ഇന്ത്യ ചരിത്രത്തിലെ പശുവും ഹിന്ദുത്വ രാഷ്ട്രീയത്തിലെ വിശുദ്ധ പശുവും

ഇന്ത്യ ചരിത്രത്തിലെ പശുവും ഹിന്ദുത്വ രാഷ്ട്രീയത്തിലെ വിശുദ്ധ പശുവും

ഇന്ത്യാ ചരിത്രം ആരംഭിക്കുന്നത് സിന്ധു നടീതട നാഗരികതയോടു കൂടിയാണെന്നാണ് ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങളില്‍ നിന്നുള്ള അനുമാനം. പ്രാചീനഭാരത ചരിത്രകാലഗണനയെപ്പറ്റി ചരിത്ര പണ്ഡിതരുടെയിടയില്‍ വിഭിന്നാഭിപ്രായങ്ങളാണുള്ളത്. പൊതുവെ അംഗീകരിക്കപ്പെട്ട സിന്ധു നാഗരിക കാലഘട്ടം ബി.സി. 2500 മുതല്‍ ബി.സി. 1500 വരെയാണ്.

സിന്ധു നാഗരികതയ്ക്കു ശേഷം ആര്യന്മാരുടെ വേദകാലമാണ്. ആര്യന്മാരുടെ ജന്മദേശത്തെച്ചൊല്ലി ധാരാളം അഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും ബി.സി. 1500-നോടടുത്ത് ഇവര്‍ മദ്ധ്യേഷ്യയില്‍ നിന്നും ഇന്ത്യയിലെത്തിയെന്ന അഭിപ്രായമാണ് ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിലെത്തിയ ആര്യന്മാര്‍ ആദ്യം പഞ്ചാബില്‍ താമസിച്ചുവെന്നാണ് ചരിത്രമതം. ക്രമേണ അവര്‍ ഗംഗാതീരത്തേയ്ക്ക് വ്യാപിക്കുകയുണ്ടായി. ഇന്ത്യയില്‍ വന്ന ശേഷമാണ് ആര്യന്മാര്‍ ഋഗ്വേദം രചിച്ചതെന്നാണ് പൊതുവെയുള്ള വിശ്വാസം. വേദകാലഘട്ടത്തെ പൂര്‍വ്വ വൈദീക കാലമെന്നും, ഉത്തര വൈദീക കാലമെന്നും രണ്ടായി തിരിക്കാം. ഋഗ്വേദകാലം പൂര്‍വ്വ വൈദിക കാലമാണ്. ബി.സി. 1500 മുതല്‍ ബി.സി. 1000 വരെയുള്ള കാലം.

യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ പില്‍ക്കാലത്ത് രചിക്കപ്പെട്ടവയാണ്. (ബി.സി. 1000 – ബി.സി. 500).
ഋഗ്വേദ കാലഘട്ടത്തില്‍ ആര്യന്മാര്‍ നാടോടികളായ ഇടയന്മാരായിരുന്നു. അവരുടെ പ്രധാന തൊഴില്‍ കാലിമേയ്ക്കലും. ഗോത്രങ്ങളായി താമസിച്ചിരുന്ന അവര്‍ ഭക്ഷണം ശേഖരിക്കുന്നവര്‍ മാത്രമായിരുന്നു. മറിച്ച് ഭക്ഷ്യോത്പാദകര്‍ ആയിരുന്നില്ല. ഗോവ് എന്നാല്‍ പശുവെന്നര്‍ത്ഥം. ഗോത്രം എന്നാല്‍ ഗോവിനു വേണ്ടി അടച്ചുകെട്ടിയ സ്ഥലം (enclosure) എന്നാണ് വിവക്ഷ. ഗോത്രം എന്ന പദം തന്നെ മനുഷ്യന് പശുവുമായിട്ടുള്ള അഭേദ്യബന്ധത്തെ കുറിക്കുന്നു.

