ബൈബിളിലെ സ്ത്രീ പുരുഷനൊപ്പം

ബൈബിളിലെ സ്ത്രീ പുരുഷനൊപ്പം

ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട ഹൃദ്യമായ ആശയമായ കുടുംബത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമാണുള്ളത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ഏദെന്‍ തോട്ടത്തില്‍ ആദ്യ കുടുംബജീവിതം ആരംഭിച്ചു. ബൈബിളിന്റെ ആരംഭ ഗ്രന്ഥമായ ഉല്പത്തി 1:27-ല്‍ പുരുഷനേയും സ്ത്രീയേയും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ച് അവരെ അനുഗ്രഹിക്കുന്ന ദൈവത്തെ കാണാം. ദൈവവചനത്തില്‍ കാണുന്ന സൃഷ്ടികര്‍മ്മത്തിലെ സ്ത്രീപുരുഷ സമത്വം ബൈബിളിലെ സ്ത്രീ പുരുഷനോടൊപ്പമാണെന്ന് വ്യക്തമാക്കുന്നു.

സ്‌നേഹത്തിന്റെ കുളിര്‍മ്മയും കരുതലിന്റെ മാധുര്യവും പങ്കുവയ്ക്കലിന്റെ സന്തോഷവും കുടുംബത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ ബൈബിള്‍ സ്ത്രീക്ക് നല്‍കുന്ന സ്ഥാനവും പദവിയും മനസ്സിലാക്കി സ്ത്രീയും പുരുഷനും ചേര്‍ന്ന് കുടുംബം പണിയേണ്ടിയിരിക്കുന്നു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ഒരിടം മാത്രം. എന്നാല്‍ പിറന്നു വീഴുന്ന നിമിഷം മുതല്‍ വ്യത്യാസവും അവഗണനയും, വളര്‍ന്നു വരുന്തോറും അരുതുകളും പരുവപ്പെടുത്തലുകളും പെണ്‍കുട്ടി അനുഭവിക്കുന്നു. വിവാഹിതയാകുന്നതോടു കൂടി ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരു അടിമ-ഉടമ ബന്ധം രൂപംകൊള്ളുന്നു. പുരുഷ കേന്ദ്രീകൃത നിയമങ്ങള്‍ ഭാര്യയെ ഭര്‍ത്താവിന്റെ ‘സ്വത്താ’ക്കി മാറ്റുന്നു. തരംതാണ ജീവിയായും രണ്ടാംകിടക്കാരിയായും അവള്‍ മാറുന്നു. എല്ലാം സഹിക്കാനും അഡ്ജസ്റ്റ് ചെയ്യാനും അവള്‍ നിര്‍ബന്ധിതയാകുന്നു.

സ്ത്രീയോടുള്ള അവഗണനയ്ക്കും പാര്‍ശ്വവല്‍ക്കരണത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുരുഷന്റെ സ്വാര്‍ത്ഥതയും ഭയവും എല്ലാ കാലത്തും സ്ത്രീയെ മാററിനിര്‍ത്തുകയാണുണ്ടായത്. അവകാശങ്ങളും അധികാരങ്ങളുമുള്ള പുരുഷന്‍ എന്നും ശക്തിയുടെയും ധീരതയുടെയും പര്യയമായി കണക്കാക്കപ്പെട്ടപ്പോള്‍ സ്ത്രീ എന്നും അബലയും അനുസരിക്കേണ്ടവളും അഭിപ്രായസ്വാതന്ത്ര്യമില്ലാത്തവളും വിധേയപ്പെടേണ്ടവളുമായി. അഥവാ ഇച്ഛയോ ബുദ്ധിയോ അഭിപ്രായങ്ങളോ പാടില്ലാത്തവള്‍. സമൂഹം സ്ത്രീയെ പുത്രോല്‍പ്പാദനത്തിനുള്ള മാധ്യമമായും പുരുഷന്റെ ഉപഭോഗ വസ്തുവുമായി കണ്ടപ്പോള്‍ ബൈബിള്‍ സ്ത്രീക്ക് മാന്യത നല്‍കി പുരുഷന്റെ മാറോട് ചേര്‍ത്തു പിടിക്കാന്‍ പഠിപ്പിച്ചു.

