ഗോവധവും നിരോധനവും പ്രാചീന ഇന്ത്യയില്‍

ഗോവധവും നിരോധനവും പ്രാചീന ഇന്ത്യയില്‍

പ്രാകൃതമനുഷ്യന്‍ പരിഷ്‌കൃതനായി മാറിയ ചരിത്രം സഹസ്രാബ്ദങ്ങള്‍ നീണ്ട കഥയാണ്. ഭാരത ചരിത്രം ആരംഭിക്കുന്നത് സിന്ധു നദിതട നാഗരികതയോടു കൂടിയാണെന്നാണ് ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങളില്‍ നിന്നുള്ള അനുമാനം. പ്രാചീനഭാരത ചരിത്രകാലഗണനയെപ്പറ്റി ചരിത്ര പണ്ഡിതരുടെയിടയില്‍ വിഭിന്നാഭിപ്രായങ്ങളാണുള്ളത്. പൊതുവെ അംഗീകരിക്കപ്പെട്ട സിന്ധു നാഗരിക കാലഘട്ടം ബി.സി. 2500 മുതല്‍ ബി.സി. 1500 വരെയാണ്.

സിന്ധു നാഗരികതയ്ക്കു ശേഷം ആര്യന്മാരുടെ വേദകാലമാണ്. ആര്യന്മാരുടെ ജന്മദേശത്തെച്ചൊല്ലി ധാരാളം അഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും ബി.സി. 1500-നോടടുത്ത് ഇവര്‍ മദ്ധ്യേഷ്യയില്‍ നിന്നും ഇന്ത്യയിലെത്തിയെന്ന അഭിപ്രായമാണ് ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഡോ. ഗില്‍സ് പറയുന്നത് ആസ്ട്രിയ, ഹംഗറി എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് ആര്യന്മാര്‍ എന്നാണ്. ജര്‍മ്മനിയാണ് ആര്യന്മാരുടെ ജന്മദേശമെന്ന് പെങ്ക വാദിക്കുമ്പോള്‍ ഡോ. മച്ച് പടിഞ്ഞാറന്‍ ബാള്‍ട്ടിക് തീരമെന്നും നെറിംഗ് റഷ്യയെന്നും ബര്‍ട്ടന്‍ സ്റ്റീന്‍ യുറാല്‍ പര്‍വ്വതത്തിനു തെക്കുള്ള കിര്‍ഗിസ് പുല്‍മേടുകളാണെന്നും മൊറാംഗ് സൈബീരിയയാണെന്നും വാദിക്കുന്നു.

എന്നാല്‍ യൂറോപ്പല്ല, ഏഷ്യയാണ് ആര്യന്മാരുടെ ജന്മഭൂമിയെന്ന് എഡ്വേര്‍ഡ് മേയറും ഹെര്‍സ്‌ഫെല്‍ഡും പാര്‍ജിറ്ററും പറയുന്നു. ബാലഗംഗാധര തിലകന്റെ അഭിപ്രായത്തില്‍ ആര്യന്മാരുടെ ജന്മദേശം ആര്‍ട്ടിക് പ്രദേശമാണ്. പ്രശസ്ത ചരിത്രപണ്ഡിതയായ റോമില ഥാപ്പറുടെ അഭിപ്രായത്തില്‍ ഇറാനില്‍ നിന്ന് ഇന്ത്യയില്‍ വന്ന ജനവിഭാഗമാണ് ആര്യന്മാര്‍. ഡോ. സമ്പൂര്‍ണ്ണാനന്ദ്, എ.സി. ദാസ്, മഹാമഹോപാദ്ധ്യായ പാണ്‌ഡെ തുടങ്ങിയവര്‍ ഇന്ത്യയാണ് ആര്യന്മാരുടെ ജന്മഭൂമി എന്ന് അഭിപ്രായപ്പെടുന്നവരാണ്.
ഇന്ത്യയിലെത്തിയ ആര്യന്മാര്‍ ആദ്യം പഞ്ചാബില്‍ താമസിച്ചുവെന്നാണ് ചരിത്രമതം. ക്രമേണ അവര്‍ ഗംഗാതീരത്തേയ്ക്ക് വ്യാപിക്കുകയുണ്ടായി. ഇന്ത്യയില്‍ വന്ന ശേഷമാണ് ആര്യന്മാര്‍ ഋഗ്വേദം രചിച്ചതെന്നാണ് പൊതുവെയുള്ള വിശ്വാസം.

