ചരിത്രം പരിശോധിച്ചാല്‍ ബി.സി. ആറാം നൂറ്റാണ്ടില്‍ ജൈന-ബുദ്ധ മതങ്ങളുടെ ആവിര്‍ഭാവത്തിന് വേദകാല മതദുരാചാരങ്ങള് മാത്രമായിരുന്നില്ല കാരണമെന്ന് മനസ്സിലാകും. അക്കാലത്തെ ജനതയുടെ ഭൗതിക ജീവിതസാഹചര്യങ്ങളിലുണ്ടായ പ്രധാന വികാസങ്ങളും ബുദ്ധ-ജൈന മതങ്ങളുടെ ആവിര്‍ഭാവത്തിന് വഴിതെളിച്ച പ്രധാന സംഭവങ്ങളായിരുന്നു. അങ്ങനെ വേദമതത്തിന്റെ അനുവാദത്തോടു കൂടിയ മൃഗഹത്യ കന്നുകാലികളുടെ സര്‍വ്വനാശത്തിനു വഴിതെളിക്കും എന്ന അവസ്ഥ സംജാതമായി എന്നു സ്പഷ്ടം.
വൈദികകാലത്ത് പശു ഭക്ഷ്യസ്രോതസ്സ് മാത്രമല്ല, ഗോത്രത്തിന്റെ സമ്പത്തിന്റെയും അധികാരത്തിന്റെയും ചിഹ്നവുമായിരുന്നു. അങ്ങനെ പശു ആചാരങ്ങളിലും വിശ്വാസങ്ങളിലും ഇടംപിടിച്ചു. എന്നാല്‍ കാലികളെ മേച്ച് അലഞ്ഞുതിരിഞ്ഞു നടന്ന ആര്യന്മാര് ക്രമേണ കൃഷി ആരംഭിച്ചു. കൃഷി സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കി. ഇരുമ്പിന്റെ വ്യാപകമായ ഉപയോഗം കൃഷി വ്യാപകമാക്കി. കലപ്പയുടെ ഉപയോഗം കന്നുകാലികളുടെ ഉപയോഗം വര്‍ദ്ധിപ്പിച്ചു. നിലം ഉഴുന്നതിനും വളം, യാത്ര,
ചരക്കുനീക്കം എന്നിവയ്ക്കും കന്നുകാലികള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി. കാലിമേയ്ക്കലില്‍ നിന്നും കാര്‍ഷിക ജനതയായി തീര്‍ന്നപ്പോള്‍ പശുഹത്യ കാര്‍ഷിക സംസ്കൃതിക്ക് തടസ്സമാണെന്ന് അവര്‍ മനസ്സിലാക്കുകയും പശു സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോദ്ധ്യമുണ്ടാവുകയും ചെയ്തു. കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ നിലമുഴുന്നതിന് കാള അനിവാര്യമായിത്തീര്‍ന്നു. കാളയ്ക്ക് ജന്മം കൊടുത്ത പശു ക്രമേണ ഗോമാതാവായി പരിഗണിക്കപ്പെട്ടു.
കന്നുകാലി സംരക്ഷണത്തിന് മതത്തിന്റെയും വിശ്വാസത്തിന്റെയും സഹായം ആവശ്യമായ ഘട്ടത്തിലാണ് ഗോമാതാവ് വിശുദ്ധ പശുവായി രൂപാന്തരപ്പെടുന്നത്. പശുവിനോടുള്ള മനോഭാവം മാറാനുള്ള കാരണം മതപരമെന്നതിലുപരി, ഭൗതിക സംസ്കാരവുമായി ബന്ധപ്പെട്ടതായിരുന്നു എന്നാണ് ഡി.എന്‍.ഝാ തന്റെ ‘ദി മിത്ത് ഓഫ് ദി ഹോളി കൗ’ എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നത്.