പഴയനിയമത്തിലും പുതിയനിയമത്തിലും സ്ത്രീകളുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന വാക്യങ്ങള്‍ ധാരാളം കാണാം. ഫറവോന്റെ ആജ്ഞ ധൈര്യത്തോടെ നിരാകരിച്ച ശിപ്ര, പൂവ എന്നീ സൂതികര്‍മ്മിണികളെ പഴയനിയമം പരിചയപ്പെടുത്തുന്നു. യോശുവാ 17:3-ല്‍ ശലോഫഹാദിന്റെ പുത്രിമാര്‍ മോശയോട് ഭൂമി അവകാശമായി ചോദിക്കുകയും അത് ലഭിക്കുകയും ചെയ്തു. എസ്‌തേറിനെ യിസ്രായേല്‍ ജാതിയുടെ മോചനത്തിനായി ദൈവം ഉപയോഗിക്കുന്നു. രൂത്ത് 4:11-ല്‍ ലേയയും റാഹേലുമാണ് യിസ്രായേല്‍ ഗൃഹം പണിതത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. യിസ്രായേലില്‍ നാമം ചൊല്ലി അനുഗ്രഹിക്കത്തക്ക നിലയിലുള്ള മൂല്യം അവര്‍ക്ക് ലഭിച്ചു. ദിനവൃത്താന്തം 7:24-ല്‍ ശെയരാ താഴത്തെയും മേലത്തെയും ബേത്ത്‌ഹോരോനും ഉസേന്‍-ശെയരയും പണിതു എന്നു കാണാം. 13 പ്രവാചകിമാരെയും ആരാധനയ്ക്ക് നേതൃത്വം നല്‍കിയ മിര്യാമിനെയും ബൈബിള്‍ പരിചയപ്പെടുത്തുന്നു. നല്ല ന്യായാധിപതിയായി യിസ്രായേല്‍ ഭരിച്ച ദെബോര കഴിവുള്ള സ്ത്രീരത്‌നമായിരുന്നു. ഇയ്യോബ് പുത്രന്മാര്‍ക്കൊപ്പം പുത്രിമാര്‍ക്കും തന്റെ ഭൂസ്വത്തില്‍ അവകാശം നല്‍കി.

പുതിയനിയമത്തിലേക്കു വരുമ്പോള്‍ ആത്മരക്ഷ, സ്‌നാനം, ആത്മീയ വരങ്ങള്‍, മരണാനന്തര ജീവിതം എന്നിവയിലൊന്നും സ്ത്രീപുരുഷ വ്യത്യാസമില്ലെന്ന് പഠിപ്പിക്കുന്നു. യഹൂദന്‍ നൂറ്റാണ്ടുകളായി പള്ളിയിലും പൊതുസ്ഥലങ്ങളിലും നിന്ന് ആട്ടിയകറ്റിയ സ്ത്രീകളെ യേശു കരുതുകയും പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്തു. സ്ത്രീ ചൂഷണം ചെയ്യപ്പെടേണ്ടവളും അടക്കി വയ്‌ക്കേണ്ടവളുമാണെന്ന സാമൂഹ്യചിന്തയ്ക്കു വിപരീതമായി

