ഗ്രീസിലേക്കൊരു ചരിത്രയാത്ര: യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സില്‍

ഗ്രീസിലേക്കൊരു ചരിത്രയാത്ര: യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സില്‍

പത്മോസിലെ യോഹന്നാന്‍ അപ്പോസ്‌തോലന്റെ പേരിലുള്ള മൊണാസ്ട്രി കണ്ട് മലയിറങ്ങവേയാണ് ഉമ്മറത്തിരുന്നു ഒരമ്മൂമ്മയുടെ ‘റൂം റൂം’എന്ന വിളി. 42 ഡിഗ്രിയില്‍ കുറയാതെയുള്ള ചൂട്. മലകയറ്റവും ഇറക്കവും കാരണം വിയര്‍ത്തു കുളിച്ച് മടങ്ങുമ്പോഴാണ് അമ്മൂമ്മയുടെ വിളി കാതില്‍ വന്നാഞ്ഞടിച്ചത്.

നേരം മദ്ധ്യാഹ്നമായതേയുള്ളൂ. ഏതന്‍സില്‍ നിന്നും പത്മോസിലേക്കു വന്ന ബ്ലൂസ്റ്റാര്‍ ഫെറിയുടെ സൂപ്പര്‍ഫാസ്റ്റ് XII കപ്പല്‍ മടങ്ങി വരുമ്പോള്‍ മാത്രമേ ഏതന്‍സിലേക്കു മടങ്ങിപ്പോകാന്‍ പറ്റൂ. രാത്രി 11 മണിക്കാണ് ഈ കപ്പല്‍ മടങ്ങിവരുന്നത്. അതുകൊണ്ട് ഏഴ്എട്ട് മണിക്കൂര്‍ എവിടെയാണ് വിശ്രമിക്കുക എന്നാലോചിച്ചു നടക്കവേയാണ് അമ്മൂമ്മയുടെവിളി. ഞങ്ങള്‍ അമ്മൂമ്മയുടെ അടുത്തേക്കു ചെന്നു. സുന്ദരിയായ അമ്മൂമ്മയുടെ ഭാഷ ഗ്രീക്കാണ്.

എന്റെ ഇംഗ്ലീഷ് അമ്മൂമ്മയ്ക്ക് മനസ്സിലാകുന്നതേയില്ല. അമ്മൂമ്മയുടെ ഗ്രീക്ക് എനിക്കും. ഇതിനിടെ അമ്മൂമ്മ കഴിച്ചുകൊണ്ടിരുന്ന മധുരമുള്ള ഉണ്ണിയപ്പം പോലുള്ള എന്തോ ഒന്ന് ഞങ്ങളെ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തു. ഒരു വിധത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങള്‍ ഗ്രഹിച്ചു. നിമിഷനേരത്തിനകം കട നടത്തുന്ന അമ്മൂമ്മയുടെ കൊച്ചുമകന്‍ ബൈക്കില്‍ പാഞ്ഞെത്തി.

പയ്യന് ഇംഗ്ലീഷ് നന്നായറിയാം. 25 യൂറോയ്ക്ക് (1650 രൂപ) ഒരു എ.സി. റൂം ഞങ്ങള്‍ക്ക് അയാള്‍ തന്നു. വീടിനോടു ചേര്‍ന്നുള്ള ചെറിയൊരു രണ്ടുനില കെട്ടിടത്തില്‍ എട്ടുപത്തു മുറികളുണ്ട്. ഇത് ഹോം സ്റ്റേയായി ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള നിരവധി വാടക റൂമുകള്‍ പത്മോസില്‍ ഉണ്ടെന്നു പിന്നെ മനസ്സിലായി.

