അമേരിക്കയ്ക്കു പിന്നാലെ ഗള്‍ഫിലും യൂറോപ്പിലും വാക്‌സിനേഷന്‍ തുടങ്ങി

അമേരിക്കയ്ക്കു പിന്നാലെ ഗള്‍ഫിലും യൂറോപ്പിലും വാക്‌സിനേഷന്‍ തുടങ്ങി

ലോകജനതയ്ക്ക് ആശ്വാസത്തിന്റെ പൊന്‍കിരണങ്ങള്‍. കൊവിഡ്-19 പ്രതിരോധ വാക്‌സിനുകള്‍ മനുഷ്യരില്‍ കുത്തിവച്ച് തുടങ്ങി. അമേരിക്കയിലാണ് ആദ്യമായി വാക്‌സിനേഷന്‍ തുടങ്ങിയത്.
ഫൈസര്‍ കമ്പനിയുടെ ഇതേ വാക്‌സിനുകളാണ് ഗള്‍ഫില്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. കൂടെ ചൈനയിലെ സിനോഫാം വാക്‌സിനുകളും കുത്തിവയ്ക്കുന്നുണ്ട്. ഗള്‍ഫില്‍ പ്രവാസികള്‍ക്ക് സൗജന്യമായാണ് വാക്‌സിനുകള്‍ നല്‍കുന്നത്.

ഗള്‍ഫ് മേഖലയില്‍ യു.എ.ഇ.യിലാണ് ആദ്യം കുത്തിവയ്പ്പ് തുടങ്ങിയത്. ഒമാനില്‍ ഞായറാഴ്ച കുത്തിവയ്പ്പ് തുടങ്ങി. സൗദി, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ ധൃതഗതിയില്‍ നടക്കുകയാണ്. ഈ നൂറ്റാണ്ടില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വ്യാപനത്തിലൂടെ ഭൂമിയില്‍ സംജാതമായത്. പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. ചൈനയുടെ സിനോഫാം ആദ്യമായി പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത് യു.എ.ഇ.യിലാണ്.

ബഹ്‌റൈനില്‍ വാക്‌സിനേഷന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 18 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ ഉള്‍പ്പെടുന്ന 15 ലക്ഷം പേര്‍ക്കാണ് കുത്തിവയ്പ്പ് നല്‍കുന്നത്. ഭരണാധികാരി ഹമദ് രാജാവ് വാക്‌സിന്‍ സ്വീകരിച്ചുകൊണ്ടാണ് വാക്‌സിനേഷന് തുടക്കം കുറിച്ചത്.
സൗദിയില്‍ അഞ്ചര ലക്ഷം പേര്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ശനിയാഴ്ച കിരീടാവകാശി മുഹമ്മദ് സല്‍മാന്‍ വാക്‌സിന്‍ സ്വീകരിച്ചു. വ്യാഴാഴ്ച കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ഖാലിദ് അല്‍സബാ വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് കുത്തിവയ്പ്പിന് തുടക്കം കുറിച്ചു.

3,50,000 പേര്‍ കൊവ്ഡ്-19 മൂലം മരിച്ചുവീണ യൂറോപ്പിലും കുത്തിവയ്പ്പ് ഊര്‍ജ്ജിതമായി തുടരുകയാണ്. യുറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലായി 45 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ക്രിസ്മസിനു മുമ്പ് ബെല്‍ജിയത്തിലെ നിര്‍മ്മാണകേന്ദ്രത്തില്‍ നിന്നും അയച്ച ബയോടെക് വാക്‌സിന്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രാജ്യങ്ങളില്‍ എത്തിച്ചു. പിന്നെ ചെറുവാഹനങ്ങളിലായി നഴ്‌സിംഗ്‌ ഹോമുകളിലേക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും.

യൂറോപ്യന്‍ യൂണിയനിലെ ജനസമൂഹം വലിയ പ്രതീക്ഷയോടെയാണ് വാക്‌സിനുകള്‍ കാത്തിരുന്നത്. ഉറ്റവരും ഉടയവരുമായ ആയിരങ്ങളെയാണല്ലോ കൊവിഡ് മഹാവ്യാധി അപഹരിച്ചത്. പോയവര്‍ഷത്തെ മറക്കാന്‍ ശ്രമിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പറഞ്ഞതില്‍ നിന്നും കൊവിഡ് വരുത്തിവച്ച വിന ഊഹിക്കാമല്ലോ. ഇതിനിടെ ജര്‍മ്മനിയില്‍ 101-കാരിയായ എഡിത്താണ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലും വാക്‌സിനേഷന്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിനിടെ നടന്ന രസകരമായ സംഭവം വാക്‌സിന്‍ നല്‍കാന്‍ പോകുന്നുവെന്ന പരസ്യം നല്‍കിയ തായ് വാനിലെ ആശുപത്രിക്കെതിരെ കേസെടുത്തതാണ്. ആശുപത്രി നിയമം ലംഘിച്ചു എന്നതാണ് കുറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!