സ്ത്രീകളെ വിലമതിച്ച് ശുശ്രൂഷ ഏല്‍പ്പിച്ചതിന്റെ ഉദാഹരണമാണ് പുനരുത്ഥാന ശേഷം മറിയയ്ക്കു ലഭിച്ച സുവിശേഷദൗത്യം. സ്‌നേഹിക്കാനും കരുതാനും ആശ്വസിപ്പിക്കാനും ബന്ധങ്ങള്‍ സൂക്ഷിക്കാനും മദ്ധ്യസ്ഥത വഹിക്കാനും ദയ കാണിക്കാനും ക്ഷമിക്കാനും പരിപാലിക്കാനുമുള്ള കഴിവ് ദൈവം സ്ത്രീക്ക് നല്‍കിയ കൃപകളാണ്. ദൈവസ്‌നേഹത്തെ അമ്മയുടെ സ്‌നേഹത്തോടാണ് ഉപമിച്ചിരിക്കുന്നത്. ‘God cannot go everywhere, so mothers are created’ എന്നത് യിസ്രായേലിലെ പഴഞ്ചൊല്ലാണ്.
സ്ത്രീയുടെ ഗര്‍ഭപാത്രം പുരുഷനും സ്ത്രീക്കും ജനിക്കാനുള്ള അത്ഭുത സംവിധാനമാണെന്നും സ്ത്രീ ശരീരത്തിനു മാത്രം ൈദവം നല്‍കിയ സവിശേഷ ദാനമാണതെന്നും മനസ്സിലാക്കിയ പൗലോസ് പറയുന്നു, സ്ത്രീയെ കൂടാതെ പുരുഷനുമില്ല, പുരുഷനെ കൂടാതെ സ്ത്രീയുമില്ല എന്ന്. (1കൊരി. 11:11-12). ബൈബിളിന്റെ മൂല്യഗണനയില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്ന പ്രഖ്യാപനം കൂടെയായി ഈ മനോഹര വാക്യമെന്നും മനസ്സിലാക്കാവുന്നതാണ്.

ലൂക്കോസ് 8:40-48 ലെ രക്തസ്രാവക്കാരി സ്ത്രീ സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവളായിരുന്നു. എന്നാല്‍ യേശുക്രിസ്തു അവളെ സൗഖ്യമാക്കുക വഴി നിലവിലിരുന്ന അശുദ്ധിയുടെ നിയമം മാറ്റിയെഴുതി. പാപിനിയായ സ്ത്രീയുടെ കാര്യത്തില്‍ പുരുഷകേന്ദ്രീകൃത നിയമം ഏകപക്ഷീയമായി അവളെ കൊല്ലാന്‍ വിധി പ്രസ്താവിക്കുകയായിരുന്നു. വ്യഭിചാര കുറ്റത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ തെററുകാരാണല്ലോ. സ്ത്രീയുടെ തുല്യമഹത്വവും പ്രാധാന്യവും അംഗീകരിച്ച യേശു പുരുഷന്റെ ആക്രമണത്തില്‍ നിന്നും സ്ത്രീയെ രക്ഷിച്ച് അവളുടെ പദവി ഉയര്‍ത്തി. മാത്രമല്ല, വ്യഭിചാരത്തിലും വിവാഹമോചനത്തിലും അന്നുവരെ നിലനിന്ന വ്യവസ്ഥിതിയെ, അതായത് സ്ത്രീയെ മാത്രം ശിക്ഷിക്കുന്ന രീതിയെ യേശു വെല്ലുവിളിക്കുകയും ചെയ്യുന്നു.

ലൂക്കോസ് 13:16-ല്‍ കാണുന്ന കൂനിയായ സ്ത്രീ എക്കാലത്തേയും സ്ത്രീയുടെ പ്രതിനിധിയാണ്. ശാരീരികമായും മാനസികമായും സാമൂഹ്യമായും സാംസ്‌കാരികമായും ആത്മീയമായും മതപരമായും രാഷ്ട്രീയമായും അടിച്ചമര്‍ത്തപ്പെട്ട് കൂനിപ്പോയ സ്ത്രീജന്മം. മാനുഷിക പരിഗണന പോലും ലഭിക്കാതെ, സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തി ഒറ്റപ്പെടുത്തി മതം അശുദ്ധയെന്നും ശപിക്കപ്പെട്ടവളെന്നും വിധി കല്പിച്ച സ്ഥാനത്ത് യേശു അവളുടെ പരാധീനതകള്‍ പരിഹരിച്ചു.