വേദകാലമതം മൃഗബലി അംഗീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. ഈ മതത്തെ ഹിന്ദുമതമെന്ന് വിളിക്കാനാവില്ല. കാരണം നിരവധി നൂറ്റാണ്ടുകള്‍ കൊണ്ട് ഇന്ത്യയില്‍ രൂപപ്പെട്ട വിശ്വാസാചാരങ്ങളുടെ ആകെത്തുകയാണ് ഹിന്ദുമതം. മറ്റു മതങ്ങളെപ്പോലെ ഹിന്ദു മതത്തിന് ഒരു മതസ്ഥാപകനോ ഒരു മതഗ്രന്ഥമോ ഇല്ല. ആര്യമതം എന്നും വൈദികമതം എന്നും വിവക്ഷിക്കുന്ന ആര്യന്‍മാരുടെ മതവൂം അതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്ന ദ്രാവിഡരുടെ വിശ്വാസാചാരങ്ങളും പില്‍ക്കാലത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന ജനങ്ങളുടെ വിശ്വാസങ്ങളൂം ആചാരങ്ങളും കൂടി ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുമതം. ഏകദൈവ വിശ്വാസികളെയും ബഹുദൈവ വിശ്വാസികളെയും നിരീശ്വരവാദികളെയൂം വരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിശാലമായതാണ് ഹിന്ദുമതം. മതത്തിന്റെ വൈവിധ്യത്തേയും എല്ലാ വിശ്വാസപ്രമാണങ്ങളേയും ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്ന ഹിന്ദുമതം സഹിഷ്ണുതയുള്ള മതമാണ്. സഹിഷ്ണുതയും ബഹുസ്വരതയുമാണ് ഹിന്ദുമതത്തിന്റെ അന്തഃസ്സത്ത എന്നു പറയാം.

എന്നാല്‍ അന്യമത സഹവര്‍ത്തിത്വ മനോഭാവത്തേയും സഹിഷ്ണുതയേയും അംഗീകരിക്കാത്ത ഹിന്ദു വിരുദ്ധ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഹിന്ദുത്വം മത രാഷ്ട്ര നിര്‍മ്മിതിക്കായി വെമ്പല്‍ കൊള്ളുകയും ഗോവധ നിരോധനം മുഖ്യ അജണ്ടയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിന്റെ പിന്നിലെ ഗൂഢമായ ലക്ഷ്യം മുസ്ലീം-ദളിത്-ക്രിസ്ത്യാനി വിഭാഗങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം സൃഷ്ടിക്കുകയെന്നതാണ്. ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിക്കുന്നത് മുസ്ലീം ആക്രമണത്തോടു കൂടിയാണ് ഇന്ത്യയില്‍ ഗോമാംസം ഭക്ഷിച്ചുതുടങ്ങിയതെന്നാണ്. എന്നാല്‍ വാസ്തവം ഇതല്ല. പ്രാചീനകാല ഭാരതത്തില്‍ വൈദിക ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നതായി പ്രസിദ്ധ പ്രാചീന ചരിത്രപണ്ഡിതരായ ആര്‍.എസ്. ശര്‍മ്മയും റോമിലാ ഥാപ്പറും ഡി.എന്‍. ഝായും വ്യക്തമാക്കുന്നു.
ഡല്‍ഹി സര്‍വ്വകലാശാലയിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗവുമായിരുന്ന ഡി.എന്‍. ഝാ ‘ദി മിത്ത് ഓഫ് ദി ഹോളി കൗ’ എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തില്‍ സംഘപരിവാര്‍ തങ്ങളുടെ പൂര്‍വ്വപിതാക്കളായി അംഗീകരിക്കുന്ന വൈദിക ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നു എന്ന് വാദിക്കുന്നു.