ബുദ്ധന് തന്റെ ഉപദേശവും പ്രവര്‍ത്തനവും വഴി മൃഗഹത്യ നിരോധിക്കുന്നതിനു വേണ്ടി ശ്രമിച്ച ഭൗതീക സാഹചര്യം ഇതായിരുന്നു. ഒരിക്കല്‍ ബുദ്ധന് ശ്രാവസ്തി നഗരത്തിലെത്തിയപ്പോള്‍ കോസല രാജാവായ പ്രസേനജിത്ത് ഒരു വലിയ യാഗം നടത്തുകയായിരുന്നു. 500 കാളകള്‍, 500 കാളക്കുട്ടികള്‍, 500 പശുക്കുട്ടികള്‍, 500 ആടുകള്‍ എന്നിവയെ യാഗം കഴിക്കാനായി കെട്ടിയിട്ടിരുന്നു. ബുദ്ധന്റെ ഉപദേശത്താല്‍ ഈ കന്നുകാലികളെയെല്ലാം സ്വതന്ത്രമാക്കിയ കഥ സ്മരണീയമാണ്.
ബുദ്ധമതം സ്വീകരിച്ച മൗര്യ രാജാവായ അശോകന് മൃഗസംരക്ഷണത്തിന് നിയമമുണ്ടാക്കുകയും, കൊല്ലരുതാത്ത മൃഗങ്ങളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തതില്‍ പശു ഉള്‍പ്പെട്ടിരുന്നില്ല. അര്‍ത്ഥശാസ്ത്രത്തിന്റെ കര്‍ത്താവായ കൗടില്യനും കൊല്ലാന്‍ പാടില്ലാത്ത ലിസ്റ്റില്‍ നിന്നും പശുവിനെ ഒഴിവാക്കി. മനുസ്മൃതിയും നിഷിദ്ധ ഭക്ഷണ പട്ടികയില്‍ ഗോമാംസത്തെപ്പറ്റി പറയുന്നില്ല.
ഇന്ത്യയുടെ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും മാംസഭക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. രന്ദി ദേവന് എന്ന രാജാവിന്റെ അടുക്കളയില്‍ ഓരോ ദിവസവും രണ്ടായിരം പശുക്കളെ കൊന്ന് ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്തിരുന്നതായി മഹാഭാരതം രേഖപ്പെടുത്തിയിരിക്കുന്നു. രാമായണത്തില്‍ വാത്മീകി പശു ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഭക്ഷണത്തിനായി കൊന്നിരുന്നുവത്രെ.
സ്വാമി വിവേകാനന്ദന്, വി.ഡി. സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍,
ബങ്കിംചന്ദ്ര ചാറ്റര്‍ജി, അരബിന്ദോ ഘോഷ് തുടങ്ങിയ നേതാക്കള്‍ക്ക് ഗോവധ നിരോധനത്തെപ്പറ്റി വ്യത്യസ്ത ആശയങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദുക്കള്‍ ചുണകെട്ടവരും ദുര്ബലരുമായത് സസ്യഭക്ഷണം ശീലമാക്കിയതു കൊണ്ടാണെന്നും, ഇന്ത്യയുടെ മോക്ഷത്തിന് ബീഫ് കഴിക്കേണ്ടത് അത്യാവശ്യമാണെന്നും വിവേകാനന്ദന് അഭിപ്രായപ്പെട്ടു.
വി.ഡി. സവര്‍ക്കര്‍ പശുവിനെ വിശുദ്ധ മൃഗമായി കാണുന്നത് വിഡ്ഢിത്തവും ഭ്രാന്തുമാണെന്ന് തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ‘Rear cows, do not worship them’, പശുവിനെ വളര്‍ത്തിക്കോളൂ, അവയെ ആരാധിക്കേണ്ടതില്ല എെന്നഴുതിയ അദ്ദേഹം പശു പൂജയെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഗോള്‍വാള്‍ക്കറും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും ഗോ പൂജയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ട് മുതലാണ് ഹിന്ദുത്വ അജണ്ടയടെ ഭാഗമായി പശു സംരക്ഷണം ആരംഭിച്ചത്. കൃത്യമായി പറഞ്ഞാല്‍, 1870-കളില്‍ പഞ്ചാബിലെ സിക്കുകാര്‍ക്കിടയിലെ നാംധാരി അഥവാ സിക്ക് കുക്കാ വിഭാഗം ആണ് പശു സംരക്ഷണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് 1882-ല്‍ സ്വാമി ദയാനന്ദ സരസ്വതി ആദ്യത്തെ ഗോരക്ഷിണി സഭ ആരംഭിച്ചതോടെ പശു അനേകരെ ബന്ധിപ്പിക്കുന്നതിന്റെ അടയാളമായി മാറി.