പുരുഷനോടൊപ്പം അന്തസ്സായി മുഖ്യധാരയില്‍ ജീവിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന പ്രഖ്യാപനമായിരുന്നു ആ സൗഖ്യം. കാരണം, സഞ്ചാരസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വ്യക്തിത്വവും അഭിമാനവും നഷ്ടപ്പെട്ട് അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെട്ട് അപകര്‍ഷതാബോധവും പേറി കഴിഞ്ഞിരുന്ന അബ്രഹാമിന്റെ മകളെ സുഖപ്പെടുത്തുക വഴി നിലവിലിരുന്ന വികലമായ സാമൂഹ്യബോധത്തെ ശരിയാക്കുകയായിരുന്നു ക്രിസ്തു ചെയ്തത്.
ആദ്യകാല സഭാ പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാരോടൊപ്പം സുവിശേഷീകരണത്തില്‍ പങ്കാളികളായിരുന്ന മേരി, രോദ, യുവോദ്യ, തബീഥ, പ്രിസ്‌കില, ലുദിയ, സുന്തുക, ദമരിയസ്, ഫേബ, യുനീക്ക തുടങ്ങിയ സ്ത്രീകളെ ബൈബിള്‍ വിട്ടുകളഞ്ഞില്ല.

ഫിലിപ്പ്യര്‍ 4:3-ല്‍ പൗലോസ് പറയുന്നു: ”ആ സ്ത്രീകള്‍ എന്നോടു കൂടെ സുവിശേഷ ഘോഷണത്തില്‍ പോരാടിയിരിക്കുന്നു” എന്ന്. എന്നാല്‍ ഇത് തമസ്‌കരിച്ച് സ്ത്രീകള്‍ സഭയില്‍ മിണ്ടാതിരിക്കട്ടെ എന്ന പൗലോസിന്റെ വാക്കുകള്‍ പറഞ്ഞ സാഹചര്യവും സന്ദര്‍ഭവും മനസ്സിലാക്കാതെ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉറക്കെ പറഞ്ഞ് സ്ത്രീകളെ നിശ്ശബ്ദരാക്കാനാണ് ക്രൈസ്തവ സമൂഹവും ശ്രമിക്കുന്നത്.
യെരുശലേമിലെ സഭയുടെ കേന്ദ്രം മറിയയുടെ വീടായിരുന്നു എന്നും, ഫിലിപ്പിയിലെ വളരുന്ന സഭയുടെ കേന്ദ്രം ലുദിയായുടെ ഭവനമായിരുന്നു എന്നും ബൈബിള്‍ വ്യക്തമാക്കുകയും, നുംഫെയ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുന്നതായി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇവരെ കൂടാതെ മററ് ഹൗസ് ചര്‍ച്ചസിലും സ്ത്രീകളുടെ പേരുകള്‍ ബൈബിള്‍ പരാമര്‍ശിക്കുന്നു.
ധാര്‍മ്മകമൂല്യങ്ങളില്‍ തുല്യത കല്പിക്കുന്ന ബൈബിള്‍ സ്ത്രീയും പുരുഷനും വിശ്വാസത്തില്‍ വളരണമെന്ന് പ്രബോധിപ്പിക്കുന്നു.

