പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേടിയ മേല്‍ക്കൈ അസംബ്ലി തെരഞ്ഞെടുപ്പിലും നിലനിര്‍ത്താനാവുമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്യുന്നത് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണത്തെ വിലയിരുത്തി മാത്രമല്ല. സംസ്ഥാന ഭരണനേട്ടവും കോട്ടവും പ്രാദേശിക തെരഞ്ഞെടുപ്പിനെ കുറെയൊക്കെ ബാധിക്കും എന്നത് സത്യമാണ്.
എന്നാല്‍ ആയിരവും രണ്ടായിരവും വോട്ടുള്ള വാര്‍ഡുകളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് മത്സരാര്‍ത്ഥിയുടെ ആ പ്രദേശത്തെ സ്വാധീനത്തേയും ബന്ധത്തേയും ആശ്രയിച്ചാണിരിക്കുന്നത്.
അതുകൊണ്ടാണല്ലോ വിമതന്മാരുടെ ഒരു പട തന്നെ ജയിച്ചു വരുന്നത്. മാത്രമല്ല, സ്വതന്ത്രന്മാരും ജയിച്ചു വരാറുണ്ട്. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിലും വിമതന്മാരും സ്വതന്ത്രന്മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഭരിക്കുന്നത് നാം കാണുകയാണ്. വലിയ ഡിമാന്റാണ് ഇവര്‍ക്ക്. ഇവരുടെ പ്രാദേശിക ജനസമ്മതിയെ സമ്മതിച്ചേ പറ്റൂ. ഇവിടെ സംസ്ഥാന ഭരണനേട്ടങ്ങളൊന്നും ആരും ഗൗനിക്കാറില്ല.
ഇനി ബി.ജെ.പി.യുടെ വിജയത്തെ വിലകുറച്ച് കണ്ട് വിലയിരുത്തുന്നതും ശരിയല്ല. പ്രാദേശിക വികാരവും ദേശീയ വികാരവും ബി.ജെ.പി.യുടെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ ഇവര്‍ക്കു കിട്ടി. പാലക്കാട്, കൊടുങ്ങല്ലൂര്‍ നഗരസഭാ വിജയവും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷമായി മാറിയതും ചെറുതായി കാണരുത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം തോറ്റാലും സിറ്റിയില്‍ ബി.ജെ.പി.യുടെ മറ്റു എം.എല്‍.എ.മാര്‍ ജയിച്ചു വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഗ്രാമപഞ്ചായത്തുകളിലെ വിജയം കൊണ്ട് എല്‍.ഡി.എഫ്. അമിതാഹ്ലാദപ്രകടനം നടത്തേണ്ടതില്ല.
ഇനി ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും വിജയത്തെ രാഷ്ട്രീയമായി ജനം വിലയിരുത്തി വോട്ട് ചെയ്തു എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടുതാനും. ഗ്രാമപഞ്ചായത്തുകളിലെ വിജയമെല്ലാം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി പരിഗണിക്കേണ്ടതില്ല.
പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ മാനദണ്ഡങ്ങള്‍ മിക്കതും ദേശീയ കാഴ്ചപ്പടിനനുസരിച്ചായിരിക്കും. അതാണല്ലോ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ 19 സീറ്റും കോണ്‍ഗ്രസ് മുന്നണി നേടിയത്. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നു എന്നു കേട്ടപ്പോള്‍ തന്നെ മത്സരരംഗത്തിന്റെ ഗതി ആകെ മാറിമറിഞ്ഞു.
കേരളത്തിന് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാനമന്ത്രിയെ കിട്ടുമെന്ന ചിന്ത ജനങ്ങളില്‍ ആവേശമായി ആളിക്കത്തി.
സി.പി.എം. അംഗങ്ങള്‍ പോലും രാഹുലിന് വോട്ട് ചെയ്തു. ഇവിടെ പിണറായി ചെയ്യുന്ന ആനക്കാര്യങ്ങള്‍ ഒന്നും ജനം ശ്രദ്ധിച്ചതേയില്ല. അവര്‍ വിചാരിച്ചു കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന്. കേരളീയര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടി. വയനാട് എം.പി. ഇന്ത്യ ഭരിക്കാന്‍ പോകുന്നു എന്ന ഒറ്റ ചിന്തയല്ലാതെ മറ്റൊന്നും കേരളജനത മുഖവിലയ്ക്കെടുത്തില്ല.
മതനിരപേക്ഷതയും ആഗോളവല്ക്കരണവും ഉദാരവല്ക്കരണവും (രണ്ടും ഇപ്പോള്‍ അധികം പറഞ്ഞു കേള്‍ക്കുന്നില്ല.) വര്‍ഗ്ഗീയതയും ഒക്കെ എടുത്തിട്ട് അലക്കി നോക്കി സി.പി.എം.കാര്‍. ഒരു ചുക്കും നടന്നില്ല. രാഹുലിനെ കേരളത്തിലേക്ക് ഇറക്കാതിരിക്കാന്‍ പി.ബി. വഴി ഡല്‍ഹിയിലും പാര്‍ട്ടി കളിച്ചു നോക്കി. ഫലം കണ്ടില്ല.