രാത്രി പത്തു മണിയോടെ ഞങ്ങള്‍ താക്കോല്‍ കൈമാറി കടല്‍ക്കരയിലെത്തി. കൃത്യം 11 നു തന്നെ കപ്പല്‍ തീരമണഞ്ഞു. ഇങ്ങോട്ടുള്ള യാത്ര പോലെ തന്നെയായിരുന്നു അങ്ങോട്ടും. നേരം നന്നായി പുലര്‍ന്നപ്പോള്‍ പിറായൂസ് തുറമുഖത്ത് എത്തി. തുറമുഖ അധികൃതരുടെ ബസില്‍ റയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്നും ഞങ്ങള്‍ താമസിച്ചിരുന്ന സ്ട്രാറ്റോസ് വസിലിക്കോസ് ഹോട്ടലിലേക്കും.

ടൂര്‍ പാക്കേജ് ഇല്ലാതെ ബസിലും ട്രെയിനിലും ടാക്‌സിയിലുമൊക്കെയായിരുന്നു ഞങ്ങളുടെ യാത്രയെന്ന് മുന്‍ ലക്കത്തില്‍ സൂചിപ്പിച്ചിരുന്നത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. ഇംഗ്ലണ്ടിലെ മുന്‍ ജീവിത പരിചയം യൂറോപ്യന്‍ രാജ്യമായ ഗ്രീസിലെ യാത്രയ്ക്ക് ഞങ്ങള്‍ക്ക് സഹായകമായി. അതുകൊണ്ട് യാത്ര ചെലവിലും കാര്യമായ കുറവുണ്ടായി.

പിറ്റേന്നു രാവിലെ ട്രെയിനില്‍ കയറി യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സ് കാണാനായി ഞങ്ങള്‍ യാത്രയായി. ‘ക്ലാസിക്കല്‍’ സംസ്‌കാരമെന്ന് ചരിത്രം അടയാളപ്പെടുത്തിയ തത്വചിന്തകന്മാരുടെ നാടാണ് ഗ്രീസ്. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിന്‍ മുതലായ പ്രസിദ്ധ ഗ്രീക്കു തത്വ ചിന്തകരെ കുറിച്ച് വായിച്ച് മനസ്സിലാക്കിയിരുന്നെങ്കിലും അവര്‍ ജീവിച്ച രാജ്യത്ത് എത്തിയപ്പോള്‍ ഒരു പ്രതേ്യക അനുഭവമായിരുന്നു.

ഗ്രീക്ക് തത്വ ചിന്തയുടെ ആരംഭം കുറിച്ചത് ബിസി 6-ാം നൂറ്റാണ്ടില്‍ ആയിരുന്നു. തെയില്‍സ് സ്ഥാപിച്ച മൈലീഷ്യന്‍ സ്‌കൂള്‍ ഓഫ് ഫിലോസഫിയുടെ ശില്‍പികള്‍ ഭൗതീക വാദികള്‍ ആയിരുന്നു. ഗ്രീക്ക് അന്ധ വിശ്വാസങ്ങളെ നിരാകരിച്ച ഇവര്‍ പ്രഞ്ചോല്‍പത്തിയെ കുറിച്ച് യുക്തി സഹമായ സിദ്ധാന്തം രൂപപ്പെടുത്തി. ഗ്രീക്ക് തത്വ ചിന്തയ്ക്ക് ആദ്ധ്യാത്മിക രൂപം നല്‍കിയത് പൈത്തഗോറസ് ആരംഭിച്ച പൈത്തഗോറിയന്‍ സ്‌കൂള്‍ ആയിരുന്നു.

ഡെമോക്രിറ്റസിന്റെ ഭൗതീക വാദത്തിലൂന്നിയ അണുസിദ്ധാന്തം പാര്‍മെനിഡസിന്റെയും ഹെറാക്ലീറ്റസിന്റെയും വാദഗതികളെ കൂട്ടിയിണക്കി, പ്രപഞ്ച വസ്തുക്കള്‍ക്ക് മാറ്റമുള്ളതായി കാണുന്നത് മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ തോന്നലാണെന്ന് പാര്‍മെനീഡസ് വാദിച്ചപ്പോള്‍ പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം അസ്ഥിരമാണെന്നു ഹെറാക്ലീറ്റസ് വിശ്വസിച്ചു. പ്രപഞ്ചത്തിന്റെ മൗലീക ഘടകങ്ങളായ പരാമാണുക്കള്‍ നാശത്തിനു വിധേയമല്ലെന്ന് അണു സിദ്ധാന്തപ്രചാരകര്‍ വാദിച്ചു.