തന്നെയുമല്ല, പുരുഷനും സ്ത്രീയും ഒരുപോലെ ദൈവസന്നിധിയില്‍ കണക്ക് ബോധിപ്പിക്കേണ്ടവരും, ദൈവരാജ്യ പ്രാപ്തിക്കായി ഒരുമിച്ച് ശുശ്രൂഷ ചെയ്യാന്‍ വിളിക്കപ്പെട്ടവരുമാണ്. പുരുഷ ശിഷ്യന്മാര്‍ തള്ളിപ്പറഞ്ഞ് ഓടിപ്പോയ അന്ത്യനിമിഷങ്ങളിലും കുരിശിന്റെ ചുവട്ടില്‍ കണ്ണീരോടെ മരണം വരെ കൂടെനിന്ന സ്ത്രീകളെ നമുക്ക് ബൈബിളില്‍ കാണാം. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ഇരുട്ടുള്ളപ്പോള്‍ തന്നെ കര്‍ത്താവിന്റെ കല്ലറയ്ക്കല്‍ ചെല്ലാന്‍ ധൈര്യം നല്‍കിയത് അവര്‍ക്ക് കര്‍ത്താവിനോടുള്ള ആത്മാര്‍ത്ഥസ്‌നേഹമായിരുന്നു. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ നിശ്ശബ്ദരായി, rope holders ആയി ഇന്നും കര്‍തൃവേലയില്‍ പങ്കാളികളാകുന്ന എത്രയോ സ്ത്രീകള്‍ നമുക്കുണ്ട്.

അതുകൊണ്ട് സ്ത്രീകളോടുള്ള പുരുഷന്റെ മനോഭാവം ക്രിസ്തുവിന് സ്ത്രീകളോടുള്ള മനോഭാവം ആയിരിക്കണം. കാരണം, ക്രിസ്തുവും സഭയും തമ്മിലുള്ള പവിത്രവും ഉന്നതവുമായ ബന്ധത്തോടാണ് ഭാര്യാഭര്‍തൃബന്ധത്തെ ബൈബിള്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീയുടെ തല പുരുഷന്‍, പുരുഷന്റെ തല ക്രിസ്തു. ശരീരമാം സഭയ്ക്കു വേണ്ടി ജീവന്‍ നല്‍കിയ ക്രിസ്തുവിനെയാണ് ബൈബിള്‍ വരച്ചുകാട്ടുന്നത്. ക്രിസ്തു സഭയെ സ്‌നേഹിച്ചതു പോലെ ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുമ്പോള്‍ കര്‍ത്താവിനെന്ന പോലെ ഭര്‍ത്താവിന് ഭാര്യ കീഴടങ്ങണമെന്ന ഉദ്‌ബോധനം ഫലവത്താകും. ബൈബിള്‍ വിഭാവന ചെയ്യുന്ന ഭാര്യാഭര്‍തൃബന്ധത്തില്‍ ഭാര്യയ്ക്കു വേണ്ടി ജീവന്‍ നല്‍കുന്ന ഭര്‍ത്താവും, ഭര്‍ത്താവിനെ ജീവനെക്കാളധികം സ്‌നേഹിക്കുന്ന വിശ്വസ്തയായ ഭാര്യയുമുണ്ട്.

ഇങ്ങനെയുള്ള കുടുംബജീവിതത്തില്‍ ഭാര്യയ്ക്കു വേണ്ടി ഭര്‍ത്താവും, ഭര്‍ത്താവിനു വേണ്ടി ഭാര്യയും ജീവിക്കുന്നു. അപ്പോഴാണ് ജീവിതപങ്കാളികള്‍ തമ്മില്‍ ആത്മബന്ധവും പരസ്പരധാരണയും സഹകരണവു ഐക്യവും സ്‌നേഹം പങ്കുവയ്ക്കലും ഉണ്ടാവുക. ഭവനങ്ങള്‍ സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഇടമാകുമ്പോള്‍ മുന്തിരിവള്ളിയുടെ അനുഭവം ഉണ്ടാകും. ഇങ്ങനെയുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ ദൈവത്തിനും മനുഷ്യര്‍ക്കും പ്രയോജനമുള്ളവരായിരിക്കും.