രാഹുല്‍ പ്രധാനമന്ത്രിയായി സിംഹാസനസ്ഥനാകുന്നത് മലയാളി സ്വപ്നം കണ്ടു. പറഞ്ഞുവന്നത് പ്രാദേശിക തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വെവ്വേറെയാണ് എന്നുള്ളതാണ്.
അതുകൊണ്ട് ചോദിച്ചു പോകുന്നു, ഇപ്പോള്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാറ്റേണ്‍ അസംബ്ലി തെരഞ്ഞെടുപ്പിലും ബാധകമാകുമോ? 101 സീറ്റില്‍ ഇപ്പോള്‍ ഭൂരിപക്ഷം കിട്ടിയെന്ന് വിലയിരുത്തപ്പെടുമ്പോള്‍ അത് 2021 ഏപ്രില്‍ വരെ നിലനിര്‍ത്താന്‍ പിണറായി സര്‍ക്കാരിനാവുമോ?
ഇല്ല എന്നതു തന്നെയാണ് അതിനുത്തരം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച 101 അസംബ്ലി സീറ്റുകളില്‍ ഇടതുപക്ഷത്തിന് ലീഡ് നിലനിര്‍ത്താനാവില്ല എന്നതിന് ഒരു സംശയവും വേണ്ട.
വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനാധാരം. വാസ്തവത്തില്‍ വോട്ട് ചെയ്യേണ്ടത് വികസനത്തെ ആസ്പദമാക്കിയാണ്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമൊക്കെ നിര്‍ണ്ണയിക്കുന്നത് ജാതി, മത, വര്‍ഗ്ഗീയ ശക്തികളാണ്.
ഇടതുപക്ഷവും ഈ വൃത്തികെട്ട സാമുദായിക പ്രീണന നയം തുടരുന്നു എന്നത് അവരുടെ പാര്‍ലമെന്ററി വ്യാമോഹത്തെയാണ് കാണിക്കുന്നത്. ‘മതനിരപേക്ഷത’യാണ് ഇടതുപക്ഷത്തിന്റെ സിരകളിലോടുന്നതെങ്കില് കത്തോലിക്കരെ കൂടെ നിര്‍ത്താന്‍ ജോസ് കെ. മാണിയുടെ തോളില്‍ കയ്യിടുമോ? അപ്പന് കെ.എം. മാണിയോട് സി.പി.എം. ചെയ്ത ക്രൂരതകള്‍ മറക്കുകയാണ് ജോസ്. ‘മറന്നാലേ’ അദ്ദേഹത്തിന് മന്ത്രിയാകാന്‍ പറ്റൂ.
അടുത്ത ഇലക്ഷനില്‍ മാണി സി. കാപ്പനെ പാലായില്‍ നിന്നും സി.പി.എം. കെട്ടുകെട്ടിച്ചിരിക്കും, ഉറപ്പാണ്. കാരണം, കാപ്പന്റെ എന്‍.സി.പി.യേക്കാള്‍ പതിന്മടങ്ങ് സമുദായ പ്രമാണിമാര്‍ ജോസിന്റെ കൂടെ ഉണ്ടല്ലോ. അധികാരത്തിനു വേണ്ടി അഖിലേന്ത്യാ ലീഗുകാരെ പുണര്‍ന്ന സി.പി.എമ്മിന് ഇനിയും കേരള ലീഗുകാരെ പുണരാനും മടിയൊന്നുമില്ല. മനസ്സാക്ഷി വിറ്റു തുലച്ച കൗശലക്കാരുടെയും സ്നേഹത്തിന്റെ തരിമ്പു പോലുമില്ലാത്ത സ്റ്റാലിന്റെ ക്രൂരതയുടെയും മുഖമുദ്രകള്‍ പേറിയവരാണ് ഇന്നത്തെ സി.പി.എം. നേതൃത്വം.
ഈ സാമുദായിക ശക്തികളുടെ ഒരു ഏകീകരണം തന്നെയാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. ലീഗ് ഇപ്പോഴേ കൂടെയുണ്ടല്ലോ. പിന്നെ നായരെയും കത്തോലിക്കരില്‍ ഭൂരിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ യു.ഡി.എഫ്. ചെയ്തിരിക്കും. അപ്പോള്‍ അതില്‍ സി.പി.എം. തള്ളിക്കളഞ്ഞ ക്രൈസ്തവ ഗ്രൂപ്പുകളും മറ്റു ചെറു സാമുദായിക സംഘടനകളും ഉണ്ടായിരിക്കും.
ഉമ്മന്‍ചാണ്ടി തന്നെ കോണ്‍ഗ്രസിന്റെ നെടുനായകത്വം വഹിച്ച് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കണം. പക്ഷേ മുഖ്യമന്ത്രിയായി രമേശ് തന്നെ വരണം. കാരണം, സാമുദായിക സന്തുലിതാവസ്ഥ തുടരണമല്ലോ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ട് ഇടതുപക്ഷം ഹാലിളകേണ്ട. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യു.ഡി.എഫും ജനപിന്തുണയുള്ള വലിയ ഒരു ശക്തി തന്നെയാണ് കേരളത്തില്‍. അതുകൊണ്ടാണല്ലോ അവരും വന്‍ഭൂരിപക്ഷത്തോടെ ഒന്നിടവിട്ട വേളകളില്‍ കേരളം ഭരിച്ചിട്ടുള്ളതും ഇനി ഭരിക്കാന്‍ പോകുന്നതും.

കെ.എന്‍. റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.