ഭൗതീക പ്രപഞ്ചത്തേക്കാളും പ്രാധാന്യം നല്‍കേണ്ടത് മാനവ വിജ്ഞാനത്തിനാണെന്നു ചിന്തിച്ച സോഫിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന വക്താവ് പ്രോട്ടഗോറസ് ആണ്. നഗര ജീവിതത്തിന്റെ പൊള്ളത്തരങ്ങളെയും ധാര്‍മികാധഃപതനത്തെയും അപലപിച്ച ശൂന്യവാദിയായിരുന്ന ജോര്‍ജ്ജിയാസും ഗ്രീസിന്റെ സന്തതിയാണ്.

ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യരില്‍ വെച്ച് ഏറ്റവും ജ്ഞാനിയെന്ന് പ്ലേറ്റോ വിശേഷിപ്പിച്ച സോക്രട്ടീസ് എന്ന തത്വ ചിന്തകന്‍ ‘വിജ്ഞാനമാണ് നന്മയെന്നും അജ്ഞാനം തിന്മയാണെന്നും’ സിദ്ധാന്തിച്ചു. അന്ധമായ പാരമ്പര്യ വിശ്വാസങ്ങളെയും ദൈവങ്ങളെയും അപലപിച്ച സോക്രട്ടീസ് യുക്തിക്കു നിരക്കാത്ത വിശ്വാസങ്ങളെയെല്ലാം നിഷേധിച്ചു.

ധാരാളമാളുകള്‍ , പ്രതേ്യകിച്ച് ഗ്രീസിലെ യുവാക്കള്‍ സോക്രട്ടീസിന്റെ ചിന്തയില്‍ ആകൃഷ്ടരായി. ഇത് മനസ്സിലാക്കിയ യാഥാസ്ഥിതികര്‍ പരിഭ്രാന്തരാവുകയും യുവ മനസ്സുകളെ വിഷലിപ്തമാക്കി വഴി തെറ്റിക്കുന്നുവെന്നും പരമ്പരാഗത ദൈവങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും മറ്റുമുള്ള കുറ്റമാരോപിച്ച് സോക്രട്ടീസിനെ വധശിക്ഷയ്ക്ക് വിധിച്ചു. തികച്ചും സമചിത്തതയോടെ,

ശാന്തനായി ‘ഹെംലോക്ക്’ എന്ന വിഷച്ചെടിയുടെ ചാറു കഴിച്ച് മരണം വരിച്ച സോക്രട്ടീസ് തത്വചിന്തയുടെ രക്തസാക്ഷിയായി, കാലത്തിനനീതനായി ലോക ജനതയുടെ മനസ്സില്‍ ഇന്നും നന്മയുടെ പ്രതീകമായി ജീവിക്കുന്നു. I know that I know nothing എന്ന സോക്രട്ടീസ് വചനം പ്രസിദ്ധമാണ്.