വേദ ഇതിഹാസ പുരാണ ബുദ്ധ ജൈന സാഹിത്യ സ്രോതസ്സുകള്‍ കൂടാതെ പുരാവസ്തു വിജ്ഞാനീയ സ്രോതസ്സുകളും പരിശോധിച്ചാണ് ഇത് തെളിയിക്കുന്നത്. ഹിന്ദുത്വ ശക്തികളില്‍ നിന്നും വധഭീഷണി നേരിട്ടതു കൊണ്ട് പോലീസ് സംരക്ഷണത്തിലാണ് അദ്ദേഹത്തിന് ക്ലാസ്സുകള്‍ എടുക്കാന്‍ കഴിഞ്ഞത്. മാത്രമല്ല, താനുള്‍പ്പെട്ട ബീഹാറിലെ ബ്രാഹ്മണ സമൂഹവും അദ്ദേഹത്തെ എതിര്‍ക്കുകയുണ്ടായി. ഈ പ്രതികൂലങ്ങളെ വകവയ്ക്കാതെ ചരിത്രത്തിന്റെ വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ ധീരമായ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മൃഗബലി വേദകാലത്ത് വ്യാപകമായ തോതില്‍ നടന്നിരുന്നതായും യാഗശേഷം കന്നുകാലികളെ ഭക്ഷിച്ചിരുന്നതായും ശതപഥ ബ്രാഹ്മണത്തില്‍ സൂചനകളുണ്ട്. അതില്‍ തന്നെ യാജ്ഞവല്‍ക്യന് പശുവിന്റെ ഇളം മാംസം ഇഷ്ടഭക്ഷണമായിരുന്നു എന്ന് പറയുന്നു. ഉത്തരവേദകാല ഗ്രന്ഥങ്ങളില്‍ ഏതെല്ലാം കന്നുകാലികളെയാണ് ഓരോ ദേവനും ബലിയര്‍പ്പിക്കേണ്ടതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഋഷഭം (കാള) ഇന്ദ്രനും, പുള്ളിയുള്ള പശു മരുത്തിനും, സ്വര്‍ണ്ണനിറമുള്ള പശു അശ്വിനി ദേവന്മാര്‍ക്കും, കാളയും കുതിരയും അഗ്നിക്കും, ഏതു നിറത്തിലുള്ള പശുവിനെയും മിത്രനും വരുണനും ബലിയര്‍പ്പിക്കാമായിരുന്നു.

പ്രാചീന ഇന്ത്യയിലെ പ്രധാന യാഗങ്ങളായിരുന്ന അശ്വമേധ, രാജസൂയ യാഗങ്ങളില്‍ പശുക്കളെ ബലിയര്‍പ്പിച്ചിരുന്നു. അശ്വമേധ യാഗത്തിന് 600 വിവിധതരം കാലികളെ കൊല്ലുക പതിവായിരുന്നു. ഈ യാഗത്തിനൊടുവില്‍ 21 മച്ചിപ്പശുക്കളെ യാഗമര്‍പ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. മറ്റു പല യാഗങ്ങള്‍ക്കും പശുഹത്യ അനുവദനീയമായിരുന്നതായി കാണാം. എല്ലാ യാഗങ്ങളും ആരംഭിച്ചിരുന്നത് പശുവിനെ യാഗമര്‍പ്പിച്ചുകൊണ്ടായിരുന്നുവത്രേ. ശവദാഹ സമയത്ത് പശുവിനെ കൊന്ന് അതിന്റെ മാംസം വഴിപോക്കര്‍ക്ക് നല്‍കുന്ന പതിവും നിലനിന്നിരുന്നു.

പാണിനിയുടെ ഗ്രന്ഥത്തില്‍ goghna (പശുവിനെ ഹനിക്കുന്നവന്‍) എന്ന പദം കാണാം. ആര്‍ക്കു വേണ്ടിയാണോ പശുവിനെ കൊല്ലേണ്ടത്, അവനാണ് അതിഥി. അതിഥിയെ സല്‍ക്കരിക്കാന്‍ പശു മാംസം ഒഴിച്ചുകൂടാനാകാത്ത വിഭവമായിരുന്നു എന്ന് വ്യക്തം. വേദങ്ങളിലും ബ്രാഹ്മണങ്ങളിലും സൂത്രങ്ങളിലും പശുഹത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. തൈത്തരീയ ബ്രാഹ്മണത്തില്‍ പശു അന്നമാണെന്ന് പറയുന്നു. ഏീ്ശസമൃവേമ (പശുഹത്യ നടത്തുന്നവന്‍) എന്ന വാക്ക് മൈത്രേയാനി സംഹിതയിലും gavyaccha (പശുവിനെ ഹനിക്കുന്നവന്‍) എന്ന പദം കഥക സംഹിതയിലും ഴീമെ്മ (പശുയാഗം) തൈത്തരീയ ബ്രാഹ്മണത്തിലും goyajna (പശുയാഗം) എന്ന പദം ഗൃഹ്യസൂത്രത്തിലും കാണാം. പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ യാഗം കഴിച്ചിരുന്നതായും അവയുടെ മാംസം യാഗം കഴിച്ചിരുന്നവര്‍ തന്നെ ഭക്ഷിച്ചിരുന്നതായും ഗൃഹ്യസൂത്രത്തില്‍ പറയുന്നു. യാഗം നടത്തിയിരുന്നവര്‍ ബ്രാഹ്മണര്‍ ആയിരുന്നുവല്ലോ.