വേദകാലഘട്ടത്തെ പൂര്‍വ്വ വൈദീക കാലമെന്നും, ഉത്തര വൈദീക കാലമെന്നും രണ്ടായി തിരിക്കാം. ഋഗ്വേദകാലം പൂര്‍വ്വ വൈദിക കാലമാണ്. ബി.സി. 1500 മുതല്‍ ബി.സി. 1000 വരെയുള്ള കാലം. യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ പില്‍ക്കാലത്ത് രചിക്കപ്പെട്ടവയാണ്. (ബി.സി. 1000 – ബി.സി. 500).
ഋഗ്വേദ കാലഘട്ടത്തില്‍ ആര്യന്മാര്‍ നാടോടികളായ ഇടയന്മാരായിരുന്നു. അവരുടെ പ്രധാന തൊഴില്‍ കാലിമേയ്ക്കലും. ഗോത്രങ്ങളായി താമസിച്ചിരുന്ന അവര്‍ ഭക്ഷണം ശേഖരിക്കുന്നവര്‍ മാത്രമായിരുന്നു. മറിച്ച് ഭക്ഷ്യോത്പാദകര്‍ ആയിരുന്നില്ല. ഗോവ് എന്നാല്‍ പശുവെന്നര്‍ത്ഥം. ഗോത്രം എന്നാല്‍ ഗോവിനു വേണ്ടി അടച്ചുകെട്ടിയ സ്ഥലം (enclosure) എന്നാണ് വിവക്ഷ. ഗോത്രം എന്ന പദം തന്നെ മനുഷ്യന് പശുവുമായിട്ടുള്ള അഭേദ്യബന്ധത്തെ കുറിക്കുന്നു.

വേദകാലമതം മൃഗബലി അംഗീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. ഈ മതത്തെ ഹിന്ദുമതമെന്ന് വിളിക്കാനാവില്ല. കന്നുകാലികളെ ബലിയര്‍പ്പിച്ച ശേഷം അവയുടെ മാംസം യാഗമര്‍പ്പിച്ചിരുന്നവര്‍ തന്നെ ഭക്ഷിച്ചിരുന്നതായി പ്രശസ്ത ചരിത്രപണ്ഡിതനും പുസ്തക രചയിതാവുമായ രാം ശരണ്‍ ശര്‍മ്മ തന്റെ Material Culture and Social Formations in Ancient India എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശിലെ അത്രഞ്ജിഖേര എന്ന സ്ഥലത്തു നിന്നും ലഭിച്ച കന്നുകാലികളുടെ എല്ലുകളില്‍ കാണുന്ന മുറിപ്പാടുകളില്‍ (cut marks) നിന്നും അവ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാം. വേദകാലത്ത് ജനങ്ങളുടെ പ്രധാന ഭക്ഷണം മാംസവും മറ്റു മൃഗജന്യവസ്തുക്കളായ പാലും നെയ്യും തൈരുമൊക്കെയായിരുന്നു.

മൃഗബലി വേദകാലത്ത് വ്യാപകമായ തോതില്‍ നടന്നിരുന്നതായും യാഗശേഷം കന്നുകാലികളെ ഭക്ഷിച്ചിരുന്നതായും ശതപഥ ബ്രാഹ്മണത്തില്‍ സൂചനകളുണ്ട്. അങ്ങനെ വേദമതത്തിന്റെ അനുവാദത്തോടു കൂടിയ മൃഗഹത്യ കന്നുകാലികളുടെ സര്‍വ്വനാശത്തിനു വഴിതെളിക്കും എന്ന അവസ്ഥ സംജാതമായി. ഉത്തരവേദകാല ഗ്രന്ഥങ്ങളില്‍ ഏതെല്ലാം കന്നുകാലികളെയാണ് ഓരോ ദേവനും ബലിയര്‍പ്പിക്കേണ്ടതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഋഷഭം (കാള) ഇന്ദ്രനും പുള്ളിയുള്ള പശു മരുത്തിനും സ്വര്‍ണ്ണനിറമുള്ള പശു അശ്വിനി ദേവന്മാര്‍ക്കും ഏതു നിറത്തിലുള്ള പശുവിനെയും മിത്രനും വരുണനും ബലിയര്‍പ്പിക്കാമായിരുന്നു.

അശ്വമേധയാഗത്തിന് 600 വിവിധതരം കാലികളെ കൊല്ലുക പതിവായിരുന്നു. ഈ യാഗത്തിനൊടുവില്‍ 21 മച്ചിപ്പശുക്കളെ യാഗമര്‍പ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. മറ്റു പല യാഗങ്ങള്‍ക്കും പശുഹത്യ അനുവദനീയമായിരുന്നതായി കാണാം. എല്ലാ യാഗങ്ങളും ആരംഭിച്ചിരുന്നത് പശുവിനെ യാഗമര്‍പ്പിച്ചുകൊണ്ടായിരുന്നുവത്രേ. ശവദാഹ സമയത്ത് പശുവിനെ കൊന്ന് അതിന്റെ മാംസം വഴിപോക്കര്‍ക്ക് നല്‍കുന്ന പതിവും നിലനിന്നിരുന്നു. പാണിനിയുടെ ഗ്രന്ഥത്തില്‍ ഴീഴവിമ (പശുവിനെ ഹനിക്കുന്നവന്‍) എന്ന പദം കാണാം. വേദങ്ങളിലും ബ്രാഹ്മണങ്ങളിലും സൂത്രങ്ങളിലും പശുഹത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. Govikartha (പശുഹത്യ നടത്തുന്നവന്‍) എന്ന വാക്ക് മൈത്രേയാനി സംഹിതയിലും gavyaccha (പശുവിനെ ഹനിക്കുന്നവന്‍) എന്ന പദം കഥക സംഹിതയിലും gosava (പശുയാഗം) തൈത്തരീയ ബ്രാഹ്മണത്തിലും goyajna (പശുയാഗം) എന്ന പദം ഗൃഹ്യസൂത്രത്തിലും കാണാം.