സോക്രട്ടീസിന്റെ പ്രധാന ശിഷ്യനായിരുന്ന പ്ലേറ്റോ ബിസി 387 ല്‍ ഏതന്‍സില്‍ ‘അക്കാദമി’ എന്ന പേരില്‍ സ്ഥാപിച്ച തത്വചിന്താ പഠന കേന്ദ്രമാണ് യൂറോപ്പിലെ ആദ്യത്തെ പാഠശാല. ഒന്‍പതു നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിനുശേഷം 529 എ.ഡിയില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തന്റെ രാജകീയ വിളംമ്പരത്തിലൂടെ അക്കാദമിയുടെ തത്വ ചിന്താ പഠനം നിറുത്തലാക്കി. എന്നാല്‍ 1926 ല്‍ അക്കാദമി ഓഫ് ഏതന്‍സ് സ്ഥാപിതമാവുകയും തടസ്സമെന്യേ ഇന്നുവരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ശാസ്ത്രവും മാനവിക വിഷയങ്ങളും സുകുമാര കലകളും ആദ്ധ്യാത്മികതയും രാഷ്ട്ര തന്ത്രശാസ്ത്രവും അപ്ലൈഡ് മാത്തമാറ്റിക്‌സും ജ്യോതി ശാസ്ത്രവും ഗ്രീക്കു നിയമ ചരിത്രവും, കാലാവസ്ഥാ ശാസ്ത്രവും അറ്റ്‌മോസ്‌ഫെറിക് ഫിസിക്‌സും, ചരിത്രവും സാമൂഹ്യ പഠനവും പ്രാചീനതയുമൊക്കെ പാഠ്യവിഷയങ്ങളാണ്. ഇതു കൂടാതെ ഗവേഷണവും നല്ല നിലവില്‍ അക്കാദമിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. രണ്ടു ലക്ഷത്തില്‍ പരം പുസ്തകങ്ങളുള്ള ലൈബ്രറിയും അക്കാദമിയിലുണ്ട്.

അക്കാദമിയുടെ പ്രവേശന കവാടത്തില്‍ എതന്‍സിന്റെ ദേവതയായ അഥേനയുടെയും ഗ്രീക്കുദേവനായ അപ്പോളോയുടേയും പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. അക്കാദമിയുടെ പൂമുഖത്ത് സോക്രട്ടിസിന്റെയും പ്ലേറ്റോയുടെയും പ്രതിമകളുമുണ്ട്.
അക്കാദമി ഓഫ് ഏതന്‍സും യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സും നാഷണല്‍ ലൈബ്രറിയും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.

പ്ലേറ്റോയുടെ ‘റിപ്പബ്ലിക്’ എന്ന ലോക പ്രസിദ്ധമായ കൃതി അഴിമതിയും മര്‍ദ്ദനവും ദാരിദ്രവും യുദ്ധവുമില്ലാത്ത ആദര്‍ശലോകത്തെ സ്വപ്നം കാണുന്നു. സ്വകാര്യ സ്വത്തിന് സ്ഥാനമില്ലാത്ത കമ്യൂണിസ്റ്റു ജീവിത വ്യവസ്ഥിതിയാണ് റിപ്പബ്ലിക് മുന്നോട്ടു വെയ്ക്കുന്നതെന്ന പ്രബലമായ ഒരു വാദമുണ്ട്.

മഹാനായ അലക്‌സാണ്ടറുടെ ഗുരുനാഥനായിരുന്ന അരിസ്റ്റോട്ടിന്‍ പ്ലേറ്റോയുടെ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായി ജീവിതത്തിന്റെ നീണ്ട 20 വര്‍ഷം ചെലവഴിച്ച ശേഷമായിരുന്നു ഏതന്‍സില്‍ ‘ലിസിയം’ എന്ന തന്റെ പാഠശാല ആരംഭിച്ചത്.‘’തര്‍ക്കശാസ്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന അരിസ്റ്റോട്ടിലിന്റെ ‘പൊളിറ്റിക്‌സ്’ എന്ന പുസ്തകം രാഷ്ട്ര തന്ത്ര ശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായി ഇന്നും തുടരുന്നതില്‍ അത്ഭുതമില്ല. Man is a political animal’എന്ന അദ്ദേഹത്തിന്റെ വാക്യം പ്രശസ്തമാണ്. മനുഷ്യന്‍ രാഷ്ട്രീയ ജീവിയാണെന്നും അവന്റെ ജീവിതം രാഷ്ട്രത്തില്‍ കൂടി മാത്രമേ സാക്ഷാല്‍കരിക്കപ്പെടുന്നുള്ളുവെന്നും അരിസ്റ്റോട്ടില്‍ സിദ്ധാന്തിച്ചു.

