
ഡോ. ബാബു തോമസ്
ന്യൂയോര്‍ക്ക്.
എല്ലാറ്റിനും ഒരു സമയം എന്ന് വിശുദ്ധ ബൈബിളില്‍ ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോന് പ്രസ്താവിക്കുന്നു. സഭാപ്രസംഗി മൂന്നാം അദ്ധ്യായം ഒന്നു മുതല്‍ എട്ടു വരെയുള്ള വാക്യങ്ങളില്‍ പതിമൂന്നു തരം കാലങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നു. ഇത് ശലോമോന് വെളിപ്പെട്ടു കിട്ടിയ കാലങ്ങളാണ്. ഇവിടെ കാലം എന്നുള്ളതിന് ‘കൈറോസ്’ എന്ന ഗ്രീക്ക് പദമാണുള്ളത്. അപ്പോയിന്റഡ് ടൈം അഥവാ നിര്‍ണ്ണയിക്കപ്പെട്ട സമയം എന്നാണര്‍ത്ഥം.
ജനിക്കാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം എന്നത് ആരുടേയും കണക്കുകൂട്ടലില്‍ പെടുന്നതല്ലെങ്കിലും ദൈവനിര്ണ്ണയത്തിലുള്ള സമയമാണ്. നല്ലകാലം കഷ്ടകാലം എന്നൊക്കെ നാം കേട്ടിട്ടുണ്ട്, അനുഭവിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ന് മറ്റൊരു കാലത്തില്‍ കൂടി നാം കടന്നുപോകുകയാണ്. കൊറോണ വൈറസ് അല്ലെങ്കില്‍ ഇീ്ശറ19 കാലം.
കോവിഡ്-19 അല്ലെങ്കില്‍ കൊറോണ വൈറസ് വരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ നാശനഷ്ടങ്ങള്‍ ചില്ലറയല്ല. നാം സ്നേഹിച്ച, നമ്മെ സ്നേഹിച്ച പലരും നമ്മെ വിട്ടുപോയിട്ടുണ്ട്. വേദനയില്‍ കൂടി കടന്നുപോകുന്നവര്‍ക്കു ദൈവം ആശ്വാസവും സമാധാനവും നല്കട്ടെ. കൊറോണയുടെ കരാള ഹസ്തത്തില്‍, ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, പെടാത്തവര്‍ വളരെ ചുരുക്കമാണ്. പ്രധാനമായി വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക-കലാ-സാംസ്കാരിക മേഖലകളില്‍ വലിയ കെടുതിയാണ് കൊറോണ സൃഷ്ടിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ഒരുപാടു മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് നിലവാരം കുറഞ്ഞു. നല്ല മിടുക്കരായ കുട്ടികള്‍ പോലും പരീക്ഷകളില്‍ പരാജിതരാകുന്നു എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വളരെ ഉന്നതിയില്‍ നിന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പോലും കൊറോണ തകര്‍ത്തെറിഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. വലിയ നഷ്ടം സംഭവിച്ചത് ട്രംപിന് തന്നെ. കൊറോണ വന്നില്ലായിരുന്നു എങ്കില്‍, ബൈഡന് ‘കെട്ടിവച്ച കാശു’ പോലും കിട്ടില്ലായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്. ബൈഡനു നല്ലകാലം എന്ന് തോന്നുന്നു. അമേരിക്കക്കാരുടെ ഇടയില്‍ നടന്ന ഒരു പഠനത്തില്‍ നിന്നും മനസ്സിലാകുന്നത്,
നാലില്‍ മൂന്നു ഭാഗം അമേരിക്കക്കാരും പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിലോ, മറ്റു വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിലോ തൃപ്തരല്ല എന്നാണ്. ഭക്ഷണശാലകളില്‍ ദിവസവേതനത്തിനു ജോലി ചെയ്തു നിത്യവൃത്തി കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടമായതോടൊപ്പം, എത്രയോ പേരുടെ വരുമാനമാര്‍ഗ്ഗമാണ് നഷ്ടമായത്.
കൊറോണ ശാരീരിക രോഗമാണെങ്കിലും, ലോക്ഡൗണ്‍ നിമിത്തം മാനസികരോഗങ്ങള്‍ പലരിലും വര്‍ദ്ധിക്കുന്നു എന്ന് നാഷണല്‍ ഹെല്‍ത്ത് സയന്‍സ് വെളിപ്പെടുത്തുന്നതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മെന്റല്‍ ഹെല്‍ത്ത് ക്രൈസിസ് സെന്ററുകളും, മൊബൈല്‍ ടീമുകളും, ഹോട്ട്ലൈന്‍ നമ്പറുകളും ന്യൂയോര്‍ക്ക് സിറ്റി പോലുള്ള പട്ടണങ്ങളില്‍ ആരംഭിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
കോവിഡ് പ്രതിസന്ധി അനേകരെ മാനസികമായി തളര്‍ത്തുകയും, ജപ്പാനില്‍ തന്നെ അനേകര്‍ ആത്മഹത്യ ചെയ്യുന്നതായും സി.എന്‍.എന്‍. ഉം മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും ആത്മഹത്യ എന്നത് ഒന്നിനും ഒരിക്കലും ഒരു പരിഹാരമായി തീരുന്നില്ല എന്നോര്‍ക്കുക.