അഥര്‍വ്വവേദത്തിലും കൗശികസൂത്രത്തിലും പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ യാഗം കഴിച്ചിരുന്നതായി പറയുന്നുണ്ട്. മാട്ടിറച്ചി ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതാകയാല്‍ ഭക്ഷിക്കാമെന്ന് യാജ്ഞവല്‍ക്യന്‍ അഭിപ്രായപ്പെടുന്നു. പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ യാഗം കഴിച്ചിരുന്നതായും അവയുടെ മാംസം യാഗം കഴിച്ചിരുന്നവര്‍ തന്നെ ഭക്ഷിച്ചിരുന്നതായും ഗൃഹ്യസൂത്രത്തില്‍ പറയുന്നു. യാഗം നടത്തിയിരുന്നവര്‍ ബ്രാഹ്മണര്‍ ആയിരുന്നുവല്ലോ.
ബുദ്ധമതഗ്രന്ഥങ്ങളും പശുഹത്യയെക്കുറിച്ച് ധാരാളം സൂചനകള്‍ നല്‍കുന്നു. പശുവിനെ കൊല്ലുന്നതില്‍ പ്രാവീണ്യമുള്ള ഇറച്ചിവെട്ടുകാരനെക്കുറിച്ച് ‘സുത്താനിപാത’യില്‍ പരാമര്‍ശമുണ്ട്. ഇക്ഷ്വാകു എന്ന രാജാവ് ബ്രാഹ്മണ ഉപദേശപ്രകാരം ആയിരക്കണക്കിന് പശുക്കളെ യാഗം അര്‍പ്പിച്ചതായി സൂചിപ്പിക്കുന്നു.

ചരിത്രം പരിശോധിച്ചാല്‍ ബി.സി. ആറാം നൂറ്റാണ്ടില്‍ ജൈന-ബുദ്ധ മതങ്ങളുടെ ആവിര്‍ഭാവത്തിന് വേദകാല മതദുരാചാരങ്ങള്‍ മാത്രമായിരുന്നില്ല കാരണമെന്ന് മനസ്സിലാകും. അക്കാലത്തെ ജനതയുടെ ഭൗതിക ജീവിതസാഹചര്യങ്ങളിലുണ്ടായ പ്രധാന വികാസങ്ങളും ബുദ്ധ-ജൈന മതങ്ങളുടെ ആവിര്‍ഭാവത്തിന് വഴിതെളിച്ച പ്രധാന സംഭവങ്ങളായിരുന്നു.

കാലികളെ മേച്ച് അലഞ്ഞുതിരിഞ്ഞു നടന്ന ആര്യന്മാര്‍ ക്രമേണ കൃഷി ആരംഭിച്ചു. കൃഷി സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കി. ഇരുമ്പിന്റെ വ്യാപകമായ ഉപയോഗം കൃഷി വ്യാപകമാക്കി. കലപ്പയുടെ ഉപയോഗം കന്നുകാലികളുടെ ഉപയോഗം വര്‍ദ്ധിപ്പിച്ചു. നിലം ഉഴുന്നതിനും വളം, യാത്ര, ചരക്കുനീക്കം എന്നിവയ്ക്കും കന്നുകാലികള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി. ബുദ്ധന്‍ തന്റെ ഉപദേശവും പ്രവര്‍ത്തനവും വഴി മൃഗഹത്യ നിരോധിക്കുന്നതിനു വേണ്ടി ശ്രമിച്ച ഭൗതീക സാഹചര്യം ഇതായിരുന്നു.

ഒരിക്കല്‍ ബുദ്ധന്‍ ശ്രാവസ്തി നഗരത്തിലെത്തിയപ്പോള്‍ കോസല രാജാവായ പ്രസേനജിത്ത് ഒരു വലിയ യാഗം നടത്തുകയായിരുന്നു. 500 കാളകള്‍, 500 കാളക്കുട്ടികള്‍, 500 പശുക്കുട്ടികള്‍, 500 ആടുകള്‍ എന്നിവയെ യാഗം കഴിക്കാനായി കെട്ടിയിട്ടിരുന്നു. ബുദ്ധന്റെ ഉപദേശത്താല്‍ ഈ കന്നുകാലികളെയെല്ലാം സ്വതന്ത്രമാക്കിയ കഥ സ്മരണീയമാണ്.

25 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗോവധ നിരോധനം നടപ്പിലാക്കിയത് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയേയും തദ്വാര ജനങ്ങളുടെ ക്ഷേമത്തേയും മുന്‍നിര്‍ത്തിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഗോവധ നിരോധന ആവശ്യം മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം കയ്യാളാനുള്ള തന്ത്രത്തിന്റെ ഭാഗമായേ കരുതാനാകൂ.ഡോ. മന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!