1837 ല്‍ സ്ഥാപിതമായ ഇന്നത്തെ യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സില്‍ ആരംഭകാലത്ത് മെഡിസിന്‍, നിയമം, തത്വചിന്ത എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്. ധാരാളം ഡിപ്പാര്‍ട്ടുമെന്റുകളും ക്യാമ്പസുകളുമായി മിക്കവാറും എല്ലാ വിഷയങ്ങളും ഈ യൂണിവേഴ്‌സിറ്റിയിലെ പാഠ്യ വിഷയങ്ങളാണിപ്പോള്‍.
ഞങ്ങളുടെ ഗ്രീസ് സന്ദര്‍ശനം സെപ്റ്റംബര്‍ മാസത്തിലായതുകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലൊം അവധിയായിരുന്നു. തന്മൂലം യൂണിവേഴ്‌സിറ്റി ഓഫ് ഗ്രീസിന്റെ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആരുമുണ്ടായിരുന്നില്ല.

സര്‍വ്വകലാശാലയുടെ സമീപത്തായി ഗ്രീസിന്റെ നാഷണല്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നു. 1830 ല്‍ ആരംഭിച്ച നാഷണല്‍ ലൈബ്രറി 1842 ലാണ് ഏതന്‍സ് സര്‍വ്വകലാശാലയുടെ ലൈബ്രറിയുമായി കൂട്ടിചേര്‍ത്ത് 1903 വരെ സര്‍വ്വകലാശാല ലൈബ്രറിയുടെ ഭാഗമായിരുന്നെങ്കിലും ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ലൈബ്രറി കാണാന്‍ അകത്ത് കയറി. അകത്ത് ചിട്ടയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങള്‍ കണ്ടു.

ലൈബ്രേറിയനായ ഗ്രീഗറിയുമായി സംസാരിച്ചതില്‍ നിന്നും 9 മുതല്‍ 19-ാം നൂറ്റാണ്ടുവരെ പഴക്കമുള്ള 4500 കയ്യെഴുത്തു പ്രതികളും 20 ലക്ഷം പുസ്തകങ്ങളും 11600 പത്രമാസികകളും പതിനായിരത്തിലധകം ഭൂപടങ്ങളും , ലിഖിതങ്ങളും അപൂര്‍വ്വ പുസ്തകശേഖരവും സംഗീതത്തെ കുറിച്ചുള്ള ഗ്രന്ഥങ്ങളുമുണ്ടെന്ന് മനസ്സിലാക്കി. ലീഗല്‍ ഡെപ്പോസിറ്റ് സിസ്റ്റം വഴിയാണ് ഈ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നത്. അതായത് ഗ്രീക്കു പുസ്തക പ്രസാധകര്‍ 2 കോപ്പി വീതം ലൈബ്രറിക്ക് അയച്ചുകൊടുക്കണമെന്നാണ് നിയമം.

സിന്റാഗ്മയെന്ന സ്ഥലത്താണ് ഗ്രീക്കുപാര്‍മെന്റ് സ്ഥിതി ചെയ്യുന്നത്. ഏതന്‍സിലെ പഴയ കൊട്ടാര സമുച്ചയമാണ് ഇന്നത്തെ പാര്‍ലമെന്റ്. 300 അംഗങ്ങളുള്ള ഏകമണ്ഡല സംവിധാനമാണ് പാര്‍ലമെന്റിനുള്ളത്. അംഗങ്ങളുടെ കാലാവധി നാലു വര്‍ഷമാണ്. ദിവസത്തില്‍ 24 മണിക്കൂറും മഴയും വെയിലും അവഗണിച്ച് പ്രതിമ കണക്കെ നില്‍ക്കുന്ന പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് നയനാനന്ദകരമായ കാഴ്ചയാണ്.

