിതനും പാമരനും ഒരുപോലെ ബാധകമാണ്. എത്ര വലിയ തമ്പുരാനായാലും കോടീശ്വരനായാലും നിയമക്കുരുക്കില്‍ പെട്ടാല്‍ ഊരാന്‍ പെടാപ്പാട് പെടേണ്ടി വരും. വ്യക്തിപരമായി കൊടുത്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് പറഞ്ഞ സഭാ നേതാവിന്റെ നിലപാടുകള്‍ എത്രയോ ബാലിശമായിപ്പോയി. തന്റെ കൂട്ടുസഹോദരന് ജയിലില്‍ പോയി കിടന്നോട്ടെ എന്നല്ലേ ആ പറഞ്ഞതിനര്‍ത്ഥം.
എന്നിട്ട് ഇപ്പോള്‍ എന്തുണ്ടായി? ”കൊടുത്താല്‍ കൊല്ലത്തും കിട്ടും” എന്ന ചൊല്ല് യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേസിന്റെ വിധി ചിലപ്പോള്‍ അനുകൂലമാകാം. പക്ഷേ ഇപ്പോള്‍ സംഗതി ആകെ വശക്കേടിലാണ്.
വീണ്ടും ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം ഇതാണ്. കേസുകള്‍ മുഴുവന്‍ പിന്‍വലിക്കൂ, പിന്‍വലിക്കൂ. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇതിന് മുന്‍കൈ എടുക്കണം. അഹന്ത വെടിയണം. ഇവിടെ ആരും ജയിച്ചുമില്ല, ആരും തോറ്റുമില്ല.
‘ഞാന്‍ ജയിച്ചത്’ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയാണ് എന്ന ചിന്ത നേതാക്കളുടെ മനസ്സില്‍ രൂഢമൂലമാകണം. ആ ജനങ്ങളുടെ ഇഷ്ടമാണ് നമ്മള് നടപ്പിലാക്കേണ്ടത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.