ഇവര്‍ പശുക്കളെ കശാപ്പ് ചെയ്യുന്ന മുസ്ലീങ്ങളെ വെല്ലുവിളിച്ചതോടെ 1880-90 കാലഘട്ടത്തില്‍ ധാരാളം വര്ഗ്ഗീയലഹളകള്ക്ക് വെള്ളവും വളവും നല്കി. 1890-കളില്‍ പശു സംരക്ഷണത്തിനായുള്ള മുറവിളികള്‍ ശക്തമാവുകയും, അതേത്തുടര്‍ന്ന് 1893-ല്‍ ഉത്തര്‍പ്രദേശിലെ കലാപത്തില്‍ 100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. 1912-13ല്‍ അയോധ്യയിലും,
1917-ല്‍ ഷഹാബാദിലും രൂക്ഷമായ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും പശുഹത്യ നിരോധിച്ചു. 1966 ആയപ്പോഴേക്കും ഗോവധ നിരോധനത്തിനായി ആയിരക്കണക്കിനാളുകള്‍ അണിനിരന്നു. 1979-ല്‍ ആചാര്യ വിനോബാഭാവെ ഗോവധ നിരോധനത്തിനായി നിരാഹാരസമരം നടത്തിക്കൊണ്ട് മൊറാര്‍ജി ദേശായി ഗവണ്മെന്റിനെ സമ്മര്‍ദ്ദത്തിലാക്കി. 2002-ലെ ബക്രീദ് ദിനത്തില്‍ മുസ്ലീങ്ങള്‍ മൃഗഹത്യ നടത്തുന്നത് തടയാന്‍ 30 ലക്ഷം ആളുകളെ സംഘടിപ്പിക്കുമെന്ന് ബജ്റംഗ്ദള്‍ നേതാവ് പ്രഖ്യാപിച്ചു.
ആര്.എസ്. എസ്., വി.എച്ച്.പി., ബജ്റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വ ശക്തികള്‍ ഗോവധനിരോധനം അവരുടെ രാഷ്ട്രീയ ലക്ഷ്യമായി പ്രഖ്യാപിച്ചു. ഗോവധത്തിന്റെ പേരില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് സൈഫി എന്ന വൃദ്ധനെ അരുംകൊല ചെയ്തുകൊണ്ട് മനുഷ്യവധം ഗോവധത്തിന് പകരം വച്ചു. ട്രെയിനില്‍ ജുനൈദിനെ അരുംകൊല ചെയ്യുക വഴി വര്‍ഗ്ഗീയ വിഷത്തിന്റെ വ്യാപനം ഇപ്പോഴും തുടരുന്നു. ഒടുവിലിതാ 2017 മെയ് 23-ന് കാലിച്ചന്തയ്ക്ക് വിലക്ക് കല്പിച്ചു കൊണ്ടുള്ള പരിസ്ഥിതി-വന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നു.
ഇന്ന് ഗോവധം പൊള്ളുന്ന രാഷ്ട്രീയപ്രശ്നവും വര്‍ഗ്ഗീയ ചേരിതിരിവിനുള്ള ആയുധവുമായി മാറിയിരിക്കുന്നു. ഗോസ്നേഹവും ബീഫ് വിരോധവും അന്യവിശ്വാസങ്ങളോടും മതങ്ങളോടൂം സംസ്കാരങ്ങളോടുമുള്ള ഹിന്ദുത്വ ശക്തികളുടെ അസഹിഷ്ണുതയുടെ ആവിഷ്കാരമായും മനുഷ്യവധത്തിലേക്കെത്തുന്ന വെറുപ്പായും മാത്രമേ മനസ്സിലാക്കാനാകൂ. പശുവിന്റെ പ്രതിമ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ പശു ദേവതയെ ആരാധിക്കുന്ന കാലം വിദൂരമല്ല.
– ഡോ. ഓമന റസ്സല്‍






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.