അഥര്‍വ്വവേദത്തിലും കൗശികസൂത്രത്തിലും പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ യാഗം കഴിച്ചിരുന്നതായി പറയുന്നുണ്ട്. ചരക സംഹിതയും സുശ്രുത സംഹിതയും ചികിത്സാവിധികളില്‍ മാംസം ഉള്‍പ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്നു. കാളിദാസന്റെ സാഹിത്യകൃതികളിലും ഗോവധത്തേയും ഗോമാംസത്തേയും പറ്റിയുള്ള പരാമര്‍ശമുണ്ട്. മാട്ടിറച്ചി ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതാകയാല്‍ ഭക്ഷിക്കാമെന്ന് യാജ്ഞവല്‍ക്യന്‍ അഭിപ്രായപ്പെടുന്നു.

പുരാതന തത്വശാസ്ത്ര വിദഗ്ദ്ധനായിരുന്ന എച്ച്.ഡി. സംഘാലിയ, പുരാവസ്തുപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രാചീന ഇന്ത്യയിലെ ഗോമാംസ ഉപയോഗത്തെപ്പറ്റി ‘The Cow in Indian History’ എന്ന പ്രബന്ധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അത്രഞ്ജിഖേര എന്ന സ്ഥലത്തു നിന്നും ലഭിച്ച കന്നുകാലികളുടെ എല്ലുകളില്‍ കാണുന്ന മുറിപ്പാടുകളില്‍ (cut marks) നിന്നും അവ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാം.

വേദകാലത്ത് ജനങ്ങളുടെ പ്രധാന ഭക്ഷണം മാംസവും മറ്റു മൃഗജന്യവസ്തുക്കളായ പാലും നെയ്യും തൈരുമൊക്കെയായിരുന്നു.
ബുദ്ധ ജൈന മതഗ്രന്ഥങ്ങളും പശുഹത്യയെക്കുറിച്ച് ധാരാളം സൂചനകള്‍ നല്‍കുന്നു. ബുദ്ധന്‍ ഗോമാംസവും പന്നിയിറച്ചിയും കഴിച്ചതിന് തെളിവുണ്ടെന്ന് ഝാ എഴുതിയിരിക്കുന്നു. കുശി നഗരത്തില്‍ വെച്ച് ബുദ്ധന്‍ മരിക്കുന്നതിനു മുമ്പ് പന്നിയിറച്ചി കഴിച്ചിരുന്നു എന്ന് പറയപ്പെടുന്നു. പശുവിനെ കൊല്ലുന്നതില്‍ പ്രാവീണ്യമുള്ള ഇറച്ചിവെട്ടുകാരനെക്കുറിച്ച് ‘സുത്താനിപാത’യില്‍ പരാമര്‍ശമുണ്ട്. ഇക്ഷ്വാകു എന്ന രാജാവ് ബ്രാഹ്മണ ഉപദേശപ്രകാരം ആയിരക്കണക്കിന് പശുക്കളെ യാഗം അര്‍പ്പിച്ചതായി സൂചിപ്പിക്കുന്നു. ജൈനമത സ്ഥാപകനായ മഹാവീരന്‍ പൂവന്‍കോഴിയുടെ മാംസം ഭക്ഷിച്ചതിന് തെളിവുണ്ട് എന്നെഴുതിയതിന്റെ പേരില്‍ ഹൈദരാബാദിലെ ഒരു ജൈനമത സംഘടന ഡി.എന്‍. ഝായ്‌ക്കെതിരെ കേസ് കൊടുക്കുകയുണ്ടായി.

(തുടരും)ഡോ. ഓമന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!