ഗ്രീക്കു പാര്‍ലമെന്റ് പരിസരവും യൂണിവേഴ്‌സിറ്റിയുടെ ചുറ്റുപാടുകളുെമല്ലാം ജനനിബിഡമാണ്. മക്‌ഡോണാള്‍ഡില്‍ കയറി ലഘുഭക്ഷണം കഴിച്ച് മടങ്ങിയ ഞങ്ങള്‍ പിറ്റേന്ന് ഏതന്‍സിലെ അക്രോപൊലീസും പൗലോസ് അപ്പോസ്‌തോലന്‍ പ്രസംഗിച്ച സ്ഥലമായ അരയോപഗക്കുന്നും സന്ദര്‍ശിച്ചു. ബിസി കാലഘട്ടത്തില്‍ കോട്ട കെട്ടി സുരക്ഷിതമാക്കിയ പര്‍വ്വത ശിഖരത്തിലെ നഗരമാണ് അക്രോപോലീസ് എന്നറിയപ്പെട്ടത്.

ബാക്കി ഉണ്ടായിരുന്ന ഒരു ദിവസം ഡെല്‍ഫി കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗ്രീസിന്റെ പ്രാചീന തലസ്ഥാനവും കച്ചവട കേന്ദ്രവും ഭരണ സിരാകേന്ദ്രവുമായിരുന്നു ഡെല്‍ഫി. ചരിത്ര ഗവേഷകര്‍ ഖനനം ചെയ്ത് കണ്ടെടുത്ത കൊട്ടാര അവശിഷ്ടങ്ങളും ക്ഷേത്രത്തിന്റെ ശേഷിപ്പുകളും ഒക്കെ മനോഹരമായി സൂക്ഷിച്ചിട്ടുണ്ടിവിടെ. തൊട്ടടുത്ത മ്യൂസിയത്തില്‍ ഒട്ടു വളരെ പുരാവസ്തുക്കളുടെ ശേഖരം തന്നെയുണ്ട്. ഏതന്‍സില്‍ നിന്നും രണ്ടു മണിക്കൂര്‍ ബസ് യാത്രയുണ്ട് ഡെല്‍ഫിയിലെത്താന്‍.

ഡെല്‍ഫിക്കു പോകുന്ന ഹൈവേയില്‍ ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്തു കഴിയുമ്പോള്‍ തെസ്സലോനിക്കയിലേക്കുള്ള പാത തിരിയും. സമയക്കുറവു മൂലം തെസ്സലോനിക്ക കാണാന്‍ കഴിഞ്ഞില്ല. എന്റെ യാത്ര സര്‍ക്കാര്‍ ചെലവിലായതുകൊണ്ട് കൃത്യ സമയത്ത് തന്നെ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ട് 26 രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള ഷെങ്കന്‍ വിസ ഉണ്ടായിരുന്നെങ്കിലും ഗ്രീസ് സന്ദര്‍ശനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ ഷെങ്കന്‍ വിസ മതി.

ഞാനിന്ന് പൂര്‍ണ്ണ സംതൃപ്തയാണ്. ഒരുവര്‍ഷത്തെ സര്‍വ്വീസ് മാത്രമേ ബാക്കിയുളളൂ. 60 വയസ്സില്‍ റിട്ടയര്‍ ചെയ്യണം. പുറകോട്ടിറങ്ങി ചിന്തിക്കുമ്പോള്‍, ദൈവം നടത്തിയ വഴികള്‍ എത്ര അവര്‍ണ്ണനീയം. 1980 മുതല്‍ 1998 വരെ സ്‌കൂളിലും പിന്നെ യൂണിവേഴ്‌സിറ്റിയിലും അദ്ധ്യാപികയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടു മാത്രം.ഡോ. ഓമന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!