കോവിഡ് കാലത്തു വ്യാജ ഉപദേശകരുടെ എണ്ണം വര്‍ദ്ധിച്ചു. സോഷ്യല്‍മീഡിയയില്‍ കൂടി നേരെ ചൊവ്വേ മാതൃകയായി ജീവിക്കുന്നവരെ അധിക്ഷേപിക്കുന്ന വംശാവലിയില്ലാത്ത വ്യാജന്മാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. സായിപ്പന്മാരെ പറ്റിച്ച് അവിടെ വേല, ഇവിടെ വേല എന്നു പറഞ്ഞുകൊണ്ട് പലയിടങ്ങളിലും പറന്നുനടന്നവരുടെ ചിറക് കോറോണ മുറിച്ചുകളഞ്ഞു.
ഊമക്കത്തുകളും, വ്യാജവാര്‍ത്തകളുമായി സോഷ്യല്‍മീഡിയായില്‍ മറ്റുള്ളവരുടെ പേരു പറഞ്ഞു പ്രസിദ്ധരാകാന്‍ പരിശ്രമിക്കുന്ന മനോരോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായി. സമശിക്ഷാവിധിയിലകപ്പെട്ടിട്ടും ക്രൂശില്‍ കിടന്നുകൊണ്ട് യേശുവിനെ പഴിക്കുന്ന ഒരു കള്ളനെപ്പോലെയാണ് ചിലര്‍.
ചെളിവാരിയെറിയുന്നവര്‍ ചെളി വാരിയെടുക്കുന്ന അതേ കുഴിയില്‍ തന്നെ വീഴുമെന്നൊരു ചൊല്ലുണ്ട്. തങ്ങളുടെ ജീവിതത്തില്‍ ഇല്ലാത്ത ദൈവാനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ കാണുന്നതില്‍ അസൂയപ്പെടുന്ന അനാത്മീകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
കോട്ടങ്ങള്‍ പലതാണെങ്കിലും നേട്ടങ്ങളും ഇല്ലാതില്ല എന്നതാണ് ഒരു താരതമ്യ പഠനത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്.
കെയുണ്ടായിട്ടുള്ള ഒരു നേട്ടമെന്നത് അനേകരും ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ കാരണമായി എന്നാണ് ‘പ്യു’ എന്ന റിസര്‍ച്ച് ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. എത്രയെത്ര ‘സൂം’ മീറ്റിംഗുകളാണ് അനുദിനം ഉണ്ടാകുന്നത്? കൂടാതെ ‘ഗൂഗിള്‍ മീറ്റ്’, ‘വെബ്എക്സ്’, ‘പ്രെയര്‍ ലൈനുകള്‍’ എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചു.
പക്ഷേ കോവിഡ് കാലത്ത് കണ്‍വന്‍ഷനുകള്‍, പൊതുകൂട്ടായ്മകള്, കോണ്‍ഫറന്‍സുകള്‍, ആത്മീയ സംഗമങ്ങള്‍ എന്നിവയൊക്കെ നടക്കാതെ പോകുന്നത് മൂലമുള്ള നഷ്ടം പലതരത്തിലാണെന്നുള്ളതില് തര്‍ക്കമില്ല. എണ്പത്തിയാറു ശതമാനം അമേരിക്കക്കാരും അനുദിനം ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയിട്ടുണ്ട് എന്നും ‘പ്യു’ വെളിപ്പെടുത്തുന്നു.
ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍, എത്ര പേര് ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ആരാധനയ്ക്ക് സംബന്ധിക്കുവാന്‍ തയ്യാറാകുമെന്ന് കണ്ടറിയണം. മലയാളി യുവജനതയെ വഴിതെറ്റിക്കുന്ന അഭിനവ മലയാളി സായിപ്പന്മാര് നടത്തുന്ന പല അവിയല്‍ ആരാധനകളും നിന്നുപോകുമെന്നുറപ്പു തന്നെ!
എന്തായാലും കൊറോണ കാലം മാറും, നല്ലൊരു കാലം വരുമെന്നുള്ള പ്രത്യാശ നഷ്ടപ്പെടാതിരിക്കട്ടെ! കരയാന്‍ ഒരു കാലമെങ്കില്‍ ചിരിക്കാനും ഒരു കാലം വരും എന്ന് ഉറപ്പാണ്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.