സത്യസന്ധവും തികച്ചും വിശ്വസനീയവുമായ ചരിത്രത്തിനു പകരം നമുക്കിന്ന് ലഭ്യമായിട്ടുള്ളവയില്‍ പലതും പഴങ്കഥകളിലധിഷ്ഠിതമായ പ്രാചീന കേരളചരിത്രമാണ്. ഇതിനുള്ള പ്രധാന കാരണം ചരിത്രം രേഖപ്പെടുത്തി സൂക്ഷിക്കുന്നതില്‍ നമ്മുടെ പൂര്‍വ്വികര്‍ ഒട്ടും ശ്രദ്ധാലുക്കളായിരുന്നില്ല എന്നതു തന്നെ.
ചരിത്രസ്മാരകങ്ങളില്‍ പലതും കേരളത്തിന്റെ പ്രതികൂല കാലാവസ്ഥ നിമിത്തം മണ്ണടിഞ്ഞു പോയതും കേരള പ്രാചീന ചരിത്രരചനയ്ക്കുള്ള ഉപദാനങ്ങള്‍ (sources) വളരെ കുറവായതും മറ്റു കാരണങ്ങളാണ്.
ബി.സി. 3-ാം നൂറ്റാണ്ടിലെ അശോക ചക്രവര്‍ത്തിയുടെ ശിലാശാസനങ്ങളിലൊന്നില് കേരളത്തെക്കുറിച്ച് സൂചനയുണ്ട്. ഏ.ഡി. 1-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്ലിനിയും കേരളത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 1-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ‘പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ’ എന്ന ഗ്രന്ഥത്തിലും, ഏ.ഡി. 2-ാം നൂറ്റാണ്ടിലെ ടോളമിയുടെ ‘ഭൂമിശാസ്ത്രം’ എന്ന ഗ്രന്ഥത്തിലും കേരളത്തെക്കുറിച്ച് പറയുന്നു.
ഏ.ഡി. ആദ്യനൂറ്റാണ്ടുകളിലെ കേരള ചരിത്രരചനയ്ക്ക് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ‘സംഘം കൃതി’കളാണ്. ‘തമിഴ്ച്ചങ്കം’ അഥവാ സംഘം മധുര ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പണ്ഡിതസദസ്സ് (Academy) ആയിരുന്നു. പ്രസ്തുത സംഘത്തിലെ അംഗങ്ങള്‍ രചിച്ചതോ ക്രോഡീകരിച്ചതോ ആയ കൃതികളാണ് സംഘം കൃതികളെന്ന പേരില്‍ പൊതുവെ വിവക്ഷിക്കപ്പെടുന്നത്.
സംഘം കൃതികളുടെ കാലത്തെക്കുറിച്ച് ചരിത്രകാരന്മാര് ഭിന്നാഭിപ്രായക്കാരാണ്. ക്വിസ്ത്വാബ്ദം ആദ്യ മൂന്ന് നൂറ്റാണ്ടുകളാണ് സംഘകാലമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍, പ്രൊഫ. നീലകണ്ഠശാസ്ത്രി, പി.കെ. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. പ്രൊഫ. എ. ശ്രീധരമേനോന്റെ അഭിപ്രായത്തില്‍ സംഘകാലം ഏ.ഡി. 1 മുതല്‍ 5-ാം നൂറ്റാണ്ടു വരെയാണ്. പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള ഏ.ഡി. 5-ഉം 6-ഉം നൂറ്റാണ്ടുകളെ സംഘകാലമായി കണക്കാക്കുന്നു.
സംഘം കൃതികളെ പ്രധാനമായും മൂന്നായി തിരിക്കാം. അവ യഥാക്രമം എട്ടുതൊകൈ, പത്തുപ്പാട്ട്, പതിനെണ് കീഴ്കണക്ക് എന്നിവയാണ്. എട്ടുതൊകൈ, പത്തുപ്പാട്ട് എന്നിവയില്‍പ്പെട്ട കൃതികളെ പൊതുവെ മേല്‍കണക്ക് എന്നും പറയാറുണ്ട്. പുറനാനൂറ്, കുറുന്തൊകൈ, നറ്റിണൈ, അകനാനൂറ്, പതിറ്റുപ്പത്ത്, ഐങ്കറുനൂറ്, കലിത്തൊകൈ, പരിപാടല്‍ എന്നീ കൃതികള്‍ ഉള്‍പ്പെടുന്നതാണ് എട്ടുതൊകൈ. കവിതാ സമാഹാരങ്ങളാണിവ. പത്തുപ്പാട്ടില്‍ പൊരുനരാറ്റുപ്പടൈ, പട്ടിനപ്പാലൈ, മുല്ലൈപ്പാട്ട്, മതുരൈക്കാഞ്ചി, നെടുനല്വാടൈ, പെരുമ്പാണാറ്റുപ്പടൈ, ചിറുപാണാറ്റുപ്പടൈ, മലൈപ്പടുകടാം, കുറിഞ്ചിപ്പാട്ട്, തിരുമരുകാറ്റുപ്പടൈ എന്നിവ ഉള്‍പ്പെടുന്നു. തിരുക്കുറള്‍, നാലടിയാര്‍, കളവഴിനാര്പ്പത്, നാലടി നാല്പത്, നാന്മണിക്കോവൈ, ഇന്നാല്പത്, ഇനിവൈ നാല്പത്, കൈനിലൈ, ഐന്തിണൈ എഴുപത്, ഏലാദി, തിണൈമൊഴി അമ്പത്, തിണമാലൈ നൂറ്റിനാല്പത്, തിരുകടുകം, ആചാരക്കോവൈ, പഴമൊഴി, ചിറുപഞ്ചമൂലം, മുതുമൊഴിക്കാഞ്ചി മുതലായവയാണ് പതിനെണ് കീഴ്ക്കണക്കില്പ്പെട്ട കൃതികള്‍.
