‘ഗ്രൂപ്പ്’ കളികളുണ്ടെങ്കിലേ കോണ്‍ഗ്രസിന് അധികാരം കിട്ടൂ. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമില്ലാത്ത ഒരു കാലഘട്ടവും ഉണ്ടായിട്ടില്ല. എത്രമാത്രം ‘ഗ്രൂപ്പുകള്‍’ നേതാക്കളെ ചുറ്റിപ്പറ്റി ഉണ്ടാകുന്നുവോ, അത്രമാത്രം കോണ്‍ഗ്രസ് ശക്തിപ്പെട്ടുകൊണ്ടിരിക്കും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്ദിരാഗാന്ധിയ്ക്കെതിരെ രൂപംകൊണ്ട കാമരാജ്-നിജലിംഗപ്പ ഗ്രൂപ്പുകാരുടെ സംഘടനാ കോണ്‍ഗ്രസിന്റെ ആവിര്‍ഭാവം മുതല്‍ തുടങ്ങിയതാണ്.
കേരളത്തില്‍ കരുണാകരന് ഗ്രൂപ്പ്, ആന്റണി ഗ്രൂപ്പ്, അതിനകത്ത് ഉമ്മന്‍ചാണ്ടി ഗ്രൂപ്പ്, വയലാര്‍ ഗ്രൂപ്പ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഗ്രൂപ്പ് ഉണ്ട്. ജില്ലാ നേതാക്കളെ ചുറ്റിപ്പറ്റിയും ഗ്രൂപ്പുണ്ട്. ഈ ഗ്രൂപ്പുകളെല്ലാം തലപൊക്കുന്നത് കോണ്‍ഗ്രസ് തോല്‍ക്കുമ്പോഴോ ഇലക്ഷന് വരുമ്പോഴോ ആണ്. പഞ്ചായത്ത് ഇലക്ഷനില്‍ ചെറിയ തോല്‍വി ഏറ്റുവാങ്ങിയ ഉടനെ അടി തുടങ്ങി. എല്ലാവരുടേയും മനസ്സില്‍ കൊണ്ടുനടന്ന വിഷമങ്ങളെല്ലാം ഇറക്കിവയ്ക്കുകയാണ് ഈ അടിയിലൂടെ. എല്ലാം പറഞ്ഞും കരഞ്ഞും വിലപിച്ചും വിമര്‍ശിച്ചും തീര്‍ക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗ്രപ്പുകളെല്ലാം നിശ്ചലമാകും. എല്ലാവരും ഒരുമിച്ച് നില്ക്കും. അവര്‍ ഒരുമിച്ച് കോണ്‍ഗ്രസ് മുന്നണിക്കു തന്നെ വോട്ട് ചെയ്യും. ഗ്രൂപ്പില്ലാത്ത കാലം കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. പിണങ്ങി നില്ക്കുന്ന ദമ്പതികളുടെ ഇണങ്ങിച്ചേരല് പോലെയാണ് കോണ്‍ഗ്രസ് നേതാക്കളും അണികളും.
ഇണങ്ങിയാല്‍ പിന്നെ ഒടുക്കത്തെ പ്രണയമാണ്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്ങാനും പോയാല്‍ ഭാര്യയും ഭര്‍ത്താവും രണ്ടു വീട്ടിലായതു പോലെയാകും. അധികം താമസിയാതെ പിന്നെയും ഒന്നാകും. അങ്ങനെ ഇണങ്ങിയും പിണങ്ങിയും കലഹിച്ചും വിമര്‍ശിച്ചും അടിച്ചും വഴക്കുണ്ടാക്കിയും കഴിയുന്ന ഇതേ കോണ്‍ഗ്രസ് തന്നെയാണ് ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ജയിച്ചുവരുന്നത്.
എല്‍.ഡി.എഫ്. ഭരണം കഴിഞ്ഞാല്‍ പിന്നെ യു.ഡി.എഫ്. ഭരണമാകും വരിക. യു.ഡി.എഫ്. ഭരണം കഴിഞ്ഞാല്‍ ഉടനെ എല്‍.ഡി.എഫ്. വരും. ഇത് കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കാണുന്ന ഒരു പ്രതിഭാസമാണ്. ഇത് 2021-ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നുറപ്പാണ്.
സരിതയും അനുബന്ധ ആരോപണങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഉലച്ചതു പോലെ തന്നെയാണ് സ്വപ്ന പ്രശ്നത്തില്‍ പിണറായി സര്‍ക്കാരിനും സംഭവിച്ചിരിക്കുന്നത്. സ്വപ്ന-ജലീല്‍-രവീന്ദ്രന്-ബിനീഷ് കോടിയേരി പ്രശ്നങ്ങള്‍ സരിത ഉണ്ടാക്കിയ പ്രശ്നങ്ങളേക്കാള്‍ എത്രയോ ഗുരുതരമാണ്.
ഇത് വേണ്ടവിധം ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല. സംഘടനാ തലത്തിലെ പോരായ്മകള്‍ കാരണമാകാം നേതാക്കന്മാര്ക്കിടയില് ഒരു ഏകോപനം ഇല്ലാതെ വന്നു. കോണ്‍ഗ്രസ് നേതാക്കന്മാര് ഗ്രൂപ്പ് തിരിഞ്ഞു നിന്ന് എന്തൊക്കെയോ ചെയ്തു, അത്രമാത്രം. പ്രചാരണത്തിന് കൊറോണയും വിലങ്ങുതടിയായി.
എന്നിട്ടും യു.ഡി.എഫിന് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നില്ല.
മുമ്പും ഇതിന് സമാനമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്ലാം ഭരണപക്ഷം ജയിച്ചിട്ടുണ്ട്. തൊട്ടടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം പരാജയപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിണറായി തന്നെയായിരുന്നല്ലോ ഇവിടുത്തെ മുഖ്യമന്ത്രി. എന്നിട്ട് കിട്ടിയതോ ഒന്ന് മാത്രം.
ഇപ്പോള്‍ നടന്ന ഈ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അല്പം മേല്‍ക്കൈ ഉണ്ട്. അത്രമാത്രം. ഗ്രൂപ്പുകളികള്‍ തല്ക്കാലം നിര്‍ത്തി ഒന്നിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാകും. ജനുവരി അവസാനത്തോടെ ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസ് സജീവമാകുമെന്നാണ് ജനം കരുതുന്നത്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.