എന്നാല്‍ ഭവനത്തിലെ താളപ്പിഴകള്‍ ഹൃദയങ്ങള്‍ തമ്മില്‍ ബഹുദൂരം അകല്ച്ച സൃഷ്ടിക്കുന്നു. പരസ്പരം ബഹുമാനക്കുവാനോ, കരുതുവാനോ, ക്ഷമിക്കുവാനോ, സ്‌നേഹിക്കുവാനോ കഴിയാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം മത്സരിക്കുന്നു. സമൂഹത്തെ ഭയന്ന് പിരിയുവാന്‍ കഴിയാത്തതിനാല്‍ മാത്രം ഒരുമിച്ച് ജീവിക്കുന്നവരാണ് ഇന്ന് പല ഭാര്യാഭര്‍ത്താക്കന്മാരും. ഭര്‍ത്താവ്/ഭാര്യ അല്പം കൂടെ സ്‌നേഹത്തോടെ പെരുമാറിയിരുന്നെങ്കില്‍, ഹൃദയം തുറന്നൊന്ന് സംസാരിച്ചിരുന്നെങ്കില്‍, ഇങ്ങനെ കുററപ്പെടുത്താതിരുന്നെങ്കില്‍ എന്നൊക്കെ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.

ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും സമ്മര്‍ദ്ദങ്ങളും സന്തോഷവും പങ്കുവയ്ക്കാന്‍ ദൈവം തന്നിരിക്കുന്ന തക്ക തുണയാണ് ജീവിതപങ്കാളി എന്ന് മനസ്സിലാക്കി പരസ്പരം സ്‌നേഹിച്ചാല്‍ ജീവിതം മനോഹരമാകും. അവനവന്റെ ഭാര്യയേക്കാള്‍/ഭര്‍ത്താവിനേക്കാള്‍ മെച്ചപ്പെട്ട ഒരാള്‍ ഭൂമിയിലെങ്ങും നിങ്ങളെ കാത്തിരിക്കുന്നില്ല എന്ന വസ്തുത മറക്കാതിരിക്കുക. കാരണം, ദൈവം നിങ്ങള്‍ക്ക് നല്‍കിയത് ഏറ്റവും അനുയോജ്യമായ തുണയെ തന്നെയാണ്.

സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കണം എന്നുള്ള യഥാര്‍ത്ഥ ആരാധനയുടെ രഹസ്യം ക്രിസ്തു വെളിപ്പെടുത്തിയത് ശമര്യാക്കാരി സ്ത്രീക്കായിരുന്നു…. ആണും പെണ്ണും എന്നുമില്ല, എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ (ഗലാ. 3:28) എന്ന ബൈബിള്‍ വചനം ലിംഗനീതിയുടെയും ആത്മീയതലത്തിലെ സ്ത്രീപുരുഷ സമത്വത്തിന്റെയും ഉദാത്ത സങ്കല്പവും പ്രമാണരേഖയുമാണ്. ശാരീരികമായി സ്ത്രീ പുരുഷനില്‍ നിന്ന് വ്യത്യസ്തയാണ്. എന്നാല്‍ മൂല്യത്തിലോ പദവിയിലോ പരിശുദ്ധാത്മദാന ലഭ്യതയിലോ മരണാനന്തര ജീവിതത്തിലോ സ്ത്രീപുരുഷ വ്യത്യാസം ബൈബിളിലില്ല. സ്ത്രീയും പുരുഷനും തുല്യപ്രാധാന്യമുള്ളവരായതിനാല്‍ ഭാര്യയും ഭര്‍ത്താവും പരസ്പരപൂരകങ്ങളാണെന്ന (complimentary) സന്ദേശമാണ് ബൈബിള്‍ നല്‍കുന്നത്.

ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു മറിയയ്ക്കു നല്‍കിയ സുവിശേഷദൗത്യം ഇപ്പോഴും തുടരുന്നു എന്നുള്ളതിനുള്ള തെളിവാണ് ആധുനിക പെന്തക്കോസ്തു വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ആഗ്നസ് ഓസ്മാനും (1901) വെയില്‍സിലെ ആത്മീയ ഉണര്‍വ്വിന് നേതൃത്വം നല്‍കിയ ഫ്‌ളോറ ഇവാന്‍സും (1904) ഇന്ത്യയില്‍ മുക്തി മിഷന്റെ സ്ഥാപകയായ പണ്ഡിത രമാബായിയും (1905).



ഡോ. ഓമന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!