മേല്‍ വിവരിച്ച കൃതികളോടൊപ്പം തൊല്കാപ്പിയം എന്ന വ്യാകരണവും, ചിലപ്പതികാരം, മണിമേഖല എന്നീ മഹാകാവ്യങ്ങളും കൂടി ചേര്‍ന്നാല്‍ സംഘം കൃതികളായി.
സംഘകാലത്ത് കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. തിരുപ്പതി മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശമായിരുന്നു സംഘം കൃതികളിലെ തമിഴകം, തമിഴകം ഭരിച്ചിരുന്ന മൂവേന്തന്മാരില്‍ (ചേര ചോള പാണ്ഡ്യര്‍) ചേരരാജാക്കന്മാരായിരുന്നു കേരളത്തിന്റെ അധിപന്മാര്.
ചിട്ടയോടു കൂടിയ ഒരു മതവിശ്വാസം അന്ന് കേരളത്തിലുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. എല്ലാ മതങ്ങള്‍ക്കും യഥേഷ്ടം പ്രചരിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു. മതവിശ്വാസം വ്യക്തിപരമായ കാര്യമായിരുന്നു. ഒരേ കുടുംബത്തില്‍ത്തന്നെ വ്യത്യസ്ത മതവിശ്വാസികളുണ്ടായിരുന്നു. മനുഷ്യജീവിതത്തേയും വ്യക്തിബന്ധങ്ങളേയും മതം തടസ്സപ്പെടുത്തിയിരുന്നില്ല.
സംഘകാലത്ത് പൂര്‍വ്വികരെ ദൈവമായി കരുതി ആരാധിച്ചിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ആരാധനാരീതി വിവിധ ഗോത്രവര്ഗ്ഗങ്ങള്ക്കിടയിലിന്നും പ്രചാരത്തിലുണ്ട്. ഇക്കാലത്ത് ജൈനമതവും ബുദ്ധമതവും കേരളത്തില്‍ പ്രചരിച്ചിരുന്നു. പില്ക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള ചരിത്രാവശിഷ്ടങ്ങള്‍ ഏ.ഡി. ആദ്യനൂറ്റാണ്ടുകളില്‍ കേരളത്തില്‍ ബുദ്ധ ജൈന മതങ്ങള്‍ക്കുണ്ടായിരുന്ന വ്യാപകമായ പ്രചാരം വ്യക്തമാക്കുന്നു. യഹൂദമതവും ക്രിസ്തുമതവും കേരളത്തിലെത്തിയതും ഏ.ഡി. ആദ്യനൂറ്റാണ്ടുകളില്‍ തന്നെ. ക്രിസ്ത്വബ്ദം ആദ്യനൂറ്റാണ്ടുകളില്‍ ഹിന്ദുമതവും ബുദ്ധമതവും ജൈനമതവും ക്രിസ്തുമതവും യഹൂദമതവും സമാന്തരമായി കേരളത്തിലുണ്ടായിരുന്നു. ചുരുക്കത്തില്‍, മതങ്ങളുടെ സംഗമഭൂമിയായിരുന്നു അന്നത്തെ കേരളം.
മതങ്ങള്‍ പ്രധാനമായും വാണിജ്യബന്ധങ്ങളിലൂടെയാണ് കേരളത്തിലെത്തിയത്. അതിപുരാതനകാലം മുതല്‍ തന്നെ പാലസ്തീനുമായി കേരളത്തിന് വാണിജ്യബന്ധമുണ്ടായിരുന്നതു കൊണ്ട് ക്രിസ്തുമതത്തിന് കേരളത്തിലെത്തുക ദുഷ്കരമായിരുന്നില്ല. കേരളവും റോമാ സാമ്രാജ്യവും തമ്മിലുണ്ടായിരുന്ന വാണിജ്യബന്ധം ആണ് സെന്റ് തോമസ് ഇന്ത്യയില്‍ വരാനുള്ള സാദ്ധ്യതയെ കുറിച്ചുള്ള ശക്തമായ തെളിവായി കണക്കാക്കപ്പെടുന്നത്.
എന്നാല്‍ അദ്ദേഹം വന്നെങ്കില്‍ യഥാര്‍ത്ഥ സുവിശേഷം മാത്രമേ പ്രസംഗിച്ചിട്ടുണ്ടാവൂ. തോമായെന്ന പേര് യഹൂദര്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നത് കൊണ്ട് തോമായെന്നു പേരുള്ള മറ്റേതെങ്കിലും കച്ചവടക്കാരനായ ക്രിസ്ത്യാനി കേരളത്തില്‍ ക്രിസ്തുമതം കൊണ്ടുവന്നതാകാം.
ചില ചരിത്ര പഠിതാക്കളുടെ അഭിപ്രായത്തില്‍ പില്ക്കാലത്ത് കേരളത്തില്‍ എത്തിയ സിറിയന്‍ കച്ചവടക്കാരനായ ക്നായി തൊമ്മനാവാം ക്രിസ്തുമതം കേരളത്തില്‍ പ്രചരിപ്പിച്ചത്. കാലാന്തരത്തില്‍ നാം കാണുന്നത് ക്രിസ്തുമാര്‍ഗ്ഗം മറ്റു മതങ്ങളെപ്പോലെ വെറുമൊരു മതമായി അധഃപതിച്ച കാഴ്ചയാണ്.
– ഡോ. മന റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.